Image

ഇനിയൊരു ഡോണര്‍ വരും വരെ (കഥ: ഫൈസല്‍ മാറഞ്ചേരി)

Published on 10 November, 2016
ഇനിയൊരു ഡോണര്‍ വരും വരെ (കഥ: ഫൈസല്‍ മാറഞ്ചേരി)
സ്റ്റീല്‍ കട്ടിലില്‍ കൈ തട്ടിയപ്പോള്‍ അരിച്ചു കയറിയ തണുപ്പാണ് അയാളെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയത്. ഉറക്കമല്ല മരുന്നുകള്‍ തളര്‍ത്തിയിട്ട വേദനാസംഹാരികള്‍ തീര്‍ത്ത തടവറ മയക്കത്തിലായിരുന്നു അയാള്‍.

എത്ര പെട്ടന്നാണ് കാര്യങ്ങള്‍ കലങ്ങി മറിഞ്ഞത്. അയാള്‍ വീണ്ടും ഓര്‍മ്മയുടെ ഓളങ്ങളിലൂടെ ഊളിയിട്ടു. മരുന്നുകള്‍ മനം മടുപ്പിക്കുന്ന ഈ ആശുപത്രിയിലേക്ക് തന്നെ നയിച്ചതെന്താണ് അയാള്‍ തന്റെ ഭൂതകാലത്തിലേക്ക് ഒരു തിരിച്ചു പോക്കിന് ശ്രമം നടത്തി.

എത്ര സുന്ദരമായിരുന്നു തന്റെ ഗള്‍ഫ് ജീവിതം. സുഹൃത്തുക്കള്‍ , ഫേസ്ബുക്ക് , വാട്‌സപ്പ് എല്ലാം ചേര്‍ന്ന ഒരു അടിപൊളി പ്രവാസി ജീവിതം . പഴയ ജനറേഷനെ പോലെ അധികം ജോലിക്കായി അലയേണ്ടി ഒന്നും വന്നില്ല. ഒരു മാസത്തെ വിസിറ്റിംഗ് വിസയില്‍ വന്ന തനിക്ക് നാട്ടിലെ പഴയകാല ഗള്‍ഫ് സൌഹൃദങ്ങളുടെ ശ്രമ ഫലമായി പെട്ടെന്ന് ഒരു കമ്പനിയില്‍ സെയില്‍സില്‍ ജോലി ലഭിച്ചു. ഡിഗ്രിയും മറ്റു അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും അതിനു സഹായകമായി. കൂടാതെ സോഷ്യല്‍ ക്ലബ്ബുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നത് കൊണ്ട് എല്ലാവരോടും പുഞ്ചിരിയും സൌഹൃദങ്ങളും വളര്‍ത്താന്‍ വല്ലാത്തൊരു കഴിവുണ്ടായിരുന്നു. അത്‌കൊണ്ട് തന്നെ സെയില്‍സ് രംഗത്ത് നല്ല ഒരു മുന്നേറ്റവും ജോലിയില്‍ അഭിവൃദ്ധിയും ഉണ്ടായി.

ജോലിയുടെ മുന്നേറ്റത്തിനനുസരിച്ച് സെയില്‍സ് ടാര്‍ഗെറ്റ് വര്‍ദ്ധിച്ചു വന്നു കൊണ്ടിരുന്നു . സെയില്‍സ് വര്‍ദ്ധിപ്പിക്കാനുള്ള ബദ്ധപ്പാടില്‍ പലപ്പോഴും ഭക്ഷണം ഹോട്ടലിലെ സാന്റ് വിച്ചും ബര്‍ഗറും കോളയും മാത്രമായി. ടാര്‍ഗെറ്റും മാനേജറുടെ തുറിച്ചു നോട്ടവും നല്ല ഇന്‍സെന്റീവും കാരണം ഒരിക്കലും ജോലിയിലെ തിരക്കുകള്‍ ഒരു പ്രശ്‌നമേ ആയിരുന്നില്ല.

രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ ജോലി ടാര്‍ഗെറ്റ് എന്നതില്‍ കവിഞ്ഞ ഒരു വിചാരവും ഉണ്ടായിരുന്നില്ല. അത് തന്റെ വയറിന്റെ സമനില തെറ്റിക്കാന്‍ തുടങ്ങിയപ്പോള്‍ പലപ്പോഴും പ്രാഥമിക കൃത്യങ്ങള്‍ മുറപോലെ നടക്കാതെ വന്നപ്പോള്‍ സഹമുറിയന്മാരാണ് പറഞ്ഞത് നാട്ടില്‍ പോയി ഒരു ചെക്കപ്പ് നടത്താന്‍. അങ്ങിനെയാണ് ലീവ് വാങ്ങി നാട്ടില്‍ വരുന്നത്.

നാട്ടില്‍ വന്നാല്‍ ഏത് ഹോസ്പിറ്റലില്‍ പോകണം എന്ന യാതൊരു നിശ്ചയവുമില്ല. നാട്ടിലെ പ്രധാനപ്പെട്ടവരുമായി സംസാരിച്ചപ്പോള്‍ തൊട്ടടുത്ത പട്ടണത്തില്‍ ഒരു നല്ല ഹോസ്പിറ്റല്‍ തുടങ്ങിയിട്ടുണ്ട്. ചെന്നൈയിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിന്റെ ബ്രാഞ്ചാണ്. നല്ല ഹോസ്പിറ്റല്‍ ആണെന്നും നല്ല ഡോക്ടര്‍മാര്‍ ആണെന്നും കേട്ടപ്പോള്‍ തൊട്ടടുത്ത ദിവസം തന്നെ ബുക്ക് ചെയ്തു ഡോക്റ്ററെ കാണാന്‍ ചെന്നു.

ആളുകള്‍ പറഞ്ഞത് ശരിയാണെന്ന് തോന്നുന്ന പെരുമാറ്റം.ആദ്യം രജിസ്‌റ്റ്രേഷന്‍ കൌണ്ടര്‍, കൌണ്ടറില്‍ എത്തിയപ്പോള്‍ സിസ്റ്റര്‍ എഴുന്നേറ്റ് നിന്ന് വിഷ് ചെയ്തു. നല്ല സ്വീകരണം , പണ്ടൊക്കെ റോയലിലും മിഷ്യനിലും ഒക്കെ ഉണ്ടായിരുന്ന ഗൌരവക്കാരായ സിസ്റ്റര്‍മാരില്‍ നിന്നും വിത്യസ്തമായി പേഷ്യന്റ് ഫ്രണ്ട് ലി ഹോസ്പിറ്റല്‍. അധികം വൈകാതെ ഡോക്റ്ററുടെ ക്യാബിനിലെ സിസ്റ്റര്‍ വിളിച്ച് ഡോക്ടറെ കാണാന്‍ പറഞ്ഞു . ക്യാബിനില്‍ ചെന്നപ്പോള്‍ വളരെ സൌഹൃദമായ പെരുമാറ്റം കൊണ്ട് മനസ്സ് കീഴടക്കുന്ന ചെറുപ്പക്കാരന്‍ ആയ ഡോക്ടര്‍ .

കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ് ഡൈജസ്റ്റീവ് സിസ്റ്റത്തെ കുറിച്ചെല്ലാം വിശദമായി പറഞ്ഞ് മനസ്സിലാക്കി തന്നു . കുറച്ച് ലാബ് ടെസ്റ്റുകള്‍ നടത്താന്‍ കുറിച്ച് തന്നു. താഴെ ലാബില്‍ കൊടുത്താല്‍ ഇപ്പോള്‍ തന്നെ കിട്ടുമെന്നും പറഞ്ഞു . കിഡ്‌നി ഫംഗ്ഷന്‍ ഇ എസ് ആര്‍ തുടങ്ങിയ ടെസ്റ്റുകള്‍ രണ്ടു മണിക്കൂര്‍ കൊണ്ട് റിസല്‍റ്റും ലഭിച്ചു . റിസല്‍റ്റുമായി ഡോക്ടറെ കണ്ടപ്പോള്‍ റിസല്‍റ്റില്‍ കാര്യമായ കുഴപ്പമൊന്നുമില്ല എന്നും പറഞ്ഞു .

'താങ്കളുടെ പ്രശ്‌നം അത്ര സീരിയസ് ഒന്നുമല്ല എന്നാല്‍ അത് കുറച്ച് ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് വരുത്തുന്നുണ്ടല്ലോ ഗള്‍ഫിലെ ജോലിയെ ബാധിക്കുന്നുമുണ്ട് ആയതിനാല്‍ കുറച്ച് നല്ല മരുന്ന് തന്നെ വേണം താങ്കളുടെ പ്രശ്‌നത്തിന്ന്' ഡോക്ടര്‍ പറഞ്ഞ് നിര്‍ത്തി തന്റെ മുഖത്തേയ്ക്ക് നോക്കി അല്പനേരം മൌനിയായി.

പിന്നീട് തന്റെ ലാപ്‌ടോപ്പ് തുറന്ന് ഒരു സ്ലൈഡ് ഷോ കാണിച്ചു ഇത് തങ്കളെ പോലെ പോഷ് ലൈഫിന്റെ സിന്‍ഡ്രോം ഉള്ളവര്‍ക്കായി ഒരു പാശ്ചാത്യ കമ്പനിയുടെ ഏറ്റവും പുതിയ മരുന്നാണ്.
ഇതായിരിക്കും താങ്കള്‍ക്ക് ഉത്തമം.

ഏതു മരുന്നായാലും രോഗം വേഗം മാറിയാല്‍ മതി എന്നായിരുന്നു തന്റെ ചിന്ത . 'എനിക്ക് പെട്ടെന്ന് രോഗം മാറണം സാറേ' എന്നു പറഞ്ഞതും ഡോക്ടര്‍ പറഞ്ഞു 'ഇത് ഓണ്‍ലൈന്‍ മരുന്നാണ് ആയതിനാല്‍ രണ്ട് ദിവസം കഴിഞ്ഞാല്‍ വന്നു കൊണ്ടു പോകാം. വില ഒരു മാസത്തിന് 16000 രൂപ വരും കുഴപ്പമില്ലല്ലോ?'

ഇല്ല ഒരു മാസത്തെ കമ്മീഷന്‍ കിട്ടിയില്ലാന്ന് മനസ്സില്‍ കരുതി സമ്മത പൂര്‍വ്വം തലയാട്ടി . താങ്കളുടെ ഒരു സമ്മത പത്രം ഒപ്പിട്ടു തരണം 'ജസ്റ്റ് ഫോര്‍ കമ്പനി ഫോര്‍മാലിറ്റീസ്' അതും ഒപ്പിട്ടു നല്‍കി.

നാലാമത്തെ ദിവസം തന്നെ മരുന്ന് കിട്ടി. ഒരാഴ്ച കഴിച്ചപ്പോള്‍ തന്നെ നല്ല ആശ്വാസം ഒരു മാസം കഴിഞ്ഞപ്പോള്‍ തികച്ചും പഴയ ഫോമിലേക്ക് എത്തി. ഗള്‍ഫില്‍ എത്തി മൂന്ന് മാസം തുടര്‍ച്ചയായി മരുന്ന് തുടര്‍ന്നു. പിന്നെ അസുഖത്തിന്റെ ചിന്തയേ ഉണ്ടായില്ല. കമ്പനിയിലും പുറത്തും പരമ സുഖം. ഡോക്ടറോട് എന്തെന്നില്ലാത്ത ആരാധന തോന്നി.

ആറു മാസം ആയിക്കാണും പെട്ടെന്ന് ഒരു രാത്രി നട്ടെല്ലിന്റെ ഭാഗത്ത് അസഹ്യമായ വേദന റൂമേറ്റ്‌സ് എടുത്ത് റാഷിദ് ഹോസ്പിറ്റലിലെ എമര്‍ജന്‍സിയില്‍ എത്തിച്ചു .

ഡോക്ടര്‍ എം ആര്‍ ഐയും പരിശോധനയുമൊക്കെ കഴിഞ്ഞു അറബിയില്‍ നഴ്‌സിനോട് എന്തോ പറഞ്ഞു . ഡോക്ടര്‍ പോയപ്പോള്‍ അവരാണ് പറഞ്ഞത് കിഡ്‌നിയ്ക്കാണ് പ്രോബ്ലംന്ന് . അപ്പോള്‍ അവരോട് ആറു മാസം മുമ്പ് നാട്ടില്‍ നിന്ന് ചെക്കപ്പ് ചെയ്തപ്പോള്‍ എന്റെ കിഡ്‌നിയ്ക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. റിസല്‍റ്റും കാണിച്ചു കൊടുത്തു കഴിച്ചിരുന്ന മരുന്നിന്റെ ലിസ്റ്റും കൊടുത്തു. അത് വാങ്ങി ഡോക്ടറുടെ അടുത്ത് പോയി വന്ന സിസ്റ്റര്‍ ആണ് ആ സത്യം പറഞ്ഞത് .

നിങ്ങള്‍ പുതുതായി കഴിച്ചിരുന്ന മരുന്നാണ് നിങ്ങള്‍ക്ക് വില്ലനായത്. ആയിരത്തില്‍ ഒരാള്‍ക്ക് ഈ മരുന്ന് കഴിച്ചാല്‍ വരുന്ന സൈഡ് എഫെക്ടാണീ കിഡ്‌നി ഫെയ് ലിയര്‍. നിങ്ങളുടെ ഡോക്ടര്‍ ഒരു ടെസ്റ്റ് കൂടെ നടത്തിയിരുന്നെങ്കില്‍ അത് തിരിച്ചറിയാമായിരുന്നു.

നിങ്ങള്‍ക്ക് നല്ല ആരോഗ്യ മുണ്ടെന്ന അമിത ആത്മ വിശ്വാസവും മരുന്നു കമ്പനി കൊടുക്കുന്ന കമ്മീഷനിലെ ഡോക്റ്ററുടെ അമിത താല്‍പ്പര്യവുമാണ് നിങ്ങള്‍ക്കീ ഗതി വരുത്തിയത് . കൂടാതെ നിങ്ങള്‍ ഒപ്പിട്ടു കൊടുത്ത സമ്മതപത്രം നിങ്ങളുടെ നിയമപരമായ അവകാശവും നിങ്ങള്‍ക്ക് നഷ്ടപ്പെടുത്തിയിരിക്കുന്നു.

ഇനി ഡയാലിസിസ് തന്നെ രക്ഷയുള്ളു. ഗള്‍ഫിലെ ചികിത്സ കൊണ്ട് ശരീരത്തേക്കാള്‍ ക്ഷീണം സംഭവിച്ചത് പോക്കറ്റിനാണ്. അതിനാല്‍ തുടര്‍ ചികിത്സ നാട്ടിലേക്ക് മാറ്റി ഇപ്പോഴും ഡയാലിസിസ് തുടരുന്നു. "ഇനിയൊരു ഡോണര്‍ വരും വരെ'

ഫൈസല്‍ മാറഞ്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക