Image

സാഹിത്യവും എഴുത്തും വ്യത്യസ്ത കാലങ്ങളെ യോജിപ്പിക്കുന്നു രമേശ് ചെന്നിത്തല

Published on 25 October, 2016
സാഹിത്യവും എഴുത്തും വ്യത്യസ്ത കാലങ്ങളെ യോജിപ്പിക്കുന്നു രമേശ് ചെന്നിത്തല
ഇരുപത്താറാമത് വള്ളത്തോള്‍ പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവും,  കവിയും, ചലച്ചിത്ര സംവിധായകനുമായ  ശ്രീകുമാരന്‍ തമ്പിക്ക്  സമ്മാനിക്കാനുള്ള നിയോഗം എനിക്കായിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ വള്ളത്തോള്‍ പുരസ്‌കാരത്താല്‍ ബഹുമാനിതരായവരെല്ലാം   നമ്മുടെ  സാഹിത്യത്തിലെ പര്‍വ്വത സമാനരായ വ്യക്തിത്വങ്ങളായിരുന്നു. ആദ്യം പുരസ്‌കാരം ലഭിച്ച മഹാകവി പാല നാരായണന്‍ നായര്‍  മുതല്‍ കഴിഞ്ഞ തവണ വള്ളത്തോള്‍  പുരസ്‌കാരത്തിനര്‍ഹനായ പ്രശ്സ്ത നോവലിസ്റ്റ് ആനന്ദ് വരെയുള്ളവര്‍ നമ്മുടെ ഭാഷക്കും  സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ കാലത്തെ  കവച്ച് വയ്കുന്നതാണ്.

 മലയാളിയുടെ സാഹിത്യാവബോധത്തെ   ഭാരതത്തിന്റെ  മഹത്തായ  ദേശീയ പ്രസ്ഥാനവുമായി  ആദ്യം ബന്ധിപ്പിച്ചത്  മഹാകവി വള്ളത്തോള്‍ നാരായണമേനോനായിരുന്നു. തന്റെ   കവിതകളിലൂടെയാണ്  അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത്. കേരളത്തിലെ മറ്റൊരു  കവിക്കും, എഴുത്തുകാരനും സാധ്യമാകാത്ത നിലയില്‍ അദ്ദേഹം  ഇന്ത്യന്‍ ദേശീയ  പ്രസ്ഥാനത്തോട്  പ്രതിബദ്ധത   പുലര്‍ത്തി. അതിന്റെ  സര്‍വ  സൈന്യാധിപനായിരുന്ന   ഗാന്ധിജിയെ തന്റെ ഗുരുവും വഴികാട്ടിയുമായി കാണുകയും ചെയ്തു.  ബുദ്ധനും, നബിയും,ക്രിസ്തുവും, കൃഷ്ണനും ഒന്നായി ചലിക്കുന്ന വിശുദ്ധ സ്നേഹത്തിന്റെ പ്രതീകമായിരുന്നു വള്ളത്തോളിന് എന്നും  ഗാന്ധിജി.  എന്റെ ഗുരുനാഥന്‍ എന്ന  കവിത അദ്ദേഹം  പൂര്‍ണമായും ഗാന്ധിജിക്ക് സമര്‍പ്പിച്ചതാണ്.   നമ്മുടെ  ദേശീയ ധാരയുടെ എക്കാലത്തെയും വലിയ ചാലക  ചൈതന്യമായി ഗാന്ധിജിയെ അദ്ദേഹം  കണ്ടിരുന്നുവെന്നതിന്റെ തെളിവ് കൂടിയാണാ കവിത.  
ശൃംഗാരവും, വിരഹവും, ഭക്തിയും മാത്രം  സംവേദിപ്പിക്കാനുള്ളതല്ല മറിച്ച് പ്രക്ഷോഭത്തിന്  വഴിമരുന്നിടുക എന്നത് കൂടി കവിതയുടെ ധര്‍മ്മമായി   വള്ളത്തോള്‍  കണ്ടു.  

അത് കൊണ്ട് അദ്ദേഹത്തിന്റെ കവിതകള്‍ എന്നും  സ്വാതന്ത്ര്യ സമരപോരാളികള്‍ക്ക് ആവേശവും ഊര്‍ജ്ജ്വവുമായിരുന്നു.  വെയില്‍സ് രാജകുമാരനില്‍ നിന്ന് പട്ടും വളയും സ്വീകരിക്കാതെ  പുറം തിരിഞ്ഞ് നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് വികാരം തന്നെ താന്‍ കവിയാണ് എന്നുള്ളതിനെക്കാള്‍  ഇന്ത്യന്‍ദേശീയ പ്രസ്ഥാനത്തിന്‍െ ഭാഗമാണ് എന്ന  ചിന്ത തന്നെയായിരുന്നു. തമിഴില്‍  സുബ്രമണ്യ ഭാരതിയെ പോലെ ഇത്തരം ചിന്തകള്‍  പങ്കുവച്ചിരുന്ന കവികളും എഴുത്തുകാരും ഇന്ത്യയില്‍  പല ഭാഗത്തും അന്നുണ്ടായിരുന്നെങ്കിലും   കേരളത്തില്‍ അതിന്റെ പ്രഥമ സ്ഥാനത്ത് വള്ളത്തോള്‍ തന്നെയായിരുന്നു. അതോടൊപ്പം നമ്മുടെ പാരമ്പര്യകലകളെ കലാമണ്ഡലം എന്ന മൃതസജ്ഞീവനിയിലൂടെ പുനരുജ്ജീവിപ്പിക്കാന്‍ വള്ളത്തോളിന് കഴിഞ്ഞു.

ചുരുക്കത്തില്‍  ഇരുപതാം നൂറ്റാണ്ടിലെ  സാംസ്‌കാരിക കേരളം  ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്  മഹാകവി വള്ളത്തോള്‍ എന്ന മഹാനായ കവിയോടും,   ദേശീയ  വാദിയോടുമാണെന്ന കാര്യത്തില്‍  സംശയമില്ല.

 വയലാറും. പി ഭാസ്‌കരനും  അടക്കി വാണിരുന്ന മലയാള ചലച്ചിത്രഗാന  രചനാ ലോകത്ത് ആരോടും ചോദിക്കാതെ  ഒരു കസേര വലിച്ചിട്ടിരുന്ന് സ്വന്തം ഇടം കണ്ടെത്തിയ  പ്രതിഭയാണ് ശ്രീകുമാരന്‍  തമ്പി.  
എന്റെ നിയോജക മണ്ഡലമായ ഹരിപ്പാട് ഒട്ടനവധി   ജീനിയസുകള്‍ക്ക് ജന്‍മം നല്‍കിയ മണ്ണാണ്.   പ്രശസ്തസംഗീത സംവിധായകന്‍ എം.ജി രധാകൃഷ്ണന്‍,  അദ്ദേഹത്തിന്റെ സഹോദരനും  ഗായകനുമായ എം.ജി ശ്രീകുമാര്‍  തുടങ്ങിയവരെല്ലാം ഹരിപ്പാടിന്റെ മണ്ണില്‍ ജനിച്ചവരാണ്.  എന്റെ  ആദ്യത്തെ തിരഞ്ഞെടുപ്പിലെ എതിര്‍സ്ഥാനാര്‍ത്ഥി  ശ്രീകുമാരന്‍ തമ്പിയുടെ  സഹോദരന്‍ അഡ്വ. പി ജി തമ്പിയായിരുന്നു. അദ്ദേഹം പിന്നീട് ഇടതു ഭരണകാലത്ത് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ജനറല്‍ ആയി പ്രവര്‍ത്തിച്ചു.

സാഹിത്യവും സംസ്‌കാരവും കലയും എന്നും  മനുഷ്യനെ ശുദ്ധീകരിക്കുന്നവയാണ്.  പുതിയ മനുഷ്യന്റെ, സമൂഹത്തിന്റെ സൃഷ്ടിയില്‍ അവയ്കുള്ള പങ്ക്  നിര്‍വ്വചനങ്ങള്‍ക്കതീതമാണ്.  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ  വര്‍ഷങ്ങളിലാരംഭിച്ച്    ആ  നൂറ്റാണ്ടിന്റെ മധ്യം വരെ നിറഞ്ഞ് നിന്ന് അന്നത്തെ കാലഘട്ടത്തിന്റെ അനുരണനങ്ങളെയും  സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെയും തന്റെ എഴുത്തിലൂടെ, കവിതയിലൂടെ  പ്രതിഫലിപ്പിക്കാന്‍ വള്ളത്തോളിന് കഴിഞ്ഞു. ശ്രീകുമാര്‍ തമ്പിയാകട്ടെ കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങള്‍ക്ക്   ശേഷം തികച്ചും വ്യത്യസ്തമായ, വളരെ ജനപ്രിയമായ മാധ്യമത്തിലൂടെ തന്റെ സര്‍ഗ  ശക്തി പകര്‍ന്ന് നല്‍കിയ  പ്രതിഭയും.  

രണ്ടുകാലങ്ങള്‍ക്കപ്പുറത്ത് നിന്ന ഇവരെ പരസ്പരം ബന്ധിപ്പിക്കാന്‍ കവിതക്കും എഴുത്തിനും  സാഹിത്യത്തിനും   കഴിയുന്നു എന്നതാണ്    ഇവയുടെ സാര്‍വലൗകിക പ്രസക്തിക്ക് നിദാനം.


സാഹിത്യവും എഴുത്തും വ്യത്യസ്ത കാലങ്ങളെ യോജിപ്പിക്കുന്നു രമേശ് ചെന്നിത്തല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക