Image

രാഷ്ട്രീയത്തിലെ മതനിരപേക്ഷത (വാസുദേവ് പുളിക്കല്‍)

Published on 02 December, 2016
രാഷ്ട്രീയത്തിലെ മതനിരപേക്ഷത (വാസുദേവ് പുളിക്കല്‍)
ലോകചരിത്രം പരിശോധിച്ചാല്‍ കാലാകാലങ്ങളില്‍ ഋഷിമാരും പ്രവാചകന്മാരും ജീവിച്ചിരുന്നതായി കാണാം. അവരുടെ ചിന്തയുടെ അടിസ്ഥാനത്തില്‍ മതങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ അവര്‍ സംസാരിച്ചിരുന്ന ഭാഷയും ചിന്തിച്ചിരുന്ന രീതിയും വൈവിധ്യമാര്‍ന്നതായിരുന്നെങ്കിലും ലക്ഷ്യം ഒന്നായിരുന്നു. മനുഷ്യരാശിയെ നന്മയിലേക്കും സുഖത്തിലേക്കും നയിക്കുക എന്ന ലക്ഷ്യം. ജീവിത സത്യം വെളിപ്പെടുത്തുന്ന ശാസ്ത്രമാണ് മതം. സത്യം പലതില്ല, ഒന്നു മാത്രം. അപ്പോള്‍ എല്ലാ മതങ്ങളുടേയും അന്തര്‍ധാരയും ലക്ഷ്യവും ഒന്നായിരിക്കേണ്ടതും മനുഷ്യരുടെ ആദ്ധ്യാത്മിക ചിന്തയേയും ലൗകിക ചിന്തയേയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഉദാത്തമായ ഒരു ജീവിതക്രമത്തിലേക്ക് അവരെ നയിക്കാന്‍ സഹായിക്കേണ്ടതുമാണെന്ന് ഋഷിമാരും പ്രവാചകന്മാരും മനസ്സിലാക്കിയിരുന്നു. എന്നാല്‍, ഇന്ന് മതങ്ങള്‍ ദുഷ്ടലാക്കോടെ രാഷ്ട്രീയത്തെ നയിക്കുന്നതിന്റെ താല്പര്യം കാണിക്കുകയാണ്. അത് കൊണ്ട് മതനിരപേക്ഷത രാഷ്ട്രീയരംഗത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ മതവികാരങ്ങളെ എങ്ങനെ സ്വന്തം പാര്‍ട്ടിയുടെ വിജയത്തിന് ഉപയോഗിക്കാമെന്ന് ചിന്തിക്കുന്ന നേതാക്കന്മാരുണ്ടാകുമ്പോള്‍ മതനിരപേക്ഷത അവ്യക്തമായ നിഴലായിത്തന്നെ അവശേഷിക്കും.

രാഷ്ട്രീയത്തില്‍ മതനിരപേക്ഷത അനിവാര്യമാണെന്ന് നിഷ്ക്കര്‍ഷിക്കുമ്പോഴും മതത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ രംഗത്തുണ്ട്. ലോകാധിപത്യം സ്ഥാപിക്കുവാന്‍ നിയുക്തരായവരാണ് ജര്‍മ്മന്‍കാര്‍ (നാസികള്‍) എന്ന് ഹിറ്റ്‌ലര്‍ വാദിച്ചത്‌പോലെ ഹൈന്ദവഭൂരിപക്ഷമുള്ള ഭാരതം ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന വാദഗതിയുമായി ഹിന്ദു രാജ്യം സ്വപ്നം കാണുന്ന തീവൃവാദികള്‍ ഭാരതത്തിലുള്ളപ്പോള്‍ രാഷ്ട്രീയം വളര്‍ന്നു കൊണ്ടേയിരിക്കും. അല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ മതപരമായ ചിന്തകള്‍ കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ടിരുക്കും. ചരിത്രത്തിലൂടെ ഒരു നിരീക്ഷണം നടത്തിയാല്‍ അവിടെ അടിഞ്ഞുകിടക്കുന്ന ജാലിയന്‍വാലാബാഗ് ദൂരന്തം മുതല്‍ ഹിന്ദു-മുസ്ലീം ലഹളയുടെ ഭീകരത വരെയുള്ള മനുഷ്യരുടെ മൂല്യചൂതിയുടേയും കൊടും ക്രൂരതയുടേയും വേദനിപ്പിക്കുന്ന കഥകള്‍ കാണാന്‍ കഴിയും. ഹിന്ദു തീവൃവാദികളുടെ മനസ്സില്‍ ഉറങ്ങികിടക്കുന്ന മുസ്ലീം വിരോധത്തിന്റെ തീപ്പൊരി ഒരു വന്‍ അഗ്നിജ്വാലയായി ആളിക്കത്തിച്ച് മറ്റൊരു ഹോളക്കോസറ്റ് ആവിഷ്ക്കരിക്കുകയില്ലെന്ന് കരുതാം. ഹിറ്റ്‌ലറുടെ ദാരുണമായ പതനത്തിന് ലോകം സാക്ഷ്യം വഹിച്ചത് ആര്‍ക്കാണ് ഓര്‍മ്മയില്ലാത്തത്. കേരളീയ രാഷ്ട്രീയത്തില്‍ പ്രാതിനിധ്യം വേണമെന്ന് മതാധിപന്മാരും നിഷ്ക്കര്‍ഷിക്കുന്നുണ്ട്. ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്നില്‍ അവരില്‍ സ്വാധീനം ചെലുത്താന്‍ അല്ലെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന മതശക്തികളുണ്ട്. അതുകൊണ്ട് പ്രത്യക്ഷമായോ പരോക്ഷമായോ മതം ഏതൊരു രാഷ്ട്രീയത്തേയും നിയന്ത്രിക്കുന്നുണ്ടാവും. ഹിന്ദുവെങ്കിലും മതേതരത്തില്‍ വിശ്വസിക്കുന്നവര്‍ ക്രമേണ ഹിന്ദു രാഷ്ട്രീയത്തിലേക്ക് നയിക്കപ്പെടുന്നത്‌കൊണ്ടാണ് ബി. ജെ. പി യില്‍ മൊത്തം ഹിന്ദുക്കളാണെന്ന് തെറ്റിദ്ധരിച്ച് ബി. ജെ. പി ക്കാര്‍ ഹൈന്ദവ ഫാസിസറ്റുകള്‍ എന്ന് മുദ്രയടിക്കപ്പെട്ടിട്ടുണ്ട്. ബി. ജെ. പിയുടെ ആധിപത്യത്തില്‍ ഭാരതം ഹിന്ദുവല്‍ക്കരിക്കപ്പെടുമെന്ന സംശയത്തില്‍ നിന്ന് ഉടലെടുക്കുന്ന ഭീതിയില്‍ നിന്നും പരിഭ്രാന്തിയില്‍ നിന്നുമാണ് ബി. ജെ. പി വിരുദ്ധ ശക്തികള്‍ ഉടലെടുക്കുന്നത് എന്ന് കരുതാം. കോണ്‍ഗ്രസ്സിലും കേരള കോണ്‍ഗ്രസ്സിലും ഭൂരിപക്ഷവും ക്രൈസ്തവരാണല്ലോ. അത്‌കൊണ്ട് അവര്‍ കേരളത്തെ ക്രൈസ്തവല്‍ക്കരിക്കുവാന്‍ ശ്രമിക്കുമെന്ന് കരുതാമോ? ന്യൂനപക്ഷത്തിന്റെ അനുകൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമായിരിക്കും. അതിന് മതാദ്ധ്യക്ഷന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കാതോര്‍ത്തെന്നിരിക്കും. ഭൂരിപക്ഷമതസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ അപേക്ഷിച്ച് ന്യൂനപക്ഷമതസ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം സ്വന്തം സ്ഥാപനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ആ അവസ്ഥനിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും അതില്‍ മത രാഷ്ട്രീയത്തിന്റെ പരിസ്ഫുരണമുണ്ട്. ന്യൂനപക്ഷാനുകൂല്യങ്ങളും അതേ പോലെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന അവകാശനിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സമുദായങ്ങള്‍ക്ക് നല്‍കുന്ന അനുകൂല്യങ്ങളും ഇന്നത്തെ സാഹചര്യത്തില്‍ ജനാധിപത്യമതേതരത്വത്തോട് പൊരുത്തപ്പെടുന്നില്ല. പക്ഷെ അവ നിലനില്‍ക്കേണ്ടത് പല കക്ഷികളുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അനിവാര്യമായതിനാല്‍ മതരാഷ്ട്രീയം ഒഴിവാക്കാനാവത്തതായിരുന്നു.

ബി. ജെ. പി. യില്‍ ഹിന്ദുക്കള്‍ മാത്രമല്ല ഉള്ളത്. ഇതരമതസ്ഥരുമുണ്ട്. എന്നാല്‍ മുസ്ലീം ലീഗിന്റെ സ്ഥിതി അതല്ലല്ലോ. പേരു സൂചിപ്പിക്കുന്നത് പോലെ മുസ്ലീം ലീഗില്‍ ഇസ്ലാമിനോട് താല്പര്യമുള്ളവര്‍ മാത്രമേ ഉള്ളു. മതരാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് മുസ്ലീം ലീഗിനെ ചെറുത്ത് ഭരണതലത്ത് നിന്ന് മാറ്റി നിര്‍ത്തുകയാണ്. അത് അസാദ്ധ്യമായതിനാല്‍ ശ്രമിച്ച് നാണം കെടണ്ട എന്ന് കരുതി ആരും അതിന് ശ്രമിക്കാറില്ല. മുസ്ലീംലീഗ് ദിനം പ്രതി ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഒരു പ്രമുഖ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിനെക്കാള്‍ കൂടുതല്‍ ലഭിച്ചത് വെറും മൂന്നു സീറ്റുകള്‍ മാത്രമാണ്. കോണ്‍ഗ്രസ്സിന്റെ ഭരണത്തില്‍ അസംതൃപ്തരായ ജനങ്ങളുടെ നിശബ്ദമായ പ്രതികരണം. കല്ലുവച്ച രാഷ്ട്രീയനുണകള്‍ പ്രബുദ്ധരായ ജനങ്ങളുടെ ഇടയില്‍ വിലപ്പോവുകയില്ല എന്ന് തെളിയിച്ച സംഭവം. പക്ഷെ മത രാഷ്ട്രീയത്തിന് യാതൊരു കോട്ടവും സംഭവിച്ചില്ല. കേരളത്തില്‍ പറയത്തക്ക പ്രാതിനിധ്യം ഇല്ലാതിരുന്ന ബി. ജെ. പി. കേരളത്തില്‍ അവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമാക്കുകയും താമര വിരിയിക്കുകയും ചെയ്തു. പല രാഷ്ട്രീയ കക്ഷികളേയും ബി. ജെ. പിയുടെ നേട്ടം അസ്വസ്ഥമാക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ ഭരണതലത്തിലില്ലെങ്കിലും കാലാകാലങ്ങളില്‍ സ്വന്തം താല്പര്യം മുന്‍ നിര്‍ത്തി ഭരണകക്ഷിയില്‍ പങ്കാളിയായി വകുപ്പുകള്‍ ഭീഷണിപ്പെടുത്തിപ്പോലും കൈക്കലാക്കിയിരുന്ന ലീഗിന്റെ വളര്‍ച്ചയിലും സ്വാര്‍ത്ഥതയിലും ആര്‍ക്കും അത്രക്കൊന്നും ആശങ്കയില്ലെന്ന് തോന്നുന്നു. ഇപ്പോഴിതാ ഈദുല്‍ഫിത്തര്‍ ദിനം പൊതു അവധിദിവസമായി പ്രഖ്യാപിക്കണമെന്നും ചെറിയ പെരുന്നാളിന് മൂന്ന് ദിവസത്തെ അവധി അനുവദിക്കണമെന്നും കേരള മുസ്ലീം ജമാ അത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ ഭരണതലത്തിലുണ്ടായേക്കാവുന്ന നിലനില്‍പ്പിന്റെ പ്രശ്‌നത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ മറ്റൊന്നും നോക്കാതെ രാഷ്ട്രീയ കക്ഷികള്‍ ഈ ആവശ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നത് നോക്കി കണ്ടോളൂ. യു. ഡി. എഫ് - ലിഗ് അല്ലെങ്കില്‍ എല്‍. ഡി. എഫ് കൂട്ടുകെട്ടായാലും ലീഗിന്റെ രാഷ്ട്രീയ പ്രവണതയും ലക്ഷ്യവും ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നത് തന്നെ. ലീഗിന്റെ ഏതൊരു കാഴ്ചപ്പാടും മതപരമാണ്.

മതങ്ങള്‍ക്ക് തത്വശാസ്ത്രങ്ങളുണ്ട്, തത്വശാസ്ത്രങ്ങള്‍ക്ക് പുറമേ സ്ഥാപിതമതങ്ങള്‍ക്ക് മതാദ്ധ്യക്ഷന്മാരും അവരുടെ ആജ്ഞാവര്‍ത്തികളായ വിശ്വാസികളുമുണ്ട്. മതനിരപേക്ഷത അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സ്ഥാപിതമതത്തിന്റെ ചട്ടക്കൂടുണ്ടെന്ന് മുനിനാരായണ പ്രസാദ് (നാരായണ ഗുരുകുല അദ്ധ്യക്ഷന്‍) ചൂണ്ടിക്കാണിച്ചത് ഓര്‍മ്മിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രത്യയശാസ്ത്രവും അനുയായികളും, പ്രത്യയശാസ്ത്രം അനുയായികളുടെ മസ്തിഷ്ക്കത്തിലേക്ക് കടത്തിവിട്ട് അരക്കിമുറപ്പിക്കുവാന്‍ ആസൂത്രിതമായ സ്റ്റഡി ക്ലാസ്സുകളും, സ്റ്റാലിനിസം അനുസ്മരിപ്പിക്കുന്ന അധികാരിവര്‍ക്ഷവുമുണ്ട്. കുഞ്ഞാടുകള്‍ മതാദ്ധ്യക്ഷന്മാരുടെ മുമ്പില്‍ ഒതുങ്ങിനില്‍ക്കുന്നത്‌പോലെ അനുയായികള്‍ പ്രസ്ഥാനത്തിന്റെ തീരുമാനത്തെ, ലഭിച്ചേക്കാവുന്ന ശിക്ഷയുടെ കാഠിന്യമോര്‍ത്ത്, നിഷേധിക്കാറില്ല. സ്ഥാപിതമതങ്ങളിലെന്നപോലെ ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സ്വന്തം അഭിപ്രായം അമര്‍ത്തിവയ്‌ക്കേണ്ട അടിമത്വം. സ്ഥാപിതമതങ്ങളില്‍ നിന്ന് പ്രസ്ഥാനത്തെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകം മൂല്യാധിഷ്ടിതമായ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീന ശക്തിയാല്‍ അനുയായികള്‍ ജീവന്‍ പോലും ബലി കഴിക്കാന്‍ തയ്യാറാകുന്ന സ്ഥിതിവിശേഷമാണ്. ആ പ്രത്യയശാസ്ത്രത്തോടുള്ള അവരുടെ അര്‍പ്പണമനോഭാവമാണ്. ഈ സാഹചര്യം രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കായി ഉപയോഗിക്കുമ്പോഴാണ് ആ രാഷ്ട്രീയം സങ്കുചിതമായ മത രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്നത്. 1957 വരെ പ്രസ്ഥാനത്തേയും, പ്രത്യയശാസ്ത്രത്തേയും സമിപിച്ചിരുന്ന മനോഭാവമുള്ളവര്‍ ഇന്ന് പ്രസ്ഥാനത്തില്‍ വിരളമാണ്. മതങ്ങള്‍ പോരാട്ടത്തിന്റെ ഭാഗമായി അക്രമത്തിന്റെ വഴി തേടുന്നുവെന്ന് ജനം വിധി എഴുതും വിധം പ്രവര്‍ത്തനശൈലിയില്‍ മാറ്റങ്ങള്‍ വരുന്നു. ജനങ്ങളെ മരണത്തിന്റെ നിഴലില്‍ നിര്‍ത്തി ഭയവിഹ്വലാരാക്കുന്ന വിധത്തില്‍ അഹങ്കാരത്തിന്റെ വൈകാരികതയില്‍ മതപ്രസ്ഥാനങ്ങളില്‍ വളര്‍ന്നു വരുന്ന അക്രമാസക്തി നമ്മുടെ സംസ്ക്കാരത്തില്‍നിന്ന് മാനുഷിക മൂല്യങ്ങള്‍ വീണടിഞ്ഞു പോകുന്നതിന്റെ ലക്ഷണമാണ്.

മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിനായി ആധുനിക കാലത്ത് ജന്മമെടുത്ത നാരായണഗുരുവിനെപോലുള്ള ഋഷിമാരുടെ സേവനംകൊണ്ട് ജാതിവല്‍ക്കരണത്തില്‍ അമര്‍ന്നുപോയ കേരളീയ സാമൂഹ്യവ്യവസ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും ജനങ്ങളുടെ മനസ്സില്‍ ദുഷിച്ച ജാതി-മത ചിന്ത ആഴത്തില്‍ പതിച്ചിരിക്കുന്നതുകൊണ്ട് അവര്‍ക്ക് മതനിരപേക്ഷത എന്ന ഉല്‍കൃഷ്ടവും അന്തസ്സുറ്റതുമായ ചിന്ത ഉയര്‍ത്തിപ്പിചിക്കാന്‍ കഴിയുന്നില്ല. ശ്രീ നാരായണീയര്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ അവരുടെ വ്യക്തിത്വ ഘടനയില്‍ മതരാഷ്ട്രീയം കുത്തിവെയ്ക്കാന്‍ ശ്രമിക്കുന്ന സ്വാര്‍ത്ഥ തല്‍പരരായ സമുദായ നേതാക്കന്മാര്‍ നാരായണഗുരുവിന്റെ പേരില്‍ ആപുണ്യത്മാവിന്റെ ആശയത്തിന് വിരുദ്ധമായി ഭശ്രീ നാരായണീയ മതം’ സ്ഥാപിച്ച് രാഷ്ട്രീയവല്‍ക്കരിക്കുവാന്‍ അവസരം പാര്‍ത്തിരിക്കുകയാണ്. ശ്രീ നാരായണീയ സംഘത്തിന്റെ നിലനില്‍പ്പിന് രാഷ്ട്രീയ സാധൂകരണം അനിവാര്യമാണെന്ന്‌സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി പ്രചരിപ്പിക്കുന്നവര്‍ ഹിന്ദുത്വവല്‍ക്കരണത്തിലൂടെ വാസ്തവത്തില്‍ ശ്രീ നാരായണ സംസ്ക്കാരത്തെ അധഃപതനത്തിലേക്ക് നയിക്കുകയാണ്. നമുക്ക് ജാതിയില്ല എന്ന നാരായണഗുരുവിന്റെ പ്രസ്താവനയുടെ ആറാം വാര്‍ഷികം ആഘോഷിക്കുമ്പോഴും ജാതി രാഷ്ട്രീയത്തിന്റെ കുപ്പായമണിയിച്ച് നാരായണ ഗുരുവിനെ അവതരിപ്പിക്കുന്നതിലെ അനൗചിത്യവും വിരോധാഭാസവും അനുയായികള്‍ മനസ്സിലാക്കത്തത് ലജ്ജാവാഹം തന്നെ. തിന്മയുടേയും മനുഷ്യവിരുദ്ധതയുടേയും ചിഹ്നമായി മതങ്ങള്‍ നിലകൊള്ളുമ്പോള്‍ ആ രാഷ്ട്രീയത്തോട് ജനങ്ങള്‍ക്ക് വെറുപ്പുതോന്നും. മൃഗീയഭൂരിപക്ഷത്തിന്റെ തണല്‍ പറ്റി ഹിന്ദുരാജ്യം സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ പള്ളികളും മറ്റും തകര്‍ക്കുന്നതും മുസ്ലീംഗങ്ങളെ ഹിന്ദുക്കളുടെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതും പശുമാംസം കഴിച്ചു എന്ന കാരണം പറഞ്ഞ് കൊല നടത്തുന്നതും മതതീവൃവാദികളാണെങ്കിലും അവരെ തടയാന്‍ സാധിക്കാത്ത ഭരണകക്ഷിയെ ദുഷിച്ച മതരാഷ്ട്രീയത്തിന്റെ പ്രതിനിധിയായേ ജനങ്ങള്‍ എണ്ണുകയുള്ളു. നിരപരാധികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അവര്‍ക്ക് നിഷേധിക്കപ്പെടുന്നത് നീതിയാണ്. നീതി നിഷേധിക്കപ്പെടുമ്പോള്‍ അവര്‍ ഉറ്റുനോക്കുന്നത് സഹിഷ്ണതയില്ലാത്ത മതരാഷ്ട്രീയത്തേയാണ്.

മതത്തിന്റെ പാര്‍ശ്വവര്‍ത്തികളാകാതെ മൊത്തം ജനതയോട് കൂറുപുലര്‍ത്തിക്കൊണ്ട് രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നത്. മതരാഷ്ട്രീയമായാലും ജനങ്ങള്‍ അംഗീകരിക്കും. അതിന് മതരാഷ്ട്രീയക്കാരുടെ വ്യക്തിത്വ ഘടനയില്‍ സാരമായ മാറ്റം വരണം. അഹമഹമെന്നറിയുതൊക്കെ ആരായുകയില്‍ അകമേ പലതല്ലതേകമാകും എന്ന ചിന്തയുടെ ഔന്നത്യത്തിലെത്തണം. ഇവിടെ പ്രസക്തമായി വരുന്നത് പ്രിയതയാണ്, ജീവിതത്തിന്റെ അന്തര്‍ധാരയായിരിക്കേണ്ടത് സാര്‍വ്വത്രീകമായ സ്‌നേഹമാണ് എന്ന സന്ദേശമാണ്. തന്നില്‍ നിന്നും അന്യമല്ലാത്ത ഈശ്വരനില്‍ തോന്നുന്ന സ്‌നേഹത്തെ ജീവിതത്തില്‍ സാക്ഷാത്കരിക്കുന്നത് പരസ്പരം സ്‌നേഹിച്ചാണ് എന്ന മതോപദേശം ശ്രേഷ്ടമാണ്. ഓരോരുത്തരുടേയും പ്രിയതകള്‍ അദൈ്വത ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ സമന്വയിപ്പിക്കണം.

പ്രിയമൊരു ജാതിയിതെന്‍ പ്രിയം ത്വദിയ
പ്രിയമപര പ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതിവന്നിടും ഭ്രമം, തന്‍
പ്രിയമപരപ്രിയമെന്നറിയണം.

ഇവിടെ ജാതിയും മതവുമല്ല, പ്രിയതയാണ് പ്രധാനം. വിഭിന്ന വിഷയങ്ങളോടുള്ള ആകര്‍ഷണ വികര്‍ഷണങ്ങള്‍ ഏകത്വബുദ്ധിയെ നശിപ്പിച്ച് നാനാത്വത്തില്‍ ഭ്രമമുണ്ടാക്കുന്നു. അതു കൊണ്ടാണ് പ്രിയതയില്‍ വൈരുദ്ധ്യമുണ്ടാകുന്നത്. ഓരോരുത്തരിലും പരിലസിക്കുന്ന ആനന്ദസ്വരൂപമായ ആത്മാവിന്റെ ഏകാത്മകതയുടെ തിരിച്ചറവില്‍ തന്റെ പ്രിയം അപരന്റെ പ്രിയമായിത്തീരുകയും അസഹിഷ്ണതക്ക് സ്ഥാനമില്ലാതാവുകയും ചെയ്യും. അപ്പോള്‍ മതരാഷ്ട്രീയം ആരിലും അതൃപ്തിയുണ്ടാക്കുകയില്ല എന്നു മാത്രമല്ല മതനിരപേക്ഷതയും സര്‍വ്വമതഭാവനയും ആദര്‍ശാത്മകതയും തിങ്ങിനില്‍ക്കുന്ന രാഷ്ട്രീയ പ്രവണത നമുക്ക് അനുഭവവേദ്യമാകും.

സാര്‍വ്വലൗകികതയുടെ വിശാലമായ പാത വെട്ടിത്തെളിച്ച് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന സത്യം, സമത്വം, സ്വാതന്ത്ര്യം എന്നിവയില്‍ അധിഷ്ഠിതമായ ഒരു ഭരണ സംവിധാനം സംജാതമാക്കാന്‍ ഭരണകക്ഷികള്‍ക്ക് സാധിക്കട്ടെ. അപ്പോള്‍ മതരാഷ്ട്രീയമായാലും അത് മനോജ്ഞമായ പൂക്കള്‍ കൊണ്ട് കോര്‍ത്തെടുത്ത ഹൃദ്യവും മനോഹരവുമായ മാലപോലെ ജനങ്ങള്‍ക്ക് സ്വീകാര്യമാകും.

രാഷ്ട്രീയത്തിലെ മതനിരപേക്ഷത (വാസുദേവ് പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക