Image

ഡാലസ് അമ്മമലയാളം സാഹിത്യസംഗമം: പ്രതിഭകളെ ആദരിച്ചു

സ്വന്തം ലേഖകന്‍ Published on 27 October, 2016
ഡാലസ് അമ്മമലയാളം സാഹിത്യസംഗമം: പ്രതിഭകളെ ആദരിച്ചു
ഡാലസ്: അമ്മമലയാളം സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യ സാമൂഹ്യ കലാ രംഗങ്ങളില്‍ സര്‍ഗാത്ക സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തികളെ ആദരിച്ചു. പ്രശസ്ത നോവലിസ്റ്റ് മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാന്‍സീസ്, പ്രശസ്ത നര്‍ത്തകിയും കര്‍ണാട്ടിക് സംഗീതജ്ഞയുമായ റോഹിത കൈമള്‍ എന്നിവരാണ് ആദരിക്കപ്പെട്ടത്.

അക്ഷരസമുഹത്തോടും സാമാന്യജനതയോടും പ്രതിജ്ഞാബദ്ധമായ സമീപനങ്ങള്‍ കാത്തു സുക്ഷിക്കുന്നവരുടെ കൂട്ടായ്മ നോര്‍ത്ത് അമേരിക്കയില്‍ വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയെ മുന്‍ നിര്‍ത്തിയാണ് അസോസിയേഷന്‍ ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു.

മലയാള ഭാഷയോടും അക്ഷരങ്ങളോടും എതു ജീവിതാവസ്ഥയിലും തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ട് സര്‍ഗാത്മകമായ മുന്നു ദശാബ്ദങ്ങളിലൂടെ ഇരുപത്തിയഞ്ചോളം കൃതികള്‍ മലയാളത്തിനായി സമര്‍പ്പിച്ച മാത്യു നെല്ലിക്കുന്ന്. കേരളത്തിലെ മുഖ്യ അംഗീകാരപുരസ്ക്കാരങ്ങളായ കൊടുപ്പുന്ന അവാര്‍ഡ്, മഹാകവി ജീ അവാര്‍ഡ്, അപ്പന്‍തമ്പുരാന്‍ പുരസ്ക്കാരം, തുടങ്ങി മുപ്പതിലേറെ അംഗീകാരങ്ങള്‍. ഇരുപതു വര്‍ഷമായി ഭാഷാകേരളം മാസികയുടെ മുഖ്യ പത്രാധിപര്‍. ഹ്യൂസ്റ്റന്‍ റൈറ്റേഴ്‌സ് ഫോറം സംഘടനയുടെയും ഓന്‍ലൈന്‍ എഴുത്തു മാസികയുടെയും സ്ഥാപകന്‍.

കഴിഞ്ഞ അര നുൂറ്റാണ്ടിലേറെയായി ടെക്‌സസിലെ സാമുഹ്യ സാംസ്ക്കാരിക ജീവകാരുണ്യ രംഗത്തു ആദരണിയ സേവനങ്ങള്‍ അര്‍പ്പിച്ച എലിക്കുട്ടി ഫ്രാന്‍സീസ്. ഡാലസിലേക്കുള്ള മലയാളികളായ പുതിയ കുടിയേറ്റ ജനതയ്ക്കു എന്നും ഒരു കൈചൂണ്ടിയും സഹായിയുമായി അവര്‍ ചെയ്ത നിസ്വാര്‍ത്ഥസേവനം അംഗീകാരത്തിനര്‍ഹമാണ്. എസ്എംസിസി മുന്‍ ദേശീയ ട്രഷറാറും ഇന്‍ഡോ അമേരിക്കന്‍ നഴ്‌സിംഗ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാണ്.

അമേരിക്കന്‍ മലയാള ദൃശ്യമാദ്ധ്യമ രംഗത്തു സ്വന്തം വ്യക്തിത്വ സാന്നിദ്ധ്യത്താല്‍ ഏറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള മാദ്ധ്യമ പ്രവര്‍ത്തകനാണ് രവി എടത്വ. കേരളത്തിലെ എല്ലാ മുഖ്യ ധാരാ ദൃശ്യമാദ്ധ്യമങ്ങള്‍ക്കു വേണ്ടിയും ഫ്രീലാന്‍സറായി പ്രവര്‍ത്തിക്കുന്നു അദേഹം.

പാരമ്പര്യ കേരളീയ നൃത്തകലാ രൂപങ്ങളോടും ഒപ്പം കര്‍ണാട്ടിക് സംഗീതത്തോടുമുള്ള പ്രതിബദ്ധത ഉള്‍കൊണ്ട് നൈസര്‍ഗീകമായ ക്ലാസിക്കല്‍ നൃത്ത, സംഗീതാവതരണത്തിലൂടെ നോര്‍ത്ത് അമേരിക്കയിലെ ആസ്വാദകരുടെ അംഗീകാരം ഏറ്റു വാങ്ങി പ്രശസ്തിയിലേക്കുയരുന്ന റോഹിത കൈമള്‍ അമേരിക്കയുടെ വിവിധ സംസ്ഥനങ്ങളില്‍ ധൃത്ത പരിപാടികള്‍ അവതരിപ്പിച്ചു വരുന്നു. പഠനത്തോടൊപ്പം ഭരതനാട്യം അഭ്യസിപ്പിക്കുകയും ചെയ്യുന്നു.

പ്രമുഖ സാഹിത്യകാരനും മലയാള മനോരമ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം (പനച്ചി) മുഖ്യാതിഥിയായിരുന്നു. നടനും കഥാകൃത്തുമായ തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എന്നീവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.

കരോള്‍ട്ടന്‍ ക്രോസ്ബി റിക്രിയേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സെക്രട്ടറി സാം മത്തായി, രവി എടത്വ, രാജു ചാമത്തില്‍, ബിജു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഡാലസ് അമ്മമലയാളം സാഹിത്യസംഗമം: പ്രതിഭകളെ ആദരിച്ചുഡാലസ് അമ്മമലയാളം സാഹിത്യസംഗമം: പ്രതിഭകളെ ആദരിച്ചുഡാലസ് അമ്മമലയാളം സാഹിത്യസംഗമം: പ്രതിഭകളെ ആദരിച്ചുഡാലസ് അമ്മമലയാളം സാഹിത്യസംഗമം: പ്രതിഭകളെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക