Image

ശബരിമലയില്‍ പുതിയ പൊലീസ് ബറ്റാലിയന്‍ ചുമതലയേറ്റു

അനിൽ പെണ്ണുക്കര Published on 08 December, 2016
ശബരിമലയില്‍ പുതിയ പൊലീസ് ബറ്റാലിയന്‍ ചുമതലയേറ്റു
ശബരിമലയില്‍ പുതിയ പൊലീസ് ബറ്റാലിയന്‍ സുരക്ഷാ ചുമതലയേറ്റു. 1022 പൊലീസുകാരാണ് ഇത്തവണ ഡ്യൂട്ടിക്ക് എത്തിയത്. ഡ്യൂട്ടിയുടെ ഭാഗമായി ക്വിക്ക് റെസ്‌പോണ്‍സ്  ടീമില്‍ 30 പേരെയും വെര്‍ച്യല്‍ ക്യൂവില്‍ 42 പേരെയും വിന്യസിച്ചു. അയ്യപ്പന്‍മാര്‍ക്ക് സുഗമമായ ദര്‍ശനം എന്നതാണ് പോലീസിന്റെ നയമെന്നും സുരക്ഷയ്‌ക്കൊപ്പം സഹായവും എന്ന നിലപാടോടെ മുന്നോട്ട് പോകാന്‍   പൊലീസുകാര്‍ സന്നദ്ധരാകണമെന്ന്  സന്നിധാനം സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ കെ പി മധു  പുതിയ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. എ.എസ്.പി അസി.സ്‌പെഷ്യല്‍ ഓഫീസര്‍  ഗോകുലചന്ദ്രന്‍ ,ഡി വൈ എസ് പിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. 

തീര്‍ഥാടക സൗകര്യാര്‍ഥം രാത്രികാല മെഡിക്കല്‍ സ്‌റ്റോറുകള്‍ 

തീര്‍ഥാടകരുടെ സൗകര്യാര്‍ഥം രാത്രികാല മെഡിക്കല്‍ സ്റ്റോറുകള്‍.പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകളും സ്ഥലവും ചുവടെ: നിര്‍മല മെഡിക്കല്‍സ്, കളക്ടറേറ്റിനു സമീപം. അടൂര്‍ : കാരുണ്യ ഫാര്‍മസി, ജനറല്‍ ആശുപത്രി കോമ്പൗണ്ട്. കുളനട : മംഗലശേരില്‍ ഡ്രഗ് ഹൗസ്. കോന്നി : പൂജ മെഡിക്കല്‍സ്. കോഴഞ്ചേരി : മഠത്തില്‍ മെഡിക്കല്‍സ്. റാന്നി : ട്രിനിറ്റി ഹെല്‍ത്ത് കെയര്‍, ബൈപ്പാസ് റോഡ്. വടശേരിക്കര : നീതി മെഡിക്കല്‍ സ്‌റ്റോര്‍. തിരുവല്ല : കാര്‍മല്‍ ആശ്രയ മെഡിക്കല്‍സ്, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു എതിര്‍വശം.

  
അകക്കണ്ണില്‍ അയ്യനെക്കാണാന്‍ വേലായുധന്‍പിള്ള

ജന്മനാ കാഴ്ചയില്ലെങ്കിലും അകക്കണ്ണാല്‍ അയ്യനെക്കാണാന്‍ വേലായുധന്‍പിള്ളയെത്തി. കൊല്ലം പെരുമണ്‍ സ്വദേശിയായ വേലായുധന്‍പിള്ള ബന്ധുമിത്രാദികളോടൊപ്പം ഇത് രണ്ടാം തവണയാണ് പതിനെട്ടാംപടി ചവിട്ടുന്നത്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളേജില്‍ നിന്നും മ്യൂസിക്കില്‍ ബിരുദാനന്തര ബിരുദമുള്ള ഇദ്ദേഹത്തിന് ഭാഗവതം കാണാപ്പാഠമാണ്. അയ്യപ്പന്റെ അനുഗ്രഹമുണ്ടെങ്കില്‍ മുടങ്ങാതെ തിരുസന്നധിയില്‍ എത്തുമെന്ന് വേലായുധന്‍പിള്ള പറഞ്ഞു. 


പമ്പയില്‍ റെയ്ഡ് : പിഴ ഈടാക്കി

പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി.രാജചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കച്ചവടക്കാരില്‍ നിന്ന് പിഴ ഈടാക്കി. കഴിഞ്ഞ രണ്ടു ദിവസമായി കടകളില്‍ നടത്തിയ പരിശോധനയില്‍ 25000 രൂപ പിഴ ചുമത്തി. സ്റ്റീല്‍ പാത്രത്തിന് കൂടുതല്‍ വില വാങ്ങിയ രാമമൂര്‍ത്തി മണ്ഡപത്തിനു സമീപത്തെ മൂന്ന് കടകളില്‍ നിന്ന് 12500 രൂപയും ഭക്ഷണസാധനങ്ങളുടെ അളവില്‍ കുറവ് കണ്ടെത്തിയതിന് പമ്പ പോലീസ് സ്‌റ്റേഷനു സമീപത്തെ ഹോട്ടലില്‍ നിന്ന് 2500 രൂപയും പിഴ ഈടാക്കി. വിരിക്കും ടോയ്‌ലറ്റിനും അമിത നിരക്ക് ഈടാക്കിയതിന് 10000 രൂപ പിഴ ചുമത്തി. ഗ്യാസ്, വിറക് എന്നിവയുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചതായി ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു. കുത്തകയിലെ വ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ജി.വി ഹരിഹരന്‍ നായര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ ജിന്‍സണ്‍, രത്‌നമണി, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍ എ.കെ വിജയന്‍, ബി.ഡി.ഒ കെ.ഇ വിനോദ്കുമാര്‍, റവന്യു ഉദ്യോഗസ്ഥന്‍ ഹരികുമാര്‍ എന്നിവരുള്‍പ്പെട്ട സ്‌ക്വാഡാണ് പരിശോധന നടത്തിയത്. 

ശബരിമല : കാണിക്കയിലും നടവരവിലും വന്‍ വര്‍ധനവ്

മണ്ഡലം 22 വരെ ശബരിമലയില്‍ കാണിക്കയിലും നടവരവിലും വന്‍ വര്‍ധനവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ  11.53 കോടി രൂപയാണ് വര്‍ധന.അരവണവില്‍പനയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒന്‍പതുകോടിയോളം രൂപ അധികമായി ലഭിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ 32.18 കോടി രൂപയായി.അപ്പം വില്‍പന മുന്‍ വര്‍ഷത്തെ 5.34 കോടിയായിരുന്നത് 6.16 കോടിയായി ഉയര്‍ന്നു.അന്നദാനത്തിനുള്ള സംഭാവന 34.37 ലക്ഷം എന്ന മുന്‍ കണക്കില്‍ നിന്നും 40.25 ലക്ഷമായി വര്‍ധിച്ചു. കാണിക്ക 21.96 കോടിയായിരുന്നത് 23.83 കോടിയായി ഉയര്‍ന്നു.കഴിഞ്ഞ വര്‍ഷം ഇതേ സമയം നെയ്യഭിഷേകത്തില്‍ നിന്നും ലഭിച്ച വരുമാനം 65.49 ലക്ഷം രൂപയാണ്.ഇത്തവണ അത് 72.88 ലക്ഷമായി ഉയര്‍ന്നുവെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. 


പ്ലാസ്റ്റിക്കിനെതിരെ മൈക്കുകെട്ടി പ്രചരണം

 അയ്യപ്പന്‍മാര്‍ക്കരികില്‍ മൈക്കുമായെത്തി പ്ലാസ്റ്റിക്കിനെതിരെ ബോധവത്ക്കരണം. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ശുചിത്വ പദ്ധതിയായ പുണ്യംപൂങ്കാവനത്തിന്റെ പ്രവര്‍ത്തകരാണ് വേറിട്ട പ്രവര്‍ത്തനത്തിലൂടെ മാതൃകയായത്. വിവിധ ദേശങ്ങളിലെത്തിയ അയ്യപ്പന്‍മാര്‍ക്ക് അവരുടെ ഭാഷകളില്‍ തന്നെയാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.  ശബരിമല പ്ലാസ്റ്റിക് രഹിതാക്കുക,  മാലിന്യങ്ങള്‍ കൃത്യമായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുക, പൊതുഇടങ്ങളില്‍ പാലിക്കേണ്ട ശുചിത്വ നിര്‍ദേശങ്ങള്‍ എന്നിവയാണ് പ്രധാനമായും നല്‍കിയത്. പുതിയ സംരംഭത്തിന് അയ്യപ്പന്‍മാരില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.
ശബരിമലയില്‍ പുതിയ പൊലീസ് ബറ്റാലിയന്‍ ചുമതലയേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക