Image

അഭിലാഷയുടെ പുനര്‍ജനി സങ്കല്പം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Published on 17 December, 2016
അഭിലാഷയുടെ പുനര്‍ജനി സങ്കല്പം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
പ്രിയമുള്ള എന്റെ മാതാപിതാക്കള്‍ക്ക്,
കഴുത്തുമുതല്‍ അരവരെ വെള്ള കല്ലുപതിച്ച നീലനിറത്തിലുള്ള കണംകാലുവരെ നീണ്ടുകിടക്കുന്ന ഉടുപ്പിട്ടപ്പോള്‍ ഞാനെന്ന നാലുവയസ്സുകാരി അഭിലാഷയില്‍ എന്തെന്നില്ലാത്ത അഭിമാനം നുരഞ്ഞുപൊങ്ങി. ബാലിശമായ സ്വഭാവം, എല്ലാവരുമായി ഒരു താരതമ്യം എന്നിലും തലപൊക്കി. ചുറ്റുമുള്ള കൂട്ടുകാരെ എല്ലാവരെയും കണ്‍പീലികൊണ്ടു അടിമുടി ഉഴിഞ്ഞു. "ഇല്ല ആര്‍ക്കുമില്ല. ഈ അഭിലാഷയെപ്പോലെ മനോഹരമായ ഉടുപ്പ്" മറ്റുള്ളവര്‍ക്ക് എന്തുകൊണ്ട് ഇല്ലായിരുന്നു എന്ന ചിന്തയ്‌ക്കൊന്നും എന്നിലന്നൊരു പ്രാധാന്യവുമില്ലായിരു ഇത്രയും വിലപിടിപ്പുള്ള ഉടുപ്പ് സ്കൂള്‍ വാര്‍ഷിക ദിനത്തിനായി തനിയ്ക്ക് വാങ്ങി തന്ന എന്റെ മാതാപിതാക്കളായ നിങ്ങളില്‍ ഞാന്‍ സ്വയം അഭിമാനം കൊണ്ട്.

പള്ളിക്കൂടം വിട്ട് വീട്ടില്‍ വന്നാല്‍, കലവറമുറിയിലെ അലമാരകളില്‍ തനിയ്ക്കായി മധുരപലഹാരങ്ങളും, മിഠായികളും മറ്റും നിറച്ചുവച്ച ഗ്‌ളാസ് ഭരണികളിലൊന്ന് കണ്ണോടിയ്ക്കും. പിന്നീട് അതിലെന്താണൊ ഇല്ലാത്തത് എന്നുവച്ചാല്‍ അതാഗ്രഹിച്ച് വാശിപിടിയ്ക്കുന്ന സ്വഭാവമായിരുന്നു അന്ന് ഈ അഭിലാഷയെന്ന കൊച്ചു അഹങ്കാരിയ്ക്ക്. ഞാനോര്‍ക്കുന്നു ഇത്തരം എന്റെ ദുര്‍വാശിയ്‌ക്കൊന്നും നിങ്ങളൊരിയ്ക്കലും സാക്ഷ്യം വഹിയ്ക്കാറില്ല. തന്റെ കൊച്ചുകുഞ്ഞുങ്ങളുടെ വിശക്കുന്ന വയറിനായി എന്തെങ്കിലും വാങ്ങാനായി മാത്രം രാപകല്‍ നമ്മുടെ വീട്ടില്‍ കഷ്ടപ്പെടുന്ന ശാരദചേച്ചി. തന്റെ എല്ലാ അമര്ഷങ്ങളും അവര്‍ക്കുനേരെയായിരുന്നു. രാവിലെ എഴുനേറ്റുവന്നാല്‍ തനിയ്ക്കായി ആറ്റി കുരുക്കിയ പാലുമായി തന്റെ അരികില്‍ വന്നു തന്നെ പാല് കുടിപ്പിയ്ക്കാന്‍ വരുന്ന ശാരദചേച്ചി. അവരുടെ കയ്യില്‍ നിന്നും, കുത്തി വീര്‍പ്പിച്ച മുഖവുമായി പാലുവാങ്ങി അവരുടെ കണ്ണുതെറ്റിയാല്‍ മുറ്റത്തിരിയ്ക്കുന്ന പൂച്ചട്ടിയില്‍ ഒഴിയ്ക്കും ആ കണക്കിലും ശാരദചേച്ചിയ്ക്ക് അമ്മയുടെ വഴക്കു ഞാന്‍ വാങ്ങിക്കൊടുത്തു. ദേഷ്യം വന്ന പല സമയത്തും ഞാന്‍ അവരോട് പറഞ്ഞു " നിങ്ങള്‍ എന്റെ മാതാപിതാക്കളോ , മറ്റാരോ അല്ല നിങ്ങളെന്തിനെന്നെ ശകാരിയ്ക്കുന്നു? ഈ വീട്ടില്‍ നിന്നും ഇറങ്ങി പൊയ്ക്കൂടേ" ഒരുപക്ഷെ സങ്കടവും, അമര്‍ഷവും ഉള്ളിലൊതുക്കിയാകാം വീണ്ടും എന്നരികില്‍ വാത്സല്യവുമായി അവര്‍ വന്നിരുന്നത് . ഞാന്‍ ശാരദചേച്ചിയോട് കാണിയ്ക്കുന്നത് തെറ്റാണെന്നറിഞ്ഞിട്ടും, വളരെ കുറച്ച് സമയം മാത്രം എനിയ്ക്കായി ചെലവഴിയ്ക്കുന്ന നിങ്ങള്‍, എനിയ്ക്ക് നിങ്ങളോടുള്ള സ്‌നേഹം കുറഞ്ഞുപോയാലോ എന്ന ചിന്തയിലൂടെയാകാം ശകാരിയ്ക്കാറില്ല.

ദിനരാത്രങ്ങള്‍ എന്നില്‍ നിറച്ച തിരിച്ചറിവു ശാരദചേച്ചിയുടെ ആ തലോടലില്‍ ഉളവാകുന്ന ഒരമ്മയുടെ വാത്സല്യം, ആ ചുംമ്പനങ്ങളിലുള്ള ഊഷ്മളത എല്ലാം ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി . കാലം എന്നില്‍ ബന്ധങ്ങളെയും, ഉറ്റവരെയും പറ്റി പഠിപ്പിച്ചു. ഇതിന്റെയെല്ലാം പട്ടികയില്‍ ആ അമ്മയുടെ വാത്സല്യം ചുരത്തുന്ന ശാരദചേച്ചിയുടെ പേര് ഞാന്‍ തിരഞ്ഞു. പക്ഷെ അതിലൊന്നും ആ പേര് കാണാന്‍ എനിയ്ക്കു കഴിഞ്ഞില്ല അവര്‍ എന്നും നിങ്ങള്‍ എനിയ്ക്ക് പരിചയപ്പെടുത്തിതന്ന "നമ്മുടെ പണിക്കാരി" മാത്രം.

വര്‍ഷങ്ങള്‍ കടന്നുപോയി തന്റെ കൂടുതല്‍ സമയം കൂട്ടുകാരുമായി ചെലവഴിയ്ക്കുന്നതില്‍ ഞാന്‍ ആനന്ദം കണ്ടെത്തി. വേഷവിധാനങ്ങളെപ്പറ്റി നാട്ടുനടപ്പുകളെപ്പറ്റി എന്നുവേണ്ട രാഷ്ട്രീയം അന്താരാഷ്ട്രീയം വീട്ടുകാര്യങ്ങള്‍ എല്ലാം ഞങ്ങളുടെ ചര്‍ച്ചയില്‍ വന്നു. അതിനിടയില്‍ എല്ലാവരും തന്റെ അച്ഛനമ്മമാരുടെ ഉപദേശങ്ങളെക്കുറിച്ചും, നിബന്ധനകളെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും എല്ലാം സംസാരിച്ചു വളരെ കുറച്ചുമാത്രം തന്റെ കൂടെ ചെലവഴിച്ചിരുന്ന നിങ്ങളെക്കുറിച്ച് അധികമൊന്നും പറയാന്‍ എനിയ്ക്കില്ലായിരുന്നു. "ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടാണ് വളര്‍ന്നത് അങ്ങിനെ നമ്മുടെ മകള്‍ കഷ്ടപ്പെടരുത്. അതിനുവേണ്ടി മാത്രമാണ് ഈ പ്രയത്‌നം എന്ന നിങ്ങളുടെ പുലംപനം മാത്രം ഈ അഹങ്കാരിയായ അഭിലാഷയുടെ കാതുകളില്‍ മദ്ദളംകൊട്ടി. ശരിയാണ് ഒന്നിനും ഒരു കുറവും നിങ്ങള്‍ എനിയ്ക്ക് വരുത്തിയിട്ടില്ല. എല്ലാ സൗകര്യങ്ങളും നിറഞ്ഞ രാജകൊട്ടാരം. കൂട്ടത്തില്‍ എല്ലാം സമയത്തിനു ചെയ്തുതരാനുള്ള ആളുകള്‍, വിലപിടിപ്പുള്ള കളിക്കോപ്പുകള്‍, ആധുനിക ഇലക്ട്രോണിക് സൗകര്യങ്ങള്‍. ഇനി എന്തുവേണം കൂടുതല്‍ എന്റെ പ്രായത്തിലുള്ള കുട്ടികള്‍ക്ക്. എല്ലാം ഓരോന്നായി ആലോചിയ്ക്കുമ്പോള്‍ എല്ലാറ്റിനും അഭിലാഷ് തന്നെ മുന്നില്‍ . മാതാപിതാക്കളില്‍ നിന്നുള്ള സ്‌നേഹത്തിന്റെ പുസ്തകത്തിന്റെ കുറിപ്പില്‍ മാത്രം വളരെ കുറച്ച് വരവ് മാത്രമേ അഭിലാഷയ്ക്കായി ഉണ്ടായിരുന്നുള്ളു തനിയ്ക്കുവേണ്ടി രാപകല്‍ ഇല്ലാതെ ഊണും ഉറക്കവുമില്ലാതെ നെട്ടോട്ടമോടുന്ന നിങ്ങള്‍. എല്ലാം എനിയ്ക്കുവേണ്ടി മാത്രം. എന്തിനു പണിക്കാരിയുടെ തലോടലുകള്‍ ഏറ്റുവാങ്ങികൊണ്ട് മധുരസ്വപനങ്ങള്‍ കണ്ടുറങ്ങാനുള്ള പണത്തിന്റെ പൂമെത്ത തനിയ്ക്കുവേണ്ടി ഒരുക്കാനോ? വിലപിടിപ്പുള്ള ആടയാഭരണങ്ങള്‍ ധരിച്ച് തോഴിമാര്‍ക്കൊപ്പം കൈപിടിച്ച് വിഹരിയ്ക്കുന്ന ഒരു രാജകുമാരി ആക്കുന്നതിനോ? അതോ അദ്ധ്വാനത്തിന്റെ വിലയെന്തെന്നറിയാതെ പണംകൊണ്ട് അമ്മാനമാടുന്ന പുതിയ തലമുറയുടെ സംസ്കാരം എന്നിലും പകരാനോ? അതോ പണമാകുന്ന അഹങ്കാരത്തിന്റെ ചിറകുവച്ച് പാറിപറക്കുന്നതിനോ? അച്ച്ഛനമ്മമാരുടെ സ്‌നേഹം, തലോടല്‍, വാത്സല്യം എല്ലാം അനുഭവിച്ച് കൊതിതീരാത്ത മനസ്സിനോട് ഇത്തരം ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചപ്പോള്‍ എനിയ്ക്കുവേണ്ടി, സ്വന്തബന്ധങ്ങള്‍ മറന്നോടുന്ന നിങ്ങളോട് എനിയ്ക്കു തോന്നിയ അനുകമ്പ മാത്രമാണെനിയ്ക്ക് ഉത്തരമായി ലഭിച്ചത്.
മൂന്നുവര്‍ഷം മുംമ്പ് എന്റെ പത്താം പിറന്നാളിന് കേക്കും മിഠായികളുമായി നിങ്ങളെന്നെ ഒരു അനാഥാലയത്തില്‍ കൊണ്ടുപോയി. ഇത്രയും വര്ഷം നിങ്ങളെനിയ്ക്കു തന്ന പിറന്നാള്‍ സമ്മാനത്തില്‍ ഏറ്റവും വിലപ്പെട്ട ഒന്നായിരുന്നു. അന്നവിടെ ഞാന്‍ ശ്രദ്ധിയ്ക്കപ്പെട്ട കുറെ കാര്യങ്ങള്‍ എന്റെ ചിന്തകളില്‍ ചേക്കേറി. സ്വന്തം അച്ച്ഛനമ്മമാരുടെ വാത്സല്യത്തിനും തലോടലിനും ലാളനയ്ക്കുവേണ്ടിയും ഉള്ള ഭാഗ്യം നിഷിദ്ധമായ ഒരുപാട് കൂട്ടുകാരുടെ ഞാന്‍ അവിടെ ശ്രദ്ധിച്ചു. ദിവസവും വന്നു പോകുന്നവര്‍ അവരില്‍ ചൊരിയുന്ന കാരുണ്യം, അനുകമ്പ ഇതുമാത്രമാണ് ആ കൂട്ടുകാരുടെ ജീവിതം. യാതൊരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളോ, വ്യക്തിപരമായ ശ്രദ്ധയോ അവര്‍ക്കു ലഭിയ്ക്കുന്നില്ല അവരുടെ ആഗ്രഹങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും ആര് വിലകല്പിയ്ക്കുന്നു! അവരുടെ അഭിരുചികള്‍ ആരറിയുന്നു! എന്നിട്ടും അവര്‍ എത്ര മിടുക്കരാണ് ആരോടും ഒരു പരിഭവങ്ങളുമില്ലാതെ ഉള്ളതില്‍ സന്തോഷം മാത്രം കണ്ടവര്‍ ജീവിയ്ക്കുന്നു. എന്നിട്ടും എത്രമാത്രം കഴിവുകളാണ് അവരിലുള്ളത്. വളരെ മധുരമായി പാടുന്ന പാട്ടുകാരെ, മനോഹരമായ ഭാവനാത്മകമായ ചിത്രകാരന്മാരെ, പ്രകൃതിയുടെ മനോഹാരിത അക്ഷരങ്ങളാല്‍ ഒപ്പിയെടുക്കുന്ന സാഹിത്യകാരന്മാരെ, പഠനത്തില്‍ മികവുകാണിയ്ക്കുന്നവരെ എല്ലാം എന്റെ ശ്രദ്ധയില്‍പെട്ടപ്പോള്‍, എല്ലാ സൗകര്യങ്ങളോടും രാജകീയ പരിചരണങ്ങളോടും ജീവിയ്ക്കുന്ന ഞാന്‍ എന്നെ കുറിച്ചല്‍പ്പം ചിന്തിച്ച് നിമിഷത്തില്‍ എന്നിലെ അഹങ്കാരത്തിന്റെ കിരീടം താഴെ വീണുടഞ്ഞു.

ഒരു കുഞ്ഞിനെ താലോലിയ്ക്കാന്‍, ആഗ്രഹങ്ങള്‍ക്കനുസരിച്ച് വളര്‍ത്താന്‍ കൊതിച്ച, വിധി അതിനവരെ അനുവദിയ്ക്കാത്ത ഒരുപാട് ദമ്പതിമാരെ ഞാനവിടെ ശ്രദ്ധിച്ചു. ബാലത്വം നിന്‍റഞ്ഞ പിഞ്ചു മുഖങ്ങള്‍ കാണുമ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു. ഓരോ ദമ്പതിമാരും ഇഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ഓടിവന്ന് കെട്ടിപുണരുന്നു, നെറ്റിയിലും, മുഖത്തും ചുംമ്പന പൂക്കള്‍ ചൊരിയുന്നു. അഭിനിവേശത്താല്‍ കെട്ടിപുണരുന്നു. വാത്സല്യത്താല്‍ അവരെ മടിയിലിരുത്തി അവര്‍ക്കായി കൊണ്ടുവന്ന കുഞ്ഞുടുപ്പുകള്‍ നല്‍കുന്നു, മധുരപലഹാരങ്ങള്‍ തുണ്ടുകളാക്കി കൊതിതീരുംവരെ അവരെ കഴിപ്പിയ്ക്കുന്നു. കുഞ്ഞുങ്ങളെ വാരിയെടുക്കാന്‍ കെട്ടിപുണരാന്‍ അവര്‍ പരസ്പരം മത്സരിയ്ക്കുന്നു. ആ ചെഞ്ചുണ്ടില്‍ നിന്നും മൊഴിയുന്ന മുത്തുകള്‍ കേള്‍ക്കാന്‍ കാതോര്‍ത്ത് നില്‍ക്കുന്നു. ഒന്ന് അമ്മയെന്ന് ആ കുഞ്ഞെന്നെ വിളിച്ചെങ്കില്‍ എന്നവര്‍ പ്രതീക്ഷിച്ചു . കുഞ്ഞുങ്ങളുടെ ചിരി കാണുമ്പോള്‍ അവരുടെ മുഖം ഒരു പൂര്‍ണ്ണചന്ദ്രനെപ്പോലെയാകുന്നു . അവര്‍ക്കനുവദിച്ച സമയത്തെക്കുറിച്ച് അധികൃതര്‍ ഓര്‍മ്മപ്പെടുത്തുംവരെ സമയപരിധിയില്ലാതെ, അവരറിയാതെ, സ്ഥലകാല സ്മരണയില്ലാതെ ആ ദമ്പതിമാര്‍ ആ കുഞ്ഞുങ്ങളില്‍ ചുരത്തപ്പെടുന്ന നിര്‍മലമായ, നിഷ്കളങ്കമായ വാത്സല്യം കണ്ണിമവെട്ടാതെ നോക്കിനിന്നപ്പോള്‍, ഇനി ഒരു ജന്മമുണ്ടെങ്കില്‍ ഇതേ അച്ഛനമ്മമാരുടെ മകളായിത്തന്നെ ജനിയ്ക്കണം എന്ന് ആത്മാര്തഥമായി ആഗ്രഹിയ്‌ക്കേണ്ടിയിരുന്ന എന്റെ മനസ്സ്, അടുത്ത ജന്മത്തിലെങ്കിലും ഈ അനാഥകുട്ടികളില്‍ ഒരാളായായാല്‍ എന്നാഗ്രഹിയ്ക്കാന്‍ എന്നെ നിര്ബന്ധിതയായി.

സ്‌നേഹപൂര്‍വ്വം,
നിങ്ങളുടെ അഭിലാഷ
(പുനര്‍ജന്മത്തിലെ മാതാപിതാക്കളെക്കുറിച്ചുള്ള സങ്കല്പത്തെക്കുറിച്ച് ചോദിച്ച കുസൃതി ചോദ്യത്തിന് അഭിലാഷ ഇങ്ങിനെ എഴുതി).
*********

(ജ്യോതിലക്ഷ്മി നമ്പ്യാര്‍)
(nambiarjyothy@gmail.com)
അഭിലാഷയുടെ പുനര്‍ജനി സങ്കല്പം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
Join WhatsApp News
PRG 2016-12-17 08:45:45
ലേഖനം നന്നായിട്ടുണ്ട്.
വാശി ക്കാരിയും ശാഠ്യക്കാരിയും ആയ അഭിലാഷയ്ക്കു അഭിനന്ദനം. അനാഥ കുട്ടികളുടെ അവസ്ഥ നന്നായി വിവരിച്ചിരിക്കുന്നു. അതുപോലെ തന്നെ കുട്ടികളില്ലാത്ത ദംമ്പതികളെ കുറിച്ചും. അടുത്ത ജന്മ്മത്തിലും ഇതേ അച്ഛനമ്മമാരുടെ മകളായി 
ജനിക്കാന്‍ ഭാഗ്യം ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക