Image

അമ്മക്ക് ശേഷം തമിഴകത്തിന്റെ, ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്റെ ഭാവി? (ദല്‍ഹി കത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 12 December, 2016
 അമ്മക്ക് ശേഷം തമിഴകത്തിന്റെ, ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്റെ ഭാവി? (ദല്‍ഹി കത്ത് : പി.വി.തോമസ് )
തമിഴകവും ദ്രവീഡിയന്‍ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട ദേശീയ രാഷ്ട്രീയവും ചരിത്രപരമായ ഒരു വഴിത്തിരിവില്‍ ആണ് ഇന്ന്. പോസ് ഗാര്‍ഡനിലെ(വേദനിലയം) പുരച്ചിതലൈവി എന്ന ജയലളിത എന്ന തമിഴകത്തിന്റെ 'അമ്മ' വിടവാങ്ങിയിരിക്കുകയാണ്. ഇനി എന്താണ് തമിഴ്‌നാടിന്റെയും അണ്ണാ ഡി.എം.കെ. യുടെയും ദ്രാവീഡിയന്‍ രാഷ്ട്രീയത്തിന്റെയും ഭാവി? മുഖ്യമന്ത്രി ജയലളിതയുടെ മരണം തമിഴ്‌നാട്ടിലെ അധികാര സമവാക്യങ്ങളെ എങ്ങനെ ബാധിക്കും? ഭരണകക്ഷിയായ എ.ഡി.എം.കെ.യെ അത് തളര്‍ത്തുമോ അതോ വളര്‍ത്തുമോ? കാരണം എം.ജി.ആറില്‍ ആരംഭിച്ച ഒരു ലെഗസിയാണ് ജയലളിതയുടെ നിര്യാണത്തിലൂടെ അസ്തമച്ചിരിക്കുന്നത്. അത് ഉയര്‍ത്തുന്ന ശൂന്യത നികത്തുവാന്‍ എ.ഡി.എം.കെ.ക്ക് സാധിക്കുമോ? മുഖ്യ എതിരാളിയായ ഡി.എം.കെ.യ്ക്ക് ഇതില്‍ നിന്നും നോട്ടം കൊയ്യുവാന്‍ സാധിക്കുമോ? മറ്റ് ചെറിയ ചെറിയ ദ്രാവീഡിയന്‍ കക്ഷികളെ പി.എം.കെ., ഡി.എം.ഡി.കെ., എം.ഡി.എം.കെ. ഇത് എങ്ങനെ ബാധിക്കും? ദേശീയ കക്ഷികലായ ബി.ജെ.പി.ക്കും കോണ്‍ഗ്രസിക്കും ദ്രവീഡിയന്‍ രാഷ്ട്രീയത്തില്‍ ഒരു ഇടം കണ്ടെത്തുവാന്‍ സാധിക്കുമോ? സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, അജിത എന്നീ സിനിമതാരങ്ങള്‍ പുതിയ രാഷ്ട്രീയ ബിംബങ്ങളായി അവതരിക്കുമോ? ചോദ്യങ്ങള്‍ ഏറെയാണ് ജയലളിതയുടെ(69) അകാല നിര്യാണത്തിലൂടെ ഉയര്‍ന്നിരിക്കുന്നത്.

ജയലളിത ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ഒരു അത്ഭുത പ്രതിഭാസം ആയിരുന്നു. പക്ഷേ, ഞാന്‍ ജയലളിതയുടെ ഒരു ആരാധകന്‍ അല്ല, നടി എന്ന നിലയിലും രാഷ്ട്രീയക്കാരി എന്ന നിലയിലും. ജയലളിത ഒരു ഏകാധിപതി ആയിരുന്നു. ഒരിക്കലും ഒരു ജനാധിപത്യവാദി ആയിരുന്നില്ല. അഴിമതി ആരോപണ വിധേയ ആയിരുന്നു. ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. അവസാനം അനധികൃത സ്വത്ത് സമ്പാദനക്കേസ്സില്‍ കോടതി വെറുതെ വിട്ടതിനെയും ഞാന്‍ മുഖവിലക്ക് എടുക്കുന്നില്ല. അവര്‍ അഴിമതിക്കാരിയായിരുന്നു. ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കാലത്ത് സൗജന്യങ്ങള്‍ നല്‍കി അവരെ കൈക്കൂലികൊടുത്ത് മയക്കിയ 'അമ്മ'യായിരുന്നു.

ഇനി ആദ്യത്തെ ചോദ്യം. എന്താണ് തമിഴകത്തിന്റെയും അണ്ണ ഡി.എം.കെ.യുടെയും ദ്രാവിഡിയന്‍ രാഷ്ട്രീയത്തിന്റെയും ഭാവി? തമിഴകം പതിവുപോലെ മുമ്പോട്ട് പോ്കും. വലിയ സംഭവ വികാസം ഒന്നു ഇല്ലാതെ സുഗമമായി ജയലളിതയുടെ ശവാടക്ക് നടന്നത് അതിന് ഉദ്ദാഹരണം ആണ്. എം.ജി.ആറിന്റെ ദേഹവിയോഗത്തില്‍ നിന്നും തമിഴര്‍ വളരെ മാറിയിരിക്കുന്നു. അടുത്തത് എ.ഡി.എം.കെ.യുടെ ഭാവിയാണ്. അത് കലുഷിതം ആയിരിക്കും എനനതില്‍ യാതൊരു സംശയവും ഇല്ല. പനീര്‍ ശെല്‍വത്തില്‍ നിന്നും ശശികലയിലേയ്ക്ക് ഗവണ്‍മെന്റിന്റെയും പാര്‍ട്ടിയുടെയും അധികാരം പോകും. ആരാണ് ഈ പനീര്‍ ശെല്‍വം? ശശികലയുടെ ഒരു സൃഷ്ടി മാത്രം. രണ്ട് പേരും തേവര്‍ സമുദായം. ആരാണ് ഈ ശ്ശികല? ജയലളിതയുടെ ദീര്‍ഘകാല തോഴി. എന്താണ് ഇവരുടെ രാഷ്ട്രീയം? അത് ആര്‍ക്കും അറിഞ്ഞുകൂട. ശശികലക്ക് എ.ഡി.എം.കെ.യെ നയിക്കുവാന്‍ സാധിക്കുമോ? അവര്‍ക്ക് എം.ജി.ആറിന്റെയും ജയലളിതയുടെയും വ്യക്തിപ്രഭാവം ഉണ്ടോ? ഇല്ല തന്നെ, പക്ഷേ, അവരുടെ കൈകളില്‍ ആണ് ഇന്ന് തമിഴകത്തിന്റെയും എ.ഡി.എം.കെയുടെയും ഭാവി. അത് വല്ലാത്ത ഒരു അവസ്ഥ തന്നെയാണ്, തമിഴകത്തിന്റെയും ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെയും.

ആരും വിചാരിക്കുന്നതുപോലെ അത്ര സുരക്ഷിതം ഒന്നും അല്ല എ.ഡി.എം.കെ.യുടെ രാഷ്ട്രീയനില ജയലളിതയുടെ കാലത്ത് പോലും. 2011-ല്‍ 52 ശതമാനം ഉണ്ടായിരുന്ന വോട്ട് വീതം 2016 ല്‍ 42 ശതമാനം ആയി കുറഞ്ഞുപോയി. ജയലളിതയുടെ വിജയ രഹസ്യം ഡി.എം.കെ.ക്ക് നല്ല ഒരു സഖ്യം ഉണ്ടാക്കി വോട്ട് വിഭജനം ഇല്ലാതാക്കുവാന്‍ സാധിക്കാതിരുന്നത് മാത്രം ആണ്. പിന്നെ, സമ്മതിദായകര്‍ക്ക് നല്‍കുന്ന കൈക്കൂലിയും. ശശികലയ്ക്ക് വോട്ട് തേടുവാന്‍ ആകുമോ?

ദ്രവീഡിയന്‍ രാഷ്ട്രീയം ജയലളിതയ്ക്ക് ശേഷം ഒരു പ്രതിസന്ധിയില്‍ ആണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. പക്ഷേ, അടുത്ത പത്ത് വര്‍ഷത്തേക്കെങ്കിലും ഒരു ദ്രാഡിയേതര രാഷ്ട്രീയകക്ഷിയ്ക്കും-ബി.ജെ.പി., കോണ്‍ഗ്രസ്-തമിഴ്‌നാട്ടില്‍ ആധിപത്യം ഉറപ്പിക്കുവാന്‍ സാധിക്കുകയില്ല. ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും അതിന്റെ അന്തസത്ത ഇന്നും നിലനില്‍ക്കുന്നു. അത് ഹിന്ദി വിരോധത്തിലും നിരീശ്വരവാദത്തിലും ബ്രാഹ്മണ മേധാവിത്വത്തിനെതിരായും മറ്റ് സാമൂഹ്യ അനീതികള്‍ക്കും എതിരായും നിലകൊള്ളുന്നു. അത് തന്നെയാണ് അതിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും. ഇതൊക്കെ വെടിഞ്ഞ് ഒരു ഭാവി അതിന് തമിഴകം കല്‍പിക്കുകയില്ല. അതുകൊണ്ട് ബി.ജെ.പി. എത്ര കിണഞ്ഞ് പരിശ്രമിച്ചാലും അതിന് തമിഴകത്ത് കാലുറപ്പിക്കുവാന്‍ സാധിക്കുകയില്ല. ബി.ജെ.പി.യുടെ ആദ്യകാല മുദ്രാവാക്യം-ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാനി-തമിഴകം ഒരിക്കലും ഉള്‍ക്കൊണ്ടിട്ടില്ല. കോണ്‍ഗ്രസിന്റെ കാര്യമാണെങ്കില്‍ അതിദയനീയം ആണ്. ആ പാര്‍ട്ടിക്ക് നേതാക്കന്മാരും അണികളും അവിടെ ഇല്ല. അത് വംശനാശം സംഭവിച്ചത് പോലെയാണ്. ബി.ജെ.പി.ക്ക് വേണ്ടി തമിഴ്‌നാട്ടില്‍ നരേന്ദ്രമോഡിക്കും അമിത്ഷാക്കും എന്തെങ്കിലും മാന്ത്രികപ്രക്രിയകള്‍ നടത്തുവാന്‍ സാധിക്കുമോ? തല്‍ക്കാലം സംശയം ആണ്.
എം.ജി.ആറിന്റെയും ജയലളിതയുടെയും വിടവ് നികത്തിക്കൊണ്ട് എ.ഡി.എം.കെ.യെ നയിക്കുവാന്‍ ശശികലക്ക് സാധിക്കുമോ? പനീര്‍ ശെല്‍വത്തിന്റെ കാര്യം പരാമര്‍ശന യോഗ്യം പോലും അല്ല. ശശികല ജയലളിതയുടെ ഒരു തോഴി മാത്രം ആയിരുന്നു. ഇന്ന് ജയലളിതയുടെ സ്ഥാനത്തേക്ക് അവര്‍ ഉയരുമ്പോള്‍ ഒട്ടേറെ വെല്ലുവിളികള്‍ ഉയരും. പാര്‍ട്ടിക്കുള്ളില്‍ നിന്നും വെളിയില്‍ നിന്നും. അതിനെ അതിജീവിക്കുവാനുള്ള രാഷ്ട്രീയ പരിചയം, അണികളുടെ പിന്തുണ ശശികലക്ക് ഉണ്ടോ? സംശയം ആണ്.
ശരിയാണ് മുഖ്യ എതിരാളി ഡി.എം.കെ. കുടുംബകലഹത്തില്‍ ദുര്‍ബ്ബലം ആണ്. പക്ഷേ, ഡി.എം.കെ. ഒരു കേഡര്‍ അധിഷ്ഠിത പാര്‍ട്ടിയാണ്. അത് ഏത് സമയത്തും എവിടെ നിന്നും തിരിച്ച് വരാം. സ്റ്റാലിനോ കനിമൊഴിയോ ആരും അതിനെ നയിച്ചേക്കാം. അതുകൊണ്ട് ഡി.എം.കെ.യുടെ താല്‍ക്കാലിക വിഷമതകള്‍ എ.ഡി.എം.കെ.ക്ക് ഒരു ശ്വാശ്വത ആശ്വാസം അല്ല.

വിജയകാന്തും(പി.എം.കെ.) വൈക്കോയും(എം.ഡി.എം.കെ.) എഴുതി തള്ളാവുന്ന വ്യക്തികള്‍ അല്ല ദ്രവീഡിയന്‍ രാഷ്ട്രീയത്തില്‍. ഇവര്‍ എവിടെ നിന്ന് കരുത്താര്‍ജ്ജിച്ച് എങ്ങനെ ഒരു തിരിച്ചു വരവ് നടത്തുമെന്ന് കണ്ടറിയണം. കാരണം കാവേരിയും ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നങ്ങളും തമിഴകത്തിന്റെ ജീവന്മരണ പോരാട്ടം ആണ്.
സിനിമ തമിഴ് രാഷ്ട്രീയത്തിന്റെ ജീവനാഡിയാണ്. കരുണാനിധിയിലൂടെയും(തിരക്കഥ) എം.ജി.ആറിലൂടെയും ജയലളിതയിലൂടെയും അത് തെളിയിക്കപ്പെട്ടതാണ്. തോറ്റത് ഒരേയൊരു ശിവാജി ഗണേശന്‍ ആണ്. അതുകൊണ്ട് തമിഴ് പാരമ്പര്യം നോക്കുമ്പോള്‍ രജനീകാന്തോ അജിതോ രാഷ്ട്രീയ നായക സ്ഥാനത്തേക്ക് വന്നുകൂടായ്കയില്ല. രജനികാന്ത് വന്നാല്‍ അത് തമിഴ് രാഷ്ട്രീയത്തെ മാറ്റി മറിക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല. പക്ഷേ, അദ്ദേഹത്തെ ബി.ജെ.പി.യും, അമിത് ഷായും പലകുറി ശ്രമിച്ചതാണ്. നടന്നില്ല. രജനികാന്തിനെ വലിയ ഒരു രാഷ്ട്രീയ വാഗ്ദാനം ഒന്നും ആയി ഞാന്‍ കാണുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയം പോലും, ശശികലയുടേത് പോലെ, ആര്‍ക്കും അറിയില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ അവസ്ഥയാണ് ഇത്.
തമിഴ്‌നാട് രാഷ്ട്രീയം നിരീക്ഷകര്‍ക്ക് ഇന്ന് തികച്ചും ആശങ്കാകുലം ആണ്. കാരണം അവിടെ ഒരു വലിയ രാഷ്ട്രീയ-വ്യക്തിത്വ ശൂന്യതയാണ് ജയലളിതയുടെ നിര്യാണത്തിലൂടെ സംജാതമായിരിക്കുന്നത്. ഒരു ജനാധിപത്യത്തില്‍ സംഭവിക്കരുതാത്തത് ആണ് ഇത്. ഇത് തന്നെയായിരിക്കും മമത ബാനര്‍ജിയും, മായാവതിയും, മുലയംസിങ്ങ് യാദവും, ലാലുപ്രസാദ് യാദവും മറ്റും മറ്റും ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ നല്‍കുന്ന സംഭാവനയും. എന്തുകൊണ്ട് ഇവര്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ല? രണ്ടാംനിര, മൂന്നാംനിര നേതൃനിരയെ വളര്‍ത്തുന്നില്ല? അത് തന്നെയാണ് ജയലളിതയും ചെയ്തത്. അവര്‍ ചെയ്ത അഴിമതിയെക്കാള്‍ കുറ്റകരം ആണ് ഈ സ്വേഛാധിപത്യപരമായ ഭരണം. മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ ഒരിക്കല്‍ ബി.ബി.സി.യുടെ ഹാര്‍ഡ് ടോക്ക്- ഇന്‍ഡ്യക്കു വേണ്ടി മുഖ്യമന്ത്രി ജയലളിതയെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അദ്ദേഹം ചോദിച്ചു എന്തുകൊണ്ടാണ് താങ്കളുടെ അനുയായികള്‍ താങ്കളെ താണുവീണ് തൊഴുന്നത്? ജയലളിത ആ ചോദ്യം ഇഷ്ടപ്പെട്ടില്ല. കരണ്‍ ഥാപ്പര്‍ എഴുതിയത് അനുസരിച്ച് ജയലളിത അദ്ദേഹത്തെ ഒരു തരം വെറുപ്പോടെ നോക്കി. എന്നിട്ട് പറഞ്ഞു: ഇത് ഒരു ഇന്‍ഡ്യന്‍ മര്യാദയാണ്.

ഇതാണ് ജയലളിത വളര്‍ത്തിയ നേതൃസംസ്‌ക്കാരം. മര്യാദ. ഇത് ചെരുപ്പ് നക്കല്‍ ആണ്. അത് ജനാധിപത്യപരം അല്ല. പക്ഷേ, ജയലളിത വളരെ ബഹുമാനപ്പെട്ട നേതാവ് ആയിരുന്നു. 'അമ്മ'യായിരുന്നു. പുരഛിതലൈവി ആയിരുന്നു. അവര്‍ നീണാള്‍ വാഴട്ടെ!

 അമ്മക്ക് ശേഷം തമിഴകത്തിന്റെ, ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്റെ ഭാവി? (ദല്‍ഹി കത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക