Image

മഴച്ചാറ്റല്‍ (story with audio: ശ്രീപാര്‍വ്വതി)

ശ്രീപാര്‍വ്വതി Published on 01 December, 2016
മഴച്ചാറ്റല്‍ (story with audio: ശ്രീപാര്‍വ്വതി)
അരണ്ട വെളിച്ചത്തിലേക്ക് പുസ്തകം തുറന്നപ്പോഴാണ്, വരികളില്‍ നിന്നും ഒരു സുഗന്ധം പുറപ്പെട്ടു തുടങ്ങിയത്. അതെന്നെയും കടന്നു, ജനലഴികളിലൂടെ ഇരുണ്ട സന്ധ്യയിലേയ്ക്ക് പതുങ്ങിയിറങ്ങിപ്പോകുന്നു. പൂച്ച ഒച്ചയുണ്ടാക്കാതെ പമ്മുന്നത് പോലെ ഞാനത് മറഞ്ഞിരുന്ന് ആസ്വദിയ്ക്കുന്നു... ഈയിടെയായി അങ്ങനെയാണ്, വായനയ്ക്ക് ഗന്ധവും രാത്രികള്‍ക്കു തണുപ്പും കൂടിയിരിക്കുന്നു.
വിരലുകള്‍ക്കിടയില്‍ തുളുമ്പുന്ന ഗ്‌ളാസ്സുകളില്‍ നിന്ന് നിറമുള്ള വീര്യം നഷ്ടപ്പെടാത്ത ഫ്രഞ്ച് കോണ്‍യാക്കിന്റെ ആദ്യ സിപ്പ് എടുക്കുമ്പോഴേക്കും ലഹരിയായി അവളുടെ വരികള്‍...

വായനയില്‍ നിന്നും അക്ഷരങ്ങള്‍ ഗന്ധങ്ങളായി ഇറങ്ങിപ്പോകുന്നത് എങ്ങോട്ടേയ്‌ക്കെന്നു അന്വേഷിച്ച് ആദ്യമൊക്കെ ഞാന്‍ ഫഌറ്റിന്റെ ബാല്‍ക്കണിയിലെ തണുപ്പിലേക്ക് ഇറങ്ങി നിന്ന് നോക്കാറുണ്ടായിരുന്നു, പിന്നെയെന്തോ വഴിയറിയാതെ അത് എന്നില്‍ തന്നെ വന്നു ഇടിച്ചിറങ്ങുന്നതു പോലെ തോന്നുമ്പോള്‍ വീണ്ടും വായനകളിലേയ്ക്ക് ഞാന്‍ മടങ്ങിയെത്തും.
എന്നാല്‍ ഈയിടെയായി ഇറങ്ങിപ്പോകുന്ന വാക്കുകള്‍ തിരികെയെത്തുന്നില്ല ...

പകല്‍ തിരക്കുകളുടെ സ്വാഭാവികതകളില്‍ ഞാനാ വാക്കുകളെ തിരക്കി പോകാറേയില്ല, ഓഫീസിലെ എന്റെ കണ്ണാടി ടേബിളിന്റെ മിനുപ്പുകള്‍,  ലാപ്‌ടോപ്പിന്റെ വലിയ... എന്നെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന വായ...
വക്ക് പൊട്ടിയ ഓര്‍മ്മകള്‍ ചിലപ്പോള്‍ ഗന്ധങ്ങള്‍ പോലെയാണ്, അത് നെഞ്ചിലേക്ക് ഒരു കാറ്റിനൊപ്പം കടന്നു വരും, നെഞ്ചോടു ചേര്‍ന്നിരിക്കും, പിന്നെ ഇറങ്ങി പോകാതെ ആത്മാവിനോട് ചേരും...
തിരക്ക് പിടിച്ചൊരു പകലിന്റെ അവസാനത്തെ മണിക്കൂറുകളില്‍ കയ്യില്‍ നിറമുള്ള വീഞ്ഞിന്റെ ലഹരിയിലാണ്, ആദ്യമായി അവളുടെ മുഖം ഞാന്‍ കണ്ടെത്തിയത്...
അതോ അവളെന്നെയോ കണ്ടെത്തിയത്...
ഞാന്‍ കണ്ടിട്ടുണ്ടല്ലോ ,എനിക്ക് പരിചിതമായ ഈ മുഖം... ഓര്‍മ്മകള്‍ വെറുതെ ഒന്ന് വിരലിട്ടിളക്കി നോക്കി... പഠന മുറികളിലെ പ്രകാശത്തിന്റെ സ്മരണകളില്‍ എവിടെയൊക്കെയോ ഇത്തരമൊരു രൂപം തിളങ്ങുന്നുണ്ട്...
എനിക്കൊന്നും മനസ്സിലായില്ല...
പക്ഷെ അവളുടെ മുഖത്തിന്റെ ആനന്ദങ്ങളില്‍ ഞാനെന്നെ കൂട്ടിച്ചേര്‍ത്തു വച്ചു...
ഫെയ്‌സ്ബുക്കിലെ ഇരുണ്ട വഴികളില്‍ നിന്നും അപരിചിതത്വത്തിന്റെ മേലങ്കികള്‍ പരസ്പരം ഞങ്ങളഴിച്ച് വയ്ക്കുമ്പോള്‍ ഞാന്‍ കണ്ടെത്തുന്നു, എനിക്കവളെ മുന്പരിചയമില്ല...
പക്ഷെ എന്നിട്ടും നീണ്ട ഒരു ഭൂതകാലം എന്റെ ഉപബോധത്തിലെവിടെയോ കൊള്ളിമീന്‍ പായിക്കുന്നുണ്ട്.. എനിക്കത് അറിയാനാകുന്നുണ്ട്...
അവളുടെ നീണ്ട വിരലുകള്‍ അവസാനിക്കുന്നിടത്ത് പെയ്തു തോര്‍ന്ന മഴ പോലെ നനഞ്ഞു കുതിര്‍ന്ന രോമങ്ങളുടെ മിനുപ്പ് എന്നെ ആധി പിടിപ്പിച്ചു തുടങ്ങിയിരുന്നു.
എന്നെ ഭീതി പിടി മുറുക്കുന്നുണ്ട്...
അവളില്‍ ഞാന്‍ കണ്ടെത്തുന്ന എന്റെ ആത്മാവിന്റെ മിടിപ്പുകള്‍...
പറയാന്‍ ഹൃദയം സമ്മതിക്കാത്തവ പറയിപ്പിക്കുന്ന നിറമുള്ള ലഹരികള്‍... അതിലുമേറെ ലഹരിയായി അവള്‍...

മഴ പെയ്യുന്നുണ്ട്...
പുസ്തകം അടച്ചു വച്ച് നിലാവില്ലാത്ത ഇരുട്ടിന്റെ കാഴ്ചകളിലേക്ക് ഞാനിറങ്ങി നടന്നു..
മഴ നനയാന്‍ അവള്‍ക്കേറെ ഇഷ്ടമുണ്ട്...
അല്ലെങ്കിലും അവളുടെയത്ര സ്വതന്ത്രനല്ല ഞാന്‍... മഴ നനയുമ്പോള്‍ അമ്മയുടെ മുഖം ഓര്‍മ്മ വരും... കൈപിടിച്ച് വലിച്ച് മുറ്റത്ത് നിന്നും കയറ്റുന്ന അമ്മയുടെ ആധികള്‍... പഠനത്തിന്റെ വേലിക്കെട്ടുകള്‍...  പുസ്തകപ്പുഴുവെന്ന രസമുള്ള വിളിപ്പേരുകള്‍...
ഒളിഞ്ഞിരുന്ന മോഹിച്ച പ്രണയം...
ഇപ്പോഴും ഉള്ളിലൊരു ആന്തലുണ്ടായിരുന്നില്ലേ, നിയന്ത്രണങ്ങളുടെ വേലിപ്പടര്‍പ്പുകള്‍ പൊളിച്ചെടുത്ത് , എല്ലാം തച്ചു തകര്‍ത്തു സ്വതന്ത്രനായി പറക്കാന്‍... ഉള്ളില്‍ മാത്രമിരുന്ന്, എന്നോ എന്നിലേയ്ക്ക് തന്നെ ഒടുങ്ങിപ്പോയ ഞാനെന്ന തോന്നല്‍...
എനിക്കതാകാന്‍ കഴിഞ്ഞില്ല...
കഴിയുകയുമില്ല...

മഴ പെയ്തു തീരുന്നു....
എന്റെ നെടുവീര്‍പ്പുകള്‍ക്കു മുകളില്‍ ഇപ്പോള്‍ ചാരം പുകഞ്ഞു തുടങ്ങി...
അതിരാവിലെയുള്ള ശരീരം ചൂടാക്കുന്ന പ്രണയത്തിന്റെ വേലിയേറ്റങ്ങള്‍,  നീണ്ട തണുത്ത കുളി... എന്നും പതിവുള്ള എണ്ണം തികഞ്ഞ പ്രഭാത ഭക്ഷണം, കയ്യിലെ ലാപ്പ് ബാഗിന്റെ അച്ചടക്കമില്ലായ്മ തൊടാത്ത, തേച്ച് മിനുക്കിയ ഷര്‍ട്ടിന്റെ ഉടല്‍ വടിവുകള്‍... പതിവ് മുഖങ്ങള്‍, യാന്ത്രികമായ ജീവിതം...
എനിക്കിത് ഇഷ്ടമാണ്...

'നീയെന്തേ നിന്നിലെ നിന്നെ തിരിച്ചറിയുന്നില്ല...' അവളുടെ ചോദ്യം വഴി തെറ്റാതെ പെയ്തു തീര്‍ന്ന മഴയിലേക്ക് വന്നു വീണു.. ഒരു മഴത്തുള്ളി വന്നു വീഴുന്ന ഒച്ചയോടെ അവളെന്നെ കണ്ടെത്തുന്നത് എത്ര കൃത്യമാണ്...
ഞാന്‍ ഉടലോടെ അഴിഞ്ഞു വീഴുന്നത് അവളുടെ നഗ്‌നതയിലേക്കാണ്...
ഉടല് കൊണ്ടും ആത്മാവ് കൊണ്ടും എന്നെ കണ്ടെത്തിയവള്‍...
ഞാന്‍ പോലും കണ്ടെത്താത്ത എന്നിലെ പ്രണയത്തെ തൊട്ടെടുത്തവള്‍... വരികള്‍ കൊണ്ടും വാക്കു കൊണ്ടും എന്നെ മുറിവേല്‍പ്പിച്ച് എന്നെ വിഴുങ്ങുന്നവള്‍...

'പല തവണ നീയാല്‍ ചുംബിക്കപ്പെട്ട്, തണുത്തുറഞ്ഞൊരു ശിലാഫലകം പോലെ ഞാന്‍ മരവിച്ച് പോയിരുന്നു. പിന്നെ നിന്റെ വാക്കുകള്‍ക്കുള്ളിലെ തീചൂടേറ്റാണ് ഞാനുണര്‍ന്നത്...
വിരലുകളിലല്ല, മിടിപ്പുകളിലാണ് നീ വരിഞ്ഞു ചേര്‍ക്കപ്പെട്ടത്...
കത്തുകളിലല്ല, മൗനങ്ങള്‍ കൊണ്ടാണ് നീ എന്റെ ഹൃദയത്തെ കോര്‍ത്തെടുത്തത്...
എന്റെ പ്രണയമേ........... എന്നെന്നും നീയെനിക്ക് തണലും മഴയുമാവുക...
പൂമരവും പാതിരാ കാറ്റുമാവുക..
അതി തീവ്രം പാഞ്ഞെത്തുന്ന തിരമാലയും ആഴമേറിയ കാടുമാവുക...
പിന്നെ നീ ഞാനാവുക... '
അവളുടെ വരികളില്‍ ഞാന്‍ സ്വയം മഴച്ചാറ്റലാകുന്നു...

ഓഫീസിലെ മരവിച്ച പകലുകളില്‍ ചിലപ്പോള്‍ തിരിച്ചറിവുകള്‍ മുളച്ച് തുടങ്ങും. എന്നെ എനിക്ക് നഷ്ടമായി തുടങ്ങുന്നോ...
അവളിലേക്ക് ഞാന്‍ ചുരുങ്ങുന്നുവോ...
ഞാനായി അവള്‍ പരിണമിച്ചുവോ...
എന്റെ അഹങ്കാരങ്ങളിലേയ്ക്ക് , എന്റെ ഉടയാത്തവസ്ത്രങ്ങളിലേയ്ക്ക്, മുഖത്തോട്ടിച്ചു വച്ച ചിരികളിലേയ്ക്ക്... ഒക്കെയും ഒരു കൊടുങ്കാറ്റു പോലെ വന്നടുത്ത് എന്നെ അതില്‍ നിന്നൊക്കെ മോചിപ്പിച്ച് അവള്‍ എന്നെ അവളിലേക്ക് ചേര്‍ത്ത് പിടിക്കുന്നു...
മഴ ചാറ്റല്‍ അവളുടെ വരികള്‍ പോലെ ഇടയ്ക്ക് എന്നിലേയ്ക്ക് തെറിച്ചു വീഴുന്നു...
ഉടഞ്ഞു പോയ മുഖവുമായി അവളുടെ മുന്നില്‍ ഞാന്‍ നഗ്‌നനായി നില്‍ക്കുകയാണിപ്പോള്‍...
അവളെനിക്ക് പുതിയ രൂപങ്ങള്‍ വരച്ചു ചേര്‍ക്കുന്നു... എനിക്ക് വസ്ത്രങ്ങള്‍ തുന്നുന്നു...
പിന്നെ അവളെയും എന്നെയും ഒന്നിച്ച് വച്ചു ഒരു ശരീരമായി പരിണമിയ്ക്കുന്നു...
ഞാനൊരു മഴയായ് മാറിയിരിക്കുന്നു...
ഒറ്റത്തുള്ളിയില്‍ പ്രണയമായി തീര്‍ന്ന മഴ...

മഴച്ചാറ്റല്‍ (story with audio: ശ്രീപാര്‍വ്വതി)
Join WhatsApp News
MOHAN MAVUNKAL 2016-12-01 08:45:23
EXCELLENT
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക