Image

കിഡ്‌നിരോഗം എന്ന നിശബ്ദ കൊലയാളി

Published on 21 November, 2016
കിഡ്‌നിരോഗം എന്ന നിശബ്ദ കൊലയാളി

കിഡ്‌നിരോഗത്തെ അറിയപ്പെടുന്നത് തന്നെ നിശബ്ദ കൊലയാളി എന്നാണ്. പലര്‍ക്കും കിഡ്‌നി രോഗത്തെക്കുറിച്ച് അറിയാത്തതാണ് മരണത്തിലേക്ക് നയിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. പലരും കിഡ്‌നി രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും അതിന്റെ ഭീകരാവസ്ഥയെക്കുറിച്ചും ബോധവാന്‍മാരല്ല. പലപ്പോഴും രോഗത്തിനു മുന്‍പേ തന്നെ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളാണ് ഇത്തരം ഗുരുതരമായ രോഗങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ ഇവയെക്കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും നമ്മളെ മരണത്തിലേക്ക് കൊണ്ടു ചെന്നെത്തിയ്ക്കുന്നു.  എന്നാല്‍ ഇനി താഴെ പറയുന്ന ലക്ഷണങ്ങളില്‍ ചിലതെങ്കിലും നിങ്ങള്‍ക്കുണ്ടെന്നു തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് കൃത്യമായ ചികിത്സ തേടേണ്ടതാണ്. കിഡ്‌നി രോഗം ഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ നോക്കാം.

മൂത്രാശയ സംബന്ധമായ അണുബാധ

മൂത്രാശയ സംബന്ധമായ അണുബാധയാണ് പ്രകടമായ ലക്ഷണങ്ങളില്‍ ഒന്ന്. രാത്രി കാലങ്ങളില്‍ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കണമെന്ന തോന്നലും മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നതും അല്‍പം ശ്രദ്ധിക്കാവുന്നതാണ്. മാത്രമല്ല മൂത്രമൊഴിയ്ക്കുന്ന സമയത്ത് വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിയ്ക്കാം

ശരീരത്തില്‍ നീര് വെയ്ക്കുന്നത്

ശരീരത്തില്‍ നീര് വെയ്ക്കുന്നതും കിഡ്‌നി രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ശരീരത്തിലെ ടോക്‌സിനുകളേയും മറ്റും പുറന്തള്ളാനുള്ള കഴിവ് നഷ്ടപ്പെടുന്നതിന്റേയും കിഡ്‌നി പ്രവര്‍ത്തനരഹിതമാകുന്നതുമാണ് ഇതിന്റെ പ്രധാന കാരണം. 

അമിത ക്ഷീണം

എപ്പോഴും ക്ഷീണവും കുഴച്ചിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. മാത്രമല്ല അമിതമായ തോതില്‍ വിയര്‍പ്പ് ശരീരത്തില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കാം. കിഡ്‌നി പ്രശ്‌നം ചുവന്ന രക്താണുക്കളുടെ അളവ് കുറയ്ക്കുന്നു.

മോഹാലസ്യപ്പെടുന്നത്

ഇടയ്ക്കിടയ്ക്ക് മോഹാലസ്യപ്പെട്ട് വീഴുന്നവരും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇവരുടെ കിഡ്‌നി പലപ്പോഴും പ്രവര്‍ത്തനരഹിതമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.


കലശലായ പുറം വേദന

കലശലായ പുറം വേദനയോ വയറിന്റെ ഇരുവശത്തും ഇടയ്ക്കിടയ്ക്ക് വേദനോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്‍പം സൂക്ഷിക്കുക. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ വേദനയും കിഡ്‌നി രോഗത്തിന്റെ ലക്ഷണമാകണം എന്നില്ല.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തില്‍ ചൊറിച്ചിലും തൊലി അടര്‍ന്നു പോരുന്നതും അലര്‍ജികളും ഉണ്ടെങ്കില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ ടോക്‌സിന്‍ കൂടുതലായി അടിഞ്ഞു കൂടുന്നുണ്ടെന്നും ഇവയെ പുറന്തള്ളാനുള്ള കിഡ്‌നിയുടെ കഴിവ് ഇല്ലാതായിക്കൊണ്ടിരിയ്ക്കുകയാണ് എന്നുമാണ് ഇതിന്റെ അര്‍ത്ഥം.

ശ്വാസത്തിന് അമോണിയ ഗന്ധം

ശരീരത്തിന് അമോണിയ ഗന്ധമോ മെറ്റല്‍ രുചിയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ കിഡ്‌നി പ്രവര്‍ത്തനരഹിതമാകാന്‍ പോകുന്നു എന്ന് പറയാം. രക്തത്തിലെ യൂറിയയുടെ അളവ് വര്‍ദ്ധിയ്ക്കുന്നുണ്ട് എന്നതാണ് ഇതിലൊളിച്ചിരിയ്ക്കുന്നത്.

മനംപിരട്ടലും ഛര്‍ദ്ദിയും

മനം പിരട്ടലും ഛര്‍ദ്ദിയും പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ കിഡ്‌നി രോഗം കൊണ്ട് വലയുന്ന രോഗികകളിലെ പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ വേണ്ടത്ര ഗൗരവത്തോടെ ഇത്തരം ലക്ഷണത്തെ കണക്കാക്കേണ്ടതുണ്ട്.

എപ്പോഴും തണുപ്പനുഭവപ്പെടുക

ഏത് കാലാവസ്ഥയിലും തണുപ്പ് അനുഭവപ്പെടുന്നതായി തോന്നുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഒരു ആരോഗ്യവിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും കാലാവസ്ഥാ മാറ്റങ്ങളെ അംഗീകരിയ്ക്കാന്‍ മടിയുള്ള ശരീരത്തിന് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവാം. എന്നാല്‍ ഒരിക്കലും ഇത്തരം അവസ്ഥകളെ നിസ്സാരമായി കാണരുത്.

ശ്വാസതടസ്സം

ശ്വാസതടസ്സവും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും പലപ്പോഴും കിഡ്‌നി പ്രവര്‍ത്തനങ്ങള്‍ തടസ്സമായി ബാധിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ അനീമിയയുടെ ലക്ഷണങ്ങളിലും ഇത്തരം ശ്വാസതടസ്സവും മറ്റും ഉണ്ടാവാറുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക