Image

മരതകവീണ: ഡോ.പി.സി.നായര്‍ (പുസ്തകപരിചയം)

Published on 23 November, 2016
മരതകവീണ: ഡോ.പി.സി.നായര്‍ (പുസ്തകപരിചയം)
ചീനകവിതകളുടെ സുവര്‍ണ്ണകാലമെന്ന് ചൈനീസ് പണ്ഡിത•ാര്‍ അഭിപ്രായപ്പെടുന്ന ഷാങ്ങ് വംശകാലത്ത് (എഡി 618-904) ജീവിച്ചിരുന്ന അതിപ്രശസ്തരായ പന്ത്രണ്ടു കവികളുടെ ഇരുപത്തിനാലു കവിതകള്‍ ഡോ.പി.സി.നായര്‍ മലയാളത്തിലേയ്ക്ക് തര്‍ജ്ജിമ ചെയ്തവയാണ് മരതകവീണ എന്ന ഈ സമാഹാരത്തിലുള്ളത്. 

ഇതിലെ കവിതകള്‍ വായിച്ചാസ്വദിക്കാന്‍ അനുവാചകന് സഹായകമാകുമെന്നു കരുതി ഷാങ്ങ്‌വംശകാലത്തെപ്പറ്റിയും അന്നത്തെ കവിതയുടെ സ്വരൂപത്തെപ്പറ്റിയും അതിലെ പ്രേരകശക്തികളെക്കുറിച്ചും കാലകവികളെപ്പറ്റിയുള്ള ഒരു ചുരുങ്ങിയ വിവരണവും അതാത് കവിതകളോടു ചേര്‍ത്തു കൊടുത്തിട്ടുണ്ട്. ആദ്യകാലത്ത് ചീനകവികളില്‍ ബുദ്ധമതത്തിന്റെ സ്വാധീനം വളരെയധികം ഉണ്ടായിരുന്നുയെന്നത് എല്ലാവര്‍ക്കും അിറയാവുന്നതാണ്.  എന്നാലിത് അവരുടെ കവിതകളെ എങ്ങനെ സ്വാധീനിച്ചു എന്നറിയുന്നതില്‍, ഭാരതീയര്‍ക്ക്, പ്രത്യേകിച്ച് കേരളീയര്‍ക്ക് താല്പര്യമുണ്ടായിരിക്കുമല്ലോ.

ഈ സമാഹാരത്തില്‍ കൊടുത്തിരിക്കുന്ന പല കവിതകളിലും അതിന്റെ രചയിതാക്കള്‍ അവരുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ അവര്‍ക്കുണ്ടാകുന്ന മാനസികാവസ്ഥയ്ക്ക് രൂപം കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. സാങ്ങ്ചി-വെന്റെ സ്വപ്നഗേഹമെന്ന കവിതയില്‍ തന്റെ സ്വാമിയായ ചക്രവര്‍ത്തിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞതിലുള്ള ദുഃഖം നിഴലിച്ചിരിക്കുന്നു. യജമാനനോട് വീണ്ടും ഒത്തുചേരാനുള്ള തന്റെ ഉല്‍ഘടമായ ആഗ്രഹം ഒരു സ്വപ്നമായി തന്നെ അവശേഷിക്കുമെന്നു കരുതി അദ്ദേഹം വിലപിക്കുന്നു. കണ്ണീര്‍ എന്ന കവിതയില്‍ (വാങ്ങ്‌സെങ്ങ്-ജൂ)തന്റെ ഹൃദയനാഥന്‍ തന്നോടു കാട്ടുന്ന അനാസ്ഥയില്‍ ഖിന്നമായ ഒരു സ്ത്രയുടെ മനോഭാവം കവി വര്‍ണ്ണിക്കുന്നു. പൗര്‍ണ്ണമി ചന്ദ്രന്‍ ആകാശവീഥിയിലൂടെ മന്ദഗതിയില്‍ പോകുമ്പോള്‍ ഇവരുടെ ഹൃദയത്തില്‍ കദനമാണ്. ആനന്ദമല്ല ഉണ്ടാകുന്നത്. അതിന്റെ ഹേതു അയാള്‍ക്ക് അവളോടുള്ള അനാസ്ഥയും. ലിപൊയുടെ സന്ധ്യാരാഹത്തിലും പഞ്ചമിചന്ദ്രന്റെ നിഴലില്‍ എന്ന കവിതയിലും സ്ത്രീഹൃദയത്തിന്റെ വിങ്ങലുകളുമാണ് അന്തര്‍ലീനമായിരിക്കുന്നത്.

സൂ കങ്ങ് ജൂവിന്റെ വസന്താഗമം ഈ പ്രപഞ്ചത്തിലെ അനൈശ്വരത വിളിച്ചറിയക്കുന്നു. ഇത് പുതുമയെയും പഴമയെയും കൂട്ടിയിണക്കി ജീവിതത്തിന് ഉല്ലാസത്തിലധിഷ്ഠിതയമായ പുതിയ മാനങ്ങള്‍ നല്‍കുന്ന ഒരു കവിതയാണ്.

പഴയ ചൈനയുടെ കാല്പനിക ഭാവാഷ്‌കാരങ്ങള്‍, അസാധാരണമായ ഇമേജുകള്‍, വിചിത്രകഥാരൂപങ്ങള്‍ എന്നിവ കൗതുകകരങ്ങളാണ്. താഴെ പറയുന്ന വരികള്‍ നോക്കാം. 
മഞ്ഞപ്പൂക്കളുള്ള കാടുചെടി അരപ്പട്ടയണിയുന്ന പുരുഷന്‍  പ്യാബ്രമാണദ്ദേഹത്തിന്റെ തോഴന്‍  കാട്ടുകൊന്നപ്പൂക്കള്‍ കൊണ്ടലങ്കരിച്ച രഥത്തിലാണ് സഞ്ചാരം. ആ ഏകാന്തപഥികന് രാജാക്ക•ാരുടെ നിലയിലേക്ക് അധഃപതിക്കാന്‍ വേണ്ട കരുത്തിലപത്രെ. 

ശോണനിറമാര്‍ന്ന ആകാശം
ഒരു മിന്നല്‍പ്പിണര്‍പോലെ
അപ്രത്യക്ഷമായി.

ഞാനെന്റെ തംബുരു പെട്ടെന്ന് മീട്ടാന്‍ തുടങ്ങി 
മൃതരായവരെ ആരു രസിപ്പിക്കും?
ഒരു തരുണി സ്വപ്നത്തില്‍ നൂറ്റെടുത്ത നേര്‍ത്ത -
നൂലു കൊണ്ടൊരു പാവാട തുന്നുന്നു.
അവളുടെ സോദരിക്കായിരിക്കാം
കുത്തിയൊഴുക്ക് ഫണമുയര്‍ത്തിയാടുമ്പോള്‍ 
ജലനിരപ്പുയരുന്നു.

ഇതിലെ ചീനക്കാരിയായ നെയ്ത്തുകാരി എന്ന കവിത തടാകത്തിലെ ഒരു മാര്‍ബിള്‍ ശില്പത്തെക്കുറിച്ചുള്ളതാണ്. രാത്രീനക്ഷത്രം പോലുള്ളൊരു സുന്ദരി ജലനിരപ്പില്‍ ഉയര്‍ന്നു നിര്‍ക്കുന്നു. അവളുടെ സൗന്ദര്യത്തില്‍ മയങ്ങിയ ഓളങ്ങള്‍ പച്ചപായലുകള്‍ കൊണ്ടൊരു പട്ടാട അവള്‍ക്കുവേണ്ടി നിര്‍മ്മിച്ച് ചാര്‍ത്തി കൊടുത്തിരിക്കുന്നു. നൂറ്റാണ്ടുകളായി അവളുടെ സൗന്ദര്യം എല്ലാവര്‍ക്കുമായി സൗജന്യമായി വാരിവിതറികൊണ്ട് അവള്‍ നിശ്ശബ്ദയായി ഉയര്‍ന്നു നില്‍ക്കുന്നു.
ഇങ്ങനെ നോക്കിയാല്‍ ചീനകവിതയുടെ സുവര്‍ണ്ണകാലം പ്രദാനം ചെയ്ത അതിപ്രശസ്തവും മനോഹരവുമായ ചില കവിതകളാണ് ഇവിടെ തര്‍ജ്ജിമ ചെയ്ത് അവതരിപ്പിച്ചിരിക്കുന്നതെന്നു കാണാം. 

ചീനരുടെ കവിതകളെ വിലയിരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ജീവിതത്തിലെ സാധാരണ സംഭവങ്ങളായ വിവാഹം, സ്‌നേഹബന്ധങ്ങള്‍, ഭവനനിര്‍മ്മാണം എന്നിവയോടുള്ള അവരുടെ സമീപനം ലോകജനതയ്ക്ക് നല്‍കുന്ന വിലയേറിയ അനുഭവങ്ങളാണ്. മറ്റു നാഗരികതകളെ അപേക്ഷിച്ച് ചീനര്‍ ഇവയോടു കൂടുതല്‍ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു. അവയെപ്പറ്റി കവിതയെഴുതി ആലപിച്ച് അവര്‍ ആനന്ദാനുഭൂതി തേടി. ആന്തരികമായ ജീവിതത്തിനാണവര്‍ എക്കാലവും വിലകല്പിച്ചിരുന്നത്. കുടുംബജീവിതം പാശ്ചാത്യര്‍ക്കു അശിക്ഷിതമൊ അശുദ്ധമോ ആണെങ്കില്‍ ചീനര്‍ക്കു അതൊരു ആദ്ധ്യാത്മികാനുഭവമാണ്. ദൈനം ദിന ജീവിതത്തെ തന്നെ അയാള്‍ നിയന്ത്രിക്കുന്നു. അതുകൊണ്ടാണ് ചീനകവികളില്‍ ഒരു പ്രത്യേകശാന്തത അനുവാചകന്‍ കണ്ടെത്തുന്നത്. 

ഈ സമാഹാരത്തിലെ കവിതകളുടെ മൂലം ചീനഭാഷാപണ്ഡിതരായ ക്രാന്‍മര്‍ ബിങ്ങ്, ഡോ.എസ്.  കെ.കപാഡിയ എന്നിവര്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്ത ദി ല്യൂട്ട് ഓഫ് ഗോള്‍ഡ് എന്ന ഗ്രന്ഥമാണ്. ഇംഗ്ലീഷ് ഫ്രഞ്ച് എന്നീ ഭാഷകളില്‍ നിന്ന് കവിതകള്‍ മലയാളത്തിലേയ്ക്ക് തര്‍ജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും ഇംഗ്ലീഷില്‍ നിന്നുള്ള പാസ്ട്രല്‍ കവിതകളും മറ്റും. എന്നാല്‍ പൗരസ്ത്യഭാഷകളില്‍ നിന്ന് മലയാളത്തിലേയ്ക്ക് അധികം കവിതകള്‍ തര്‍ജ്ജിമ ചെയ്തു കണ്ടിട്ടില്ല. അതുകൊണ്ട് ഈ സമാഹാരത്തില്‍ ഡോ.പി.സി.നായര്‍ അദ്ദേഹത്തിന്റെ സ്വതന്ത്രപരിഭാഷയിലൂടെ തികച്ചും അജ്ഞാതമെങ്കിലും മനോഹരമായ ഒരു പഴയലോകമാണ് നമ്മുടെ മുമ്പില്‍ തുറന്നിട്ടിരിക്കുന്നത്. അവതാരികയില്‍ പ്രശസ്ത കവയിത്രിയായ ശ്രീമതി സുഗതകുമാരി അഭിപ്രായപ്പെടുന്നതുപോലെ ഈ കവിതകള്‍ ഏതോ പുരാതനകാലത്തിന്റെ നഷ്ടസ്വപ്നങ്ങളെ നമുക്കുവേണ്ടി ചൊല്ലിത്തരുന്നു. മരതകവീണ മലയാളഭാഷയ്ക്ക് ഒരുമുതല്‍കൂട്ടാണെന്ന് നിസ്സംശയം പറയാം. 


മരതകവീണ: ഡോ.പി.സി.നായര്‍ (പുസ്തകപരിചയം) മരതകവീണ: ഡോ.പി.സി.നായര്‍ (പുസ്തകപരിചയം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക