Image

പത്തുവര്‍ഷം പിന്നിട്ട വിചാരവേദി (വാസുദേവ് പുളിക്കല്‍)

Published on 14 November, 2016
പത്തുവര്‍ഷം പിന്നിട്ട വിചാരവേദി (വാസുദേവ് പുളിക്കല്‍)
ആലുവ അദൈ്വതാശ്രമത്തില്‍ 1924 ല്‍ നാരായണഗുരു ഒരു സര്‍വ്വമതസമ്മേളനം വിളിച്ചു കൂട്ടി. അത്തരത്തില്‍ ഒരു സമ്മേളനം ഭാരതത്തില്‍ അത് ആദ്യമായിട്ടായിരുന്നു. വാദിക്കാനും ജയിക്കാനുമല്ല, അിറയാനും അിറയിക്കാനുമാണ് ഈ സമ്മേളനം എന്ന് വിവിധ മത പ്രതിനിധികള്‍ പങ്കെടുത്ത ആ സമ്മേളനത്തിന്റെ തുടക്കത്തില്‍ ഗുരു പറഞ്ഞു. മതകലഹങ്ങള്‍ ഉണ്ടാകുന്നത് എല്ലാ മതങ്ങളുടേയും അന്തസത്ത ഒന്നു തന്നെയാണെന്നറിയാത്തതുകൊണ്ടാെണന്നും മതങ്ങള്‍ തമ്മില്‍ പൊരുതിജയപ്പതസാദ്ധ്യമെന്നും മനസ്സിലാക്കിയാണ് ഗുരു ആ പ്രസ്താവന ചെയ്തത്. സാഹിത്യസംഘടനകളുടെകാര്യത്തിലും ഈ പ്രസ്താവ്യത്തിന് പ്രസക്തിയുണ്ട്. കാരണം എല്ലാ സാഹിത്യസംഘടനകളിലും നടക്കുന്നത് ഒരേകാര്യമാണ് - സാഹിത്യചര്‍ച്ച. വിചാരവേദി രൂപികരിച്ചപ്പോള്‍ ചെയ്ത പ്രഖ്യാപനവും വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അിറയിക്കാനുമാണ് എന്നതായിരുന്നു. സാഹിത്യവും പ്രസക്തമായ ആനുകാലിക വിഷയങ്ങളും ചര്‍ച്ചക്ക് വിധേയമാക്കിക്കൊണ്ട് ഡോ. എം. എന്‍. കാരാശ്ശേരി ഉല്‍ഘാടനം ചെയ്ത വിചാരവേദി പത്താം വാര്‍ഷികത്തിലേക്കെത്തിയത് ആ പ്രഖ്യാപനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ്.

പ്രശസ്ത കഥാകൃത്തും നോവലിസറ്റുമായ സാംസി കൊടുമണ്ണും ഈ ലേഖകനും സാരഥികളായി വന്നതിനുശേഷം വിചാരവേദി പുരോഗതിയില്‍നിന്ന് പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നു. വിചാരവേദിയുടെ മുഖഛായ തേജോമായിക്കൊണ്ടിരുന്നത് ജനങ്ങള്‍ തരിച്ചറിഞ്ഞ് പ്രോത്സാഹനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഞങ്ങളോടൊപ്പം തന്നെ വിചാരവേദിയിലെ അംഗങ്ങളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചത്‌കൊണ്ടാണ് വിചാരവേദിക്ക് വിജയം കൈവരിക്കാന്‍ സാധിച്ചത്. ഒരു സംഘടനയുടെ ശക്തി ആംഗങ്ങളാണെന്ന്പ്രത്യേകം പറയേണ്ടതില്ലല്ലോ. വിചാരവേദിയുടെ പ്രവര്‍ത്തന പദ്ധതിയുടെ ആവിഷ്ക്കാരത്തിന്റെ പ്രത്യേകത ജനങ്ങള്‍ക്കും മറ്റു സാഹിത്യസംഘടനകള്‍ക്കും ആകര്‍ഷണീയത്തോന്നി. വിചാരവേദി ചക്കയാണോ മാങ്ങയാണോ, എനിക്കറിയില്ല എന്ന് തുടക്കത്തില്‍ പറഞ്ഞ വ്യക്തിയുടെ നാവില്‍ നിന്ന് തന്നെ വിചാരവേദിയെ കണ്ടു പഠിക്കണം എന്ന വാക്കുകള്‍ ഉതിര്‍ന്ന് വീണു. വിചാരവേദിയെ അംഗീകരിക്കാതിരിക്കുവാന്‍ നിവൃത്തിയില്ല എന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ എത്തിച്ചത് വിചാരവേദിയുടെ പ്രവര്‍ത്തനങ്ങളുടെ മേന്മയാണ്. സത്യത്തിന്റെ മുഖം ആര്‍ക്കും എക്കാലവും മറച്ചുവയ്ക്കാന്വില്ല. തലതൊട്ടപ്പന്റെ വാക്കുകള്‍ തിരസ്ക്കരിക്കാനാവില്ലെന്നായി.

ചര്‍ച്ചവിഷയം എന്തെന്നറിയാതെ ഒരു തുണ്ടു കവിതയോ കഥയോ പോക്കറ്റിലിട്ട് സാഹിത്യ ചര്‍ച്ചയിലേക്ക് കടന്ന് വന്ന് ഇരിപ്പിടമുറപ്പിക്കുന്നവരോട് എന്തെങ്കിലുമുണ്ടെങ്കില്‍ എടുക്കൂ വായിക്കൂ എന്ന് അദ്ധ്യക്ഷന്‍ പറയുമ്പോള്‍ പോക്കറ്റില്‍ തിരികിയിരിക്കുന്ന കവിതയോ കഥയോ എടുത്തു വായിക്കുന്നു. സങ്കീര്‍ണ്ണമായ ഒരു കവിതയോ കഥയോ ഒറ്റ പ്രാവശ്യം കേട്ടാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കാര്യമാത്ര പ്രസക്തമായ ഒരു അഭിപ്രായം പറയാന്‍ സാധിക്കുകയില്ല എന്ന് ആര്‍ക്കാണറിയാത്തത്. എങ്കിലും രചന അവതരിപ്പിക്കുന്ന വ്യക്തിയുടെ മുഖം നോക്കി ഉദാത്തം, അനുപമം, അപാരം എന്നൊക്കെ അഭിപ്രായങ്ങള്‍ പുകഴ്ത്തു പാട്ടുകള്‍ പോലെ പാടുമ്പോള്‍ഭവെയര്‍ ഈസ് ദി ബീഫ്’ എന്ന് മനസ്സില്‍ പിടിക്കാത്തവരുടെ രചനകളെ പുച്ഛിച്ചു തള്ളുന്നു. മൃദലമായതലോടലുകളോടെ സുഖിപ്പിക്കലും നഖക്ഷതങ്ങള്‍ കൊണ്ട് വേദനിപ്പിക്കലുമായി സാഹിത്യചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്ന സമയത്താണ് വിചാരവേദി രഹസ്യസ്വഭാവം വയ്ക്കാതെ വിഷയം മുന്‍ കൂട്ടി എല്ലാവരും അിറയത്തക്കവണ്ണം പ്രഖ്യാപിച്ചു കൊണ്ടുള്ള ചര്‍ച്ചാ സമ്പ്രാദായത്തിന് തുടക്കമിട്ടത്. ആ വിഷയങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കാന്‍ പ്രധാന പ്രഭാഷകരെ നിശ്ചയിക്കുന്നതും പതിവായി. അവര്‍ വിഷയങ്ങള്‍ നന്നായിപഠിച്ച് അവരുടെ കാഴ്ചപ്പാടുകള്‍ മുഖം നോക്കാതെ നിരൂപണ ശൈലിയില്‍ സമര്‍ത്ഥമായി അവതരിപ്പിച്ചിരുന്നത് സദസ്യര്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സഹായകമായിട്ടുണ്ട്. എഴുത്തുകാര്‍ക്കും ഈ ചര്‍ച്ചകള്‍ പ്രയോജനകരമായി. ചര്‍ച്ചകളിലെ പ്രധാനികള്‍ ഡോ. എ. ബി. പിള്ള, ഡോ. ജോയ് കുഞ്ഞാപ്പു, ഡോ. നന്ദകുമാര്‍, ഡോ. ശശിധരന്‍, ഡോ. എന്‍. പി. ഷീല എന്നിവരായിരുന്നു. ഇതില്‍ നിന്നും മറ്റുള്ളവര്‍ വിസ്മൃതരായി എന്ന് ധരിക്കരുത്. എല്ലാവരുടെയും സഹകരണം കൊണ്ടാണ് ചര്‍ച്ചകള്‍ വിജയിച്ചിട്ടുള്ളത്.

ന്യൂയോര്‍ക്കിലെ സാഹിത്യസംഘടനകളില്‍ എല്ലാ മാസവും സാഹിത്യചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും അതേ പറ്റി പൊതുജനങ്ങള്‍ക്കും സാഹിത്യപ്രേമികള്‍ക്കുമറിയാനായി, മാസംതോറും ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. നേരത്തെ സൂചിപ്പിച്ചത്‌പോലുള്ള കഴമ്പില്ലാത്ത ചര്‍ച്ചകള്‍ക്ക് എങ്ങിനെ റിപ്പോര്‍ട്ടെഴുതാന്‍ സാധിക്കും. വിചാരവേദിയാണ് ന്യൂയോര്‍ക്കിലെ സാഹിത്യചര്‍ച്ചകളുടെ പതിവായുള്ള റിപ്പോര്‍ട്ടിംഗ് സമ്പ്രദായം തുടങ്ങിവച്ചത്. ബാബു പാറക്കലിന്റെ ഭനിറങ്ങളില്‍ ജീവിക്കുന്നവര്‍’ എന്ന നോവലിന്റെ ക്രിയാത്മകമായ ചര്‍ച്ചാറിപ്പോര്‍ട്ടായിരുന്നു അത്. ജെ. മാത്യൂസ് ആയിരുന്നു ആ നോവല്‍ പ്രധാനമായും നിരൂപണം ചെയ്തത്. സാഹിത്യചര്‍ച്ചകളുടെ റിപ്പോര്‍ട്ട് കാണുന്നത് പതിവില്ലാത്തതാണല്ലോ എന്ന് ബാബു പാറക്കല്‍ ആ റിപ്പോര്‍ട്ട് വായിച്ചതിനുശേഷം എന്നെ ടെലഫോണില്‍ വിളിച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ വിചാര വേദിയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും മലയാള സാഹിത്യത്തിനാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. മാസംതോറുമുള്ള ചര്‍ച്ചക്കായി രചനകള്‍ തെരഞ്ഞെടുക്കുന്നതില്‍ വിചാരവേദി നിഷ്പക്ഷവും വിശാലവുമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള എഴുത്തുകാരുടെ രചനകള്‍ വിചാരവേദിയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. വിചാരവേദിയുടെ പത്താം വാര്‍ഷികത്തിനും ചര്‍ച്ചക്കായി തെരഞ്ഞെടുത്തത് അമേരിക്കന്‍ മലയാളസാഹിത്യം ഇതുവരെ എന്ന വിഷയമാണ്. അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ വേരുകള്‍ പടര്‍ന്ന് കിടക്കുന്നത് ഇവിടെത്തന്നെയാണെന്ന് മനസ്സിലാക്കി അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ വികാസം ലക്ഷ്യമാക്കിയാണ് വിചാരവേദി സാഹിത്യ ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളത്. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസത്തിന് അനിവാര്യമായ ഘടകങ്ങള്‍ കണ്ടെത്തി അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ഇടയില്‍ അവതരിപ്പിക്കുകയും അമേരിക്കന്‍ മലയാളി എഴുത്തുകരുടെ രചനകളുടെ മൂല്യ നിര്‍ണ്ണയം നടത്തി അവയുടെ അംഗീകാരത്തിനുവേണ്ടി കേരളത്തിലെ പ്രമുഖ സാഹിത്യ വേദികളില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള ഡോ. എ. കെ. ബി. പിള്ള വിചാരവേദിയുടെ അമേരിക്കന്‍ മലയാളസാഹിത്യവികസ ചര്‍ച്ചകള്‍ക്ക് ഉത്തേജനം നല്‍കിയിട്ടുണ്ട്. വളര്‍ന്ന് കൊണ്ടിരിക്കുന്ന അമേരിക്കന്‍ മലയാളസാഹിത്യത്തില്‍ ചര്‍ച്ചക്ക് വിധേയമാക്കാന്‍ പാകത്തിന് സാഹിത്യമൂല്യമുള്ള ധാരാളം രചനകള്‍ ഉണ്ടായിട്ടുണ്ട്. നവ നവീനങ്ങളായ ആവിഷ്ക്കരണരീതികള്‍ പരീക്ഷിച്ചുനോക്കി വിജയം കൈവരിച്ചവര്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ഇടയിലുണ്ട്. ഈയ്യിടെ പ്രസിദ്ധീകരിച്ച പ്രവാസികളുടെ ഒന്നാം പുസ്തകം എന്ന നോവലിന്റെ രചയിതാവ് സാംസികൊടുമണ്ണിനെ ആഗണത്തില്‍ ഉള്‍പ്പെടുത്താം. വിചാരവേദിയുടെ ഉല്‍ഘാടന വേളയില്‍, ഒരു ചീത്ത എഴുത്തുകാരനാകുന്നതിനേക്കാള്‍ അഭികാമ്യം ഒരു നല്ല വായനക്കാരനാകുന്നതാണെന്ന് എം. എന്‍. കാരാശ്ശേരി പറഞ്ഞത് അമേരിക്കന്‍ മലയാളി എഴുത്തുകാരെ പരോക്ഷമായി വിമര്‍ശിച്ചതാണെങ്കില്‍ അദ്ദേഹം ഇന്ന് അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ വായിച്ച് വിലയിരുത്തിയാല്‍ അവയുടെ മേന്മ കണ്ട് അദ്ദേഹത്തിന്റെ നിലപാടിന് മാറ്റം വരുത്താതിരിക്കില്ല.

നോവല്‍, ചെറുകഥ, കവിത എന്നിവക്ക് പുറമേ ലേഖനങ്ങളും നിരൂപണലേഖനങ്ങളും വിചാരവേദിയില്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. അമേരിക്കന്‍ മലയാള സാഹിത്യരംഗത്ത് നിരൂപണ ശാഖ ഇല്ല എന്ന് പറയുന്നത് ഒരു വലിയ തമാശയാണ്. ഇവിടെ നിരൂപണലേഖനങ്ങള്‍ എഴുതി തുടങ്ങിയത് പ്രശസ്ത സാഹിത്യകാരനായ സുധീര്‍ പണിക്കാവീട്ടിലാണ്. ഖണ്ഡന വിമര്‍ശന രീതി സ്വീകരിക്കാതെ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന വിധത്തിലുള്ള നിരൂപണത്തിനാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നത്. പിന്നീട് ഡോ. നന്ദകുമാര്‍, ഡോ. എന്‍. പി. ഷീല, പ്രിന്‍സ് മര്‍ക്കോസ് തുടങ്ങിയവര്‍ ഇവിടത്തെ നിരൂപണശാഖയെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. കേരള സാഹിത്യ അക്കാഡമി മുന്‍ പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, സതീഷ് ബാബു, പയ്യന്നൂര്‍ എന്നീ പ്രശസ്ത സാഹിത്യകാരന്മാര്‍ക്ക് സ്വീകരണം നല്‍കിക്കൊണ്ട് വിചാരവേദി ചര്‍ച്ചകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഡോ. ജോയ് കുഞ്ഞാപ്പുവിന്റെ “ആരാണ് വിധ്യാധരനും” സാമൂഹ്യപാഠങ്ങളുംഎന്ന പുസ്തകത്തിന്റെ ചര്‍ച്ച സമൂഹത്തില്‍ ചിലകോളിളക്കങ്ങള്‍ സൃഷ്ടിച്ചു. ഇരുളിലിരുന്ന് സാഹിത്യകാരന്മാരെ കല്ലെറിയുന്ന ഭീരുവിനെ വിചാരവേദി വെളിച്ചത്തുകൊണ്ടുവരുമെന്ന വാര്‍ത്ത ജനങ്ങളെ ആകാംഷഭരിതരാക്കി. ഇരുളിലിരിപ്പവനാരു നീ? എന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടിയായി വിചാരവേദി രംഗത്ത് വന്നു. ജനങ്ങള്‍ക്ക് യാതൊരു സംശയത്തിനും ഇടനല്‍കാത്ത വിധത്തില്‍ വിദ്യാധരന്റെ സ്വരൂപം ജനങ്ങള്‍ക്ക് മനസ്സിലാക്കികൊടുത്തപ്പോള്‍ വിദ്യാധരനും മാധ്യമവും ഒന്നു കിടുങ്ങി. വിദ്യാധരന്റെ മുഖംമൂടി മാറ്റിക്കൊണ്ടുള്ള പ്രഭാഷണം നടത്തിയത് ഡോ. ശശിധരന്‍ ആയിരുന്നു. വിചാരവേദിയുടെ അടുത്ത ചര്‍ച്ചാവിഷയം എന്തായിരിക്കുമെന്ന് അിറയാന്‍ ജനങ്ങള്‍ കാത്തിരുന്ന ദിനങ്ങള്‍. അതേപോലെ കുടിയേറ്റക്കാരേയും അവരുടെ തലമുറയേയും സംബന്ധിക്കുന്ന “GATE WAY TO AMERICA” എന്ന പ്രൊഫസര്‍ ജോസഫ് ചെറുവേലിയുടെ പുസ്തകത്തിന്റെ ചര്‍ച്ചയും സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കി. എടുത്തുപറയത്തക്ക ധാരാളം ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാന്‍ സാധിച്ചതില്‍ വിചാരവേധിക്ക് അഭിമാനമുണ്ട്.

എഴുത്തുകാര്‍ക്ക് പ്രാധാനമായും വേണ്ടത് അംഗീകാരവും പ്രോത്സാഹനവും പ്രചോദനവുമാണ്. വിചാരവേദി വിശാലമായ കാഴ്ചപ്പാടോടു അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള എഴുത്തുകാരില്‍ ഏതാനം പേര്‍ക്ക് അവരുടെ അമേരിക്കന്‍ മലയാള സാഹിത്യത്തിലേക്കുള്ള സംഭാവന കണക്കിലെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പത്തുപേര്‍ക്ക് അവാര്‍ഡ് നിശ്ചയിച്ചപ്പോഴും വ്യാപകമായ നിലപാടാണ് വിചാരവേദി സ്വീകരിച്ചത്. ഡോ. എ. കെ. ബാലകൃഷ്ണപിള്ളക്ക് LIFE TIME ACHIEVEMENT  അവാര്‍ഡും ഡോ. എന്‍. പി ഷീലക്ക് മികച്ച എഴുത്തുകാരിക്കുള്ള ക്യാഷ് അവാര്‍ഡും നല്‍കി ആദരിക്കുകയുണ്ടായി. കൂടാതെ രാജൂ മൈലപ്ര, പ്രൊഫസര്‍ ചെറുവേലി എന്നിവരേയും അവരുടെ സാഹിത്യ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട് ഫലകങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ വിചാരവേദി മുന്നില്‍ നില്‍ക്കുന്നു.

വിചാരവേദിക്ക് രൂപരേഖ നല്‍കിയ പ്രശസ്ത കവി പീറ്റര്‍ നിണ്ടൂരിനേയും തുടക്കത്തില്‍ വിചാരവേദിയെ കേരള കള്‍ച്ചറല്‍ സെന്റെറിന്റെ ഭാഗമായി ചേര്‍ത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിച്ച കേരള കള്‍ച്ചറല്‍ സെന്റെറിന്റെ ഭാരവാഹികളേയും ഈ അവസരത്തില്‍ സ്മരിക്കുന്നു. ഇപ്പോഴും സാമ്പത്തികമായ നേട്ടം കണക്കാക്കാതെ വിചാരവേദിക്ക് ചര്‍ച്ചകള്‍ നടത്താന്‍ കേരള കള്‍ച്ചറല്‍ സെന്റെറിന്റെ ഹാള്‍ വിട്ടുതരുന്നത് ഒരു വലിയകാര്യമാണ്. സാഹിത്യത്തെ പ്രോത്സാഹിപ്പിക്കാനുള്ള കേരള കള്‍ച്ചറല്‍ സെന്റെറിന്റെ നിലപാട് സ്തുത്യര്‍ഹമാണ്. നന്ദി. വിചാരവേദിയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാ സാഹിത്യകാരന്മാരുടേയും സാഹിത്യപ്രേമികളുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

പത്തുവര്‍ഷം പിന്നിട്ട വിചാരവേദി (വാസുദേവ് പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക