Image

ജയലളിതയുടെ മരണത്തിന്‌ പിന്നിലെ ദുരൂഹത അന്വേഷിക്കണം: പ്രധാനമന്ത്രിയ്‌ക്ക്‌ നടി ഗൗതമിയുടെ തുറന്ന കത്ത്‌

Published on 08 December, 2016
ജയലളിതയുടെ മരണത്തിന്‌ പിന്നിലെ ദുരൂഹത അന്വേഷിക്കണം: പ്രധാനമന്ത്രിയ്‌ക്ക്‌  നടി ഗൗതമിയുടെ തുറന്ന  കത്ത്‌


ചെന്നൈ: തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ ചലച്ചിത്ര നടി ഗൗതമി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണം നടത്തണമെന്നും ഗൗതമി ആവശ്യപ്പെട്ടു.

തന്റെ ഔദ്യോഗിക ബ്ലോഗിലാണ്‌ ജയലളിതയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ട്രാജഡി ആന്‍ഡ്‌ അണ്‍ ആന്‍സ്വേര്‍ഡ്‌ ക്വസ്റ്റ്യന്‍സ്‌ എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്‌ത്‌ കത്ത്‌ എഴുതിയിരിക്കുന്നത്‌.

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമുള്ള 75 ദിവസത്തോളം നടന്ന സംഭവങ്ങളും കാര്യത്തിന്റെ പുരോഗതിയും സംശയം ജനിപ്പിക്കുന്നതായി ഗൗതമി ചൂണ്ടിക്കാട്ടുന്നു. 

ചികിത്സ, രോഗം കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍, ഇടയ്‌ക്ക്‌ പെട്ടെന്നു രോഗം മൂര്‍ച്ഛിച്ചത്‌, ഹൃദയസ്‌തംഭനം തുടങ്ങി ഓരോ കാര്യങ്ങളും സംശയം ജനിപ്പിക്കുന്നുണ്ട്‌. ഇത്തരം കാര്യങ്ങളില്‍ എല്ലാം അന്വേഷണം നടത്തി ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാണ്‌ ഗൗതമി കത്തില്‍ ആവശ്യപ്പെടുന്നത്‌.

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയലളിതയെ കാണാന്‍  ആരെയും അനുവദിച്ചിരുന്നില്ല. പ്രമുഖരായ പലരും അവരെ കാണാന്‍ ആശുപത്രിയിലെത്തിയെങ്കിലും സന്ദര്‍ശനം അനുവദിച്ചില്ല. 

തമിഴ്‌നാട്‌ മുഖ്യമന്ത്രിയും സ്‌നേഹനിധിയുമായ ജയലളിതയെ പോലൊരു നേതാവിന്റെ കാര്യത്തില്‍ എന്തിനായിരുന്നു ഇത്ര രഹസ്യസ്വഭാവം കാത്തു സൂക്ഷിച്ചത്‌. ജയലളിതയെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചത്‌ ഏത്‌ അധികാരകേന്ദ്രമാണ്‌. കത്തിലൂടെ ഗൗതമി ചോദിക്കുന്നു


ജയലളിതയുടെ അസുഖവിവരം സംബന്ധിച്ച്‌ ആദ്യംമുതല്‍തന്നെ വിവരങ്ങള്‍ മൂടിവയ്‌ക്കപ്പെട്ടിരുന്നു.

ആശുപത്രിവാസത്തിനിടയില്‍ ജയയുടെ ആരോഗ്യത്തെക്കുറിച്ചു പുറത്തുവന്ന ഔദ്യോഗികമായ വിവരങ്ങള്‍ അപ്പോളോ ആശുപത്രി വല്ലപ്പോഴും പുറത്തിറക്കുന്ന മെഡിക്കല്‍ ബുള്ളറ്റിനുകളായിരുന്നു.

ജനങ്ങളുടെ ചോദ്യത്തിന്‌ ആര്‌ ഉത്തരം പറയും? തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഉള്ളിലുള്ള ചോദ്യങ്ങളാണ്‌ താനും ചോദിക്കുന്നത്‌.ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസ്സിലുണ്ട്‌. ഗൗതമി പറയുന്നു.

ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാക്കളെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌.

 പ്രത്യേകിച്ച്‌ ഇപ്രകാരമൊരു ദുരന്തത്തിനു പിന്നിലെ കാരണങ്ങള്‍ ഒരു കാരണവശാലും ചോദ്യംചെയ്യപ്പെടാതെയും ഉത്തരം ലഭിക്കാതെയും പോകരുത്‌.

നേതാക്കന്‍മാര്‍ക്ക്‌ ഇതാണ്‌ അവസ്ഥയെങ്കില്‍ സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന സാധാരണക്കാര്‍ക്ക്‌ എന്തു സംഭവിക്കും? എന്റെ ഉത്‌കണ്‌ഠയാണു ഞാന്‍ ഇവിടെ പങ്കുവയ്‌ക്കുന്നത്‌. 

താങ്കള്‍ അതു വ്യക്തമായി മനസ്സിലാക്കുകയും ചെയ്യുമെന്ന്‌ തന്നെ വിശ്വസിക്കുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നടപടിയെടുക്കുമെന്നാണ്‌ താന്‍ കരുതുന്നതെന്നും ഗൗതമി പറയുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക