ചിക്കാഗോ: ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) വുമണ്‍സ് ഫോറം ചെയര്‍പെഴ്സണായി ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രശസ്ത ഓണ്‍കോളോജി സ്പെഷ്യലിറ്റ് ഡോ: സാറാ ഈശോയെ തിരഞ്ഞെടുത്തു.
ആരോഗ്യ സേവന രംഗത്ത് തന്റെ ജീവിതം ഉഴിഞ്ഞു വെച്ചതിനൊപ്പം, സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വത്തിന് ഉടമയാണ് ഡോ: സാറാ ഈശോ. സൗമ്യത മുഖമുദ്രയാക്കിയ സോ: സാറാ, സാമൂഹ്യ ബോധവല്‍ക്കരണത്തിനായി ഒട്ടനവധി ആര്‍ട്ടിക്കിളുകള്‍ എഴുതിയിട്ടുണ്ട്.
കാന്‍സര്‍ സപെഷ്യലിസ്റ്റായ ഡോ: സാറാ ഈശോ, കഴിഞ്ഞ കുറേ വര്‍ഷമായി ന്യൂജേഴ്സിയിലെ ഓഷ്യന്‍ കൗണ്ടിയിലെ ഓഷ്യന്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജിയുമായി ചേര്‍ന്നു നടത്തി വരുന്ന കാന്‍സര്‍ സര്‍വൈവേഴ്സ് ഡേ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. 365 ദിവസത്തില്‍ ഒരു ദിവസമെങ്കിലും കാന്‍സറിനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും വിട്ട് വൈല്‍ഡ് വെസ്റ്റ് നൃത്തങ്ങളും, ഭക്ഷണവുമൊക്കെയായി ഒരു ആഘോഷമായാണ് കാന്‍സര്‍ സര്‍വൈവേഴ്സ് ഡേ കൊണ്ടാടുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ ബിരുദം എടുത്ത്, ന്യൂയോര്‍ക്കിലെ, ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളേജില്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ശേഷം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആ മേഖലയില്‍ തന്നെ സേവനം ചെയ്തു വരികയാണ് ഡോ: സാറാ ഈശോ.
തിരക്കേറിയ ഔദ്യോഗിക ജീവതത്തിനിടയില്‍ മലയാള ഭാഷയെ മറക്കുന്നില്ല എന്നതിന്ന് തെളിവാണ്, ന്യൂയോര്‍ക്കില്‍ നിന്നും പ്രസദ്ധീകരിക്കുന്ന പ്രമുഖ മാസികയായ 'ജനനി' യുടെ ലിറ്റററി എഡിറ്ററായി സേവനമനുഷ്ഠിക്കുന്നത്. ജനനി മാസികയില്‍ സ്ഥിരമായി വനിതാരംഗം എന്ന പംക്തിയും ഡോ: സാറാ ചെയ്യുന്നുണ്ട്. അതോടൊപ്പം നിലയ്ക്കാത്ത സ്പന്ദനം എന്ന പുസ്തകവും അവര്‍ എഴുതി പ്രസദ്ധീകരിച്ചിട്ടുണ്ട്. ഫോമായുടെ രൂപീകരണത്തിനു ശേഷം ലാസ് വേഗസില്‍ നടന്ന ചരിത്ര പ്രസിദ്ധ കണ്‍വന്‍ഷനില്‍, ആദ്യമായി ഫോമാ വുമണ്‍സ് ഫോറം ഗ്രേസി ജയിംസിന്റെ (ഊരാളില്‍) നേതൃത്വത്തില്‍ ആരംഭിച്ചപ്പോള്‍, അവരോടൊപ്പം തോളോടു തോള് ചേര്‍ന്നു നിന്നു ഫോമാ വുമണ്‍സ് ഫോറത്തിനു വ്യക്തമായ ദിശാബോധം നല്കുന്നതില് ഡോ: സാറാ ഈശോ നല്കിയ സംഭാവനകള്‍ വളരെ ശ്രദ്ധേയമാണ്.
വ്യക്തമായ ഉദ്ദേശ ശുദ്ധിയോടെയാണ് ഫോമാ വുമണ്‍സ് ഫോറം ചെയര്‍ പേഴ്സണായി സേവനം അനുഷ്ഠിക്കുന്നതെന്ന് ഡോ: സാറാ പറഞ്ഞു. ഫോമായുടെ പല റീജണുകളില്‍ നിന്നും മലയാളി വനിതകളെ കൂട്ടി ചേര്‍ത്തു, ഒരു വനിതാ ശാക്തീകരണം നടത്തുന്നതിനൊപ്പം, അമേരിക്കന്‍ മലയാളി സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ചു പഠിക്കുന്നതിനും, ചര്‍ച്ച ചെയ്യുന്നതിനുമുള്ള ഒരു വേദിയുണ്ടാക്കുക, അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുന്നതിനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം കൊടുത്തു കൊണ്ടുള്ള ഒരു പരിപാടികളാണ് ഫോമാ വുമണ്‍സ് ഫോറം ഈ പ്രാവിശ്യം ആസൂത്രണം ചെയ്യുന്നത്.
ഫോമാ വുമണ്‍സ് ഫോറവുമായി ചേര്‍ന്ന് പല സെമിനാറുകളും ഡോ: സാറാ ഈശോയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ടിട്ടുണ്ട്. ബ്രെസ്റ്റ് കാന്‍സര്‍ അവേയര്‍നെസ്, ഗെറ്റിംഗ് ഓള്‍ഡ് ഗ്രേസ്ഫുള്ളി തുടങ്ങിയ അവയില്‍ ചിലതാണ്. ഭര്‍ത്താവ് ഡോ: ജോണ്‍ ഈശോ, മക്കള്‍ മനോജ്, മെലിസ്സ എന്നിവരടങ്ങുന്നതാണ് ഡോ: സാറാ ഈശോയുടെ കുടുംബം.
വിനോദ് കൊണ്ടൂര്‍ ഡേവിഡ്.