Image

സിനിമാക്കഥ പോലെ രാഷ്ട്രീയ ജീവിതവും

Published on 06 December, 2016
സിനിമാക്കഥ പോലെ രാഷ്ട്രീയ ജീവിതവും

 ചെന്നൈ: 

സിനിമാക്കഥ പോലെ തന്നെ സസ്പെന്‍സുകള്‍ നിറഞ്ഞതാണ് ജയലളിതയുടെ  രാഷ്ട്രീയ ജീവിതവും. അഭിനയിച്ച സിനിമാ തിരക്കഥപോലെ ഒട്ടേറെ കയറ്റിറക്കങ്ങള്‍ കണ്ട ജീവിതം. 

പരീക്ഷണങ്ങളും വെല്ലുവിളിയും സധൈര്യം നേരിടാനുള്ള മനഃശക്തിയായിരുന്നു അമ്മ, പുരട്ച്ചി തലൈവി തുടങ്ങിയ വിശേഷണങ്ങള്‍ക്ക് ജയലളിതയെ അര്‍ഹയാക്കിയത്. തമിഴ് മക്കള്‍ക്ക്, നേരിട്ട് കണ്ടില്ലെങ്കിലും കണ്‍കണ്ട ദൈവമായിരുന്നു ജയലളിത. 

ജയലളിത ജനങ്ങളെ കണ്ടത് ടിവിയില്‍; ജനം തിരിച്ച്, തങ്ങളുടെ നേതാവിനെ കണ്ടതും ടി വിയില്‍. തമിഴകത്തിന്റെ അസംബന്ധ രാഷ്ട്രീയംമാത്രമല്ല, ആ മണ്ണിന്റെ സവിശേഷമായ വൈകാരികതയുടെ സംസ്‌കാരവുമുണ്ട്, ഈ അമ്മ- മക്കള്‍ ബന്ധത്തിന്. 

നാലാം വയസില്‍ ശാസ്ത്രീയസംഗീത പഠനം ആരംഭിച്ച ജയ കര്‍ണാടിക്- പാശ്ചാത്യ മേഖലയില്‍ മികവ് തെളിയിച്ചു. പാശ്ചാത്യശൈലിയില്‍ പിയാനോ വായിക്കാനുള്ള കഴിവും പ്രശംസിക്കപ്പെട്ടു. 

സ്വന്തം സിനിമകളിലടക്കം പിന്നണി ഗായികയായി. ശബ്ദസൌകുമാര്യവും ആലാപനശൈലിയും കൊണ്ട് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് വേറിട്ട ഗായികയായി പേരെടുത്തു. 

 പ്രതിഭാശാലിയായ നര്‍ത്തകിയെന്നാണ് ആദ്യകാലത്ത് അടയാളപ്പെടുത്തപ്പെട്ടത്. ഭരതനാട്യം, മോഹിനിയാട്ടം, മണിപ്പുരി, കഥക് എന്നിവയില്‍ തിളങ്ങിയ അവര്‍ രാജ്യമറിയുന്ന നര്‍ത്തകിയായി പേരെടുത്തു. 

അമ്പതുകളില്‍ സുപ്രസിദ്ധയായ കെ ജെ സരസയായിരുന്നു ഭരതനാട്യ ഗുരു. 1960 മെയ് മാസത്തില്‍ മൈലാപ്പൂരിലെ രസിക രഞ്ജിനി സഭയില്‍ ശിവാജി ഗണേശന്‍ അടക്കമുള്ള പ്രൗഢസദസിനു മുന്നിലെ അരങ്ങേറ്റം മാസ്മരികവും അവിസ്മരണീയ
മായി 

നൃത്തവേദിയിലെ ഈ താരം ചലച്ചിത്രലോകത്തെ നക്ഷത്രമാകുമെന്നായിരുന്നു ശിവാജിയുടെ പ്രവചനം. 

62ല്‍ 
കിഷോര്‍കുമാര്‍ നായകനായ'മന്‍മൌജി'ഹിന്ദി സിനിമയില്‍ മൂന്ന് മിനിറ്റ് നീളുന്ന നൃത്തരംഗത്ത് ശ്രീകൃഷ്ണനായി നിറഞ്ഞാടി. 

 നൃത്ത-സംഗീതമേഖലയിലെ പ്രാഗത്ഭ്യം കണക്കിലെടുത്ത് 72ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജയയ്ക്ക് കലൈമാമണി പട്ടംനല്‍കി.

രാഷ്ട്രീയത്തില്‍മാത്രമല്ല, വെള്ളിത്തിരയിലും ജയ ഹിറ്റുകളുടെ നായിക. എം ജി ആറിനൊപ്പവും അല്ലാതെയും അഭിനയിച്ച സിനിമകളില്‍ 95 ശതമാനവും ചരിത്രം കുറിച്ചു. 

തമിഴില്‍ ഇറങ്ങിയ 85 ചിത്രങ്ങളില്‍ 80ഉം സൂപ്പര്‍ ഹിറ്റ്. തെലുങ്കില്‍ 28ഉം ഹിന്ദിയിലെ ഏക സിനിമയായ ഇസത്തും വന്‍ വിജയം.

സംഗീത-നൃത്തലോകത്ത് വെള്ളിത്തിരയിലും തുടര്‍ന്ന് രാഷ്ട്രീയത്തിലും 
ഉയരം കീഴടക്കുമ്പോഴും  ലോകോത്തര പുസ്തകശേഖരവും പരന്ന വായനയുമായിരുന്നു ജയക്ക് കൂട്ട്. തിരക്കിനിടയിലും വായന കൈവിട്ടില്ല. 

ചാള്‍സ് ഡിക്കന്‍സ്, ഓസ്‌കാര്‍ വൈല്‍ഡ്, ബര്‍ണാഡ്ഷാ, സിഡ്‌നി ഷെല്‍ഡന്‍, പേള്‍ എസ് ബക്ക്, ജെയിംസ് ഹാഡ്‌ലി ചെയ്‌സ് തുടങ്ങിയവരുടെ ആരാധികയായ ജയയെ ഏറെ സ്വാധീനിച്ചത് ചൈനീസ് എഴുത്തുകാരി ജുംഗ് ചാങ്ങിന്റെ 'വൈല്‍ഡ് സ്വാന്‍സ്: ത്രീ ഡോട്ടേഴ്‌സ് ഓഫ് ചൈന'. 

ചിത്രീകരണത്തിന്റെ ഇടവേളയില്‍ ഒഴിഞ്ഞ കോണിലിരുന്ന് മറ്റൊന്നും ശ്രദ്ധിക്കാതെ വായനയില്‍ മുഴുകിയ അവരെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കെല്ലാം അഭിമാനമായിരുന്നു. 
എംജി ആറും ജയലളിതയും തമ്മില്‍ സാമ്യങ്ങളേറെയാണ്.  ഇരുവരുംസിനിമയില്‍നിന്ന് രാഷ്ട്രീയത്തിലെത്തി, മുഖ്യമന്ത്രി ആയവര്‍…

 ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്ന് വൈകി വന്ന ജയയുടെ മരണവാര്‍ത്തയും ഇവര്‍ക്കിടയിലെ സമാനത ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തുന്നു. 

എംജി  രാമചന്ദ്രന്‍ 1987 ഡിസംബര്‍ 24 നാണ് മരണപ്പെട്ടത്. ഇത് തമിഴ്‌നാട്ടില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. അതേ ഡിസംബറില്‍ തന്നെ ജയലളിതയും തമിഴകത്ത് നിന്നും വിടപറയുന്നത്.

 ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത സ്‌നേഹമാണ് തമിഴ് ജനതക്ക് സിനിമാ താരങ്ങളോടും രാഷ്ട്രീയ നേതാക്കളോടും.

ജയലളിതയുടെ സ്ഥിതി ഗുരുതരമാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഹൃദയം പൊട്ടി മരിച്ചവരുടെ എണ്ണം മൂന്നായിരുന്നു.

എംജിആര്‍ മരിച്ചെന്ന വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ രോക്ഷാകുലരായ ജനങ്ങള്‍ തെരുവിലിറങ്ങുകയും അനവധി പേര്‍ ആത്മഹത്യ ചെയ്യുകയുമുണ്ടായി. 

 അതുകൊണ്ട് തന്നെ എല്ലാ സുരക്ഷയും ഒരുക്കിയാണ് ജയലളിതയുടെ വാര്‍ത്ത പുറത്തു വിട്ടത്. ഒമ്പത് ബറ്റാലിയന്‍ ദ്രുത കര്‍മ്മ സേനയെയാണ് ചെന്നൈയില്‍ ഇറക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ അപ്പോളോ
 ആശുപത്രിയ്ക്ക് മുന്നില്‍ തടിച്ചുകൂടിയ പുരുഷാരവും ഓര്‍മ്മിപ്പിച്ചത് 1987 ഡിസംബറില്‍ എം.ജി.ആര്‍. അസുഖബാധിതനായതാണ്. അന്ന് നൂറുകണക്കിന് പേരാണ് ഇതേ ആശുപത്രിയ്ക്ക് മുന്നില്‍തടിച്ചുകൂടിയത്.

29 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ രാജാജി ഹാളില്‍ ജയലളിതയെയും പൊതുദര്‍ശ്ശനത്തിന് എത്തിച്ചു. ചെന്നൈ മറീന ബീച്ചില്‍,  എംജിആറിന്റെ മൃതദേഹം സംസ്‌കരിച്ച അണ്ണാ സ്‌ക്വയറില്‍ തന്നെ അന്ത്യവിശ്രവും.

2001 ജൂലൈ രണ്ടിനാണ് ജയലളിത ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി 15 വയസ്സുള്ള കുട്ടിക്കൊമ്പനെ നടയിരുത്തിയത്.

ജയലളിതയുടെ ജ്യോത്സ്യനായിരുന്ന പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ നിര്‍ദേശപ്രകാരമാണ് ആനയെ നടയിരുത്തിയത്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന ഉണ്ണികൃഷ്ണ പണിക്കരുടെ പ്രവചനം ഫലിച്ചതിനെ തുടര്‍ന്നായിരുന്നു ക്ഷേത്രദര്‍ശനവും ആനയെ നടയിരുത്തലും. ആനയെ നടയിരുത്തിയതിന് പുറമെ സ്വര്‍ണ കിരീടവും സമര്‍പ്പിച്ചു.

2004ലും മുഖ്യമന്ത്രിയായിരിക്കേ ജയലളിത ദര്‍ശനത്തിനത്തെി. 10,000 രൂപയുടെ പാല്‍പായസ വഴിപാട് നടത്തിയാണ് അന്ന് മടങ്ങിയത്. 
സിനിമാക്കഥ പോലെ രാഷ്ട്രീയ ജീവിതവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക