Image

ഗുണപാഠം (കവിത: ഷീലമോന്‍സ് മുരിക്കന്‍)

Published on 15 November, 2016
ഗുണപാഠം (കവിത: ഷീലമോന്‍സ് മുരിക്കന്‍)
അതിവേഗം എന്നെ പുറത്താക്കി നിങ്ങള്‍
കരുതലായ് കരുതി കാത്തുവച്ചിരുന്നിട്ടും
നിനയ്ക്കാത്ത നേരത്തു പോകേണ്ടി വന്നതാല്‍
കഷ്ടത്തിലാക്കി ഞാന്‍ നിങ്ങളെയും ..
നനവിലും തീയിലും തെല്ലും തൊടാതെ
നെഞ്ചോട് ചേര്‍ത്തെന്നെ കരുതിയോരെ
അക്ഷമരായ് ഉപേക്ഷിച്ചിടുവാനെത്ര തിടുക്കം
കാട്ടുന്നു നിങ്ങളീയിരവിലും പകലിലും ?
ഓര്‍ക്കണം നിങ്ങളെന്‍ സേവനത്തെ
മറക്കരുതീ മുഖം മരിക്കുവോളം !
അല്ലെങ്കില്‍ തന്നെയീ ജീവിതമിങ്ങനാ
പ്രിയമുള്ളതാകും ചിലനേരം നമ്മള്‍
അപ്രിയമാകും പെടുന്നനെയും !!!!
അഞ്ഞൂറും ആയിരോം പോയതുപോല്‍
പോകുവാനുള്ളവര്‍ മാത്രം നമ്മള്‍ !!
Join WhatsApp News
വിദ്യാധരൻ 2016-11-18 10:02:06

ചില്ലറകൾ ചിരിക്കുന്നു

ഉന്നതന്മാരോട് ഒട്ടി നിൽക്കാൻ
എന്നും മനുഷ്യന് കമ്പമാണ്
അഞ്ഞൂറും ആയിരോം പൂഴ്ത്തി വച്ച്
ഹുങ്കോടെ വിലസിയ ചേട്ടന്മാരെ
ഞങ്ങളീ ഒറ്റയും പത്തും ചില്ലറയും
എന്നെന്നും നിങ്ങടെ കൂടെയുണ്ട്
പിച്ചക്കാരന്റെ ചട്ടിയിലും
പള്ളിയിലെ ഭണ്ഡാരത്തിലും
അമ്പലത്തിൽ നേർച്ചയായും
ഇപ്പഴും ഞങ്ങളീ നാട്ടിലുണ്ട്
ഓടുന്നോ ഞങ്ങളെ തേടിയപ്പോൾ?
കാണുമ്പോൾ ഉള്ളിൽ ചിരിവരുന്നു
ലോകത്തിൻ ഗതി എന്നുമെന്നും
ഇങ്ങനെയാണ്ണെന്നോർത്തിടുക
മുന്പന്മാരൊക്കെ ഒരു ദിനത്തിൽ
പിൻമ്പന്മാരായി നിലപതിക്കും
ഈ സത്യം നിങ്ങടെ ഓർമ്മകളിൽ
സൂക്ഷിച്ചു വയ്ക്കുക എന്നുമെന്നും
എങ്കിലും ചില്ലറ ഞങ്ങളിന്ന്
ഒന്ന് ഉറക്കെ ചിരിച്ചിടട്ടെ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക