Image

ഫൊക്കാന കണ്‍വന്‍ഷന്‌ ഹൂസ്റ്റണ്‍ നഗരം ഒരുങ്ങുന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ/ജോസഫ്‌ കുരിയപ്പുറം Published on 22 June, 2011
ഫൊക്കാന കണ്‍വന്‍ഷന്‌ ഹൂസ്റ്റണ്‍ നഗരം ഒരുങ്ങുന്നു
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ പതിനഞ്ചാമത്‌ ദൈ്വവാര്‍ഷിക കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ഹൂസ്റ്റണില്‍ ആരംഭിച്ചു.

കണ്‍വന്‍ഷന്റെ പുരോഗതി വിലയിരുത്താനായി ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി, നാഷണല്‍ കമ്മിറ്റി, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌, ഫൗണ്ടേഷന്‍ കമ്മിറ്റി, കണ്‍വന്‍ഷന്‍ കമ്മിറ്റി എന്നിവയുടെ സംയുക്ത സമ്മേളനം കണ്‍വന്‍ഷന്‍ വേദിയായ ഹൂസ്റ്റണിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ചേര്‍ന്നു. പ്രസിഡന്റ്‌ ജി.കെ. പിള്ള അദ്ധ്യക്ഷത വഹിച്ച പ്രസ്‌തുത സമ്മേളനത്തില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബഹുപൂരിപക്ഷം ഫൊക്കാന ഭാരവാഹികളും പങ്കെടുത്തു.

ആയിരത്തി ഇരുനൂറിലധികം മുറികളും, അറുപതിനായിരം ചതുരശ്രയടി വിസ്‌തീര്‍ണ്ണവുമുള്ള കണ്‍വന്‍ഷന്‍ ഹാളുകളും, രണ്ടായിരത്തിയഞ്ഞുറിലധികം വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള സൗകര്യവുമുള്ള ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ 2012 ജൂണ്‍ 30, ജൂലൈ 1, 2, 3 തിയ്യതികളില്‍ നടക്കുന്ന ഫൊക്കാനയുടെ പതിനഞ്ചാമത്‌ കണ്‍വന്‍ഷനില്‍, ഏകദേശം മൂവായിരത്തിലധികം മലയാളികളെയാണ്‌ സംഘാടകര്‍ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്‌.

റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ശ്രീ ബോബന്‍ കൊടുവത്തിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഹോട്ടല്‍ സൗകര്യങ്ങളെക്കുറിച്ച്‌ വിശദമായ ചര്‍ച്ചകള്‍ നടക്കുകയും, കണ്‍വന്‍ഷന്‍ ഹാളുകളും മുറികളും മറ്റു സൗകര്യങ്ങളും ചുറ്റി നടന്നു കാണുകയും ചെയ്‌ത ഭാരവാഹികള്‍ തികഞ്ഞ സംതൃപ്‌തി പ്രകടിപ്പിച്ചു. അത്യാധുനിക പഞ്ചനക്ഷത്ര സജ്ജീകരണങ്ങളുള്ള ക്രൗണ്‍ പ്ലാസ ഹോട്ടല്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുകാരന്‍ കൂടിയായ ഫൊക്കാന ട്രഷറര്‍ ശ്രീ ഷാജി ജോണിനെ പ്രവര്‍ത്തക സമിതി പ്രത്യേകം അനുമോദിച്ചു.

`അനന്തപുരി' എന്നു നാമകരണം ചെയ്‌തിരിക്കുന്ന കണ്‍വന്‍ഷന്‍ നഗരിയെ അനന്തപുരിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ രൂപകല്‌പന ചെയ്‌ത്‌ ഏറെ പുതുമയാര്‍ന്ന തരത്തിലുള്ള സംവിധാനങ്ങളാണ്‌ സംഘാടക സമിതി ഒരുക്കുന്നത്‌. ഒരു ദിവസം പൂര്‍ണ്ണമായും യുവജനങ്ങളുടെ കണ്‍വന്‍ഷനുവേണ്ടി?നീക്കി വെക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേക സമ്മേളനങ്ങള്‍, കലാകായിക പരിപാടികള്‍, ബാങ്ക്വറ്റ്‌ മുതലായവ നടത്തുന്നതുമായിരിക്കും.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും എല്ലാ ദിവസവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും അത്താഴവും സൗജന്യമായി നല്‍കുവാനുള്ള ക്രമീകരണം ഹോട്ടലിനകത്തുതന്നെ സജ്ജമാക്കുമെന്ന്‌ സംഘാടകര്‍ പറഞ്ഞു. 2011 ഡിസംബര്‍ 31ന്‌ മുന്‍പ്‌ രജിസ്റ്റര്‍ ചെയ്യുന്ന നാലംഗങ്ങളുള്ള ഒരു കുടുംബത്തിന്‌ വെറും ആയിരം ഡോളര്‍ മാത്രമാണ്‌ രജിസ്‌ട്രേഷനായി ഈടാക്കുന്നത്‌. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്രയും കുറഞ്ഞ ചിലവില്‍ ഇത്രയേറെ സൗകര്യങ്ങ ളുള്ള ഒരു ഹോട്ടലില്‍ കണ്‍വന്‍ഷന്‍ നടത്തുന്നതെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള അഭിപ്രായപ്പെട്ടു.

മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ കൂടുതല്‍ മെഗാ സ്‌പോണ്‍സര്‍മാര്‍ കേരളത്തില്‍ നിന്ന്‌ ഉണ്ടായിരിക്കുമെന്ന്‌ ജി.കെ. പിള്ള പറഞ്ഞു. നൂറിലധികം ബിസിനസ്സ്‌ ബൂത്തുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞതായും, മെഗാ സ്‌പോണ്‍സറായ ഒലീവ്‌ ബില്‍ഡേഴ്‌സിന്റെ വൈസ്‌ പ്രസിഡന്റ്‌ ശ്രീ സണ്ണിയെ പരിചയപ്പെടുത്തിക്കൊണ്ട്‌ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു.

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അമേരിക്കയിലെ മൂന്നാമത്തെ വലിയ നഗരമായ ഹൂസ്റ്റണില്‍ ഇദംപ്രഥമമായി നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ ചരിത്ര വിജയമായിരിക്കുമെന്ന്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ശ്രീ എബ്രഹാം ഈപ്പന്‍ അഭിപ്രായപ്പെട്ടു. കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ശ്രീ ചാക്കോ തോമസ്സിനെ രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാനായും, ശ്രീ ചാര്‍ളി വര്‍ഗീസ്‌ പടനിലത്തിനെ കണ്‍വന്‍ഷന്‍ കമ്മിറ്റിയുടെ ഔദ്യോഗിക വക്താവായും യോഗം ചുമതലപ്പെടുത്തി.

ദീര്‍ഘ കാലമായി ഹൂസ്റ്റണിലെ പൊതുരംഗത്ത്‌ തിളങ്ങി നില്‌ക്കുന്ന ശ്രീ എബ്രഹാം ഈപ്പന്‍, ശ്രീ ചാക്കോ തോമസ്‌, ശ്രീ ചാര്‍ളി വര്‍ഗീസ്‌ എന്നിവരുടെ സേവനം പതിനഞ്ചാമത്‌ ഫൊക്കാന കണ്‍വന്‍ഷന്റെ വിജയത്തിന്‌ മുതല്‍ക്കൂട്ടാകുമെന്ന്‌ എക്‌സിക്യൂട്ടീവ്‌ യോഗം വിലയിരുത്തി.  ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. എക്‌സി. വൈസ്‌ പ്രസിഡന്റ്‌ ശ്രീമതി ലീലാ മാരേട്ട്‌, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. അനിരുദ്ധന്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഐ. വര്‍ഗീസ്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ വൈസ്‌ പ്രസിഡന്റ്‌ ശ്രീമതി മറിയാമ്മ പിള്ള, ഫൗണ്ടേഷന്‍ വൈസ്‌ പ്രസിഡന്റ്‌ ഷഹി പ്രഭാകരന്‍, ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുരിയപ്പുറം, വൈസ്‌ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരിംകുറ്റി, ജോയിന്റ്‌ ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, അസി.അസോസ്സിയേറ്റ്‌ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്‌, ബ്യൂറോ കൊക്കൂറ, സനല്‍ ഗോപിനാഥ്‌, ശബരീനാഥ്‌ നായര്‍, ജേക്കബ്ബ്‌ മാത്യു തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വിവിധ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. യുവജന പ്രതിനിധിയായ മെല്‍വിന്‍ എബ്രഹാം യുവജനങ്ങള്‍ക്കായുള്ള വിവിധ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ മാതൃഭൂമി ഡല്‍ഹി ബ്യൂറോ ചീഫ്‌ ശ്രീ അശോകന്‍, കലാകൗമുദി ഡല്‍ഹിബ്യൂറോ  ചീഫ്‌ ശ്രീ ശരത്‌ലാല്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി സമ്മേളനത്തില്‍ പങ്കെടുത്തു.

കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളും, മികച്ച കലാപരിപാടികളും, വ്യത്യസ്‌തവും ഉപകാരപ്രദങ്ങളുമായ സമ്മേളനങ്ങളും, സെമിനാറുകളും ഈ കണ്‍വന്‍ഷന്റെ പ്രത്യേകതകളായിരിക്കണമെന്ന്‌ യോഗം തീരുമാനിച്ചു. ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുരിയപ്പുറം എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. അതിഥി സല്‍ക്കാരത്തിന്‌ പുകഴ്‌പെറ്റ ഹൂസ്റ്റണ്‍ ടീമിന്റെ ആതിഥ്യം സ്വീകരിച്ച്‌ നാലു ദിവസത്തെ ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ ഒരു വന്‍ വിജയമാക്കുവാന്‍ ഭാരവാഹികള്‍ ആഹ്വാനം ചെയ്‌തു.
ഫൊക്കാന കണ്‍വന്‍ഷന്‌ ഹൂസ്റ്റണ്‍ നഗരം ഒരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക