Image

ചാറ്റിംഗ് സംഭവത്തിലെകേസ് തീര്‍ന്നു; എന്നിട്ടും ഡീപോര്‍ട്ട് ചെയ്യാന്‍ തടസം (തോമസ് കൂവള്ളൂര്‍)

തോമസ് കൂവള്ളൂര്‍ Published on 08 December, 2016
ചാറ്റിംഗ് സംഭവത്തിലെകേസ് തീര്‍ന്നു; എന്നിട്ടും ഡീപോര്‍ട്ട് ചെയ്യാന്‍ തടസം  (തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്റെ ആഗമനത്തെ പ്രതീക്ഷിച്ചുകൊണ്ട് പ്രാര്‍ത്ഥനയില്‍ കഴിയുന്ന ഈ അവസരത്തില്‍ വളരെ വേദനാജനകമായ ഒരു സംഭവം അമേരിക്കന്‍ മലയാളികളുടെ മുമ്പില്‍ അവതരിപ്പിച്ചുകൊള്ളട്ടെ.

ഇന്‍ഡ്യയില്‍ നിന്നും ജോലി തേടി വാഗ്ദത്ത ഭൂമിയായ അമേരിക്കയിലെത്തി താമസിയാതെ ജയിലിലകപ്പെട്ട ഒരു ചെറുപ്പക്കാരന്റെയും, അവനെയോര്‍ത്ത് വേദനയോടെ കാത്തിരിക്കുന്ന കുടുംബാംഗങ്ങളുടെയും ബന്ധുജനങ്ങളുടെയും യഥാര്‍ത്ഥ ജീവിതത്തെ സംബന്ധിക്കുന്ന ഒരു കഥ.

2014 സെപ്തംബര്‍ മാസത്തില്‍ ന്യൂജേഴ്‌സിയില്‍ വച്ച് ചാറ്റിങ്ങിലൂടെ കെണിയിലകപ്പെട്ട് ജയിലിലായ ഒരു മലയാളി യുവാവിന്റെ കഥ ചിലരെങ്കിലും ഓര്‍മ്മിക്കുമല്ലോ. പ്രസ്തുത യുവാവിന് സഹായഹസ്തവുമായി ആദ്യമായി മുന്നോട്ടുവന്നത് ജസ്റ്റീസ് ഫോര്‍ ഓള്‍(ജെ.എഫ്.എ.) എന്ന സംഘടനയായിരുന്നു. പിന്നീട് ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക് തുടങ്ങിയ പ്രദേശങ്ങളിലുള്ള വിവിധ സംഘടനകളില്‍പ്പെട്ട മനുഷ്യസ്‌നേഹികളും മുമ്പോട്ടു വരുകയും, മലയാളികളുടെ കൂട്ടായ്മയുടെ ഫലമായി ഒരു അറ്റോര്‍ണിയെ വച്ച് കേസ് കോടതിയില്‍ വാദിക്കുകയുണ്ടായി.

തുടക്കത്തില്‍ ആ ചെറുപ്പക്കാരന് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കണമെന്ന് അന്നത്തെ പ്രോസിക്യൂട്ടറായിരുന്ന പസ്സായിക് കൗണ്ടി അസ്സിസ്റ്റന്റ് ഡി.എ.വാദിച്ചത്.
പോലീസിന്റെ പിടിയിലകപ്പെട്ട അവസരത്തില്‍ ഇന്‍ഡ്യയില്‍ നിന്നും വന്നിട്ട് ഒരു മാസം പോലും ആകാത്ത ആ ചെറുപ്പക്കാരന്‍ പോലീസിനെ ഭയന്ന് താന്‍ നിയമലംഘനം നടത്തി എന്നു സ്വയം സമ്മതിച്ച് ഒപ്പിട്ടുകൊടുത്തതിന്റെ വെളിച്ചത്തില്‍, കക്ഷികളെ വിസ്തരിക്കുകപോലും ചെയ്യാതെ 2016 മെയ്മാസത്തില്‍ തന്റെ മുമ്പില്‍ വന്ന കേസ് അന്നത്തെ ജഡ്ജി ആയിരുന്ന സ്‌കോട്ട് ഡെന്നിയന്‍ എന്ന വിധികര്‍ത്താവ് ആ ചെറുപ്പക്കാരനെ 5 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ഇവിടെ നിയമസംബന്ധമായ ഒരു കാര്യം പൊതു ജനങ്ങളുടെ ശ്രദ്ധയ്ക്കായി സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബൈബിളില്‍ എവിടെ നോക്കിയാലും നിയമവും, നിയമലംഘനങ്ങളും, നിരപരാധികളെ ക്രൂശിക്കലും കാണാന്‍ കഴിയും. ദാനിയേല്‍ എന്ന പ്രവാചകന്‍ സൂസന്ന എന്ന സുന്ദരിയായ ചെറുപ്പക്കാരിയെ വിചാരണ നടത്താതെ കൊലക്കളത്തിലേയ്ക്കു കൊല്ലാന്‍ കൊണ്ടുപോയ അവസരത്തില്‍ ജനത്തോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഇസ്രായേല്‍ മക്കളേ, നിങ്ങള്‍ ഇത്ര ഭോഷന്മാരാണോ? വിചാരണ നടത്താതെയും, വസ്തുതകള്‍ ഗ്രഹിക്കാതെയും ഒരു ഇസ്രായേല്‍ പുത്രിയെ നിങ്ങള്‍ ശിക്ഷയ്ക്കു വിധിക്കാന്‍ കൂട്ടുനില്‍ക്കുന്നുവോ? വിചാരണ സ്ഥലത്തേയ്ക്കു മടങ്ങുവിന്‍ കാരണം, ഈ മനുഷ്യര്‍(അവളെ കൊലയ്ക്കു വിധിച്ച ന്യായാധിപന്മാര്‍) ഇവള്‍ക്കെതിരെ കള്ളസാക്ഷ്യം പറഞ്ഞിരിക്കുന്നു' എന്നു പറഞ്ഞു. കള്ള സാക്ഷ്യം പറഞ്ഞ് ശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ച ന്യായാധിപന്മാരെത്തന്നെ കൊലയ്ക്കു വിധേയരാക്കിയ സംഭവം. കണ്ണുള്ളവര്‍ കാണട്ടെ, ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

പലപ്പോഴും സത്യാവസ്ഥ മനസ്സിലാക്കാതെ വെറും സാധാരണക്കാരായ പോലീസുകാര്‍ നല്‍കുന്ന മൊഴി മാത്രം കണക്കിലെടുത്തുകൊണ്ടാണ് ഇന്നും അമേരിക്കന്‍ കോടതി പോലും വിധിനടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ മേലില്‍ ഉണ്ടാവുമ്പോള്‍ സത്യാവസ്ഥ മനസ്സിലാക്കിശേഷം പ്രതികരിക്കേണ്ടത് ജനങ്ങളും ജനപ്രതിനിധികളായ നേതാക്കന്മാരുമാണ്, അല്ലാതെ വക്കീലന്മാരല്ല എന്നുള്ള കാര്യം ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ. വക്കീലന്മാരുടെ മുഖ്യലക്ഷ്യം ജനങ്ങളുടെ പണം എങ്ങിനെയെങ്കിലും പരമാവധി തട്ടയെടുത്ത് ജനങ്ങളുടെ കഴിവില്ലായ്മ ചൂഷ്ണം ചെയ്യുക എന്നുള്ളതാണ് എന്ന് പല കേസുകളിലും, ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടുള്ള എന്റെ ദീര്‍ഘകാലത്തെ അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഏതായാലും പ്രസ്തുത യുവാവിന്റെ ഭാഗ്യമെന്നോണം അമേരിക്കന്‍ ഫെഡറല്‍ ഗവര്‍മെന്റിന്റെ ഇടപെടല്‍ മൂലം ആ യുവാവിന്റെ നല്ല നടപ്പിനെ പരിഗണിച്ച് ഇന്‍ഡ്യയിലേയ്ക്കു മടക്കി അയയ്ക്കുന്നതിനുള്ള ഉത്തരവ് കിട്ടിക്കഴിഞ്ഞു. 2016 സെപ്തംബര്‍ മാസാവസാനം ലഭിച്ച ആ ഉത്തരവ് പ്രാബല്യത്തില്‍ ആക്കാന്‍ ന്യൂജേഴ്‌സി സ്റ്റേറ്റ് ഗവണ്‍മെന്റ് ഇതെവരെ നടപടി എടുത്തില്ല എന്നുള്ളതാണ് ഖേദകരമായ വസ്തുത.

 ആ ചെറുപ്പക്കാരന്റെ പാസ്സ്‌പോര്‍ട്ട് മുതലായ ട്രാവല്‍ ഡോക്യുമെന്റുകളും, മറ്റ് രേഖകളും ആ ചെറുപ്പക്കാരനെ ജയിലിലാക്കാന്‍ ശ്രമിച്ച പസ്സായിക് കൗണ്ടി അസ്സിസ്റ്റന്റ് ഡപ്യൂട്ടി പ്രോസിക്യൂട്ടറുടെ കൈവശത്തിലാണ്. അദ്ദേഹത്തിന്റെ തികഞ്ഞ അനാസ്ഥമൂലം ഒക്ടോബര്‍ മാസത്തില്‍ നാട്ടിലേത്തേണ്ട ആ ചെറുപ്പക്കാരനെ നാട്ടിലേയ്ക്കയയ്ക്കാന്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് ഇതെവരെ കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞാല്‍ അമേരിക്കന്‍ നീതിന്യായവകുപ്പിന്റെ ചുവപ്പുനാട ഏറെക്കുറെ ഊഹിക്കാമല്ലോ.

പസ്സായിക്ക് കൗണ്ടി ജയിലില്‍ നിന്നും പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ ചെറുപ്പക്കാരന്‍ കഴിഞ്ഞ ദിവസം വരെ ന്യൂജേഴ്‌സിയിലെ എസ്സെക്‌സ് കൗണ്ടി കറക്ഷന്‍ സെന്ററിലായിരുന്നു. ഈ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റിയോടടുത്തു സ്ഥിതി ചെയ്യുന്ന ഹഡ്‌സണ്‍ കൗണ്ടി കറക്ഷന്‍ സെന്ററിലേയ്ക്ക് മാറ്റി.

ഈ സാഹചര്യത്തില്‍ അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുടെയും മറ്റ് സാമൂഹ്യ പ്രവര്‍ത്തകരുടെയും ശ്രദ്ധ ഈ ചെറുപ്പക്കാരനെ എത്രയും വേഗം നാട്ടിലേയ്ക്കു യാത്രയാക്കാന്‍ ശ്രമിക്കുന്ന കാര്യത്തിലേയ്ക്കുതിരിയണമെന്ന് ജെ.എഫ്.എ.യ്ക്കു വേണ്ടി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് ജയിലില്‍ കിടക്കുന്ന ആ ചെറുപ്പക്കാരനെ ഇടയ്ക്കിടെ ജയിലില്‍ പോയി സന്ദര്‍ശിക്കുക എന്നുള്ളതാണ്. സാവകാശം വേണ്ടിവന്നാല്‍ സംഘടിതമായിത്തന്നെ പസ്സായിക് കൗണ്ടി പ്രോസിക്യൂട്ടറിനെയോ ഡി.എ.യോ നേരിട്ടുപോയിക്കണ്ട് കാര്യം സാധിച്ചെടുക്കുക.

എത്രയും വേഗം ആ ചെറുപ്പക്കാരനെ ഇന്‍ഡ്യയില്‍ എത്തിക്കേണ്ടത് അമേരിക്കന്‍ മലയാളികളുടെ കടമയായി കണക്കാക്കുക. ഒരാളെ കുറ്റക്കാരനായി മുദ്രയടിക്കുകയോ, അയാളെ സമൂഹത്തില്‍ തരം താഴ്ത്തി കാണിക്കാനോ ശ്രമിക്കുന്ന നമ്മുടെ ഇടയിലുള്ള തെറ്റായ പ്രവണതകള്‍ അവസാനിപ്പിച്ച് ചുവപ്പു നാടയില്‍ കുരുങ്ങിക്കിടക്കുന്ന ആ ചെറുപ്പക്കാരനെ എത്രയും വേഗം നാട്ടിലെത്തിച്ച് അതില്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിക്കുക. അങ്ങിനെ ചെയ്താല്‍ അമേരിക്കന്‍ മലയാളികള്‍ക്ക് എക്കാലവും അഭിമാനിക്കുകയും ചെയ്യാന്‍ കഴിയും. ഇതില്‍ പങ്കാളികളാകാന്‍ ശ്രമിക്കാന്‍ തയ്യാറാള്ളവര്‍ അനില്‍ പുത്തന്‍ചിറയുമായോ ഞാനുമായോ സഹകരിച്ചാല്‍ വിശദ വിവരങ്ങള്‍ നല്‍കുന്നതാണ്.

യേശുക്രിസ്തുവിന്റെ പ്രത്യാശ മനത്തിനായി കാത്തിരിക്കുന്നവരുടെ പ്രാര്‍ത്ഥനകളും, തങ്ങളുടെ പ്രിയപ്പെട്ടവന്റെ വരവിനായി കാത്തിരിക്കുന്ന ഇന്‍ഡ്യയിലുളളവരുടെ പ്രാര്‍ത്ഥനകളും, ന്യൂജേഴ്‌സി-ട്രൈസ്റ്റേറ്റിലുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള മനുഷ്യസ്‌നേഹികളുടെ പരിശ്രമങ്ങളും ഒത്തുചേരുമ്പോള്‍ സമാഗതമായിക്കൊണ്ടിരിക്കുന്ന 2017 തുടക്കത്തില്‍ത്തന്നെ ഫലദായകമായിത്തീരും എന്നു തന്നെ പ്രതീക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അനില്‍ പുത്തന്‍ചിറ: 732-319-6001
തോമസ് കൂവള്ളൂര്‍: 914-409-5772
വാര്‍ത്ത അയയ്ക്കുന്നത്: തോമസ് കൂവള്ളൂര്‍

ചാറ്റിംഗ് സംഭവത്തിലെകേസ് തീര്‍ന്നു; എന്നിട്ടും ഡീപോര്‍ട്ട് ചെയ്യാന്‍ തടസം  (തോമസ് കൂവള്ളൂര്‍)
Join WhatsApp News
കരോൾ 2016-12-08 08:47:56
കൂവള്ളൂരെ, വേറെ പണിയൊന്നും ഇല്ലേ? ഞങ്ങൾ ഭക്തന്മാർ അച്ചന്റെ ളോഹയും പിടിച്ചു വീടുവീടാന്തരം തപ്പുകൊട്ടി കരോൾ കരോൾ എന്ന പേരിൽ കുറച്ചുകാശുണ്ടാക്കുന്ന സമയമാ. ബാക്കി സമയം അസോസിയേഷനിൽ പോയി മൂക്കുമുട്ടെ കുടിച്ചു കൂത്താടണം, തെറിപറയണം അങ്ങനെ എത്ര എത്ര കലാപരിപാടികൾ.

അപ്പോഴാ തന്റെ ഒരു സഹായഹസ്തം! ദൈവം പിരിവുകാരുടെ കൂടെയാടോ. അധ്വാനിച്ചുണ്ടാക്കിയത് കളയാതെ, കുറച്ചു ഷോ ചെയ്തു കാശുണ്ടാക്ക്, നിങ്ങളുടെ പിന്നാലെ ആളുകൾ തന്നത്താൻ വരും. കാശില്ലെങ്കിൽ എഴുതിയ സമയം മിച്ചം, ഒരു പട്ടികുഞ്ഞുപോലും തിരിഞ്ഞുനോക്കാൻ ഉണ്ടാവൂല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക