Image

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 16- സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 08 December, 2016
മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 16- സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
പാവം സൂസമ്മ. എങ്ങിനെയാണവള്‍ ഒരു തീരുമാനത്തിലെത്തുക. അവളെ മരണത്തില്‍ നിന്നും രക്ഷിച്ച് സംരക്ഷിക്കുന്ന ഉത്തമരായ ദമ്പതികള്‍. മാന്യതയുള്ള കുടുംബം. ഒരമ്മയാകാനോ, ഒരു പിഞ്ചോമനയെ താലോലിക്കാനോ ഭാഗ്യമില്ലാത്ത അവരെ സഹായിക്കാന്‍ തനിക്കു കഴിയുമെങ്കില്‍ അതു ചെയ്യേണ്ടത് തന്റെ കടമയല്ലേ. ഒരു കുഞ്ഞിനെ വഹിക്കാന്‍ പ്രാപ്തിയുള്ള യുവതിയാണു താനെന്ന് തെളിഞ്ഞു കഴിഞ്ഞു. താന്‍ ഇവരോടൊത്തു ഇവിടെ ഉണ്ടെന്നുള്ള വിവരം അറിയാവുന്ന ഒരേയൊരു വ്യക്തി അജിത് മാത്രമാണ്. തന്റെ അപേക്ഷ അനുസ്സരിച്ച് അയാള്‍ ആ വിവരം നാട്ടില്‍ അറിയിച്ചിട്ടുമില്ല.

ആ രാത്രി അവള്‍ക്കുറങ്ങാന്‍ കഴിഞ്ഞില്ല. വീണ്ടും ഒരു ഗര്‍ഭം പേറുക. അതും മറ്റൊരു കുടുംബത്തിനുവേണ്ടി. പക്ഷെ തന്റെ ജീവിതം അവരുടെ ദാനമാണ്. പ്രത്യുപകാരം എന്ന നിലയിലെങ്കിലും അതു ചെയ്യാന്‍ താന്‍ കടപ്പെട്ടവളാണ്. പ്രഭാതമായപ്പോഴേയ്ക്കും അവള്‍ ഒരു തീരുമാനത്തിലെത്തി. ചേച്ചിക്ക് അനുകൂലമായ ഒരു മറുപടി രാവിലെ കൊടുക്കണം.

ഉദയവര്‍മ്മ രാവിലെ തന്നെ പൊയ്ക്കഴിഞ്ഞിരുന്നു. പ്രഭാതഭക്ഷണത്തിനു രാജശ്രീയും മിനിക്കുട്ടിയും മാത്രം.

രാജശ്രീ:- ""Good morning Minikutty. രാത്രി ഉറങ്ങിയോ.''

മിനി:- Good morning Chechy, സത്യത്തില്‍ കഴിഞ്ഞ രാത്രി ഞാന്‍ ഉറങ്ങിയതേ ഇല്ല. രാത്രി മുഴുവന്‍ ചിന്തയിലായിരുന്നു. ചേച്ചിയുടെ ആഗ്രഹപ്രകാരം അതിനുള്ള നടപടികള്‍ ആരംഭിച്ചോളൂ. അങ്ങിനെയാണേല്‍ ഇനി അതിനുശേഷം എനിക്കൊരു ജോലിക്കു ശ്രമിച്ചാല്‍ മതി.

രാജശ്രീയുടെ ഹൃദയത്തില്‍ സന്തോഷത്തിന്റെ മാലപ്പടക്കം. അവള്‍ കസാലയില്‍ നിന്നും ചാടിയെണീറ്റ് മിനിയെ ആലിംഗനം ചെയ്തു നെറുകയില്‍ ചുംബിച്ചു. മിനിക്കുട്ടിയെ ദൈവം അവര്‍ക്കുവേണ്ടി അയച്ചതാണെന്ന് അവര്‍ വിശ്വസിച്ചു. താമസംവിനാ, രാജശ്രീ തന്റെ പ്രിയതമനു ഫോണ്‍ ചെയ്തു. രാജശ്രീയുടെ ശബ്ദത്തിലെ സന്തോഷം അയാള്‍ തിരിച്ചറിഞ്ഞു.

തന്റെ സഹധര്‍മ്മിണിയുടെ സന്തോഷത്തില്‍ പങ്കുചേരുവാനും തങ്ങള്‍ക്കുവേണ്ടി ഇത്തരമൊരു ത്യാഗത്തിനു തയ്യാറായ മിനിക്കുട്ടിയെ തങ്ങളുടെ നന്ദി അറിയിക്കുവാനുമായി അദ്ദേഹം വീട്ടില്‍ തിരിച്ചെത്തി. അന്നത്തെ പകലിനു കൂടുതല്‍ മനോഹാരിത അവര്‍ക്കനുഭവപ്പെട്ടു. ആകാശവിതാനത്തില്‍ വെള്ളിമേഘങ്ങള്‍ നീങ്ങിക്കൊണ്ടേയിരുന്നു. വൃക്ഷക്കൊമ്പുകളില്‍ ഇരിക്കുന്ന ഇണക്കിളികള്‍ പ്രേമഗാനം ആലപിക്കുന്നതുപോലെ.

ഉദയവര്‍മ്മ-രാജശ്രീ ദമ്പതികളുടെ ജീവിതത്തിന് ഒരു പുതിയ ഉണര്‍വുണ്ടായ പ്രതീതിയായിരുന്നു, മിനിക്കുട്ടിയുടെ തീരുമാനം അറിഞ്ഞതുമുതല്‍. കഴിയുന്നതും വേഗം പ്രഗത്ഭനായ ഒരു ഡോക്ടരെക്കണ്ടു നടപടികള്‍ ആരംഭിക്കണമെന്ന് ഇരുവരും തീരുമാനിച്ചു. മിനിക്കുട്ടി ഇന്നു അവരുടെ ജീവിതത്തിലെ അതിപ്രധാനമായ ഒരു ഘടകമാണ്. എല്ലാ ആലോചനകളും തീരുമാനങ്ങളും അവളും കൂടി ചേര്‍ന്നാണ് നടത്തുന്നത്.

മിനിക്കുട്ടി വളരെ ന്യായമായ ഒരാവശ്യം അവരുടെ മുമ്പില്‍ ഉന്നയിക്കുകയുണ്ടായി. താന്‍ സ്ഥലംമാറി മറ്റൊരു ആശുപത്രിയിലേക്കു പോകുന്നു എന്ന് അവള്‍ വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ വളരെ വിരളമായി മാത്രമാണ് അവരുമായി ബന്ധപ്പെട്ടിരുന്നത്. വൃദ്ധരായ മാതാപിതാക്കളെയും വിവാഹപ്രായമെത്തിയ അനുജത്തിയെയും തനിക്കു പറ്റിയ ചതിയെപ്പറ്റി എങ്ങിനെ പറഞ്ഞു മനസ്സിലാക്കും. നിഷ്ക്കളങ്കരായ ആ ഗ്രാമീണര്‍ക്കു കനത്ത ഒരു ആഘാതമായിരിക്കും മിനിക്കുട്ടിക്കുണ്ടായ അനുഭവം. അവരെപ്പറ്റി അവള്‍ ഉത്ക്കണ്ഠാകുലയാണ്. അവരെ അഭിമുഖീകരിക്കുവാനുള്ള പ്രാപ്തി അവള്‍ക്കില്ല. ഒരു പക്ഷെ ഇതിനോടകം എവിടെനിന്നെങ്കിലും അപ്രിയമായ ആ സത്യം അവരറിഞ്ഞിരിക്കുമോ. ഏതായാലും അവരെ നേരില്‍ പോയിക്കാണണം. പുതിയ സ്ഥലത്തെത്തിയ മകള്‍ സുഖമില്ലാതെ കിടപ്പിലായിരുന്നു എന്നു പറഞ്ഞാല്‍ ഒരു പക്ഷെ പാവപ്പെട്ട ആ വീട്ടുകാര്‍ വിശ്വസിച്ചേക്കാം. ഏതായാലും താന്‍ ഏറ്റെടുക്കാന്‍ പോകുന്ന പുതിയ ചുമതലകള്‍ക്കു മുമ്പായി അവരെ പോയിക്കാണണം.

വളരെ ചിന്തിച്ചശേഷം അവള്‍ തന്റെ ആഗ്രഹം രാജശ്രീയെ അറിയിച്ചു. ഉദയവര്‍മ്മയും വിവരം അറിഞ്ഞപ്പോള്‍, അത് മിനിക്കുട്ടിയുടെ ന്യായമായ ഒരാഗ്രഹം മാത്രമാണെന്നും ഇനി താമസിയാതെ അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. മാതാപിതാക്കള്‍ക്കും മേരിക്കും ആവശ്യമായ ചില സാധനങ്ങള്‍ വാങ്ങി. എല്ലാക്കാര്യങ്ങളിലും ഉത്സാഹത്തോടെ രാജശ്രീയും മിനിക്കുട്ടിയോടൊപ്പം ഉണ്ടായിരുന്നു. ഒരു മാസത്തേക്ക് നാട്ടില്‍ പോയി വരാനുള്ള ടിക്കറ്റ് ഉദയവര്‍മ്മ ആണ് ഏര്‍പ്പാടാക്കിയത്. ഒരു സുപ്രഭാതത്തില്‍ മിനിക്കുട്ടി നാട്ടിലേക്കുള്ള തീവണ്ടി കയറി. വീട്ടില്‍ നിന്നും നിന്നും ഇറങ്ങുന്നതിനുമുമ്പായി രാജശ്രീ അവള്‍ക്ക് ഒരു ഹാന്‍ഡ്ബാഗ് സമ്മാനിച്ചിരുന്നു. തീവണ്ടിയില്‍ വച്ചാണ് അവളതു തുറന്നു നോക്കിയത്. കുറച്ചു പണവും കൂടെ ഒരു കത്തും. സൂസമ്മ ആഗ്രഹിക്കുന്നതുപോലെ സ്വന്തമായി ഒരു വീടു വാങ്ങുന്നതിനു വേണ്ട ഏര്‍പ്പാടുകള്‍, സൂസമ്മ നാട്ടിലുള്ളപ്പോള്‍ തന്നെ ചെയ്യണമെന്നും മേരിയുടെ വിവാഹക്കാര്യത്തില്‍ എന്തു സഹായം വേണമെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണെന്നും കത്തില്‍ രാജശ്രീ എഴുതിയിരുന്നു. ആ നല്ല കുടുംബത്തോടു അവള്‍ക്കു കൂടുതല്‍ ബഹുമാനം തോന്നി.

യാത്രയില്‍ മിനിക്കുട്ടിയുടെ ഹൃദയം വിവിധ വികാരങ്ങളാല്‍ കലുഷിതമായിരുന്നു. ഏതുവിധത്തിലായിരിക്കും തന്റെ മാതാപിതാക്കള്‍ തന്നെ സ്വീകരിക്കുക. അയല്ക്കാര്‍ തന്നെപ്പറ്റി എന്തെല്ലാം ഊഹാപോഹങ്ങള്‍ ഉയര്‍ത്തിയിരിക്കാം. ചില പ്രതിസന്ധി ഘട്ടങ്ങളില്‍, മാനസ്സികമായി കൂടുതല്‍ ധൈര്യവും ശക്തിയും സ്വായത്തമാക്കാന്‍ ശ്രമിക്കുക എന്നത് മനുഷ്യസഹജമാണ്. സൂസമ്മയും അതുതന്നെ ചെയ്യാന്‍ ശ്രമിച്ചു. തന്റെ കൊച്ചുഗ്രാമത്തിനടുത്തുള്ള സ്റ്റേഷനില്‍ തീവണ്ടിയില്‍ നിന്നിറങ്ങിയ സൂസമ്മയുടെ ഹൃദയമിടിപ്പു വര്‍ദ്ധിച്ചു. ഒരു ടാക്‌സിക്കാരനെ വിളിച്ചു തന്റെ വീട്ടിലേക്കുള്ള വിലാസം പറഞ്ഞുകൊടുത്തു. അവളുടെ സൂട്ട്‌കേസു കാറിലേക്കു വയ്ക്കുമ്പോള്‍ അയാളുടെ നോട്ടം സംശയാസ്പദമായി അവള്‍ക്കു തോന്നി.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക