Image

കാട്ടുകുതിര നാടകം കാലിഫോര്‍ണിയ സിലിക്കണ്‍വാലിയില്‍ .

Published on 06 December, 2016
കാട്ടുകുതിര നാടകം  കാലിഫോര്‍ണിയ  സിലിക്കണ്‍വാലിയില്‍ .
സാന്‍ ഹോസെ: സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ മലയാള സാഹിത്യസൗഹൃദ കൂട്ടായ്മയായ സര്‍ഗ്ഗവേദി അതിന്റെ ഒന്നാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് സര്‍ഗ്ഗവേദിയിലെ കലാകാരന്മാര്‍ എസ്. എല്‍. പുരം സദാനന്ദന്റെ അതിപ്രശസ്തമായ കാട്ടുകുതിര എന്ന നാടകം വീണ്ടും അരങ്ങിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിന്റെ സംവിധാനം ശ്രീ.ജോണ്‍ കൊടിയന്‍ നിര്‍വ്വഹിക്കുന്നു. മധു മുകുന്ദന്‍, ഉമേഷ് നരേന്ദ്രന്‍, ബിന്ദു ടിജി, സന്ധ്യ സുരേഷ്, സതീഷ് മേനോന്‍, രാജീവ് വല്ലയില്‍, ലാഫിയ സെബാസ്റ്റ്യന്‍, ലിജിത്, സാജന്‍ മൂലപ്ലാക്കല്‍ എന്നിവരാണു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനോദ് മേനോന്‍, രാജി വിനോദ്, റാണി സുനില്‍ മുതലായവര്‍ സര്‍ഗ്ഗവേദിക്കു വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ബിനു ബാലകൃഷ്ണന്‍ സംഗീതവും നാരായണന്‍ സ്വാമി ശബ്ദവും നിയന്ത്രിക്കുന്നു. പ്രകാശ നിയന്ത്രണം ലെബോണ്‍ മാത്യു നിര്‍വ്വഹിക്കുമ്പോള്‍, രംഗപടമൊരുക്കുന്നത് ആര്‍ടിസ്റ്റ് ശ്രീജിത് ശ്രീധരനാണ്. 2017 ഫെബ്രുവരി മാസം 25നു വൈകുന്നേരം 5.30 മണിക്ക്, സാന്‍ഹോസെ എവര്‍ഗ്രീന്‍വാലി ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറുന്നത്.

 നാടകത്തിന്റെ പൂജയും ടിക്കറ്റ് വിതരണത്തിന്റെ ഉത്ഘാടനവും ഡിസംബര്‍ മാസം മൂന്നാം തീയതി ഫ്രിമോണ്ടില്‍ നടന്നു. സര്‍ഗ്ഗവേദിയിലെ മുതിര്‍ന്ന അംഗം ശ്രീമതി ശ്രീദേവികൃഷ്ണന്‍ നിലവിളക്കു കൊളുത്തുകയും ആദ്യ ടിക്കറ്റ് ഏറ്റ് വാങ്ങുകയും ചെയ്തു. തുടര്‍ന്നു ശ്രീ രാജേഷ് നരോത്ത്, ശ്രീ സാജു ജോസഫ്, ശ്രീ ബെന്‍സി അലക്‌സ് , ശ്രീ ജോര്‍ജ്ജ് വര്‍ഗീസ്, ശ്രീ അജീഷ് നായര്‍ മുതലായവര്‍ ടിക്കറ്റ് ഏറ്റ് വാങ്ങുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ചടങ്ങിനു എത്താന്‍ കഴിയാതിരുന്ന പ്രശസ്ത സിനിമാനടനും നിര്‍മാതാവും കവിയുമായ ശ്രീ തമ്പി ആന്റണി, സിനിമാ സംവിധായകനായ  ശ്രീ ജയന്‍ കെ നായര്‍ തുടങ്ങിയവരും ആശംസകള്‍ അറിയിച്ചു.

 മലയാളത്തിന്റെ മഹാകവി ശ്രീ ഒ. എന്‍. വി കുറുപ്പിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ഒത്തുകൂടിയ സിലിക്കണ്‍ വാലിയിലെ ഒരുപറ്റം മലയാളം ഭാഷാപ്രേമികളുടെ
 സൗഹൃദക്കൂട്ടായ്മയായ സര്‍ഗ്ഗവേദി 2016 ഫെബ്രുവരി മാസത്തിലാണു രൂപം കൊണ്ടത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കഥകളും കവിതകളും പുസ്തക ചര്‍ച്ചകളും നവമാധ്യമ സംവാദങ്ങളും മറ്റുമായി നടന്ന നിരവധി ഒത്തുകൂടലുകളില്‍ ബേ ഏരിയയിലെ സാഹിത്യസ്‌നേഹികള്‍ നിരന്തരം പങ്കെടുത്തു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ സേതു സര്‍ഗ്ഗവേദിയുടെ ഒത്തുകൂടലില്‍ എത്തിചേരുകയും തന്റെ സാഹിത്യാനുഭവങ്ങള്‍ സര്‍ഗ്ഗവേദിയിലെ അംഗങ്ങളുമായി പങ്കുവെക്കുകയുംചെയ്തു. ശ്രീ തമ്പി ആന്റണി, ശ്രീ മാടശ്ശേരി നീലകണ്ഡന്‍, ശ്രീമതി ശ്രീദേവി കൃഷ്ണന്‍ മുതലായവര്‍ സര്‍ഗ്ഗവേദിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിപ്പോരുകയും ചെയ്യുന്നു.

  മലയാളനാടക ചരിത്രത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സാമൂഹ്യനാടകങ്ങളില്‍ ഒന്നായ കാട്ടുകുതിര, 1980 ല്‍ എസ്. എല്‍. പുരം സൂര്യസോമയാണ് ആദ്യമായി വേദിയിലെത്തിക്കുന്നത്. രാജന്‍ പി ദേവ്  എന്ന അനശ്വര നടന്റെ അഭിനയജീവിത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ നാടകം. പില്‍ക്കാലത്ത് ഈ നാടകം അഭ്രപാളികളില്‍ എത്തിയപ്പോള്‍ മലയാളത്തിലെ നടനവിസ്മയം യശശ്ശരീരനായ ശ്രീ തിലകന്‍ അതില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഇതിലെ പല കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. കൊച്ചുവാവയും ആനനായരും കുറത്തികല്യാണിയും മങ്കയും മേനോനും ചേര്‍ന്നു സൃഷ്ടിച്ച ആ ദൃശ്യവിസ്മയം, മലയാളത്തെയും മലയാളകലാരൂപങ്ങളെയും എന്നും സ്‌നേഹിക്കുന്ന  സിലിക്കണ്‍വാലിയിലെ പ്രേക്ഷകര്‍ക്കായി വീണ്ടും അവതരിപ്പിക്കപ്പെടുകയാണ്. കാലിഫോര്‍ണിയയിലെ പല മലയാളി സംഘടനകളും ഇതിനു അകമഴിഞ്ഞ പിന്തുണയാണ് നല്‍കുന്നത്.
സര്‍ഗ്ഗവേദി ന്യൂസ് ടീം

കാട്ടുകുതിര നാടകം  കാലിഫോര്‍ണിയ  സിലിക്കണ്‍വാലിയില്‍ .കാട്ടുകുതിര നാടകം  കാലിഫോര്‍ണിയ  സിലിക്കണ്‍വാലിയില്‍ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക