Image

മാനസപഞ്ചരം (കവിത) ഗീത. വി

ഗീത. വി Published on 05 November, 2016
മാനസപഞ്ചരം (കവിത) ഗീത. വി
മാനസപഞ്ചരത്തില്‍ ചേക്കേറിയ 
ചിന്തകളാം പക്ഷികളെയവള്‍ 
വീക്ഷിച്ചുസ്നേഹപ്പക്ഷികള്‍, 
വാത്സല്യപ്പക്ഷികള്‍കരുണപ്പക്ഷികള്‍, 
കദനപ്പക്ഷികള്‍ കാമ, ക്രോധ, മോഹ, ലോഭ
മദ, മാത്സര്യ, വിദ്യയവിദ്യകളേവം
പലവര്‍ണ്ണത്തില്‍, പലഭാവത്തില്‍
പലരൂപത്തിലുള്ളവരുണ്ടവിടെതാമസരുണ്ടവിടെ,
രാജസരുണ്ടവിടെ സാത്വികരുമുണ്ടവിടെ

ഒരുമാത്ര മൗനംഭജിക്കുന്നില്ലവരാരും
ഇത്രനാളവളവരെ ശ്രദ്ധയോടോമനിച്ചുവളര്‍ത്തി
ഇപ്പോളവതന്‍ കൂജനങ്ങള്‍ വിഘ്നമായവള്‍ തന്‍
മൗനതപസ്യയ്ക്കു പക്ഷികളോടവള്‍ പറഞ്ഞു-
എന്‍ മൗനതപസ്സിനുവിഘ്നമായിടാതെ നിങ്ങളേവരുമെന്‍ 

മാനസപഞ്ചരം വിട്ടുപോയീടേണം
കേട്ടതില്ലവരാരുമവളുടെയപേക്ഷ
ഒരുനാളവള്‍ താമസരാം
പറവകളെ പിടിച്ചു വിഹായസ്സിലേക്കു
വിട്ടുരാജസരാം പക്ഷികളേയും
നിഷ്‌കാസനം ചെയ്തവളനന്തരം
സാത്വികരാം പക്ഷികളേറെനാള്‍

പാര്‍ത്തവളുടെ മാനസപഞ്ചരത്തില്‍
സൂത്രവിദ്യകളേറെയഭ്യസിച്ചവള്‍
മാനസപഞ്ചരം ശൂന്യമാക്കീടുവാന്‍
നിഷ്ഫലമായോരോവിദ്യയും

ശ്രദ്ധയാണവരുടെയന്നമെന്നറിഞ്ഞവള്‍
ശ്രദ്ധയേകിയില്ലൊട്ടുമേ പക്ഷികള്‍ക്കേറെനാള്‍
അന്നമില്ലെന്നുകണ്ടവര്‍ പഞ്ചരം 
വിട്ടകന്നുപോയി ശൂന്യപഞ്ചരം തിളങ്ങി, 
പൂര്‍ണ്ണേന്ദുവിന്‍ പ്രഭപോല്‍
പഞ്ചരത്തെയുമെടുത്തുമാറ്റിയവളനന്തരം

അന്തരംഗം ശൂന്യമാക്കീടുവാന്‍
ശൂന്യമാമന്തരംഗത്തില്‍
ദിവ്യമാമനുഭൂതിയവളറിഞ്ഞു
ചിന്തകളസ്തമിക്കും നിശ്ചലതടാകത്തില്‍
ഉദിച്ചുയരും ആത്മജ്യോതിസ്.


മാനസപഞ്ചരം (കവിത) ഗീത. വി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക