Image

ആത്മീയ വിശുദ്ധിയുടെ ജനകീയ മാര്‍പാപ്പയ്ക്ക് പിറന്നാള്‍ മംഗളങ്ങള്‍... (എ.എസ് ശ്രീകുമാര്‍)

Published on 17 December, 2016
ആത്മീയ വിശുദ്ധിയുടെ ജനകീയ മാര്‍പാപ്പയ്ക്ക് പിറന്നാള്‍ മംഗളങ്ങള്‍... (എ.എസ് ശ്രീകുമാര്‍)
യാഥാസ്ഥിതിക നിലപാടുകാരെ പാടേ ഞെട്ടിക്കുന്ന നിലപാടുകളും വിശ്വാസ കോടികള്‍ക്ക് മാതൃകയാവുന്ന ലാളിത്യവും ജീവിതശൈലിയാക്കി കത്തോലിക്കാസഭയെ നവീകരണത്തിലൂടെ നയിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഡിസംബര്‍ 17ന് 80 വയസ്സ് തികഞ്ഞു. പ്രത്യേകമായി ജന്മദിന ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. രാവിലെ കര്‍ദിനാള്‍മാരോടൊപ്പം കുര്‍ബാനയ്ക്കുശേഷം പതിവുപോലെ ഔദ്യോഗികജോലികളിലേക്ക് മാര്‍പാപ്പ കടന്നു. 2013 മാര്‍ച്ച് 13-നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266-ആമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഫെബ്രുവരി 28 ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ്‌ പുതിയ തിരഞ്ഞെടുപ്പ് നടന്നത്. ആഗോള പരിശുദ്ധ കത്തോലിക്കാസഭയുടെ പരമോന്നധ പിതാവായി പോപ് ഫ്രാന്‍സിസ് 2013 മാര്‍ച്ച് 19-ാം തീയതി സ്ഥാനമേറ്റു.

 1936 ഡിസംബര്‍ 17നാണ് ബ്യൂണസ് ഐറിസില്‍ ഹോര്‍സെ മരിയോ ബര്‍ഗോളിയോ എന്ന അര്‍ജന്റീനക്കാരന്‍ന്റെ ജനനം. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാര്‍ട്ടുമെന്റിലായിരുന്നു ജീവിതം. പൊതുഗതാഗത സംവിധാനത്തിലും ഇക്കണോമി ക്ലാസിലും മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു. ഇറ്റലിയില്‍ നിന്നു കുടിയേറിയ കുടുംബത്തില്‍ പിറന്ന ബെര്‍ഗോളിയോ 1282 വര്‍ഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാര്‍പ്പാപ്പ പദവിയിലെത്തിയ ആളാണ്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ആദ്യമായി മാര്‍പ്പാപ്പയാകുന്ന വ്യക്തിയും ഇദ്ദേഹമാണ്. വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ബഹുമാനാര്‍ഥം ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിക്കുന്നത്. മാറ്റങ്ങളുടെ മാര്‍പ്പാപ്പ എന്നാണ് മാധ്യമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ വിശേഷിപ്പിക്കുന്നത്. കത്തോലിക്കാ സഭയില്‍ വളര്‍ന്നുവരുന്ന ആര്‍ഭാടം, നിരന്തരം ഉയരുന്ന ലൈംഗികാരോപണങ്ങള്‍ എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത മാര്‍പാപ്പ സ്വവര്‍ഗാനുരാഗം, വിവാഹമോചനം തുടങ്ങി സഭയുടെ പല യാഥാസ്ഥിതിക നിലപാടുകള്‍ക്കും വിരുദ്ധമായി സംസാരിച്ചു. പാവപ്പെട്ടവന്റെ സഭയാണ് താനാഗ്രഹിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം, സഭയെ സാധാരണക്കാര്‍ക്ക് ആശ്രയമായി മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ വൈദികനായിരുന്ന ജെസ്യൂട്ട് സഭാംഗങ്ങള്‍ അനുഷ്ഠിക്കുന്ന കഠിനവ്രതവും മറ്റും ഇപ്പോഴും അദ്ദേഹത്തിന്റെ ജീവിതശൈലിയിലുണ്ട്. 

ഒരിക്കല്‍ വത്തിക്കാന്‍ സിറ്റിയില്‍ സംഘടിപ്പിച്ച കതോലിക ബിഷപ്പുമ്മാരുടെ കൂട്ടായ്മയില്‍ സ്വവര്‍ഗ്ഗാനുരാഗ വിവാഹത്തെ എതിര്‍ത്ത അദ്ദേഹം, പുതിയ സന്തതി പരമ്പരകള്‍ക്ക് ജന്മം നല്‍കുന്നതിനുള്ള ഭാഗ്യം സ്ത്രീക്കും പുരുഷനുമാണ് ദൈവം നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമാക്കി. സ്വവര്‍ഗ്ഗാനുരാഗ വിവാഹങ്ങള്‍ നിയമപരവും പുതുമ ഇല്ലാത്തതുമായിരിക്കുന്ന കാലത്താണ് പോപിന്റെ ഈ അഭിപ്രായപ്രകടമെന്നത് ശ്രദ്ധേയമായിരുന്നു. മുതലാളിത്തം, മാര്‍ക്സിസം, വിമോചനം എന്നിവയെ പിന്തുണയ്ക്കാതെ സഭയ്ക്ക് പുതുജീവന്‍ നല്‍കിയ വ്യക്തിയാണ് മാര്‍പാപ്പ. ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് മാപ്പ് നല്‍കാനുള്ള മാര്‍പാപ്പയുടെ തീരുമാനവും ചര്‍ച്ച ചെയ്യപ്പെട്ടു. കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച് ഗര്‍ഭഛിദ്രത്തിനു വിധേയയാകുന്ന സ്ത്രീയും, അതു ചെയ്തു കൊടുക്കുന്ന വ്യക്തിയും, സഹായം ചെയ്യുന്ന വ്യക്തിയും സഭയില്‍ നിന്ന് പുറത്താക്കപ്പെടും. പുറത്താക്കപ്പെടുന്നവരെ തിരിച്ചെടുക്കണമെങ്കില്‍ ബിഷപ്പ് മാപ്പ് നല്‍കണം. എന്നാല്‍, ഇനിമുതല്‍ ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാകുന്നതല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പക്ഷേ ഗര്‍ഭഛിദ്രത്തെ കൊടുംപാപമായി കാണുന്ന നിലപാടില്‍ മാറ്റമില്ലെന്നും തെറ്റുകള്‍ ക്ഷമിക്കുകയും തെറ്റ് ചെയ്യുന്നവര്‍ക്ക് സാന്ത്വനമേകുകയുമാണ് വേണ്ടതെന്നും അദ്ദേഹം നിലപാടെടുത്തു. അതേസമയം മാരകമായ സിക വൈറസ് പടര്‍ന്ന സമയത്ത് ഗര്‍ഭ ഛിദ്രം അനുവദിക്കണമെന്ന് മാര്‍പാപ്പയോട് കത്തോലിക്ക സഭ അഭ്യര്‍ത്ഥിച്ചിരുന്നു. ഗര്‍ഭ ഛിദ്രം പാപവമാണെന്നുള്ള വിശ്വാസം നിലനില്‍ക്കുമ്പോഴാണ് ഇത്തരം ആവശ്യവുമായി സഭ മുന്നോട്ടു വന്നത്.

വിശുദ്ധവാരാചരണത്തിന് മുന്നോടിയായി നടത്തിയ പര്യടനത്തില്‍ മാര്‍പാപ്പ നേപ്പിള്‍സിലെ ജയില്‍ സന്ദര്‍ശിക്കുകയും തടവുപുള്ളികളായ സ്വവര്‍ഗാനുരാഗികള്‍, എയിഡ്സ് രോഗികള്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. ഇത് പാശ്ചാത്യ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ജയില്‍പ്പുള്ളികള്‍ തന്നെയാണ് മാര്‍പാപ്പയ്ക്ക് ഉള്‍പ്പടെയുള്ള ഭക്ഷണം തയ്യാറാക്കിയത്. സ്ഥാനാരോഹണത്തിന് മുമ്പുതന്നെ ജനപ്രീതിയാര്‍ജിച്ച മാര്‍പ്പാപ്പ കീഴ്‌വഴക്കങ്ങള്‍ മാറ്റിമറിക്കുകയുണ്ടായി. പെസഹ വ്യാഴത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകളില്‍ അദ്ദേഹം ജുവനൈല്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിയുന്ന സ്ത്രീകളുടെ കാല്‍കഴുകി ചുംബിച്ചു. ഇക്കൂട്ടത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാള്‍ സെര്‍ബിയന്‍ മുസ്ലീം തടവുകാരിയും, രണ്ടാമത്തെ യുവതി ഇറ്റാലിയന്‍ കത്തോലിക്കാ വിശ്വാസിയുമായിരുന്നു. മുന്‍പ് കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഒരു മാര്‍പാപ്പയും വനിതയുടെ കാല്‍ കഴുകി മുത്തം വച്ചിട്ടില്ല. 

നബി പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഭീകരാക്രമണം നേരിട്ട ഷാര്‍ളി ഹെബ്ദോ എന്ന ഫ്രഞ്ച് വാരികയ്ക്ക് വേണ്ടി ലോകമെങ്ങും ശബ്ദമുയര്‍ത്തിയപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എന്ത് പറയുന്നു എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംഷയുണ്ടായിരുന്നു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചത് ശരിയായില്ലെന്നായിരുന്നു പോപ്പിന്റെ പക്ഷം. ''ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒക്കെ ഒരു പരിധിയുണ്ട്. അല്ലാതെ എന്തും വിളിച്ച് പറയുന്നതും എഴുതുന്നതും വരയ്ക്കുന്നതും ഒന്നും അത്ര ശരിയല്ല. മതങ്ങളെ ബഹുമാനത്തോടെ സമീപിക്കണം. ജനങ്ങളുടെ വിശ്വാസത്തെ അവഹേളിക്കരുത്. മതത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ പോലെ തന്നെ വിശ്വാസത്തിനെതിരെയുള്ള നീക്കങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്...'' ഇതായിരുന്നു ആ വിഷയത്തില്‍ മാര്‍പായുപ്പടെ പ്രതികരണം. എന്നാല്‍ തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച മാര്‍പാപ്പയേയും ആ വാരിക വെറുതേ വിട്ടില്ല. 'അതിജീവനത്തിന്റെ പതിപ്പ്' എന്ന പേരില്‍ ഇറങ്ങിയ ഒരു ലക്കത്തിന്റെ കവര്‍ പേജില്‍ അവര്‍ ഫ്രാന്‍സിസ് പോപ്പിന്റയും കാര്‍ട്ടൂണ്‍ വരച്ച് ആത്മനിര്‍വൃതിയടഞ്ഞു.

യാഥാസ്ഥിതിക കത്തോലിക്കാ നിലപാടുകളെ തള്ളി, വിശ്വാസത്തില്‍ ആധുനികത കൊണ്ടുവന്ന പോപ്പ് ഫ്രാന്‍സിസിനെ 'കമ്യൂണിസ്റ്റ് പാപ്പ' എന്നാണ് കത്തോലിക്കരിലെ ചില വിഭാഗം വിശേഷിപ്പിക്കുന്നത്. ഇസ്ലാമിനെയാകെ തീവ്രവാദികളായി കണക്കാക്കുന്ന രീതി ശരിയല്ലെന്ന് തുര്‍ക്കി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേ മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു. ''എല്ലാ മുസ്ലീങ്ങളും തീവ്രവാദികളല്ല. അക്കാര്യം ലോകത്തോട് വിളിച്ചുപറയേണ്ട ഉത്തരവാദിത്തം ഇസ്ലാമിക ലോകത്തിന് തന്നെയാണ്. ഖുറാന്‍ സമാധാനത്തിന്റെ പുസ്തകമാണ്. വിശുദ്ധ ഖുറാന്‍ തീവ്രവാദത്തെ പിന്തുണക്കുന്നില്ലെന്ന് ലോകത്തെ ഇസ്ലാമിക നേതാക്കള്‍ ബോധ്യപ്പെടുത്തണം...'' എന്ന് അഭ്യര്‍ത്ഥിച്ച മാര്‍പാപ്പ ലോകത്തിന് മുന്നില്‍ സൗഹൃദത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം നല്‍കിക്കൊണ്ട് ഇസ്താംബുളിലെ ചരിത്രപ്രധാനമായ ബ്ലൂ മോസ്‌കില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ഇസ്താംബുള്‍ ഗ്രാന്റ് മുഫ്തി റഹ്മിയാറാനൊപ്പമായിരുന്നു പ്രാര്‍ത്ഥന. മക്കയിലേക്ക് നോക്കി നിന്ന് പ്രാര്‍ത്ഥിച്ച മാര്‍പാപ്പ പ്രാര്‍ത്ഥനക്കൊടുവില്‍ മുഖം കുനിക്കുകയും ചെയ്തത് വലിയ പ്രാധാന്യത്തോടെ ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനിടെ മഹാവിസ്ഫോടന സിദ്ധാന്തം കത്തോലിക്ക വിശ്വാസങ്ങള്‍ക്ക് എതിരല്ലെന്ന മാര്‍പാപ്പയുടെ അഭിപ്രയവും ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. പ്രപഞ്ചോല്‍പത്തിയെ കുറിച്ച് ബൈബിളില്‍ പറയുന്നത് ഉല്‍പത്തി പുസ്തകത്തിലാണ്. എന്നാല്‍ ഇതിലെ വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്നാണ് ഫ്രാന്‍സ് മാര്‍പാപ്പ പറഞ്ഞത്. മാന്ത്രിക വടികൊണ്ട് ജീവജാലങ്ങളെ സൃഷ്ടിച്ച ഇന്ദ്രജാലക്കാരനല്ല ദൈവമെന്നാണ് പോപ്പിന്റെ വിശദീകരണം. മഹാ വിസ്ഫോടന സിദ്ധാന്തം മാത്രമല്ല, പരിണാമ സിദ്ധാന്തവും ശരിയാണെന്നാണ് പോപ്പ് പറഞ്ഞുവച്ചത്. ഏഴ് ദിവസം കൊണ്ടല്ല ഈ ലോകം സൃഷ്ടിക്കപ്പെട്ടത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട പരിണാമ പ്രക്രിയയിലൂടെ തന്നെയാണ്. ജീവ ജാലങ്ങളെയെല്ലാം സൃഷ്ടിച്ചത് ദൈവം തന്നെയാണെങ്കിലും സ്വന്തം നിലക്ക് വളരാനും വികസിക്കാനും തക്കവണ്ണമാണ് ദൈവം ഓരോ ജീവിയേയും സൃഷ്ടിച്ചത്. ഓരോ ജീവിയും പൂര്‍ണത കൈവരിച്ചത് ഇങ്ങനെയാണ്. കോടിക്കണക്കിന് വര്‍ഷങ്ങളെടുത്താണ് അവ പൂര്‍ണതയില്‍ എത്തിയത്. എങ്കിലും ദൈവം തന്നെയാണ് എല്ലാത്തിനും ജീവന്‍ നല്‍കിയതെന്നകാര്യത്തിലും മാര്‍പാപ്പയ്ക്ക് തര്‍ക്കമില്ല.

ഇതൊരു ചരിത്ര സന്ദര്‍ശനമാണ്. പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയില്‍ നടന്ന പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് നേതൃത്വം വഹിച്ച മാര്‍ട്ടിന്‍ ലൂഥറുടെ വിശ്വാസ ചിന്തകള്‍, സ്മരണയില്‍ മാറ്റൊലി കൊള്ളുന്ന അന്തരീക്ഷത്തില്‍ ആഗോള കത്തോലിക്കാ സഭയുടെ അമരക്കാരന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്വീഡനില്‍ ഉജ്വല സ്വീകരണം നല്‍കപ്പെട്ടത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. 500 വര്‍ഷം മുമ്പ് റോമന്‍ കത്തോലിക്ക സഭയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ മാര്‍ട്ടിന്‍ ലൂഥര്‍ നടത്തിയ നവീകരണ പ്രക്ഷോഭത്തിന്റെ വാര്‍ഷികാഘോഷത്തിന് തുടക്കം കുറിക്കാനാണ് മാര്‍പാപ്പ സ്വീഡനിലത്തെിയത്. 27 വര്‍ഷത്തിനുള്ളില്‍ സ്വീഡന്‍ സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പ്പാപ്പയും ഒരു സ്‌കാന്‍ഡിനേവിയന്‍ രാജ്യത്തിലെത്തുന്ന രണ്ടാമത്തെ മാര്‍പാപ്പയുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അതിനാല്‍ ഈ സന്ദര്‍ശനത്തിന് വലിയ ചരിത്ര പ്രാധാന്യം കല്‍പ്പിക്കപ്പെടുകയുണ്ടായി.

സ്ത്രീകളെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണകളുണ്ട്. സ്ത്രീകള്‍ പറയുന്നത് കേള്‍ക്കാന്‍ പുരുഷന്മാര്‍ തയ്യാറാകണമെന്നും പുരുഷന്മാര്‍ സ്ത്രീകളെ തരംതാണവരായി കാണരുതെന്നും മാര്‍പാപ്പ പറഞ്ഞത് ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ യുവാക്കളുടെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ്. സ്റ്റേജിലിരിക്കുന്ന നാലുപേരും പുരുഷന്മാരാണെന്നു ചൂണ്ടികാട്ടിയ മാര്‍പാപ്പ ഇവിടേയും സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന് പറയുകയുണ്ടായി. ഈയിടെ ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും പ്രതികരിച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള ട്രംപിന്റെ പ്രസ്താവനയാണ് മാര്‍പ്പാപ്പയെ ചൊടിപ്പിച്ചത്. മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടുന്ന ട്രംപിനെ പോലുള്ളവര്‍ ക്രിസ്ത്യാനികളല്ലെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്. എന്നാല്‍ മാര്‍പ്പാപ്പയുടെ അഭിപ്രായങ്ങള്‍ക്കെതിരെ ട്രംപ് മറുപടിയും നല്‍കി. ഒരു മതനേതാവിനും തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നാണ് ട്രംപ് പറഞ്ഞത്. ഒരു ക്രിസ്ത്യാനിയായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. 

ഔദ്യോഗിക വാഹനമായ ആഢംബര കാര്‍ നിരസിച്ചുകൊണ്ടാണ് ലാളിത്യത്തിന്റെ പ്രതീകമായി മാര്‍പാപ്പ തന്റെ ദൈവിക ദൗത്യത്തിന് തുടക്കം കുറിച്ചത്. പാപ്പയായി സ്ഥാനമേറ്റശേഷം മറ്റു കര്‍ദിനാള്‍മാര്‍ക്കൊപ്പം മിനി ബസിലാണ് അദ്ദേഹം വത്തിക്കാനിലെ താമസസ്ഥലത്തേക്കു പോയത്. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം സിംഹാസനത്തില്‍ ഇരിക്കാതെ അദ്ദേഹം നിന്നുകൊണ്ട് കര്‍ദിനാള്‍മാര്‍ക്ക് ആശംസയേകിയതും വേറിട്ട സംഭവമായി മാറിയിരുന്നു. കത്തോലിക്കാസഭയുടെ അധികാരകേന്ദ്രങ്ങളിലേക്ക് സ്ത്രീകളെ എത്തിക്കുന്നതുള്‍പ്പെടെയുള്ള വലിയ വലിയ വിപ്ലവ തീരുമാനങ്ങള്‍ മാര്‍പാപ്പയുടെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടാവുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. അത്തരം ജനപക്ഷ നിലപാടുകളെടുക്കാന്‍ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരാം...ഒപ്പം ജന്മദിനാശംസകളും നേരാം...

ആത്മീയ വിശുദ്ധിയുടെ ജനകീയ മാര്‍പാപ്പയ്ക്ക് പിറന്നാള്‍ മംഗളങ്ങള്‍... (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക