Image

പഴയ ഗണ്‍'മോന്റെ' ഗര്‍ജിക്കല്‍ സ്‌ട്രൈക്ക് (എ.എസ് ശ്രീകുമാര്‍)

Published on 15 December, 2016
പഴയ ഗണ്‍'മോന്റെ' ഗര്‍ജിക്കല്‍ സ്‌ട്രൈക്ക് (എ.എസ് ശ്രീകുമാര്‍)
കറന്‍സി നോട്ട് പ്രതിസന്ധി, കേരളത്തിലെ സഹകരണ മേഖല തന്മൂലം നേരിടുന്ന കണ്ണീര്‍ പ്രശ്‌നങ്ങള്‍, റേഷന്‍ വിഹിതം വെട്ടിക്കുറച്ചതു മൂലമുള്ള പട്ടിണി-പരിതോവസ്ഥകള്‍ എന്നിങ്ങനെ കേരളം സഹിക്കുന്ന വിവിധങ്ങളായ സമകാലിക ദുരന്തങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാരും എം.എല്‍.എമാരും ഡല്‍ഹി ജന്തര്‍മന്ദറില്‍ ഇന്നലെ (ഡിസംബര്‍ 14) നടത്തിയ വണ്‍ ഡേ ധര്‍ണയില്‍ ഒരാളുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. തല്ലോ ധര്‍ണയോ റാലിയോ എന്തുമായിക്കൊള്ളട്ടേ അതിന്റെയൊക്കെ ഏറ്റവും മുന്നില്‍  ഒരുപാട് പതിറ്റാണ്ടുകളായി കണ്ടുവരുന്ന പരിചിത മുഖമാണത്.  ഇപ്പോള്‍ പ്രത്യേക പദവിയോ താക്കോല്‍ സ്ഥാനങ്ങമാനങ്ങളോ സര്‍ക്കാര്‍ വണ്ടിയോ ഒന്നുമില്ലാത്ത ഫ്രീ ബേഡായ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും നൂറു മേനി നേട്ടം കൊയ്ത ഡി.സി.സി തിരഞ്ഞെടുപ്പില്‍ വിത്തും വിളയുമെല്ലാം കൈവിട്ട് അടുത്ത വിരിപ്പു കൃഷിക്ക് വകയില്ലാതെ വീര്‍പ്പുമുട്ടലിലാണ് ഈ പുതുപ്പള്ളിക്കാരന്‍. ഡല്‍ഹി ധര്‍ണയില്‍ പങ്കെടുക്കാതെ അദ്ദേഹം തന്റെ ആത്മനൊമ്പരം ആവോളം വെളിപ്പെടുത്തിയെന്നു വേണം കരുതാന്‍.

ഡി.സി.സി പ്രസിഡന്റ് വീതം വെപ്പില്‍ നാലു ജില്ലകളില്‍ മാത്രം ഒതുക്കിയ വേദനയും അമര്‍ഷവും ഉള്ളില്‍ കിടന്ന് തിളച്ചു തൂവുന്ന സമയത്തു തന്നെയാണ്, മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജ് സോളാല്‍ കമ്മീഷനില്‍ ഇക്കിളി കഥകളുടെ കാഞ്ചി വലിച്ചത്. സലിമിന്റെ മൊഴികള്‍ നാണക്കേടിന്റെ ഗര്‍ജ്ജനമായി...തിന്ന ചോറിനോടുള്ള നന്ദികേടായി. സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതയും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ഒട്ടേറെ തവണ തന്റെ മൊബൈല്‍ ഫോണിലൂടെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജിക്കുമോന്റെ ഫോണിലൂടെയും സംസാരിച്ചിട്ടുണ്ടെന്നാണ് സലിം രാജ്, കേസന്വേഷിക്കുന്ന ജസ്റ്റിസ് ജി ശവരാജന്‍ കമ്മീഷനില്‍ മൊഴി നല്‍കിയത്. തന്റെ രണ്ട് മൊബൈല്‍ ഫോണുകളിലായി സരിതയുമായി നടത്തിയ സംഭാഷണങ്ങളില്‍ ഇന്‍കമിംഗ് വിളികളില്‍ ഭൂരിഭാഗവും ഉമ്മന്‍ ചാണ്ടിക്കുള്ളതായിരുന്നുവെന്നും സലിംരാജ് പറഞ്ഞു. ഇതാദ്യമായിട്ടാണ് സലിം രാജ് ഉമ്മന്‍ ചാണ്ടിക്കെതിരായി മൊഴി നല്‍കുന്നത്.

''സരിത ഇങ്ങോട്ടു വിളിച്ചതിലധികവും ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കുവാനായിരുന്നു. ഞാന്‍ ഉമ്മന്‍ ചാണ്ടിയുടെ സുരക്ഷാ ഡ്യൂട്ടിയിലില്ലാത്ത സമയത്താണ് സരിത വിളിക്കുന്നതെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം ആ സമയത്ത് ഡ്യൂട്ടിയിലുള്ളയാളുടെ നമ്പര്‍ കൊടുക്കുമായിരുന്നു. ജിക്കുമോന്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ നമ്പറാണ് കൊടുക്കാറുള്ളത്. ക്ലിഫ് ഹൗസിലെ ലാന്‍ഡ് ഫോണില്‍ ഞാന്‍ സരിതയുമായി സംസാരിച്ചിട്ടുണ്ട്. സരിത അറസ്റ്റിലാവുന്നതിന് തലേന്ന് ക്ലിഫ് ഹൗസിലേക്ക് വിളിച്ചപ്പോള്‍ ഫോണെടുത്തത് ഞാനായിരുന്നു. പ്രത്യേകാന്വേഷണ സംഘത്തലവനായിരുന്ന എ.ഡി.ജി.പി എ ഹേമചന്ദ്രനോടും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനോടും ഉമ്മന്‍ ചാണ്ടി സരിതയെ വിളിക്കാറുള്ള കാര്യം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാന്‍ പറഞ്ഞ വിവരങ്ങളല്ല അവര്‍ മൊഴിയില്‍ ഉള്‍പ്പെടുത്തിയത്...'' ഇങ്ങനെ പോകുന്നു പഴയ ഗണ്‍'മോന്റെ' മൊഴിമുത്തുകള്‍.
***
ഒരിക്കല്‍ ഉമ്മന്‍ ചാണ്ടി ലൈംലൈറ്റിലായിരുന്നു. അന്ന് അദ്ദേഹത്തിന് അധികാരത്തിന്റെ ചെങ്കോലും കിരീടവും അകമ്പടിയുമൊക്കയുണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മേല്‍ വീണ്ടും ആണികള്‍ അടിക്കപ്പെടുകയാണ്. ഡി.സി.സി അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പും സലിമിന്റെ മൊഴിയും സോളാര്‍ കേസും ഒക്കെ ചേര്‍ത്തു വായിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്നു വേണം മനസ്സിലാക്കാന്‍. സലിം രാജ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും സന്തത സഹചാരിയുമായിരുന്നു. ഗണ്‍മാന്‍ എന്ന നിലയില്‍ ഊണിലും ഉറക്കത്തിലും യാത്രയിലുമെല്ലാം സലിമിന്റെ സംരക്ഷണം ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നു. ഇതുപോലെ ഉമ്മന്‍ ചാണ്ടി വിശ്വസിച്ചു കൊണ്ടു നടന്ന മിക്കവരും വ്യക്തിത്വമില്ലാത്തവരാണെന്നാണ് പില്‍ക്കാല ദുരനുഭവങ്ങള്‍ തെളിയിച്ചത്. ഉമ്മന്‍ ചാണ്ടി ജനകീയനും ജനസമ്മതനും ജനങ്ങളുടെ കൂടെ നില്‍ക്കുന്ന ആളുമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത് അദ്ദേഹത്തിന്റെ വലിയ ശക്തി തന്നെയാണ്. ആ ശക്തി തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ കരുത്തും. അതൊക്കെയാണിപ്പോള്‍ ഒരു മൂന്നാംകിട ഗുണ്ട എന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടു കഴിഞ്ഞ സലിം രാജിലൂടെ ചോദ്യം ചെയ്യപ്പെടുന്നത് എന്നത് കഷ്ടമാണ്. 

ഉമ്മന്‍ ചാണ്ടിയുടെ വീഴ്ച പെട്ടെന്നൊരു ദിവസം സംഭവിച്ചതല്ല. അതുപോലെ തന്നെ സോളാര്‍ കേസ് മാത്രമായിരുന്നില്ല യു.ഡി.എഫ് സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. ബാര്‍ കോഴ, കെ.എം മാണിയുടെ രാജി, അനധികൃത ഭൂമി ഇടപാടുകള്‍ തുടങ്ങിയവയും സര്‍ക്കാരിന്റെ പതനത്തിന് അവസാനത്തെ ആണിയടിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറാവുമ്പോഴേയ്ക്കും ഇത് അഴിമതിക്കും കോഴ വാങ്ങലിനും വേണ്ടി മാത്രം ഭരിക്കുന്ന ഒരു സര്‍ക്കാരാണോ എന്ന ധാരണ ജനങ്ങള്‍ക്കിടയിലുണ്ടായി. അത് സത്യമായിരുന്നു എന്നു തെളിയിക്കുന്നതാണ്, അതിന് അടിവരയിടുന്നതാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പു ഫലം. കെ.പി.സി.സി പ്രസിഡന്റ് എടുത്ത നിലപാടുകളും തീരുമാനങ്ങളുമൊക്കെ ഉമ്മന്‍ ചാണ്ടിയുടെ കുറിക്ക് കൊള്ളുന്നതുമായിരുന്നു. ഒരു ഘട്ടത്തില്‍ സോളാര്‍ കേസ് ഒതുങ്ങിപ്പോയി എന്ന് ജനങ്ങള്‍ കരുതിയിരുന്നു. പുതിയ വിവാദങ്ങള്‍ വരുമ്പോള്‍ പഴയതൊക്കെ വിസ്മൃതിയിലാവുമല്ലോ. 

പക്ഷേ സോളാര്‍ കേസ് വീണ്ടും സജീവമാവുകയാണ്. ജിക്കു, ജോപ്പന്‍, തോമസ് കുരുവിള, സലിം രാജ് എന്നിവരെയൊക്കെ അവസാന നിമിഷം വരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ക്യാമ്പും, യു.ഡി.എഫും ശ്രമിച്ചു നോക്കി. നില്‍ക്കക്കള്ളിയില്ലാതെയാണ് ഇവരെയൊക്കെ പുറത്താക്കിയത്. അപ്പോള്‍ അവരുടെയൊക്കെ മടിയില്‍ ഘനമില്ലെ  എന്ന് സംശയിച്ചവരെ കുറ്റപ്പെടുത്തുവാനാകുമായിരുന്നില്ല. എന്തായാലും ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ഗ്രാഫ് താഴേയ്ക്കാണ്. സോളാര്‍ കേസില്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ സരിതയെ വരുന്ന 19-ാം തീയതിയും ഉമ്മന്‍ ചാണ്ടിയെ 22-നും വീണ്ടും വിസ്തരിക്കാന്‍ പോവുകയാണ്. അതേ സമയം സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഡിസംബര്‍ 13-ന് ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കാനെത്തിയില്ല. സോളാര്‍ പദ്ധതി വാഗ്ദാനം ചെയ്ത് ബംഗളൂരു വ്യവസായി എം.കെ കുരുവിളയില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ ഉമ്മന്‍ ചാണ്ടിയടക്കം ആറു പ്രതികള്‍ 1,60,85,700 രൂപ നല്‍കണമെന്ന് കഴിഞ്ഞ ഒക്‌ടോബര്‍ 24ന് ഈ കോടതി ഉത്തരവിട്ടിരുന്നു. കേസ് ജനുവരി രണ്ടിലേയ്ക്ക് മാറ്റി വച്ചിട്ടുണ്ട്. 

***
സര്‍ക്കാരും ഭരണവുമൊക്കെ മാറി മാസങ്ങള്‍ കഴിഞ്ഞിട്ടും സരിത നിഗൂഢതകള്‍ക്കുള്ളില്‍ നില്‍ക്കുന്നു. പണ്ട് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കൈയില്‍ അഞ്ചിന്റെ പൈസ പോലും ഇല്ലെന്നു പറഞ്ഞ സരിത ഇപ്പോള്‍ തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ പൊറ്റയില്‍ എന്ന സ്ഥലത്ത് 25 സെന്റ് ഭൂമിയില്‍ ആഡംബര വീട് പണിതത് എങ്ങനെ എന്നത് ചോദ്യചിഹ്നമാണ്. വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനെത്തിയ നിര്‍മാണത്തൊഴിലാളികള്‍ക്കെല്ലാം ഇഷ്ടം പോലെ ചെക്കുകള്‍ വീശി. സരിതയുടെ കൈയില്‍ കൊള്ളിച്ച് പണമുണ്ടെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. നരേന്ദ്ര മോഡി സഹായിച്ചതുകൊണ്ട് ഇപ്പോള്‍ 2000ത്തിന്റെ ഗാന്ധിത്താളുകളാവാം അടുക്കിവച്ചിരിക്കുന്നത്. 

പഴയ ഗണ്‍'മോന്റെ' ഗര്‍ജിക്കല്‍ സ്‌ട്രൈക്ക് (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക