Image

ഓാാ... പനീര്‍ശെല്‍വം !:പകല്‍ക്കിനാവ്-25 (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 12 December, 2016
ഓാാ... പനീര്‍ശെല്‍വം !:പകല്‍ക്കിനാവ്-25 (ജോര്‍ജ് തുമ്പയില്‍)
തമിഴ്‌നാട് ഇന്ത്യയിലെ വെറുമൊരു സംസ്ഥാനമല്ല. അത് ഇന്ത്യയ്ക്ക് അകത്തുള്ള ഒരു രാജ്യമാണ് എന്നു പറഞ്ഞാല്‍ അതായിരിക്കും അതിനു കൂടുതല്‍ യോജ്യമാവുക. കാരണം ഇത്രമേല്‍ വ്യത്യസ്തമായ സംസ്‌ക്കാരമുള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയില്‍ ഇല്ല തന്നെ. നാട്ടിലിറങ്ങാതെ, എന്തിന് ഭരണകേന്ദ്രത്തില്‍ പോലും പോവാതെ വീട്ടിലിരുന്നു മാത്രം ഭരിക്കുന്ന ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്ന ഒരു നാട്. അവര്‍ക്ക് വേണ്ടി നാനൂറോളം പേര്‍ മരിക്കുകയും അത്ര തന്നെ പേര്‍ ആത്മാഹൂതിക്ക് തയ്യാറായി ആശുപത്രിയിലാവുകയും ചെയ്‌തൊരു നാട്. ഇങ്ങനൊരു നാട് ഇന്ത്യയില്‍ ഉണ്ടെന്നു പറഞ്ഞാല്‍ ഈ ആധുനികോത്തര നൂറ്റാണ്ടില്‍ കേള്‍ക്കുന്നവര്‍ മൂക്കത്ത് വിരല്‍ വച്ചില്ലെങ്കിലേ അതിശയമുള്ളു. ഈ മുഖ്യമന്ത്രിയെ നിങ്ങളറിയും. പുരട്ചിതലൈവി ജയലളിത. കുമാരി ജെ. ജയലളിത ആശുപത്രിയിലായിരുന്ന സമയത്ത് ഈ കോളത്തിലൂടെ അവരെക്കുറിച്ച് കാര്യമായി പ്രതിപാദിച്ചിരുന്നതിനാല്‍ ഇനിയതിന് പ്രസക്തിയില്ല. ഇവിടെ പറഞ്ഞു വരുന്നത്, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിട്ടും അവിടെ നേരെ ചൊവ്വേ ഇരുന്നു ഭരിക്കാന്‍ പറ്റാത്ത ഒരാളെക്കുറിച്ചാണ്. പേര്- ഒ. പനീര്‍ശെല്‍വം. 

2014 സെപ്റ്റംബറില്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിത അഴിമതി നിരോധന നിയമ പ്രകാരം ജയിലില്‍ പോയതിനാല്‍ ഭരണകക്ഷി അംഗങ്ങള്‍ സര്‍ക്കാറിനെ നയിക്കാന്‍ പനീര്‍ശെല്‍വത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. 2014 സെപ്റ്റംബര്‍ 29ന് ഇദ്ദേഹം തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിനു മുന്‍പും ജയലളിതയുടെ ജയില്‍വാസ സമയത്ത് ആറു മാസം മുഖ്യമന്ത്രിയായിരുന്നു. 2001 ലാണ് ആദ്യമായി ഇദ്ദേഹം തമിഴ്‌നാട് മുഖ്യമന്തിയാകുന്നത്. ആറു മാസത്തിനു ശേഷം ജയലളിതയ്ക്കായി സ്ഥാനമൊഴിഞ്ഞിരുന്നു. ഇപ്പോഴിതാ, വീണ്ടും ജയലളിതയുടെ അസാന്നിധ്യത്തില്‍ മുഖ്യമന്ത്രിയായിരിക്കുന്നു. മുഖ്യമന്ത്രിയായി ഈ കസേരയില്‍ എത്ര കാലം ഇരിക്കുമെന്ന ചോദ്യത്തിനല്ല, എത്ര നാള്‍ ഉണ്ടാവുമെന്ന ചോദ്യത്തിനു മാത്രമാണ് പ്രസക്തി.

ജയലളിതയുടെ പിന്‍ഗാമി എന്നതില്‍ ഒരു ആശയക്കുഴപ്പവും ഇല്ലാതെയായിരുന്നു കാര്യങ്ങള്‍ ചെന്നൈയില്‍ മുന്നേറിയത്. അത് ഒ പനീര്‍ശെല്‍വം തന്നെയെന്നതിന് ആര്‍ക്കും രണ്ട് അഭിപ്രായമില്ല. തിന്നുമ്പോഴും, ഉറങ്ങുമ്പോഴും എന്തിന് ഉണരുമ്പോള്‍ പോലും ജയലളിതയുടെ ഫോട്ടോ കൈയില്‍ കരുതി പൂജിച്ച് പൂജിച്ച് പൂജിച്ച് കഴിയുന്ന ഈ ഭക്തന്റെ മുന്നില്‍ സാക്ഷാല്‍ ചിന്നമ്മ ശശികല പോലും തോറ്റു പോയി എന്നതാണ് സത്യം.. ജയലളിത അന്തരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായ സത്യ പ്രതിജ്ഞ ചെയ്യുകയായിരുന്നു. ജയലളിതയുടെ മൃതദേഹം അപ്പോളോ ആശുപത്രിയില്‍ നിന്ന് നടപടി ക്രമങ്ങള്‍ക്ക് ശേഷം പോയസ് ഗാര്‍ഡനിലേക്ക് മാറ്റുന്ന സമയത്ത് തന്നെ രാജ് ഭവനില്‍ പനീര്‍ശെല്‍വത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തി. 

ജയലളിതയുടെ തോഴി എന്നതു മാറി തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടക്കാനാണ് വി.എന്‍. ശശികല ഒരുങ്ങുന്നത്. ഇതിനു വേണ്ടി എഐഎഡിഎംകെ എന്ന പാര്‍ട്ടിയും നിയുക്ത മുഖ്യമന്ത്രിയായ ഒ.പനീര്‍ശെല്‍വവും തയ്യാറാകുമോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. എന്നാല്‍ ശശികലയുടെ ചിന്ന ബുദ്ധിയില്‍ വിരിഞ്ഞ രാഷ്ട്രീയ നാടകത്തെ എതിര്‍ക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നതാണ് ഒരു വലിയ യാഥാര്‍ത്ഥ്യം.
ശശികലയ്ക്ക് അണ്ണാ ഡിഎംകെയുടെ ചുമതല നല്‍കുന്നതിനെ അനുകൂലിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം തന്നെ രംഗത്തു വന്നു കഴിഞ്ഞു. അതാണ് തമിഴ്‌നാട് !. ശശികലയുടെ കീഴില്‍ പാര്‍ട്ടി അച്ചടക്കത്തോടെ മുന്നേറുമെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. കഴിഞ്ഞദിവസം അണ്ണാ ഡിഎംകെ പ്രസീഡിയം ചെയര്‍മാന്‍ മധുസൂദനന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയെ നയിക്കണമെന്നു ശശികലയോട് അഭ്യര്‍ഥിച്ചിരുന്നതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ പനീര്‍ശെല്‍വം ചിന്നമ്മയെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നത്. 

ഇതിനിടെ, ശശികലയെ വെല്ലുവിളിച്ച് ജയലളിതയുടെ സഹോദരപുത്രി ദീപ എത്തിയതു വരുംദിവസങ്ങളില്‍ ഒട്ടേറെ നാടകീയരംഗങ്ങള്‍ക്കു വഴിതുറന്നേക്കും. ജയലളിതയുടെ പിന്‍ഗാമിയാകാന്‍ താന്‍ ഒരുക്കമാണെന്നാണു ദീപയുടെ പ്രഖ്യാപനം. ജയലളിതയുമായി രൂപസാദൃശ്യമുള്ളതിനാല്‍ അവര്‍ക്കു ചെറുതല്ലാത്ത പിന്തുണയുണ്ട്. ശശികലയെ എതിര്‍ക്കുന്ന ഒരു വിഭാഗം നേതാക്കളാണു ദീപയുടെ പ്രഖ്യാപനത്തിനു പിന്നിലെന്നാണൂ സൂചന. എങ്കിലും എഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഇപ്പോള്‍ ശശികലയെയാണു പിന്തുണയ്ക്കുന്നത്. പ്രസീഡിയം ചെയര്‍മാന്‍ മധുസൂദനനു പുറമേ മുന്‍മന്ത്രി കെ.എ. ശെങ്കോട്ടയ്യന്‍, ഗോകുല ഇന്ദിര, വളര്‍മതി, ചെന്നൈ മുന്‍ മേയര്‍ സൈദൈ ദുരൈസ്വാമി തുടങ്ങിയവരെല്ലാം ശശികലയെ പിന്താങ്ങുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും. ചിന്നമ്മയ്ക്കു (ശശികല) മാത്രമേ പാര്‍ട്ടിയെ നയിക്കാനാവൂ എന്നു മുഖ്യമന്ത്രി പറയുന്നു. ജയലളിത പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം അവര്‍ക്കൊപ്പം ശശികല ഉറച്ചുനിന്നു. 33 വര്‍ഷമായി ജയലളിതയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ശശികലയ്ക്കു മുന്‍ മുഖ്യമന്ത്രിയുടെ എല്ലാ ഗുണങ്ങളും ആര്‍ജിക്കാനായെന്നും മുഖ്യമന്ത്രി വെറും വാക്കോടെയല്ല പറഞ്ഞത്, പ്രസ്താവനയിലൂടെയാണ്.
 
ഭരണത്തിലും പാര്‍ട്ടിയുടെ ദൈനംദിന നടത്തിപ്പിലും ജയലളിതയ്ക്കു ശശികല വിലയേറിയ ഉപദേശങ്ങള്‍ നല്‍കിയിരുന്നുവെന്നത് അരമനരഹസ്യമാണ്. രാഷ്ട്രീയത്തില്‍ മാത്രമല്ല, ബിസിനസ്സിലും വ്യക്തിജീവിതത്തിലുമൊക്കെ ഇതു കാണാം. ഇതൊരു ചരിത്രസാധ്യതയാണ്. കാരണം, അധികാരത്തിന്റെ മുഖ്യധാരയിലെത്താന്‍ 33 വര്‍ഷം കാത്തിരുന്ന ഒരു സ്ത്രീയുടെ സ്വാഭാവികവും യാദൃശ്ചികവുമായ വരവായി ഇതിനെ കാണാനാവില്ല. തികഞ്ഞ പ്ലാനിങ്, തികഞ്ഞ നിശ്ചയദാര്‍ഢ്യം, തികഞ്ഞ വ്യക്തിത്വവീക്ഷണമൊക്കെ ഇതില്‍ കാണാം. ശശികല എന്ന ചിന്നമ്മ പെരിയമ്മയേക്കാള്‍ സൂപ്പര്‍ ബ്രാന്‍ഡായാല്‍ പോലും അതിശയമില്ല. ഇപ്പോള്‍ തന്നെ ശശികല പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കണമെന്നഭ്യര്‍ഥിക്കുന്ന പോസ്റ്ററുകള്‍ സംസ്ഥാനമെമ്പാടും പ്രത്യക്ഷപ്പെടുന്നതായി ടിവി ചാനലുകളില്‍ കാണാം. എന്തിന് സാക്ഷാല്‍ ബിബിസി പോലും അവരുടെ ദക്ഷിണേഷ്യന്‍ സെക്ഷനില്‍ ഈ ചിന്നമ്മയെക്കുറിച്ച് എഴുതി കഴിഞ്ഞു.

ഇതിനിടെയാണു ദീപയുടെ വിമതസ്വരം. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനുള്ള ശശികലയുടെ ശ്രമം ജനാധിപത്യവിരുദ്ധമാണെന്നാണു ദീപയുടെ ആരോപണം. ജയയുടെ ഏക സഹോദരനായ ജയകുമാറിന്റെ മകളാണു ദീപ. അധികാരം പിടിക്കാനുള്ള ശശികലയുടെ ശ്രമങ്ങളെ ജനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ദീപ പറയുന്നു. ഒരുവിഭാഗം നേതാക്കളുടെ പിന്തുണ ദീപയ്ക്ക് ഉണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. ശശികല ജനറല്‍ സെക്രട്ടറിയാകുമെന്ന വാര്‍ത്ത പരന്നതോടെ ഏതാനും നേതാക്കള്‍ പ്രതിഷേധവുമായി പോയസ് ഗാര്‍ഡനിലെത്തിയിരുന്നു. ഇവര്‍ ദീപയെ പിന്തുണയ്ക്കുന്നുണ്ടെന്നാണു സൂചന. അതേസമയം ദീപയുടെ അവകാശവാദം തള്ളിക്കളയുകയാണ് എഡിഎംകെ നേതൃത്വം. ദീപയുടെ വിവാഹത്തിനുപോലും ജയലളിത പോയിട്ടില്ല എന്നതുള്‍പ്പെടെയുള്ള വാദഗതികളാണ് ഇവരുടെ പ്രതിരോധം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പോയസ് ഗാര്‍ഡന്‍ തന്നെയാവും ചെന്നൈ ഭരിക്കുക എന്നത് വ്യക്തമായി കഴിഞ്ഞു. അതിനിടയ്ക്ക് പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി എന്നത് ആരും കണക്കിലെടുക്കുന്നില്ല. അദ്ദേഹത്തിന്റെ ഇനീഷ്യല്‍ തന്നെ അത് വ്യക്തമാക്കുന്നു... ഓാാാാ...


ജോര്‍ജ് തുമ്പയില്‍

ഓാാ... പനീര്‍ശെല്‍വം !:പകല്‍ക്കിനാവ്-25 (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
Chinnappa 2016-12-13 03:31:45
Paneerselavam vaka vedi vazhipadu Onnu !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക