Image

ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും- പകല്‍ക്കിനാവ് 28 (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 04 December, 2016
ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും- പകല്‍ക്കിനാവ് 28 (ജോര്‍ജ് തുമ്പയില്‍)
സ്വന്തം രാജ്യത്തിനെതിരേ ആഭ്യന്തരയുദ്ധം നടത്തി വിചാരണക്കോടതിയില്‍ ശിക്ഷിക്കപ്പെടും മുമ്പ് സ്വയം വാദിച്ചപ്പോള്‍ ഫിദല്‍ അലക്‌സാണ്ഡ്‌റോ കാസ്‌ട്രോ റുസ് എന്ന കാസ്‌ട്രോ പറഞ്ഞ വാചകമാണിത്. ആരായിരുന്നു കാസ്‌ട്രോ? ക്യൂബ എന്ന രാഷ്ട്രത്തെ കൈക്കുമ്പിളിലാക്കി കൊണ്ടു നടന്ന ഭരണാധിപന്‍. ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ കാസ്‌ട്രോയിസം പ്രചരിപ്പിച്ച വിപ്ലവനായകന്‍. ക്യൂബയില്‍ നിന്നും പഞ്ചസാര ചാക്ക് ഏറ്റുവാങ്ങാത്ത ഒരൊറ്റ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ലോകത്തില്‍ ഇല്ലെന്നു കാസ്‌ട്രോ തന്നെ പറഞ്ഞിട്ടുണ്ട്. (കേരളത്തില്‍ ഇത് എത്തിയിട്ടുണ്ടോയെന്ന് അറിയില്ല. ഇവിടെ പഞ്ചസാര എന്നതു കൊണ്ട് പഞ്ചസാര റഷ്യയില്‍ വിറ്റു കിട്ടിയതിന്റെ വിഹിതം എന്ന അര്‍ത്ഥത്തില്‍ വായിക്കണം.) തന്റെ പ്രവൃത്തികളിലൂടെയും തന്റെ രചനകളിലൂടെയും കാസ്‌ട്രോ ലോകമെമ്പാടുമുള്ള വിവിധ വ്യക്തികളുടെയും സംഘടനകളുടെയും രാഷ്ട്രീയത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ കാസ്‌ട്രോയുടെ മരണം കേരളത്തില്‍ വലിയൊരു സംഭവമായി. അതിന്റെ അനുരണനങ്ങള്‍ ഇങ്ങ് അമേരിക്കയിലെ മലയാളികള്‍ക്കിടയിലും അലയടിക്കുന്നു. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ നായകനായും മനുഷ്യസ്‌നേഹിയായും അറിയപ്പെടുന്ന കാസ്‌ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയ ഏകാധിപതിയായിരുന്നു അദ്ദേഹമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ക്യൂബന്‍ വിപ്ലവത്തിനുശേഷം നടന്ന വിചാരണകളും വധശിക്ഷകളും ഇതിനു തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മരിച്ചു കഴിഞ്ഞപ്പോഴാണ് കാസ്‌ട്രോ ഒരു ഹീറോ ആയിരുന്നുവെന്ന് പലരും മനസ്സിലാക്കുന്നത്. അമേരിക്ക ഭരിച്ച പത്തിലേറെ പ്രസിഡന്റുമാര്‍ ശ്രമിച്ചിട്ടും കാസ്‌ട്രോയെ കൊല്ലാന്‍ കഴിഞ്ഞില്ലെന്നാണ് വാദം. എന്നാല്‍, അമേരിക്ക ഒന്നു മനസ്സു വിചാരിച്ചിരുന്നെങ്കില്‍ ഇതൊക്കെ നിഷ്പ്രയാസം സാധിച്ചേനെ എന്നു ഏതൊരു അമേരിക്കന്‍ വിരുദ്ധനും അറിയാം. എന്നാല്‍, എന്തു കൊണ്ട് അമേരിക്കയ്ക്ക് അതിനു കഴിഞ്ഞില്ല. കാസ്‌ട്രോയെ കൊല്ലാന്‍ നടന്ന റൊണാള്‍ഡ് റീഗന്‍ കൊല്ലപ്പെടുകയും ചെയ്തു. എന്തു കൊണ്ട് ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളൊന്നുമല്ല. ഇതിനൊക്കെയും പിന്നില്‍ വാസ്തവത്തില്‍ റഷ്യയും അമേരിക്കയും തമ്മിലുണ്ടായിരുന്ന ശീതസമരം തന്നെയായിരുന്നുവെന്നതാണ് ചരിത്രം. കാസ്‌ട്രോയ്ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ റഷ്യന്‍ ആക്രമണത്താല്‍ അമേരിക്ക വിറച്ചേനെ. പകരം സോവിയറ്റ് യൂണിയനു മേല്‍ തുര്‍ക്കിയില്‍ നിന്നും ഇറ്റലിയില്‍ നിന്നും അണ്വായുധങ്ങള്‍ പ്രവഹിച്ചേനെ. അതു കൊണ്ട് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയുടെ എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് കാസ്‌ട്രോയൊ കൊല്ലാതെ സംരക്ഷിക്കാനാണ് അമേരിക്കയുടെ പത്ത് പ്രസിഡന്റുമാരും ശ്രമിച്ചതെന്നാണ് സത്യം. 

1926 ഓഗസ്റ്റ് 13നു ജനിച്ചു, 2016 നവംബര്‍ 25നു മരിച്ചു അതിനിടയ്ക്ക് കാസ്‌ട്രോ ക്യൂബ എന്ന രാഷ്ട്രത്തിനു മേല്‍ ഉണ്ടാക്കിയെടുത്ത അവസ്ഥയെക്കുറിച്ചറിയുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ചു പോകുമെന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് ജീവശ്വാസം മാത്രം കൈമുതലാക്കി മുകളിലേക്ക് നോക്കിയിരുന്ന ക്യൂബന്‍ജനതയ്ക്ക് മുന്നില്‍ സോവിയറ്റ് യൂണിയന്‍ മാത്രമാണ് സഹായി നിലകൊണ്ടത്. ഇടയ്ക്ക് വെനസ്വേലയും. ഗോര്‍ബച്ചേവ് അധികാരത്തില്‍ വന്നതിനു ശേഷം ക്യൂബയ്ക്കുണ്ടായിരുന്ന റഷ്യന്‍ സഹായം നിര്‍ത്തിയതോടെ കാസ്‌ട്രോ ഒന്നുമല്ലാതെയായി പോയി. അദ്ദേഹത്തിന്റെ ഭരണപരിഷ്‌ക്കാരങ്ങളെല്ലാം വമ്പന്‍ പരാജയങ്ങളാണെന്നു ബോധ്യപ്പെട്ടു. ഗോര്‍ബച്ചേവിനു ശേഷം ബോറിസ് യത്സന്‍ വന്നതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. റഷ്യയായിരുന്നു ക്യൂബയുടെ പ്രധാന പഞ്ചസാര വിപണി. അതു നഷ്ടപ്പെട്ടു. ക്യൂബയില്‍ ഇന്ധനക്ഷാമം രൂക്ഷമായി. ഈ പ്രതിസന്ധി മറികടക്കാന്‍ ചൈനയില്‍ നിന്നും സൈക്കിള്‍ ഇറക്കുമതി ചെയ്തു. 16 മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി. പാചകവാതകം കിട്ടാക്കനിയായി. ഫാക്ടറികള്‍ അടച്ചു പൂട്ടി. നഗരവാസികളോടു ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. റേഷന്‍ പോലും പരിതാപകരമായി. ആ ഘട്ടത്തില്‍ അമേരിക്കയില്‍ നിന്നു സൈനികബന്ദികളെ കൈമാറിയതിലൂടെ ലഭിച്ച മരുന്നുകള്‍ വെനസ്വേലയ്ക്ക് കൈമാറി ഇന്ധനം വാങ്ങിയാണ് ക്യൂബ പിടിച്ചു നിന്നതെന്നു പറയുമ്പോള്‍ ഊഹിക്കാവുന്നതാണല്ലോ, കാസ്‌ട്രോയുടെ ഭരണകാലം.

1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് അധികാരത്തിലെത്തിയ കാസ്‌ട്രോ 1965ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്ന 1961 മുതല്‍ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. ക്യൂബയില്‍ കാസ്‌ട്രോയുടെ ഇച്ഛാശക്തിയില്‍ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവല്‍ക്കരിക്കപ്പെട്ടു. ക്യൂബയെ ഒരു പൂര്‍ണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാന്‍ കാസ്‌ട്രോ ശ്രമിച്ചു. 

ഹവാന സര്‍വ്വകലാശാലയില്‍ നിയമം പഠിക്കുമ്പോഴാണ് കാസ്‌ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും, കൊളംബിയയിലും നടന്ന സായുധ വിപ്ലവത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സ്ഥാപിത സര്‍ക്കാരിനെ പുറത്താക്കണമെന്ന ആഗ്രഹം ശക്തമായത്. മൊന്‍കാട ബാരക്‌സ് ആക്രമണം എന്നറിയപ്പെടുന്ന പരാജയപ്പെട്ട ഒരു വിപ്ലവശ്രമത്തിനുശേഷം കാസ്‌ട്രോ ജയിലില്‍ അടക്കപ്പെട്ടു. ജയില്‍ വിമോചിതനായശേഷം, അദ്ദേഹത്തിന് തന്റെ സഹോദരനായ റൗള്‍ കാസ്‌ട്രോയുമൊത്ത് മെക്‌സിക്കോയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. അവിടെ വെച്ച് ഫിദല്‍, റൗള്‍ കാസ്‌ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു. ചരിത്രപ്രസിദ്ധമായ ക്യൂബന്‍ വിപ്ലവത്തിലൂടെ കാസ്‌ട്രോ, ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായുള്ള ക്യൂബയുടെ വളര്‍ച്ച ഇഷ്ടപ്പെടാതിരുന്ന അമേരിക്ക കാസ്‌ട്രോയെ പുറത്താക്കാന്‍ ആവുന്നത്ര ശ്രമിച്ചു: ക്യൂബക്കകത്ത് ആഭ്യന്തരപ്രശ്‌നങ്ങളുണ്ടാക്കി. രാജ്യത്തിനുമേല്‍ സാമ്പത്തിക ഉപരോധം നടപ്പിലാക്കി. ഇതിനെയെല്ലാം കാസ്‌ട്രോ സൈനികനീക്കത്താല്‍ അതിജീവിച്ചു. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പിടിച്ചുനില്‍ക്കുന്നതിന് കാസ്‌ട്രോ റഷ്യയുമായി സഖ്യമുണ്ടാക്കി. അമേരിക്കക്കെതിരേ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ റഷ്യ ക്യൂബയില്‍ മിസൈല്‍ താവളങ്ങള്‍ പണിഞ്ഞു, ആയുധങ്ങള്‍ സ്ഥാപിച്ചു. മറ്റൊരു ലോക മഹായുദ്ധത്തിന്റെ വക്കിലേക്കെത്തിയ ഈ സംഭവം ക്യൂബന്‍ മിസ്സൈല്‍ പ്രതിസന്ധി എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്.

1965 ല്‍ സ്ഥാപിതമായ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി കാസ്‌ട്രോ സ്ഥാനമേറ്റു. ക്യൂബയെ ഒരു പൂര്‍ണ്ണ സോഷ്യലിസ്റ്റു രാജ്യമായി കാസ്‌ട്രോ പ്രഖ്യാപിച്ചു. മുതലാളിത്തത്തെ തകര്‍ക്കാനുള്ള എല്ലാ വിപ്ലവമുന്നേറ്റങ്ങളേയും കാസ്‌ട്രോ പ്രോത്സാഹിപ്പിച്ചു. സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കക്കെതിരേ പോരാടാനായി കാസ്‌ട്രോ പുതിയ സഖ്യങ്ങള്‍ തേടിത്തുടങ്ങി. ലോകത്താകമാനം അമേരിക്കന്‍ വിരുദ്ധ രാജ്യങ്ങളുടെ ഒരു സഖ്യം അദ്ദേഹം വിഭാവനം ചെയ്തു. ബൊളീവിയ, ക്യൂബ, ഡൊമനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍ തുടങ്ങിയവയുടെ ഒരു സഖ്യം ഇതിനായി രൂപീകരിച്ചു. ഈ സഖ്യം ബൊളിവേറിയന്‍ അലയന്‍സ് ഫോര്‍ ദ അമേരിക്കാസ് എന്നറിയപ്പെടുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ 2006ല്‍ ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിഞ്ഞു. അധികാരം പിന്‍ഗാമിയായിരുന്ന സഹോദരന്‍ റൗള്‍ കാസ്‌ട്രോക്ക് കൈമാറി. കാസ്‌ട്രോയെക്കുറിച്ചും ക്യൂബയെക്കുറിച്ചും വായിക്കുമ്പോള്‍ ബൊളീവിയന്‍ കാടുകളില്‍ ഗറില്ല യുദ്ധം ചെയ്തു മരിച്ച ചെ ഗുവേരയോടു തോന്നുന്ന ഹീറോയിസം മാത്രമാണ് കാസ്‌ട്രോയുടെ കാര്യത്തിലും തോന്നുന്നത്. അല്ലാതെ, ലോകത്തിന്റെ നാഥനെ നഷ്ടപ്പെട്ടു എന്ന വൈകാരികത അല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കമ്യൂണിസ്റ്റുകാരുടെ നൊസ്റ്റാള്‍ജിയയാണ് ക്യൂബ. ലോകത്ത് അവശേഷിക്കുന്ന ചുരുക്കം ചില കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഒന്നും. അതു കൊണ്ട് തന്നെ കേരളത്തിലും കേള്‍ക്കാം ഓരോരുത്തരുടെയും പേരിന്റെ മുന്നില്‍ ക്യൂബയുടെ ഒരു വാല്. ക്യൂബ മുകുന്ദന്‍ എന്നത് ശ്രീനിവാസന്‍ അഭിനയിച്ച ഒരു കഥാപാത്രത്തിന്റെ പേരായിരുന്നുവല്ലോ. വടക്കേ അമേരിക്കന്‍ വന്‍കരയില്‍പ്പെട്ട ക്യൂബ, യൂത്ത് ഐലന്‍ഡ് എന്നിങ്ങനെ ഒട്ടേറെ ദ്വീപുകളുടെ സമൂഹമാണീ രാജ്യം. കരീബിയന്‍ കടലില്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയും അറ്റ്‌ലാന്റിക് മഹാസമുദ്രവും ചേരുന്നിടത്താണ് ക്യൂബയുടെ സ്ഥാനം. അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കേ അറ്റത്തെ സംസ്ഥാനമായ ഫ്‌ലോറിഡയ്ക്കു തൊട്ടു താഴെയാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. ബഹാമാസ്, ഹെയ്റ്റി, മെക്‌സിക്കോ, ജമൈക്ക എന്നിവയാണ് ഇതര അയല്‍ രാജ്യങ്ങള്‍. കരീബിയന്‍ രാജ്യങ്ങളില്‍ ഏറ്റവും ജനവാസമുള്ളത് ക്യൂബയിലാണ്.
 
കരീബിയന്‍ ദ്വീപസമൂഹങ്ങളില്‍ വലിപ്പത്തിലും ജനസംഖ്യയിലും തന്ത്രപ്രാധാന്യത്തിന്റെ കാര്യത്തിലും ക്യൂബ നിര്‍ണായക സ്ഥാനം വഹിക്കുന്നു. കഴിഞ്ഞ 40 വര്‍ഷമായി അമേരിക്കയും ക്യൂബയും തമ്മില്‍ നയതന്ത്രബന്ധമില്ല. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ക്യുബയില്‍ പോകുവാന്‍ അനുമതിയില്ല.ഗതാഗതമാര്‍ഗ്ഗങ്ങളും നിലവിലില്ല.
ക്യൂബക്ക് കേരളത്തിന്റെ നാലിരട്ടി വലിപ്പമുണ്ട്. എന്നാല്‍ ജനസംഖ്യ കേരളത്തിന്റെ മൂന്നിലൊന്നേയുള്ളൂ. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് കരീബിയന്‍ കടലിലേക്കും മെക്‌സിക്കോ ഉള്‍ക്കടലിലേക്കുമുള്ള സഞ്ചാരം നിയന്ത്രിക്കാവുന്ന തന്ത്രപധാനമായ സ്ഥാനത്താണ് ക്യൂബ സ്ഥിതിചെയ്യുന്നത്. ക്യൂബക്ക് വടക്കുഭാഗത്തു അറ്റ്‌ലാന്റിക് മഹാസമുദ്രവും ബഹാമാസ് ദ്വീപുകളും ആണ്. മയാമി ബീച്ച് ഹവാനയില്‍ നിന്നും 145 കിലോ മീറ്റര്‍ മാത്രം വടക്കാണ്. തെക്ക് മെക്‌സിക്കോ ഉള്‍ക്കടലും കിഴക്ക് ഹെയിറ്റി ഉല്‍പ്പെടുന്ന ഹിസ്പാനിയോള ദ്വീപുമാണ്.

ക്യുബയില്‍ ജനങ്ങളില്‍ പകുതിയോളം മുളാത്തോസ് വിഭാഗത്തില്‍പ്പെട്ടവരാണ് (യൂറോപ്യന്‍ വര്‍ഗത്തില്‍പ്പെട്ടവരും ആഫ്രിക്കന്‍ വംശജരും ചേര്‍ന്നുണ്ടാകുന്ന സമ്മിശ്രവര്‍ഗത്തെയാണ് മുളാത്തോസ് എന്നു വിളിക്കുന്നത്). ക്യൂബയില്‍ ഏകദേശം 37%ത്തോളം തനി വെള്ളക്കാരാണ്. സ്‌പെയിനില്‍നിന്നും കുടിയേറ്റക്കരായി വന്നവരാണ് ഇവര്‍. ജനസംഖ്യയുടെ 12%ത്തോളം കറുത്തവര്‍ഗ്ഗക്കാരാണ്. 1%ത്തോളം ചൈനീസ് വംശജരാണ്. തോട്ടങ്ങളില്‍ പണിയെടുക്കുവാനായി വന്ന അടിമകളുടെ പിന്മുറക്കാരാണേ്രത ഇവര്‍.

1600 ദ്വീപുകളും 200 ബീച്ചുകളും 200 നദികളും 3500 കി.മീ. ദൈര്‍ഘ്യമുള്ള കടലോരവും ക്യൂബക്കുണ്ട്. ഇതു ഇന്ത്യയെക്കാള്‍ കൂടുതലാണ്. 15 വിമാനത്താവളങ്ങളും, സുരക്ഷിതമായ ഇരുപത്തിഅഞ്ചിലധികം തുറമുഖങ്ങളും ഉണ്ടെങ്കിലും സാമ്പത്തികമായി അതൊന്നും തന്നെ വലിയ ഗുണകരമല്ല. ഈ വിമാനത്താവളത്തില്‍ 40 വര്‍ഷത്തിനു ശേഷം കാസ്‌ട്രോയുടെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ഒരു അമേരിക്കന്‍ വിമാനം ലാന്‍ഡ് ചെയ്തത്. ക്യൂബയുടെ മൊത്തം ഭൂമിയുടെ 80% സമതലമാണ്. ക്യുബ 100% സ്പാനിഷ് സംസാരിക്കുന്ന രാജ്യവുമാണ്. ടൂറിസത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ക്യൂബയുടെ മുന്നോട്ടുള്ള പ്രയാണം. കാസ്‌ട്രോയുടെ മരണത്തോടെ അമേരിക്കയുമായി അടുപ്പം പുലര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തീവ്രസ്വഭാവമുള്ള ട്രംപ് അതിനു സമ്മതിക്കുമോയെന്നു കണ്ടറിയണം.

ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും- പകല്‍ക്കിനാവ് 28 (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക