Image

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 12- സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 11 November, 2016
മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 12- സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
ഏകദേശം ഒന്‍പതുമണിയോടുകൂടി ജോലിക്കു പോകുവാനുള്ള തയ്യാറെടുപ്പോടെ വീണ്ടും ആ നല്ല അയല്ക്കാരന്‍ അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു:-

""ക്ഷമിക്കണം, എനിക്കു ജോലിക്കു പോകുവാന്‍ സമയമായി. ഇനി താമസിച്ചാല്‍ ട്രയിന്‍ കിട്ടുകയില്ല. അദ്ദേഹം താമസിയാതെ എത്തിയേക്കും.'' അയാള്‍ ഖേദപൂര്‍വ്വം യാത്ര പറഞ്ഞു. ദൃഷ്ടിയില്‍ നിന്നു മറയുന്നതുവരെ അവള്‍ അയാളെ നോക്കി നിന്നു. വീണ്ടും കസേരയില്‍ വന്നിരുന്ന അവള്‍ക്കു ഭയമോ, ദ്വേഷ്യമോ നിരാശയോ ഒക്കെ കൂടിക്കലര്‍ന്ന വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കുറെ കണ്ണുനീര്‍ വാര്‍ത്തുകഴിഞ്ഞപ്പോള്‍ അല്പം ധൈര്യം കിട്ടിയ പ്രതീതി. അവള്‍ തന്റെ സൂട്ട്‌കേസും കൈയ്യിലെടുത്ത് റോഡിലേക്കിറങ്ങി. അടുത്തെവിടെയോ ആയി "കടകടാ' ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് തീവണ്ടി കടന്നുപോകുന്ന ശബ്ദം. ആ ശബ്ദം അധികം ദൂരത്തിലല്ല എന്നവള്‍ക്കു മനസ്സിലായി. വഴിയോരത്തുകണ്ട ഒരു ചെറിയ ചായക്കടയില്‍ക്കയറി കാപ്പിയും പലഹാരവും കഴിച്ചു. ചുറ്റുമുള്ളവര്‍ അവളെ ശ്രദ്ധിക്കുന്നതോ, അടക്കം പറയുന്നതോ അവള്‍ കൂട്ടാക്കിയില്ല. അവള്‍ക്കിനി ആരെന്തു പറഞ്ഞാലും കാര്യമല്ല. അവള്‍ ഉറച്ച ചില തീരുമാനങ്ങളോടെയാണു മുമ്പോട്ടു നീങ്ങുന്നത്. ഹാന്‍ഡ് ബാഗ് തുറന്ന് പണമെടുത്ത് കടയുടമയ്ക്കു കൊടുത്തശേഷം യാത്ര തുടര്‍ന്നു. ശരീരത്തിന്റെയും മനസ്സിന്റെയും തളര്‍ച്ച മാറി ഒരു പുതുജീവന്‍ പ്രാപിച്ചപ്പോലെ. പ്രധാന വീഥിയില്‍ നിന്നും അതിന്റെ കൈവഴിയായി കണ്ട ഒരു ഇടവഴിയിലേക്ക് അവള്‍ നടന്നുനീങ്ങി. കഷ്ടിച്ച ഒരു കാറിനു കടന്നുപോകാന്‍ മാത്രം വീതിയുള്ള റോഡ്. അന്തരീക്ഷത്തില്‍ താപനില ഉയരുന്നു. ഒപ്പം അവളുടെ ഉള്ളിലും. തന്റെ പിന്നിലായി ഒരു കാറിന്റെ ഹോറണ്‍ മുഴങ്ങുന്നതായി അവളറിഞ്ഞു. അവള്‍ തിരിഞ്ഞുനോക്കിയില്ല. ക്രമേണ കാര്‍ അവളുടെ അടുത്തെത്തി ബ്രേക്കിട്ടു. സ്ഫടികജനാല അല്പം താഴ്ത്തി ഡ്രൈവര്‍ ആരാഞ്ഞു:- ""ആരാണ്, എവിടേയ്ക്കാണ്.'' കാറിന്റെ പിന്‍സീറ്റിലിരുന്നവര്‍ കൗതുകപൂര്‍വ്വം, ജിജ്ഞാസപൂര്‍വ്വം അവളെ നോക്കി അവള്‍ക്കു എന്തു മറുപടി പറയണമെന്ന് അറിയില്ല. പരിഭ്രമം പുറത്തു പ്രകടമാകരുത് എന്ന ഉദ്ദേശത്തോടെ അവള്‍ ചെറുതായി ഒന്നു പുഞ്ചിരിച്ചു. പിന്‍സീറ്റിലിരുന്ന സ്ത്രീ, ഏകദേശം മുപ്പത്തഞ്ചിനും നാല്പതിനും മദ്ധ്യേ പ്രായം തോന്നിക്കുന്ന, കുലീനയായ സ്ത്രീ വീണ്ടും ചോദിച്ചു:- ""കുട്ടീ എവിടേയ്ക്കാണ്. എന്തെങ്കിലും സഹായം വേണോ?'' മറുപടിയായി സൂസമ്മയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. മരണത്തിന്റെ ഇരുണ്ട ഗുഹതേടിപ്പോകുമ്പോള്‍ തനിക്കു രക്ഷാകവചവുമായി എത്തുന്ന ഇവര്‍ ആരായിരിക്കാം. ആ സ്ത്രീ കാര്‍ ഡോര്‍ തുറന്നു പുറത്തുവന്നു, അവളുടെ തോളില്‍ കൈവച്ചു:- ""വരൂ കുട്ടീ, നമുക്കു കാറിലിരുന്നു സംസാരിക്കാം.'' ഒരു കൊച്ചുകുട്ടിയെപ്പോലെ അവള്‍ അവര്‍ക്കു വഴങ്ങി. ഡ്രൈവര്‍ ഇറങ്ങി അവളുടെ സൂട്ട്‌കേസ് വാങ്ങി ട്രങ്കില്‍ നിക്ഷേപിച്ചു. അവള്‍ ആ സ്ത്രീയ്‌ക്കൊപ്പം കാറില്‍ കയറി. വണ്ടി മുമ്പോട്ടു സാവധാനം നീങ്ങി. ഏകദേശം 15 മിനിട്ടു കഴിഞ്ഞപ്പോള്‍ കാര്‍ ഒരു ചെറിയ അമ്പല പരിസരത്തെത്തി സ്ത്രീ പറഞ്ഞു:- ""ഞങ്ങള്‍ ഈ അമ്പലത്തില്‍ തൊഴാന്‍ വരുന്ന വഴിയാണ് കുട്ടിയെ കണ്ടത്. കുട്ടിയുടെ പേരില്‍ നിന്നും കുട്ടി ഒരു ക്രിസ്ത്യാനി ആണെന്നു മനസ്സിലായി. ഞങ്ങളോടൊപ്പം വരുന്നെങ്കില്‍ വന്നോളൂ. അല്ലെങ്കില്‍ കാറില്‍ ഇരിയ്ക്കാം.''

അവള്‍ അവരോടൊപ്പം കാറില്‍ നിന്നും ഇറങ്ങി എങ്കിലും അമ്പലത്തിലേയ്ക്കു നടന്നില്ല. അവര്‍ അമ്പലത്തിലേക്ക് പോകുന്നതും നോക്കി അവള്‍ കാറിനടുത്തു തന്നെ നിന്നു. അവളുടെ ഹൃദയം അല്പം ശാന്തം ആയതുപോലെ. അവള്‍ ചിന്തിച്ചു. ""പള്ളിയും അമ്പലവും തമ്മില്‍ തനിക്കിനി എന്തു വ്യത്യാസം. തന്നെ മരണത്തില്‍ നിന്നും പിന്‍തിരിപ്പിനാല്‍ ദൈവദൂതന്മാരെപ്പോലെ എത്തിയ ഇവര്‍ ആരായിരിക്കാം.''

അവരുടെ ആഗമനം പ്രതീക്ഷിച്ച് ഒരു പൂജാരി അമ്പലനടയില്‍ നിന്നിരുന്നു. കര്‍മ്മാദികള്‍ക്കുശേഷം തിരിച്ചുവന്ന ദമ്പതികളുടെ മുഖത്തു ഒരു പുതിയ സന്തോഷം കളിയാടുന്നതുപോലെ. വീണ്ടും കാറില്‍ക്കയറി യാത്ര തുടര്‍ന്നപ്പോള്‍ ആ വനിത സംസാരിച്ചുതുടങ്ങി. "പേരു രാജശ്രീ. ഭര്‍ത്താവു ഉദയവര്‍മ്മ. പട്ടാള ഉദ്യോഗസ്ഥനാണ്. തല്ക്കാലം ഉദ്യോഗാര്‍ത്ഥം കാഷ്മീരിലേക്ക് സ്ഥലം മാറിപ്പോകുന്ന ഒരുക്കത്തിലാണ്. അച്ഛനും അമ്മയും കൂടെ താമസിക്കുന്നു. അവര്‍ തല്ക്കാലം കാഷ്മീരിലേക്ക് പോകാതെ ഇവിടെത്തന്നെ താമസിക്കും.

ഇത്രയുമായിട്ടും അവര്‍ സൂസമ്മയെപ്പറ്റി കൂടുതലൊന്നും ചോദിച്ചില്ല. അവരിലുള്ള അവളുടെ വിശ്വാസം സ്ഥിരീകരിച്ചതിനുശേഷം സംസാരിക്കാം എന്നവര്‍ വിചാരിച്ചിരിക്കണം. ദീര്‍ഘമായ മൗനത്തിനുശേഷം സൂസമ്മയും സംസാരിച്ചു തുടങ്ങി. ഇടയ്ക്കിടെ നിര്‍ത്തിയും കണ്ണുനീര്‍ തുടച്ചും അവള്‍ അവളുടെ ഇപ്പോഴത്തെ ദയനീയാവസ്ഥ അവര്‍ക്കു വെളിപ്പെടുത്തി ഇടയ്ക്കു യാതൊരു തരമായ അഭിപ്രായങ്ങളും ആ ദമ്പതികള്‍ പറഞ്ഞില്ല. സൂസമ്മയുടെ കദനകഥ പറഞ്ഞുനിര്‍ത്തിയപ്പോള്‍, അതുവരെ നിശബ്ദനായിരുന്ന ഉദയവര്‍മ്മ തന്റെ മൗനം ഭജ്ഞിച്ചു:- ""ഗര്‍ഭിണിയായ സൂസമ്മ ഇനി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഭീരുക്കളാണ് ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നതുതന്നെ.''

അവള്‍ മറുപടി ഒന്നും പറഞ്ഞില്ല.

ഏതാനും മിനിട്ടുകള്‍ മൗനം നിറഞ്ഞുനിന്നു. പിന്നീട് രാജശ്രീ:- ""സൂസമ്മക്കു വിരോധമില്ലെങ്കില്‍ ഞങ്ങളോടൊപ്പം വന്നോളൂ. വീട്ടില്‍ അച്ഛനും അമ്മയും ഉണ്ട്. കാഷ്മീരിലേക്ക് ഞങ്ങളൊടൊപ്പം കൊണ്ടു പോകാന്‍ വേണ്ടിയാണ് സൂസമ്മയെ കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത് എന്നു പറയാം. എന്നാല്‍ അവര്‍ അല്പം യാഥാസ്ഥിതികരാണ്. അതുകൊണ്ട് സൂസമ്മയുടെ പേര് തല്ക്കാലത്തേയ്ക്ക് മിനിക്കുട്ടി എന്നാക്കിയാലോ.''

ഉദയന്‍:- ""അതുകൊള്ളാം, നല്ല ഐഡിയാ. രാജീ നീ ബുദ്ധിമതിയാണ്.''

മൂന്നുപേരും ചിരിച്ചു. ഏകദേശം അര മണിക്കൂര്‍ സഞ്ചരിച്ചപ്പോള്‍ കാര്‍ കൊട്ടാര സദൃശ്യമായ ഒരു കെട്ടിടത്തിന്റെ അങ്കണത്തിലെത്തി.

(തുടരും)

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 12- സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക