Image

ശ്രീ. ജോയി ചെറിയാന്‍ കുറ്റപ്പിള്ളിയുടെ 'വിളവുകള്‍'(നിരൂപണം)ഡി.ബാബു പോള്‍

ഡി.ബാബു പോള്‍ Published on 03 November, 2016
ശ്രീ. ജോയി ചെറിയാന്‍ കുറ്റപ്പിള്ളിയുടെ 'വിളവുകള്‍'(നിരൂപണം)ഡി.ബാബു പോള്‍
ശ്രീ. ജോയി ചെറിയാന്‍ കുറ്റപ്പിള്ളിയുടെ 'വിളവുകള്‍'  നൂറ് മേനി വിളഞ്ഞ വിത്തിനെയാമ് സൂചിപ്പിക്കുന്നത് എന്ന് ആമുഖമായി പറഞ്ഞുകൊള്ളട്ടെ.

വലിയ പ്രതീക്ഷ ഒന്നും പുലര്‍ത്താതെ ആണ് ഈ കൃതി വായിക്കാനെടുത്തത്. നസറേത്തില്‍ നിന്ന് അപ്രതീക്ഷിതമായി നന്മ വന്നത് പോലെ ആയി വായനാന്തരാനുഭവം. (ബൈബിളില്‍, പുതിയനിയമത്തില്‍, യോഹന്നാന്റെ സുവിശേഷത്തില്‍, ഒന്നാം അദ്ധ്യായത്തില്‍, 45, 46, 47 എന്നീ വാക്യങ്ങളില്‍ ഈ ശൈലിയിലെ സൂചിതകഥ കാണാം. അറിയാത്തവര്‍ അറിയാനും ഓര്‍മ്മ വരാത്തവരുടെ ഓര്‍മ്മ പുതുക്കാനും കുറിച്ചതാണ്. കൂടെ പറയട്ടെ വാക്യം എന്നതിന് പകരം പലരും വചനം എന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. ഇത് കൃത്യമായ പ്രയോഗമല്ല. ശ്രീകണ്ഠശ്വരത്തിന്റെ ശബ്ദതാരാവലിയും സി.മാധവന്‍പിള്ളയുടെ ദ്വിഭാഷാനിഘണ്ടുവും പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. വചനം ലോഗോസ് ആണ്. വാക്യം ആണ് വേഴ്‌സ്. വചനം, ദൈവവചനം എന്നൊക്കെ പറയുമ്പോള്‍ സ്‌ക്രിപ്ചര്‍ ആണ് (സൂചിതം).

ശ്രീ. ജോയി ചെറിയാന്റെ രചന ആശയസമ്പുഷ്ടമാണ്. വര്‍ത്തമാനകാലസമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക് മാത്രമേ ഈ കൃതിയിലെ പല നിഗമനങ്ങളിലും എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. ലംബമാനബന്ധങ്ങള്‍ ദുര്‍ബ്ബലമാവുകയും തിരശ്ചീനബന്ധങ്ങള്‍ സുസാധാരണമാവുകയും ചെയ്തിട്ടുള്ള കാലത്താണ് നാം ജീവിക്കുന്നത്. ലംബമാനബന്ധങ്ങളുടെ ബലം രക്തമാണ്. എന്റെ രക്തമാണ് എന്റെ മക്കളുടെയും പേരക്കുട്ടികളുടെയും സിരകളില്‍ ഓടുന്നത്. അത് സ്വാഭാവികബന്ധമാണ്. തിരശ്ചീനബന്ധങ്ങള്‍ നിലനിര്‍ത്താന്‍ യന്ത്രം വേണം  ഫോണ്‍, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, കറണ്ട്, ബാറ്ററി. ഈ ബാഹ്യഘടകം ദുര്‍ബ്ബലമായാല്‍ തിരശ്ചീനബന്ധം തീര്‍ത്തും അന്യമാകും. ലംബമാനബന്ധം അങ്ങനെയല്ല. അത് ദുര്‍ബ്ബലമായാലും അന്യമാകുന്നില്ല.

ആഗോളീകരണം, നഗരവല്‍ക്കരണം ഇവയുടെ ഉപോല്‍പ്പന്നങ്ങളായ സ്വാര്‍ത്ഥത, സ്വാര്‍ത്ഥതയില്‍ നിന്ന് ഉത്ഭവിക്കുന്ന മത്സരം ഇതൊക്കെയാണ് വര്‍ത്തമാനകാലസമൂഹത്തെ നിര്‍വ്വചിക്കുന്നത്. അങ്ങനെ നിര്‍വ്വചിതമാകുന്ന സമൂഹത്തിന്റെ വിഭ്രമങ്ങളും വിഹ്വലതളും ആണ് ഗ്രന്ഥകാരന്‍ തിരിച്ചറിയുന്നത്. അദ്ദേഹത്തിന്റെ എല്ലാ നിരീക്ഷണങ്ങളും ഏകകണ്ഠമായി അംഗീകരിക്കപ്പെടുകയില്ല. അതുകൊണ്ട് തന്നെ എല്ലാ പരിഹാരമാര്‍ഗ്ഗങ്ങളും ഏകകണ്ഠമായി സ്വീകരിക്കപ്പെടുകയുമില്ല. എന്നാല്‍ അവ പ്രസക്തങ്ങളാണ് എന്ന കാര്യത്തില്‍ സാര്‍വ്വത്രികസമ്മതം ഉണ്ടാകും. അതുകൊണ്ട് തന്നെ അവ സംവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. അതാണ് ഈ പുസ്തകകത്തിന്റെ ബലം.

ഒന്നാമത്തെ അധ്യായം തുടങ്ങുന്നത് തന്നെ പലരും ശ്രദ്ധിക്കാതെ ഒരു സത്യം പ്രസ്താവിച്ചുകൊണ്ടാണ്. ഈ ആശയം ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ആല്‍വിന്‍ ടോഫ്‌ളര്‍ വിശദീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ ഒരു നാട്ടിന്‍പുറത്തുകാരന്റെ തനതുനിരീക്ഷണമായി ഒരു പ്രശസ്തഭവിഷ്യവിജ്ഞാനീയപണ്ഡിതന്റെ അറിവ് പ്രത്യക്ഷപ്പെടുമ്പോള്‍ നാം അത്ഭുതപരതന്ത്രരായി ഭവിക്കുന്നു. പോത്താനിക്ക കുറ്റപ്പള്ളിയില്‍ ഒരു ടോഫ്‌ളര്‍!

ഇതുപോലെ അനേകം നിഗമനങ്ങള്‍ ഈ കൃതിയില്‍ ശ്രദ്ധാര്‍ഹമായി ഉണ്ട്. അധ്യാപകന്‍ നല്ല വിദ്യാര്‍ത്ഥി ആയിരിക്കണം, മറ്റുള്ളവരെക്കാള്‍ നന്നായി പഠിക്കുക എന്നതിലേറെ തന്നിലുള്ള കഴിവുകളെ പരമാവധി ഉദ്ദീപിപ്പിക്കുവാന്‍ തക്കവണ്ണം പഠിച്ച് വിജയം നേടുക എന്നതാവണം ലക്ഷ്യം എന്നിവ രണ്ട് ഉദാഹരണങ്ങള്‍ മാത്രം.

അശാസ്ത്രീയമെന്ന് ആധുനികര്‍ പറയുന്ന കാര്യങ്ങളും ഇല്ലാതില്ല. സ്ത്രീകളിലെ ലൈംഗികതയെക്കുറിച്ചുള്ള ചില പ്രസ്താവനകള്‍ ഉദാഹരണം. 

എങ്കിലും പൊതുവെ അത്യന്തം പാരായണക്ഷമമാണ് കൃതി.
ശുഭമസ്തു. അവിഘ്‌നമസ്തു

ജോയി ചെറിയാന്റെ ഫോണ്‍നമ്പര്‍ : 9744342988




ശ്രീ. ജോയി ചെറിയാന്‍ കുറ്റപ്പിള്ളിയുടെ 'വിളവുകള്‍'(നിരൂപണം)ഡി.ബാബു പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക