Image

ഹ്യൂസ്റ്റനില്‍ കോറസ് പീറ്ററിന്റെ സംഗീത വിദ്യാലയം

എ.സി. ജോര്‍ജ് Published on 27 October, 2016
ഹ്യൂസ്റ്റനില്‍ കോറസ് പീറ്ററിന്റെ സംഗീത വിദ്യാലയം
ഹ്യൂസ്റ്റന്‍: അടുത്ത കാലത്ത് അമേരിക്കയിലേക്ക് കുടിയേറിയ കൊച്ചി സ്വദേശിയായ പ്രശസ്ത ഗായകനും സംഗീത വിദഗ്ധനുമായ കോറസ് പീറ്റര്‍ ടെക്‌സാസിലെ ഹ്യൂസ്റ്റനില്‍ നവംബര്‍ ആദ്യവാരത്തോടെ വിവിധ സംഗീത ക്ലാസ്സുകള്‍ക്ക് തുടക്കം കുറിക്കും. ക്ലാസിക്കല്‍ സംഗീതം, ലളിത സംഗീതം തുടങ്ങിയ ഇനങ്ങളില്‍ പ്രത്യേക ക്ലാസുകളും സെഷനുകളുമുണ്ടാകും.

1981ല്‍ കൊച്ചിന്‍ കോറസ്എന്ന ഗാനമേള ട്രൂപ്പ് സ്വന്തമായി ആരംഭിച്ച് ഇന്ത്യയിലും വിദേശത്തും അനേകം ഗാനമേളകള്‍ നടത്തി വിജയകൊടി പാറിച്ചതോടെ സ്ഥാപകനായ പീറ്ററിന്റെ ഒപ്പം കോറസ് എന്ന നാമം കൂടെ ചേര്‍ക്കപ്പെട്ട് അദ്ദേഹം കോറസ് പീറ്റര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. കോറസ് പീറ്റര്‍ സംഗീത രംഗത്ത് 45 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ പിറന്ന അദ്ദേഹം  പ്രസിദ്ധ ഗുരുക്കന്‍മാരായ വിജയരാജന്‍ മാസ്റ്റര്‍, നടേശന്‍ മാസ്റ്റര്‍, യേശുദാസിന്റെ ഗുരുവായ ശിവരാമന്‍ ഭാഗവതര്‍, കെ.കെ. ആന്റണി മാസ്റ്റര്‍ തുടങ്ങിയവരില്‍ നിന്നും സംഗീതം അഭ്യസിച്ചു. പ്രശസ്തമായ കലാഭവനില്‍ ആറു വര്‍ഷക്കാലം (1974-1980) മുഖ്യഗായകനായിരുന്നു പീറ്റര്‍. ആ കാലഘട്ടത്തില്‍ കേരളത്തിലെ പ്രശസ്ത ഗാനമേള ട്രൂപ്പുകളായ മുവ്വാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സ്, ആലപ്പി ബ്ലൂ ഡയമണ്ട്, വോയ്‌സ് ഓഫ് ട്രിച്ചൂര്‍ തുടങ്ങിയവയിലും സഹകരിച്ചു. സ്വന്തം ട്രൂപ്പായ കൊച്ചിന്‍ കോറസ് 1981ല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലും വിദേശത്ത് യു.എ.ഇ, ബഹറിന്‍, ഖത്തര്‍ എന്നിവിടങ്ങളിലും ഗാനമേളകള്‍ അവതരിപ്പിച്ചു. 1982, 1984, 1999, 2001 എന്നീ വര്‍ഷങ്ങളിലും യു.എസിലെ വിവിധ സിറ്റികളില്‍ കൊച്ചിന്‍ കോറസ് അതി വിജയകരമായി ഗാനമേളകള്‍ അവതരിപ്പിച്ചു. ഇന്ത്യയിലും വിദേശത്തുമായി 5000 വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചു കഴിഞ്ഞു.

നിരവധി ക്രിസ്തീയ ഗാനങ്ങളും, ഹിന്ദു ഭക്തി ഗാനങ്ങളും മുസ്ലീം മാപ്പിള പാട്ടുകളും, നാടക ഗാനങ്ങളും റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ 100 നാടകഗാനങ്ങള്‍, മമകേരളം, ക്രിസ്തു എനിക്കൊരു ആത്മസ്പര്‍ശം എന്നിവയാണ് പുതിയ സിഡികള്‍. ജെറി അമല്‍ദേവിന്റെ ഈണത്തില്‍ കോറസ് പീറ്റര്‍ പാടിയിട്ടുള്ള നിര്‍മലമായൊരു ഹൃദയമെന്നില്‍.... നിര്‍മ്മിച്ചരുളുക എന്ന ഗാനം ക്രിസ്തീയ ഗാനശാഖയില്‍ വളരെ പ്രസിദ്ധമാണ്. യേശുദാസ്, ജയചന്ദ്രന്‍, എസ്. ജാനകി, കെ.എസ്. ചിത്ര എന്നിവരോടൊപ്പമെല്ലാം പാടിയിട്ടുള്ള കോറസ് പീറ്ററിനെ ഈ കഴിഞ്ഞ ഓണത്തിന് തൃക്കാക്കര നഗരസഭ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. ഹ്യൂസ്റ്റനിലെ അദ്ദേഹത്തിന്റെ സംഗീത ക്ലാസുകളെപ്പറ്റി കൂടുതല്‍ അറിയാന്‍ 281-818-2738 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചാല്‍ മതി.

ഹ്യൂസ്റ്റനില്‍ കോറസ് പീറ്ററിന്റെ സംഗീത വിദ്യാലയംഹ്യൂസ്റ്റനില്‍ കോറസ് പീറ്ററിന്റെ സംഗീത വിദ്യാലയംഹ്യൂസ്റ്റനില്‍ കോറസ് പീറ്ററിന്റെ സംഗീത വിദ്യാലയംഹ്യൂസ്റ്റനില്‍ കോറസ് പീറ്ററിന്റെ സംഗീത വിദ്യാലയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക