Image

ശശികല എഐഎഡിഎംകെ നേതൃസ്ഥാനത്തേക്ക്‌

Published on 08 December, 2016
ശശികല  എഐഎഡിഎംകെ നേതൃസ്ഥാനത്തേക്ക്‌


ചെന്നൈ: തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതോടെ എഐഎഡിഎംകെയുടെ നേതൃസ്ഥാനം തോഴി ശശികല ഏറ്റെടുക്കുമെന്ന്‌ ഏറെക്കുറെ ഉറപ്പായി. തമിഴ്‌നാട്‌ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും മന്ത്രിമാരും ശശികലയെ പോയസ്‌ ഗാര്‍ഡനിലെ വസതിയില്‍ കാണാനെത്തി. ജലയളിതയുടെ വസതിയില്‍ ഇപ്പോള്‍ ശശികലയാണ്‌ താമസിക്കുന്നത്‌.

പാര്‍ട്ടിയിലോ സര്‍ക്കാരിലോ യാതൊരു സ്ഥാനവും ഇപ്പോള്‍ ശശികലയ്‌ക്കില്ല. എന്നാല്‍, പോയസ്‌ ഗാര്‍ഡന്‍ ഉള്‍പ്പെടെയുള്ളവയുടെ അധികാരിയായി ശശികല എത്തിയതോടെ പാര്‍ട്ടി നേതൃസ്ഥാനവും ശശികലയ്‌ക്ക്‌ നല്‍കിയേക്കും. ജയലളിത ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തതായാണ്‌ വിവരം.



ശശികല പോയസ്‌ ഗാര്‍ഡന്റെ നട്ടെല്ലാണെന്ന്‌ എഐഎഡിഎംകെ വക്താവ്‌ ഡോ. വി.മൈത്രേയന്‍ പറയുകയുകകൂടി ചെയ്‌തതോടെ പാര്‍ട്ടിയിലെ ഏറ്റവും വലിയ ശക്തി ശശികലയായിരിക്കുമെന്ന്‌ ഉറപ്പായി. ജയലളിത മരിച്ച്‌ മണിക്കൂറുകള്‍ക്കകം പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കാന്‍ നേതൃത്വം നല്‍കിയതും ശശികലയാണ്‌.

അതേസമയം, ശശികല പാര്‍ട്ടി സ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ എഐഎഡിഎംകെയ്‌ക്ക്‌ ഇപ്പോഴുളള ജനപിന്തുണ ഇല്ലാതാകുമെന്നാണ്‌ ചില നേതാക്കളുടെ ആശങ്ക. ജനങ്ങള്‍ക്കിടയില്‍ അഴിമതിക്കാരിയെന്ന സ്ഥാനമാണ്‌ ശശികലയ്‌ക്കുള്ളത്‌.

 ജയലളിതയോടുള്ള സ്‌നേഹമോ ആത്മാര്‍ഥതയോ ജനങ്ങള്‍ ശശികലയോട്‌ കാണിക്കില്ല. അജിത്തോ രജനീകാന്തോ പാര്‍ട്ടിയെ ഏറ്റെടുക്കുകയാണെങ്കില്‍ മാത്രമേ പാര്‍ട്ടിയുടെ പ്രതാപം തിരിച്ചു കിട്ടുകയുള്ളൂ. ശശികല പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ ഡിഎംകെയ്‌ക്ക്‌ തിരിച്ചുവരാനുള്ള അവസരംകൂടിയാകും അതെന്ന്‌ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക