Image

ബാഴ്‌സലോണയില്‍ സൗഹൃദം കളിക്കാന്‍ ചാപെകോയന്‍സിനു ക്ഷണം

Published on 08 December, 2016
ബാഴ്‌സലോണയില്‍ സൗഹൃദം കളിക്കാന്‍ ചാപെകോയന്‍സിനു ക്ഷണം
റിയോ ഡി ഷാനെറോ: കൊളംബിയന്‍ മലനിരകളില്‍ വിമാനം തകര്‍ന്നുവീണ് ടീം അംഗങ്ങള്‍ മരിച്ച ബ്രസീലിലെ ചാപെകോയന്‍സ് ക്ലബ്ബിന് ബാഴ്‌സലോണയില്‍ സൗഹൃദ മത്സരം കളിക്കാന്‍ ക്ഷണം. ഓഗസ്റ്റില്‍ സൗഹൃദമത്സരം കളിക്കാനാണ് ബാഴ്‌സ ക്ലബ്ബിനെ ക്ഷണിച്ചിരിക്കുന്നത്. ക്യാമ്പ്‌നൂവിലാണ് മത്സരം. വിമാനം തകര്‍ന്നു മരിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങളോടുമുള്ള ആദരം പ്രകടിപ്പിക്കുന്നതിനായാണ് ചാപെകോയന്‍സിനെ ക്ഷണിച്ചിരിക്കുന്നതെന്ന് ബാഴ്‌സയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചിട്ടുണ്ട്. 

നവംബര്‍ 28നാണ് ബ്രസീല്‍ ഫുട്‌ബോള്‍ ക്ലബ് ചാപെകോയന്‍സിന്റെ ടീം അംഗങ്ങളുമായി സഞ്ചരിച്ച ചാര്‍ട്ടേഡ് വിമാനം കൊളംബിയന്‍ മലനിരകളില്‍ തകര്‍ന്നു വീണത്. 71 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 81 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അടിയന്തര ലാന്‍ഡിംഗിനു ശ്രമിക്കുന്നതിനിടെ മെഡെലിന്‍ നഗരത്തിനു സമീപമാണു വിമാനം തകര്‍ന്നുവീണത്. ബ്രസീല്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ ചാപെകോയന്‍സ് താരങ്ങള്‍, പരിശീലകര്‍, ക്ലബ് വൈസ് പ്രസിഡന്റ്, ഓഫീഷ്യലുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുള്‍പ്പെടെ 72 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ബ്രസീലിലെ സാംപോളോയില്‍നിന്നു പുറപ്പെട്ട വിമാനം ബൊളീവിയയിലെ സാന്റാ ക്രൂസില്‍ ഇറക്കിയിരുന്നു. തുടര്‍ന്ന് കൊളംബിയയിലേക്കുള്ള യാത്രാമധ്യേയാണു തകര്‍ന്നു വീണത്. കോപ്പ സുഡമേരികാന (ദക്ഷിണ അമേരിക്കന്‍ കപ്പ്) ഫുട്‌ബോള്‍ ഫൈനലിന്റെ ആദ്യപാദ മത്സരത്തിനായി പുറപ്പെട്ട ചാപെകോയന്‍സ് താരങ്ങളും സംഘവുമായിരുന്നു വിമാനത്തില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക