Image

ദേവദാസി (കവിത-ശ്രീദേവി)

Published on 26 October, 2016
ദേവദാസി (കവിത-ശ്രീദേവി)
പഠിച്ച നാട്യങ്ങളെല്ലാം മറക്കുന്നൂ  മല്‍പ്പദങ്ങള്‍;
കഠിനമാം സ്‌നേഹച്ചൂടിന്‍ തടവറയില്‍ 
ചതിച്ചു നീ ബന്ധിച്ചെന്നെയിത്തുറുങ്കിലടച്ചപ്പോള്‍
പഠിച്ച വര്‍ണങ്ങളെല്ലാം മറന്നല്ലോ ഞാന്‍...!

മടക്കി നല്‍കുന്നു ഞാനീ കനകനൂപുരങ്ങളും  
ഉടഞ്ഞ തംബുരു മീട്ടും അപശ്രുതിയും 
തിരിച്ചു നല്‍കുക നീയെന്‍ പവിഴമല്ലികള്‍ കോര്‍ത്ത 
ചിരിച്ചിലങ്കയുമെന്റെ പഴങ്കിനാവും,
മയില്‍പ്പീലിത്തിളക്കമാര്‍ന്നഴകോടെ ലസിച്ചൊരെന്‍
മധുരാക്ഷരങ്ങള്‍ തിങ്ങും കവനങ്ങളും...!

മടക്കി നല്‍കുന്നു ഞാനാ കരള്‍പ്പാതി; അതില്‍ നിന്നും 
വമിക്കുന്ന ചൂടില്‍ നിത്യം ദഹിക്കുന്നു ഞാന്‍ 
തിരിച്ചു നല്‍കുക നാഥന്‍, ഭാവനാമയൂരങ്ങളെ;
ചരിക്കട്ടെ വിണ്‍വീഥിയില്‍ മുകില്‍ച്ചിറകില്‍...!

ഉടവാളും, കിരീടവും, കനകസിംഹാസനവും 
വെടിഞ്ഞു നീ വരും നാളില്‍ പറിച്ചു നല്‍കാം;
തുടിക്കുമെന്‍ ഹൃദയത്തിന്നിതള്‍ നാലും; അതുവരെ 
തുടരട്ടെ ഞാനീ നൃത്തം പിഴച്ചിടാതെ...
അഴിച്ചെടുത്തീടോല്ലേ നീ പിടക്കുമക്കരങ്ങളാല്‍; 
വഴിവക്കിലാടുമെന്റെ മണിച്ചിലങ്ക,
തിരിച്ചെടുത്തീടൊല്ലേ നീ തരിക്കുമക്കരങ്ങളാല്‍;
തെരുക്കൂത്തില്‍ ലയിക്കുമെന്റെ ചിരിച്ചിലങ്ക...!

Join WhatsApp News
വിദ്യാധരൻ 2016-10-26 06:39:58

നടിച്ചിടാറുണ്ട് സ്നേഹഭാവം ചിലർ
പഠിച്ചകള്ളന്മാരാണ് സൂക്ഷിക്കണം
തടിച്ച കനകനൂപുരങ്ങൾ നൽകി
അടിച്ചുംമാറ്റും ചിരിക്കും ചിലങ്ക തിരുടർ

കരളു തന്നു ചതിച്ച കള്ളൻ
പെരുത്ത കള്ളൻ തർക്കമില്ല
ഇടിച്ചു ചതയ്ക്കണം കരളവന്റെ  
മടക്കിനൽകുന്നതിന് മുൻപ് തിട്ടം

കൊടുത്തതെന്തിനാ മയൂരരമ്യ കാവ്യം?
മുടിച്ചിടും പൂമാല കുരങ്ങന്റെ കയ്യിലെന്നപോൽ.
കൊടുത്തിടെല്ലാ ഹൃദയം വേറൊരിക്കൽ
പഠിക്കണം പാഠം വീഴ്ച്ചയിൽ നിന്ന് നാം.

(നല്ലൊരു കവിതയ്ക്ക് അഭിനന്ദനം )    

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക