Image

പ്രവാസ സായാഹ്നങ്ങള്‍ (കവിത: ഷാജു ജോണ്‍)

Published on 07 November, 2016
പ്രവാസ സായാഹ്നങ്ങള്‍ (കവിത: ഷാജു ജോണ്‍)
മഞ്ഞു ഇളംവെള്ള വിരിക്കാത്ത ഗ്രീഷ്മം കടന്നു പോയ്
ഹിമശകലമശേഷം വന്നതില്ലീ വര്‍ഷം
കുളിര്‍ മുടി പുതപ്പാകും തണുപ്പിന്‍ ദിനങ്ങള്‍
പുതുനാമ്പ് മൊട്ടിടും വേനലായ് തിരികെ എത്തി

വിടരുന്ന വേനല്‍ പുലരിക്കെന്നുമൊരു ജിജ്ഞാസ
ശലോമോന്‍ ഗീതത്തിലെപ്പോലൊരു ജിജ്ഞാസ
മാതള നരകം പൂവിട്ടുവോ ?
അത്തി മരം തളിരിട്ടുവോ ?

സായഹ്നങ്ങളിലെ വെറും വഴിയാത്രക്കിടയില്‍
ശാരോനിലെപ്പോലിളം തെന്നല്‍ വീശുമ്പോള്‍
ഞാനുമൊരു സോളമനാകുന്നുവോ ?
ജിജ്ഞാസയെന്നില്‍ പിറ കൊളളുന്നുവോ ?

ഞാന്‍ നട്ട മുന്തിരി പൂത്തു തളിര്‍ത്തതില്‍ കായായ്
അത്തിയില്‍ ചെറു ഫലങ്ങളുമായ്
പീയറില്‍ പച്ച പഴങ്ങളും അതിനടുത്തായ്
ചെഞ്ചുണ്ടു തോല്‍ക്കും മാതളകനികളും

തട്ടിപ്പറിക്കാന്‍ കുരുന്നു കിളികള്‍
വട്ടം പറക്കുന്ന കടന്നല്‍ കൂട്ടങ്ങള്‍
വീണ്ടുമൊരു ജിജ്ഞാസ
ഇവിടെ പൂമ്പാറ്റ ഇല്ലേ? ഇല്ല !! കണ്ടിട്ടില്ല !!
കല്ലെടുക്കുന്ന തുമ്പിയില്ലേ? ഇല്ല!! കണ്ടിട്ടില്ല !!

പലതുമില്ല, ഇവിടെ പലതുമില്ല
ഓണമില്ലോണക്കോടിയില്ല
അമ്മയ്‌യൂട്ടുന്നൊരോണ സദ്യയില്ല
തുമ്പയില്ല തുമ്പച്ചോറുമില്ല
തുമ്പി തുള്ളുന്നൊരാരുമില്ല
ഇല്ല പലതുമില്ല, ഇവിടെ പലതുമില്ല

നീറുന്നൊരോര്‍മകള്‍ക്കരികിലൊരു പിന്‍വിളി
പറന്നകന്ന ബാല്യത്തിലിനിയുമൂന്നൂളിയിടാന്‍

ചിറകടിച്ചതില്‍ വീണ്ടുമാടി തിമര്‍ക്കാന്‍
പിറന്ന മണ്ണില്‍ തിരിച്ചു പോകാന്‍ വെമ്പും മനസ്സിന്
ഉറച്ചു നില്‍ക്കാനുഴലുന്ന കാലുകള്‍ തടസ്സമായ്
ചാഞ്ചല്യം വഴി തീര്‍ക്കും പ്രവാസ മനസ്സുമായ്
അകലെ പ്രപഞ്ചത്തിന്നതിരാം ചക്രവാളം നോക്കി
നടന്നു ഞാനേകനായീ സായന്തനത്തില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക