Image

സാഹിത്യനിരൂപകന്‍ ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് നിര്യാതനായി

Published on 08 December, 2016
സാഹിത്യനിരൂപകന്‍ ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് നിര്യാതനായി

  കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ സാഹിത്യനിരൂപകനും സാംസ്‌കാരിക വിമര്‍ശകനുമായ ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് (47) നിര്യാതനായി. ഒരാഴ്ചയായി മെഡിക്കല്‍ കോളജാശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

ഒന്നിന് വെള്ളിപറമ്പില്‍ കാല്‍നടയാത്രയ്ക്കിടെ എതിരെ വന്ന ബൈക്കിടിച്ചാണ് പ്രദീപന് ഗുരുതര പരിക്കേറ്റത്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി കൊയിലാണ്ടി സെന്റര്‍ മലയാള വിഭാഗം മേധാവിയാണ്. വെള്ളിപറമ്പ് കിഴിനിപ്പുറത്ത് ശ്രാവസ്തിയിലാണ് താമസം. 1969ല്‍ പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പാമ്പിരിക്കുന്നിലാണ് ജനനം. സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, സംഗീത നിരൂപകന്‍ എന്നീ നീലകളില്‍ പ്രശസ്തനാണ്. ദളിത് പഠനത്തില്‍ ഡോക്ടറേറ്റ് നേടി. കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ എം.എ. മലയാളം പാസായി. ‘ദളിത് പഠനം: സ്വത്വം സംസ്‌കാരം സാഹിത്യം, ദളിത് സൗന്ദര്യശാസ്ത്രം, ഏകജീവിതാനശ്വര ഗാനം: ചലച്ചിത്ര ഗാനസംസ്‌കാര പഠനം എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 

തുന്നല്‍ക്കാരന്‍, വയലും വീടും, ബ്രോക്കര്‍, ഉടല്‍ എന്നീ നാടകങ്ങള്‍ രചിച്ചു. ഗ്രാമീണമായ ശൈലിയിലുള്ള തുന്നല്‍ക്കാരനും മൂറ്റം നിരവധി വേദികളില്‍ ജനശ്രദ്ധയാകര്‍ഷിച്ച് അരങ്ങേറി. അറിയപ്പെടുന്ന പ്രഭാഷകനുമാണ്. സുകുമാര്‍ അഴീക്കോട് എന്‍ഡോവ്‌മെന്റ്, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എന്‍.വി. സ്മാരക വൈജ്ഞാനിക അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. അച്ഛന്‍: കേളുപ്പണിക്കര്‍. അമ്മ: ചീരു. ഭാര്യ: ഡോ. സജിത കിഴിനിപ്പുറത്ത് (കൊടുവള്ളി ഗവ. കോളജ് അധ്യാപിക). മക്കള്‍: ശ്രാവണ്‍ മാനസ്, ധ്യാന്‍ മാനസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക