Image

എന്റെ എന്റേതുമാത്രം (ജ്യോതിലക്ഷ്മി സി നമ്പ്യാര്‍)

Published on 07 December, 2016
എന്റെ എന്റേതുമാത്രം (ജ്യോതിലക്ഷ്മി സി നമ്പ്യാര്‍)
"അല്ലെങ്കിലും ഈ ആണുങ്ങള്‍ പൂമ്പാറ്റകളെപോലെയാണ് . ഒരു പൂവില്‍ നിന്നും മറ്റൊരു നിറപ്പകിട്ടാര്‍ന്ന പൂവിലേയ്ക്ക് പാറിപറക്കും. അവരെ ഓര്‍ത്തു മീരകളാകുന്ന പെണ്‍കുട്ടികള്‍ വിഡ്ഢികള്‍". കുത്തിവീര്‍പ്പിച്ച മുഖവുമായവള്‍ ചിന്തിച്ചു. "പൂക്കള്‍ തോറും പൂമ്പൊടി വിതറാന്‍ പൂംതേനുണ്ണാന്‍ ഈ ശലഭങ്ങള്‍ ഇല്ലെങ്കിലും കഷ്ടമല്ലേ! ഒരല്പം നാണത്തോടെ നഖം കടിച്ചു മനസ്സില്‍ ഊറിച്ചിരിച്ചു, കണങ്കാലുകള്‍ മറയ്ക്കാന്‍ വൈമുഖ്യം കാണിയ്ക്കുന്ന പച്ച നിറത്തില്‍ വെള്ള പൂക്കളുള്ള പാവാടയും മുകളിലേയ്ക്കു പറന്നുപോകാനാഗ്രഹിയ്ക്കുന്നുവെന്നു തോന്നുന്ന പൊങ്ങിയ കയ്യുള്ള ജമ്പറിട്ട ഒരു ശാലീന സുന്ദരിയാണ് നമ്മുടെ സുജാത.

പള്ളിക്കൂടം വിട്ട് പാടവരമ്പിലൂടെയുള്ള യാത്രയില്‍ ഉണ്ണിയേട്ടന്റെ ചങ്ങാത്തമാണ് സുജാത ഇഷ്ടപ്പെടുന്നത്. വെള്ളം നിറഞ്ഞ മുറിവരമ്പുകള്‍ മുറിച്ചുകടക്കുമ്പോള്‍, കല്ലുകള്‍ നിറഞ്ഞ നിരത്തില് തന്റെ മൃദുല പാദങ്ങള്‍ പതിയുമ്പോള്‍ തന്റെ പുസ്തകസഞ്ചിയും കയ്യിലെടുത്ത്, കയ്യും പിടിച്ച് എത്ര ശ്രദ്ധയോടെയാണ് തന്നെ ഉണ്ണിയേട്ടന്‍ കൊണ്ടുപോകുന്നത് പിന്നെ ആരെയും ചിരിപ്പൂക്കളാല്‍ മൂടുന്ന തമാശകളും നേരം പോക്കുകളും ഒരുപാട് ഇഷ്ടമാണ് സുജാതയ്ക്ക് ഉണ്ണിയേട്ടനെ. 'അമ്മയുണ്ടാക്കി വയ്ക്കുന്ന നെയ്യപ്പത്തില്‍ വലതുകൈകൊണ്ട് ഉണ്ണിയേട്ടനായി ഒന്നെടുത്തതിന് ശേഷമാണ് ഇടതുകൈയാല്‍ സുജാത തനിയ്ക്കായി എടുക്കുന്നത്. ഈ പെണ്ണിന്റെ ഉണ്ണിയേട്ടനോടുള്ള സ്‌നേഹത്തിനെ വെല്ലാന്‍ ഒരു പഞ്ചാമൃതത്തിനും കഴിയില്ലായിരുന്നു.

ഈ സ്‌നേഹത്തിന് ഒരു കളിക്കൂട്ടുകാരന്‍ എന്ന വ്യാഖ്യാനമേ അന്നുണ്ടായിരുന്നുള്ളു. തന്റെ അച്ഛനമ്മമാര്‍ക്ക് ശേഷം തന്നെ ശ്രദ്ധിയ്ക്കുന്ന എല്ലാം പങ്കുവയ്ക്കാന്‍ കഴിയുന്നയാള്‍ അന്ന് അതായിരുന്നു സുജാതയ്ക്ക് ഉണ്ണിയോടുണ്ടായിരുന്ന സ്‌നേഹം. എന്നാല്‍ തന്നില്‍ കുരുത്ത കൗമാരത്തിന്റെ മൊട്ടുകള്‍ ഒരു കളികൂട്ടുകാരണെന്നതിലുപരി ആ സ്‌നേഹത്തിന് ആഴമേറിയ ഒരുബന്ധത്തിന്റെ നിറം പകര്‍ന്നു.

തലേന്ന് കോളേജില്‍ നിന്നും വരുമ്പോള്‍ ഉണ്ണിയേട്ടന്റെ ഷര്‍ട്ടില്‍ പതിഞ്ഞിരുന്നു കുംങ്കുമ പൊട്ടിനെക്കുറിച്ച്, ബസ്സില്‍ നിന്നും പൂശാരി ശങ്കരന്റെ നെറ്റിയില്‍ നിന്നുമാണെന്നു ഉണ്ണിയേട്ടന്‍ അനിയത്തിയോട് പറഞ്ഞ വിശദീകരണത്തെകുറിച്ച സുജാത അറിഞ്ഞു. അത് മാത്രമല്ല അന്ന് കോളേജുവരാന്തയിലൂടെ ഉണ്ണിയേട്ടനെ പരതി നടന്ന സുജാതജയുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിഞ്ഞത്, പുതിയതായി വന്ന പ്രൊഫസര്‍ രാധികയുമായി മുട്ടിയുരുമ്മി കോളേജ് ലൈബ്രറിയില്‍നിന്ന് സംസാരിയ്ക്കുന്നതാണ്. താന്‍ എഴുതിയ കവിതയിലെ എന്തോ സംശയം ചോദിച്ചതാണെന്നുള്ള വിശദീകരണമാണ് സുജാതയ്ക്ക് ലഭിച്ചത് .ഈ വിശദീകരണങ്ങള്‍ക്കൊന്നും സുജാതയെ ഒട്ടും സംതൃപ്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല

തന്റെ മനസ്സില്‍ പ്രതിഷ്ഠിച്ച ആ ദേവനെ അല്പം പോലും കുറ്റപ്പെടുത്താന്‍ ആ പാവാടകാരിയ്ക്ക് മനസ്സനുവദിച്ചില്ല "ഏയ് എന്റെ ഉണ്ണിയേട്ടന്‍ അങ്ങിനെയൊരു ചിത്രശലഭമല്ല, പൂമ്പാറ്റകളുടെ സ്പര്ശനമേല്‍ക്കാന്‍, അവയ്ക്കു മധു പകരാനായി മാത്രം വിരിഞ്ഞു കാറ്റിലാടുന്ന പ്രൊഫസറെ പ്പോലുള്ള വരായാല്‍ എന്തു ചെയ്യും? ഉണ്ണിയേട്ടന്‍ പറഞ്ഞത് ശരിയാകും. ഒന്നും മനഃപൂര്‍വം ആകില്യ. ഉള്ളിന്റെയുള്ളില്‍ നിറഞ്ഞൊഴുകുന്ന അമിതസ്‌നേഹം മനസ്സില്‍ സ്വയം സമാധാസനം കണ്ടെത്തി.
ആ പ്രൊഫസര്‍ രാധിക .... ആ പേര് അവള്‍ക്കു ചേരും. ഏതോ ചിത്രകാരന്‍ രചിച്ചതുപോലുള്ള പോലെയുള്ള അവളുടെ പുരികങ്ങള്‍, അതിനിടയില്‍ കുംകുമം കൊണ്ടുള്ള വലിയ പൊട്ടു, അതിനു മുകളിലായി ഒരു ചന്ദനപ്പൊട്ട്, മാന്‍ മിഴികള്‍. അരക്കെട്ടിനു താഴെ വരുന്ന പിന്നികെട്ടിവച്ച കാര്‍കൂന്തല്‍ വാര്‍ന്നൊഴുകിയ കവിള്‍ത്തടങ്ങള്‍ . എല്ലാം കൊണ്ടും ഒരു ആനച്ചന്തമുണ്ടവള്‍ക്ക്. സാക്ഷാല്‍ കൃഷ്ണന്റെ രാധയാണെന്നാണവളുടെ ഭാവം. അവളുടെ അഹങ്കാരമാണ് സഹിയ്ക്കാനാകാത്തത്. സൗന്ദര്യമല്ലേ എല്ലാവരും ആരാധിയ്ക്കുന്നത് സ്വഭാവമല്ലല്ലോ അതാണ് ആണുങ്ങളെ വഴിതെറ്റിയ്ക്കുന്നത്. സുജാതയിലെ സ്ത്രീ ഉണര്‍ന്നു.

അമിതമായ ഉണ്ണിയോടുള്ള ആരാധന, സ്‌നേഹം, എന്തുകൊണ്ടും തന്നോട് ഉണ്ണിയേട്ടനുള്ള സ്‌നേഹത്തെ സ്ഥിരീകരിയ്ക്കുവാനുള്ള മനസ്സിന്റെ വടംവലികൊണ്ടും സുജാതയില്‍ ഒരോ നിമിഷങ്ങളും ഉണ്ണിയേട്ടനില്‍ നിന്നും താന്‍ അനുഭവിച്ച സ്‌നേഹത്തിന്റെ ഓരോ നുറുങ്ങുകളും ഒരു ഫ്‌ലെഷ് ബാക്ക് പോലെ ഓടിവന്നു.

" കുളിച്ചു, അഴിച്ചു തുമ്പുകെട്ടിയിട്ട മുടിയില്‍ സ്ഥാനം പിടിച്ച തുളസി കതിര്‍, കരിം ചുവപ്പ് പാട്ടുപാവാട. പുതിയ പട്ടുപാവാട ധരിച്ച് നന്നായി ഒരുങ്ങിയതുകൊണ്ടാകാം എന്റെ സൗന്ദര്യത്തില്‍ എനിയ്ക്കുതന്നെ ഒരു ആത്മവിശ്വാസം തോന്നി. ആ പിറന്നാള്‍ ദിവസം ഉണ്ണിയെ കാണണമെന്നൊരു നിമിഷം ആഗ്രഹിച്ചു. പക്ഷെ അത്രകണ്ടാഗ്രഹമില്ലാ്യശരുന്നു. അമ്പലത്തില്‍ പോയി കൃഷ്ണനെക്കാണണമെന്ന അമിതമായ ആഗ്രഹം മാത്രമായിരുന്നു മനസ്സില്‍ . ആ അഞ്ജനശിലയിലുള്ള കൃഷ്ണരൂപത്തിനുമുന്നില്‍ ഞാന്‍ കൈകൂപ്പി നിന്നു. ആ കൂവള നയന ങ്ങളില്‍ എന്‍ മിഴികള്‍ പതിഞ്ഞു. മഴവില്‍ പോലുള്ള അ പുരികക്കൊടികളില്‍ ഞാനെന്തോ അത്ഭുതം കണ്ടു. തുടുത്ത കവിള്‍ തടങ്ങള്‍ ഈ രാധയുടെ ചുംബനങ്ങള്‍ക്കു വേണ്ടി കാത്തിരിയ്ക്കുന്നതുപോലെ തോന്നി. ആ അധരങ്ങള്‍ എന്തോ മന്ത്രിയ്ക്കുവാന്‍ വിതുമ്പുന്നുവോ? ആടയാഭരണങ്ങളാല്‍ അലംകൃതമായ ആലിലപോലുള്ള മാറിടം എനിയ്‌ക്കൊരുക്കിയ പുമെത്തയാണോ! മഞ്ഞപട്ടുടയാട ചുറ്റിയ ആ ദിവ്യതേജസ്സിനെ ഞാന്‍ എന്റെ മനസ്സില്‍ പകര്‍ത്തി . ആ നിര്‍വൃതിയില്‍, ഭക്തിയില്‍ എന്റെ കണ്‍പീലികള്‍ മയങ്ങിപ്പോയി. പെട്ടെന്നെന്റെ മനസ്സില്‍ കണ്ട രൂപം ആ കൃഷ്ണന്റേതായിരുന്നില്ല. എന്റെ ഉണ്ണിയേട്ടന്‍! ആറടി പൊക്കമുള്ള എന്റെ ഉണ്ണിയുടെ സുന്ദരമായ മുഖം. കസവുമുണ്ടുടുത്തു ഒരു മേല്‍ മുണ്ടും ധരിച്ചിരിയ്ക്കുന്നു.

വശങ്ങളിലേക്ക് മാടി ഒതുക്കിവച്ച കരിവണ്ടിനെ വെല്ലും കറുത്ത മുടി, കാര്‍മേഘം പോലെ തിങ്ങി നില്‍ക്കും പുരികക്കൊടികള്‍, ഏതു സ്‌നേഹത്തെത്തേയും ചുംബന പൂചൂടിയ്ക്കുന്ന അധരങ്ങള്‍. മുഖതാമരയുടെ നീണ്ട കിടക്കുന്ന തണ്ടുപോല്‍ വെളുത്ത മാറിടത്തില്‍ പറ്റികിടക്കുന്ന സ്വര്‍ണ്ണ ഹാരം. വിരിഞ്ഞ മാറില്‍ ഈ ചെമ്പകപൂപോലുള്ള കൈതലം ചലിയ്ക്കുമ്പോള്‍ അറിയാതെ വേദനിയ്ക്കുമോ എന്നു സംശയിയ്ക്കുംവിധം കുറ്റികാടുപോലെ വളര്‍ന്നുനില്‍ക്കുന്ന, പൗരുഷത്തിന്റെ പ്രതീകമായ കറുത്ത മുടികള്‍, ഒരു അംഗച്ചേകവരെപ്പോലെ കരുത്തുറ്റ നീണ്ടു നിവര്‍ന്ന ബാഹുക്കള്‍, ആ കണ്ണുകളിലേയ്‌ക്കൊന്നു നോക്കി ആരെയും വശംവദനാക്കുന്ന നോട്ടം. പെട്ടെന്ന് എന്തോ ഒരു ഞെട്ടലില്‍ ഞാന്‍ കണ്ണ് തുറന്നു. ഒരു കള്ള ചിരിയുമായി മുന്നില്‍ തന്നെ നില്‍ക്കുന്നു ആ കൃഷ്ണന്‍. "എന്തായിത് കൃഷ്ണാ" എന്നു ഞാന്‍ ചോദിച്ചു. അതിനും മറുപടി ഒരു കള്ള ചിരി മാത്രം. സ്വയം കണ്ണുകളെ വിശ്വസിയ്ക്കാനാകാതെ തുടിയ്ക്കുന്ന മനസ്സുമായി ഒരു കയ്യില്‍ പ്രസാദവും, മറ്റേ കയ്യാല്‍ പാവാടയും പിടിച്ചു ഞാന്‍ പുറത്തേയ്ക്ക് ഓടി . ആ ഓട്ടം നിലച്ചത് ബെല്ലടിച്ചുവരുന്ന ഒരു സൈക്കിളിനു മുന്നിലാണ് "എന്താ ഇത്ര തിരക്കിലോടുന്നത്? ഇന്നു പിറന്നാളല്ലേ? വിരോധമില്ലെങ്കില്‍ എനിയ്‌ക്കൊരല്പം പ്രസാദം തരൂ" എന്നും പറഞ്ഞു ഉണ്ണിയേട്ടന്‍ സൈക്കിള്‍ നിര്‍ത്തി . ഞാനപ്പോഴും ആ കൃഷ്ണനുമുന്നില്‍ കണ്ട മായാലോകത്തില്‍ നിന്നും ഉണര്‍ന്നിട്ടില്ലായിരുന്നു . അതുകൊണ്ടുതന്നെ വാക്കുകള്‍ക്ക് വെളിയില്‍ വരാന്‍ ഒരു നാണം . പ്രസാദം പിടിച്ച കൈ ഞാന്‍ മുന്നോട്ട് നീട്ടി . അദ്ദേഹം എന്നെ ശ്രദ്ധിയ്ക്കുന്നുവോ എന്നു നോക്കുവാന്‍ പോലും എന്റെ ലജ്ജയവാദികളായ കണ്ണുകള്‍ അനുസരിക്കില്ല . എന്റെ കയ്യില്‍ നിന്നും പ്രസാദം എടുത്ത് നെറ്റിയിലണിഞ്ഞു . ഊമയെപ്പോലെ തരിച്ചുനില്‍ക്കുന്ന എന്നെ നോക്കി "എന്നാല്‍ ശരി"യെന്നു പറഞ്ഞു ഉണ്ണിയേട്ടന്‍ പോയി. പ്രസാദം കൊടുക്കാനല്ല നെറ്റിയില്‍ അണിയിയ്ക്കാനാണ് ഞാന്‍ ആഗ്രഹിച്ചത് . പക്ഷെ കൃഷ്ണന് മുന്നില്‍ നിന്നപ്പോള്‍ കണ്ട രൂപം എന്നെ ഒരു നാണം കുണുങ്ങിയാക്കി . എന്റെ പിറന്നാളാണെന്നു ഓര്‍ത്തതും, എന്നില്‍ നിന്നും ആ ദിവസം പ്രസാദം വാങ്ങാന്‍ ഓടിയെത്തിയതും എല്ലാം എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ ! അല്ലെങ്കില്‍ അവിടെ വരുമോ! എന്നില്‍ നിന്നും പ്രസാദം സ്വീകരിയ്ക്കുമോ . മനസ്സില്‍ അളന്നും, ചൊരിഞ്ഞും കൊണ്ടിരുന്ന ഉണ്ണിയേട്ടന്റെ സ്‌നേഹത്തെകുറിച്ചുള്ള സംശയത്തിന് സുജാതയുടെ മനസ്സില്‍ വിരാമമിട്ടു "അതെ ഉണ്ണിയേട്ടന്‍ എന്റേത് തന്നെ എന്റെ മാത്രം'.

ജ്യോതിലക്ഷ്മി സി നമ്പ്യാര്‍
(nambiarjyothy@gmail.com)
Join WhatsApp News
PRG 2016-12-08 00:04:22
ഇപ്പൊൾ ഇങ്ങനെയുള്ള കഥകൾ വായിക്കാൻ കിട്ടാറില്ല. നല്ല ആവിഷ്കാരം. കഥാ  കൃത്തിനു 
എല്ലാ ആശംസകളും
PRG 2016-12-08 01:46:27
ഇതുപോലുള്ള നല്ല പ്രണയ കഥകൾ ഇന്നത്തെ ന്യൂ ജനറേഷൻ കാലത്തു വായിക്കാൻ കിട്ടാറില്ല. നല്ല ആവിഷ്കാരം. കഥാക്രിത്തിനു എല്ലാ ആശസംസകളും നേരുന്നു. 
John Philip 2016-12-07 13:24:45
ഇപ്പൊ ഇത് മാതിരി കഥയൊക്കെ ഉണ്ടോ? ആർക്കും
മനസ്സിലാകാത്ത തട്ടിക്കൂട്ടലല്ലേ ഇപ്പോഴത്തെ
കഥകൾ. ഉണ്ണിയേട്ടൻ സുജാതയുടെ തന്നെയാകട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക