Image

സൈന്യ വിന്യസം: മമതയുടെ ആരോപണങ്ങള്‍ വേദനാജനകമെന്ന്‌ മന്ത്രി പരീക്കര്‍

Published on 09 December, 2016
സൈന്യ വിന്യസം: മമതയുടെ ആരോപണങ്ങള്‍ വേദനാജനകമെന്ന്‌  മന്ത്രി പരീക്കര്‍

ന്യൂദല്‍ഹി: ബംഗാളിലെ ടോള്‍ ബൂത്തുകളില്‍ സൈന്യത്തെ വിന്യസിച്ചതിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ ആരോപണങ്ങള്‍ വേദന ഉളവാക്കുന്നതാണെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പരീക്കര്‍ മമതയ്‌ക്ക്‌ അയച്ച കത്തിലാണ്‌ ഇത്തരത്തില്‍ പരാമര്‍ശങ്ങളുള്ളത്‌.

താങ്കളെ പോലെ ഇത്രയും പരിചയസമ്പന്നതയുള്ള നേതാവില്‍ നിന്നും ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സാധാരണയായുള്ള പരിശീലനങ്ങളുടെ ഭാഗമായാണ്‌ ബംഗാളിലും മറ്റ്‌ സംസ്ഥാനങ്ങളിലും സൈന്യത്തെ വിന്യസിച്ചതെന്നും കത്തില്‍ വിശദീകരിക്കുന്നു. എന്നാല്‍ മമത ആരോപിക്കുന്നത്‌, നോട്ട്‌ നിരോധനത്തിനെതിരെ അവര്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ്‌ സൈന്യത്തെ വിന്യസിച്ചതെന്നാണ്‌. ബംഗാളില്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മമത ആരോപിക്കുന്നു.

രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന സൈന്യത്തിന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആരോപണങ്ങളാണ്‌ മമത നടത്തിയിരിക്കുന്നതെന്ന്‌ പരീക്കര്‍ കത്തില്‍ കുറിച്ചു. രാഷ്ട്രീയക്കാരുമായോ പാര്‍ട്ടികളുമായോ പരസ്‌പരം ആരോപണങ്ങളുണ്ടാകാം. അത്തരത്തിലുള്ള ആരോപണങ്ങള്‍ സൈനികര്‍ക്കെതിരെയാകുമ്പോള്‍ സൂക്ഷിക്കണമെന്നും പരീക്കര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഏതെങ്കിലും ഏജന്‍സികള്‍ അറിയിച്ചത്‌ പ്രകാരമായിരിക്കാം സൈന്യം ടോള്‍ ബൂത്തുകളിലെ സുരക്ഷ ഏറ്റെടുത്തതെന്നും ഈ കാര്യം അതത്‌ ഏജന്‍സികളുമായി ബന്ധപ്പെട്ടാല്‍ മാത്രമേ അറിയാന്‍ സാധിക്കൂ എന്നും മനോഹര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഡിസംബര്‍ ഒന്നിന്‌ മമതയുടെ നബാനയിലെ ഓഫീസിന്‌ സമീപമുള്ള ടോള്‍ പ്ലാസയില്‍ സൈന്യം ക്യാമ്പ്‌ ചെയ്‌തത്‌ മുതലാണ്‌ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക