Image

പാപം ചെയ്യാത്തവനെ കല്ലെറിയുമ്പോള്‍... (എ.എസ് ശ്രീകുമാര്‍)

Published on 01 December, 2016
പാപം ചെയ്യാത്തവനെ കല്ലെറിയുമ്പോള്‍... (എ.എസ് ശ്രീകുമാര്‍)
സമകാല സജീവ വിഷയമായ മഹാമോദിയുടെ നോട്ടു പിന്‍വലിക്കല്‍ നടപടിയിലെ നന്മയുടെ വശം ചൂണ്ടിക്കാണിച്ച് ചലച്ചിത്ര പ്രതിഭ മോഹന്‍ ലാലിന്റേതായി വന്ന ബ്ലോഗ് സമൂഹ മാധ്യമങ്ങളിലെ ചില അധമ വികാരജീവികളെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. ഒരു മനോഭോഗസുഖം എന്നതില്‍ കവിഞ്ഞുള്ള ആത്മാര്‍ത്ഥതയൊന്നും ട്രോളന്മാരുടെ ആ ട്രോളാക്രമണങ്ങളില്‍ കാണാന്‍ കഴിയുന്നതല്ല. അതില്‍ അതിശയത്തിനും വകയില്ല. പക്ഷേ, ആദര്‍ശനിഷ്ഠയുടെ വിശാലമായ ഷോറൂമായ വി.ഡി സതീശനും മറ്റു ചില രാഷ്ട്രീയ-സാംസ്‌കാരിക ജീവികളും ലാലിന്റെ നെഞ്ചത്ത് പൊങ്കാലയിടാന്‍ നടത്തിയ പുറപ്പാടിനെ വിശേഷിപ്പിക്കേണ്ടത് ഒറ്റപ്പദം കൊണ്ടാണ്. -അസൂയാധിഷ്ഠിതമായ അസഹിഷ്ണുത...

ഇവിടെ ഉയര്‍ന്നു വരുന്ന പ്രസക്തമായ പ്രഥമ ചോദ്യം ഇതാണ്-മോഹന്‍ലാലും ഒരു ഭാരതീയ പൗരനല്ലേ...? ഭരണഘടനാ സ്വാതന്ത്ര്യങ്ങളെല്ലാം അവകാശപ്പെട്ട പൗരന്‍. അതിലൊന്നാണല്ലോ അഭിപ്രായ സ്വാതന്ത്ര്യം. ഏത് പൗരനും ഏതു വിഷയത്തിലും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം അംബേദ്കര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. സിനിമാ നടനായി പോയതുകൊണ്ട് ആ അവകാശം ലാലിന് നിഷേധിക്കപ്പെടുന്നില്ല. എല്ലാവരുടെയും അഭിപ്രായങ്ങള്‍ മറ്റെല്ലാവരും അംഗീകരിക്കണമെന്നുമില്ല. ഒരു പറ്റത്തിന് അംഗീകൃതമല്ലാത്ത, രുചിക്കാത്ത അഭിപ്രായം ഒരാള്‍ രേഖപ്പെടുത്തിയാല്‍ അയാളെ കൊന്ന് കൊല വിളിക്കുമെന്ന ധാര്‍ഷ്ട്യം സാംസ്‌കാരിക നെറ്റിപ്പട്ടം കെട്ടിയവര്‍ക്ക്  ഭൂഷണമോ...? മോഹന്‍ ലാല്‍ ഒരു നടനായതു കൊണ്ട് നിശ്ശബ്ദനായിരുന്നോളമെന്നും, അഥവാ വല്ലതുമുരിയാടിയാല്‍ അത് തങ്ങള്‍ക്ക് രുചിപ്രദമായിരിക്കണമെന്നുമുള്ള ശാഠ്യം ധിക്കാരമാണ്. ഒപ്പം തങ്ങള്‍ സിനിമാ തീയേറ്ററില്‍ പിച്ചയെറിഞ്ഞു കൊടുക്കുന്ന കാശ് കൊണ്ടാണ് മോഹന്‍ ലാല്‍ ജീവിക്കുന്നതെന്ന ഭര്‍ത്സനവും. ആ മഹാനടന് മേല്‍ നടത്തുന്ന തത്വാധിഷ്ഠിതമല്ലാത്ത ഈ ആക്രമണം നീചമാണ്, നിന്ദ്യമാണ്.

ഇനി മോഹന്‍ ലാല്‍ കുറിച്ച വരികളില്‍ എന്താണിത്ര മാത്രം കഠിനാപരാധം...? എന്താണ് മാന്യ മഹാ സാത്വികന്മാര്‍ക്ക് ദഹിക്കാതിരിക്കാന്‍ തക്കവണ്ണമുള്ള അജീര്‍ണം...? സിനിമാ തീയേറ്ററുകളിലും, ബിവറേജസിലും മറ്റും ക്ഷമയോടെ ക്യൂ നില്‍ക്കുന്ന സമൂഹത്തിന് കുറച്ചു ദിവസത്തേക്ക് മാത്രം രാജ്യ താത്പര്യത്തെ മുന്‍നിര്‍ത്തി ബാങ്കിലും നോട്ടു മാറാന്‍ ഒരല്പം ത്യാഗം സഹിച്ചൂടേ എന്ന തികച്ചും നിഷ്‌ക്കളങ്കമായ ചോദ്യം ഉന്നയിച്ചതാണോ...? അതാണല്ലോ കേരളജനതയെ ഒന്നടങ്കം മോഹന്‍ലാല്‍ മദ്യപര്‍ എന്നാക്ഷേപിച്ചെന്ന ആക്രോശത്തിന് ഹേതു. എങ്കില്‍ വികാരവിക്ഷോഭവും അപമാനവും ഉണ്ടാവാത്ത ചില നീണ്ട കാത്തു നില്പുകളും നമ്മുടെ ജീവിതത്തില്‍ നിത്യസാധാരണമല്ലേ. രോഗം വന്ന സ്വന്തക്കാരുമായി ആശുപത്രിയില്‍ പോവുമ്പോള്‍ അവര്‍ക്ക് കൂട്ടിരിക്കുമ്പോള്‍ കാത്തു നിന്നല്ലേ മതിയാവൂ. ബസ് സ്റ്റോപ്പുകളില്‍, റയില്‍വേ സ്റ്റേഷനുകളില്‍ വൈകിയെത്തുന്ന വണ്ടിക്കായി കാത്തു നില്‍ക്കുന്നത് നിത്യ ശീലമല്ലേ...? ദൈവദര്‍ശനത്തിനായി മഹാ ക്ഷേത്രങ്ങളിലും, പള്ളികളിലും ആറും ഏഴും മണിക്കൂര്‍ ഒരു മടുപ്പും കൂടാതെ, കഷ്ടപ്പാടുകള്‍ സഹിച്ച് നാം കാത്തു നില്ക്കാറില്ലേ...? രാഷ്ട്രീയ സമ്മേളനങ്ങളിലും എത്തുന്ന നേതാക്കന്മാരെ കാത്തും അവരുടെ വിരസ പ്രസംഗം തീര്‍ന്നു കിട്ടാന്‍ പ്രാര്‍ത്ഥിച്ചും സഹനത്തോടെ ഇരിക്കാറില്ലേ...? ഇനിയും വിവരിക്കാന്‍ എത്രയെത്ര വേണ്ടതും വേണ്ടാത്തതുമായ കാത്തിരിപ്പുകളും, ക്യൂ നില്ക്കലുകളും...? ഇതല്ലേ വളരെ സത്യസന്ധമായി മോഹന്‍ ലാല്‍ പങ്കു വച്ചത്...? നമുക്ക് ദിവസത്തില്‍ ലഭിക്കുന്ന എട്ടു മണിക്കൂര്‍ വിശ്രമസമയത്തില്‍ നിന്ന് ഒരു ചെറിയ പങ്ക് നമ്മുടെ രാജ്യനന്മയ്ക്ക് വേണ്ടിയുള്ള യജ്ഞത്തിനായി മാറ്റി വച്ചൂടേ എന്ന് അഭ്യര്‍ത്ഥനാപൂര്‍വം ചോദിക്കുന്നതല്ലേ, ആ മോഹന്‍ ലാല്‍ ബ്ലോഗല്ലേ, ഹൃദയത്തോട് ചേര്‍ത്തു വച്ച യഥാര്‍ത്ഥ വിചാര ധാര! 

ഇനി അടുത്ത ആരോപണം. നക്ഷത്രസൗധങ്ങളില്‍ വാഴുന്ന മോഹന്‍ ലാലിന് ക്യൂ നില്‍പ്പിന്റെ ദുരവസ്ഥ അറിയില്ലെന്നും അതു കൊണ്ട് തന്നെ സാധാരണക്കാരോട് സംസാരിക്കാനും ഉപദേശിക്കാനും അദ്ദേഹം അര്‍ഹനല്ലെന്നുമാണ്. പ്രിയ ട്രോള്‍ വിപ്ലവകാരികളേ..., അദ്ദേഹം മാത്രമല്ല, നമ്മുടെ ജനസംഖ്യയില്‍ പകുതിയിലധികം പേരും ക്യൂ നില്ക്കാന്‍ പോവാറില്ല. ക്യൂ നില്‍ക്കാതെ തന്നെ കാര്യങ്ങള്‍ സാധിക്കാനുള്ള സംവിധാനങ്ങളെ ആശ്രയിക്കാനുള്ള സാഹചര്യം നമ്മുടെ നാട്ടിലുണ്ട്. അതിന് ദന്തഗോപുരവാസിയാവണമെന്നില്ല. ഏത് ശരാശരി വരുമാനക്കാരനും സാധ്യമാണ്. ഈ പറയുന്ന ട്രോളന്മാര്‍ ജീവിതത്തില്‍ ഇന്നേവരെ ഒരു ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കാനായെങ്കിലും ക്യൂ നിന്നിട്ടുണ്ടെന്ന് നെഞ്ചത്ത് കൈ വച്ചു പറയാമോ...? പിന്നെ ബി.പി.എല്ലുകാരനുള്ള അതേ അവകാശം ഇന്ത്യയില്‍ ദന്തഗോപുരവാസിക്കും ഉണ്ടെന്ന് മറക്കാതിരിക്കുക.

ഏറ്റവുമൊടുവിലായി തീര്‍ത്തും മ്ലേച്ഛമായ ഒരു ചിന്താഗതിയിലെ നെറികേട് കൂടി പങ്കു വച്ച് അവസാനിപ്പിക്കട്ടെ. തങ്ങള്‍ മലയാളി പ്രേക്ഷകരുടെ ഔദാര്യമാണ് മോഹന്‍ ലാല്‍ എന്ന നടനെന്നും അദ്ദേഹത്തിന്റെ ഇന്നത്തെ ഔന്നത്യമെന്നും മറ്റുമുള്ള ഉളുപ്പില്ലാത്ത പ്രചാരണം. എന്നു വച്ചാല്‍ പാവം  മോഹന്‍ ലാല്‍ കഞ്ഞി കുടിച്ചു പോട്ടെ എന്നുള്ള ഉദാരമനസ്‌കത കൊണ്ടാണത്രേ ട്രോളന്മാര്‍ തീയേറ്ററുകളില്‍ ഇടിച്ചു തള്ളി ടിക്കറ്റെടുത്ത് മോഹന്‍ലാല്‍ പടം കാണുന്നത്. ഭാര്യയുടെ വയറ് എപ്പോഴും നിറഞ്ഞു കിടക്കട്ടെ എന്ന് കരുതിയാണ് താന്‍ അവള്‍ക്ക് ഉദാരതയോടെ കഷ്ടപ്പെട്ട് ഗര്‍ഭമുണ്ടാക്കി കൊടുത്തതെന്ന് പണ്ടൊരു ഏഭ്യന്‍ ഭര്‍ത്താവ് പറഞ്ഞത് ഇതുമായി കൂട്ടി വായിക്കാവുന്നതാണ്. ഈ പരാമര്‍ശത്തില്‍ നിന്നാണ് മുമ്പ് സൂചിപ്പിച്ച പദം പ്രസക്തവും വ്യാപ്തവുമാകുന്നത്-അസൂയാധിഷ്ഠിതമായ അസഹിഷ്ണുത...!

മോഹന്‍ലാല്‍ കഠിന പ്രയത്‌നത്തിലൂടെ പടിപടിയായി വളര്‍ന്നു വന്ന നടനവിസ്മയമാണ്. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അഭിനയത്തെയും ഇഷ്ടപ്പെട്ടതു കൊണ്ടാണ്, അദ്ദേഹത്തിന്റെ നടനം തങ്ങളെ രസിപ്പിക്കുന്നതു കൊണ്ടാണ്, ലാല്‍ ചിത്രങ്ങള്‍ കാല്‍ നൂറ്റാണ്ടു പിന്നിട്ടിട്ടും പ്രേക്ഷകര്‍ കാണുന്നത്. അതൊരു ഔദാര്യമല്ല. അംഗീകാരമാണ്. അര്‍ഹതയ്ക്കുള്ള അംഗീകാരം. നിങ്ങള്‍ ട്രോളുകളിലൂടെ അദ്ദേഹത്തിന്റെ നേര്‍ക്കെന്ന വണ്ണം മലര്‍ന്നു കിടന്ന് തുപ്പുമ്പോള്‍, ആ അഭിനയപാടവത്തെ ലക്ഷോപലക്ഷം പ്രേക്ഷകര്‍ എത്രമാത്രം നെഞ്ചേറ്റി ലാളിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് 125 കോടിക്കപ്പുറവും വാരി ഇപ്പോഴും തീയേറ്ററുകളെ പൂരപ്പറമ്പാക്കി തുടരുന്ന 'പുലിമുരുകന്‍' എന്ന വിസ്മയ ചിത്രം.

ഒട്ടേറെ പാളിച്ചകള്‍ കൊണ്ട് അലങ്കോലപ്പെട്ട നരേന്ദ്രമോദിയുടെ തീരുമാനത്തെ പ്രകീര്‍ത്തിക്കാനല്ല, മോഹന്‍ ലാലിന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ സാധൂകരിക്കാന്‍ മാത്രമാണീ കുറിപ്പ്. അതുകൊണ്ട്, കൂട്ടരേ... കാടടച്ച് വെടി വയ്ക്കുമ്പോള്‍ ഒന്നോര്‍ക്കുക... കാടിന് നന്മയുണ്ടെന്ന്... മോഹന്‍ ലാലിന്റെ പ്രതികരണത്തിനും ആര്‍ജവമുണ്ടെന്ന്... അതില്‍ സത്യത്തിന്റെ വെളിച്ചമുണ്ടെന്ന്... എങ്കില്‍ പിന്നെ ലാല്‍ സലാം!

പാപം ചെയ്യാത്തവനെ കല്ലെറിയുമ്പോള്‍... (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Vayanakkaran 2016-12-01 10:59:15
What a pity? This is one of Lalan's mouth pice. Mere baseless writing. Lalan and Lalan group do not like to hear critcism or evaluation of his useless statements. Just like Lalan all others, all social media people also got the right to express their opinion. Do you agree Mr. A.S.Sreekumar. They are also expressing their opinion and anger against blog writer Lalan. How mighty we, the social media do not care. Like Lalan or like any Coolie writer or paid writer from USA or from Kerala we have the right to express our opinion. So your aricle above is mere basesless and biased. Hope emalayalee will publish my comment. Remember here there is no personal attack or abusive words. Just tell the writer do not misguide and all the people has the right just like Mohan Lal. So the social media is exercising their right in different modes. That is all.
GEORGE V 2016-12-01 11:52:00
ശ്രീകുമാർ ഒരു ലാൽ ഫാൻ ആയിക്കോ അത് തങ്ങളുടെ സ്വാതന്ത്ര്യം. കഴിഞ്ഞ ആഴ്ച ഇതുപോലൊരു കമന്റ് ഇട്ടതാണ്.  വീണ്ടും ഇതുപോലൊരു ലേഖനം വന്നതുകൊണ്ട് വീണ്ടും പ്രതികരിക്കുന്നു. ലാൽ എന്ന നടനെ ബഹുമാനിക്കുന്നു, അദ്ദേഹത്തിന്റെ ബ്ലോഗിലെ എല്ലാ നല്ല കാര്യത്തെയും അംഗീകരിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തെയും. വിയോജിപ്പ് ലാൽ എന്ന കള്ളപ്പണക്കാരനോടാണ്. ബിനാമി പേരിൽ സിനിമ നിർമാണം, റിയൽ എസ്റ്റേറ്റ്, സ്വർണ കച്ചവടം, സ്വർണ കള്ളക്കടത്തിന്റെ സഹായിക്കൽ, ഗുണ നിലവാരം ഇല്ലാത്ത സദാനങ്ങൾക്കു പരസ്യം നൽകി സാദാരണക്കാരനെ വിഡ്ഢികൾ ആക്കുന്ന ഏർപ്പാട്. ആദ്യം ഇതൊക്കെ വെളിപ്പെടുത്തി നികുതി അടക്കട്ടെ.  കൂട്ടത്തിൽ നിയമവിരുദ്ധമായി സൂക്ഷിക്കുന്ന ആനക്കൊമ്മ്പ് തുടങ്ങിയവ സർക്കാരിൽ കണ്ടു കെട്ടട്ടെ. എന്നിട്ടു ബ്ലോഗ് എഴുതൂ. ലാൽ സലാം 
Donald 2016-12-01 13:06:59
Who the hell is Lal?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക