Image

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്ര നിരക്കുവര്‍ധന പിന്‍വലിക്കുന്നു

Published on 27 October, 2016
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്ര നിരക്കുവര്‍ധന പിന്‍വലിക്കുന്നു
തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിന്റെ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ധിപ്പിച്ചതു കുറയ്ക്കുന്ന കാര്യം സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ധനകാര്യബില്ലിന്റെ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ബജറ്റിലാണ് ആധാരങ്ങളുടെ മുദ്രവില വസ്തുവിലയുടെ മൂന്നു ശതമാനമാക്കിയത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ദാനം, ഒഴിമുറി എന്നിവയ്ക്കു നികുതി വര്‍ധിപ്പിച്ചപ്പോള്‍ ഉയര്‍ന്ന ജനകീയ പ്രതിഷേധത്തെ സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നു. ഇതില്‍ പ്രയോഗിക തീരുമാനം എടുക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. 

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതുപോലെ എല്ലാ ഭാഗ ഉടമ്പടിക്കും 1000 രൂപ ഈടാക്കുന്ന രീതിയിലേക്കോ വസ്തുവിനു പരിധി നിശ്ചയിച്ച് നികുതി ഈടാക്കുന്ന രീതിയിലേക്കോ തീരുമാനം കൈകൊള്ളും. അന്തിമ തീരുമാനം സബ്ജക്ട് കമ്മിറ്റിക്കു ശേഷമായിരിക്കുമെന്നു മന്ത്രി പറഞ്ഞു. സ്വര്‍ണവ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ അഞ്ചു ശതമാനം പര്‍ച്ചേസ് നികുതി പിന്‍വലിക്കുന്ന കാര്യവും പരിഗണിക്കാമെന്നു മന്ത്രി പറഞ്ഞു. എന്നാല്‍, പ്രതിപക്ഷം അക്കാര്യം സഭയില്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രം ചര്‍ച്ച ചെയ്ത് അന്തിമതീരുമാനം എടുക്കും. പ്രതിപക്ഷം ആവശ്യപ്പെട്ടത് അനുസരിച്ച് മുന്‍നിര മൊബൈല്‍ കമ്പനികളുടെ ചാര്‍ജറുകള്‍ക്കു സര്‍ക്കാര്‍ വരുത്തിയ നികുതി ഇളവ് പിന്‍വലിക്കുന്നതായി മന്ത്രി അറിയിച്ചു. മോട്ടോര്‍ വാഹന നികുതിയില്‍ വരുത്തിയ വര്‍ധനയിലൂടെ സര്‍ക്കാര്‍ അധികവരുമാനം പ്രതീക്ഷിക്കുന്നില്ല. നിരക്കു മാറ്റം വഴി പ്രശ്‌നമുണ്ടെങ്കില്‍ യുക്തിസഹമാക്കാം. കേരളത്തില്‍ ഫ്‌ളാറ്റുകളുടെ വില്പനയില്‍ ഈടാക്കിവരുന്ന നികുതിനിരക്കില്‍ മാറ്റം വരുത്തുന്ന കാര്യം അടുത്ത ബജറ്റില്‍ പരിഗണിക്കുമെന്നു മന്ത്രി പറഞ്ഞു. കേന്ദ്രം നടപ്പാക്കുന്ന ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) സംസ്ഥാനത്തിന്റെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിനു സര്‍വകക്ഷിയോഗം വിളിക്കുമെന്നു തോമസ് ഐസക് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക