Image

മീങ്കുന്നം സെന്റ് ജോസഫ്‌സ് പള്ളിയില്‍ മോഷണം

Published on 08 December, 2016
മീങ്കുന്നം സെന്റ് ജോസഫ്‌സ് പള്ളിയില്‍ മോഷണം

  മൂവാറ്റുപുഴ: മീങ്കുന്നം സെന്റ് ജോസഫ്‌സ് പള്ളിയില്‍ മോഷണം. പള്ളിക്ക് അകത്തുള്ളതുള്‍പ്പടെ അഞ്ചു നേര്‍ച്ചപ്പെട്ടികള്‍ തുറന്നു പണം കവര്‍ന്നു. അര്‍ധരാത്രി 12ന് ശേഷമാണ് മോഷണം നടന്നത്. ഇന്നു പുലര്‍ച്ചെ അഞ്ചോടെ പള്ളിയിലെത്തിയ കപ്യാരാണ് മോഷണവിവരം അറിഞ്ഞത്. തുടര്‍ന്ന് പള്ളിവികാരിയേയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പ്രതി മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

പള്ളിയുടെ പോര്‍ട്ടിക്കോയില്‍ വച്ചിട്ടുള്ള രൂപത്തിനു സമീപമുള്ള നേര്‍ച്ചപ്പെട്ടിയാണ് പ്രതി ആദ്യം തുറന്നത്. അരമണിക്കൂറോളം എടുത്താണ് പ്രതി നേര്‍ച്ചപ്പെട്ടി തുറന്നത്. തുടര്‍ന്ന് പള്ളിയുടെ സിസിടിവിയില്‍ നിന്ന് അകന്നിരിക്കുന്ന ഭാഗത്തെ വാതില്‍ പൊളിച്ച് അകത്തു കയറി. അരമണിക്കൂറിനു മുകളില്‍ സമയമെടുത്താണ് കള്ളന്‍ വാതില്‍ തുറന്നത്. വാതിലിന്റെ കൊളുത്തും പൂട്ടുകളും ആയുധമുപയോഗിച്ച് തുറക്കുകയായിരുന്നു. തുടര്‍ന്ന് പള്ളിക്കകത്ത് കയറി നാലു ഭാഗങ്ങളിലായി രൂപങ്ങളുടെ അടുത്തുവച്ചിരുന്ന നേര്‍ച്ചപ്പെട്ടികള്‍ ഓരോന്നായി ഇളക്കിയെടുത്ത് പള്ളിക്ക് പുറത്തുകൊണ്ടുവന്ന് അതിനുള്ളില്‍ നിന്ന് പണം എടുക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും കള്ളനെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ആറടിയിലേറെ ഉയരം തോന്നിക്കുന്ന ആള്‍ മുഖംമൂടി അണിഞ്ഞിരുന്നു. കണ്ണാടിയും വച്ചിരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ശരീരം കറുത്ത തുണികൊണ്ട് പുതച്ചിരിക്കുന്നതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

രാവിലെ ഏഴോടെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പള്ളിയിലെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. ആഴ്ചകള്‍ക്കു മുമ്പ് വാഴക്കുളം സെന്റ് ജോര്‍ജ് പള്ളിയിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. അവിടെയും ആറടിക്കുമുകളില്‍ ഉയരമുള്ള ആളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ആ സംഭവത്തിലെ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മൂവാറ്റുപുഴ മേഖലയിലെ കടകളിലും മോഷണശ്രമങ്ങള്‍ ഉണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക