Image

ക്രിസ്തുമസ് മരത്തണലില്‍ ഇത്തിരിനേരം (സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 18 December, 2016
ക്രിസ്തുമസ് മരത്തണലില്‍ ഇത്തിരിനേരം (സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
മഞ്ഞും കുളിരുമായി ക്രിസ്തുമസ് മാസം പിറന്നു. ആഹ്ലാദത്തിന്റെ അലയൊലികള്‍ എങ്ങും നിറഞ്ഞു.ദൈവപുത്രനെ എതിരേല്‍ക്കാന്‍ മാലാഖമാര്‍ പാടിയപാട്ടിന്റെ ഈണം പോലെ ക്രിസ്തുമസ് കരോള്‍ കേട്ടുതുടങ്ങി. ഉത്സാഹത്തിന്റേയും സന്തോഷത്തിന്റേയും നാളുകള്‍ തുടങ്ങുകയായി.ദൈവം മനുഷ്യനായി അവതരിച്ച ആ ദിവ്യദിനം ആര്‍ഭാടമായി ആഘോഷിക്കാന്‍ സമസ്തലോകവും തയ്യാറെടുക്കയാണ്. ക്രിസ്തുദേവന്റെ ജനനം മനുഷ്യനു ലഭിച്ച ഔന്നത്യത്തിന്റേയും മഹത്വത്തിന്റേയും പ്രതീകമാണ്.

"എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു''യേശുദേവന്‍ മനുഷ്യനു നല്‍കിയ വിലയേറിയ വാഗ്ദാനം. എന്നാല്‍ ഇന്ന് നമുക്ക് ചുറ്റും അശാന്തിയുടെ ഭീകരങ്ങളായ ദുരന്തങ്ങളാണ് സംഭവിക്കുന്നത്. എന്തുകൊണ്ടാണു മനുഷ്യനു സമാധാനം നഷ്ടപ്പെടുന്നത്? ദൈവത്തില്‍നിന്നും മനുഷ്യനു കിട്ടിയപത്തു കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കാന്‍ അവനു കഴിയുന്നില്ല. ജാതിയുടേയും മതത്തിന്റേയും പേരില്‍ മനുഷ്യര്‍ പരസ്പരം വെറുക്കുന്നു. വ്യക്തിബന്ധങ്ങള്‍ മാനിക്കപ്പെടേണ്ടതിനായി പാലങ്ങള്‍ പണിയാതെ മതിലുകള്‍ കെട്ടിപ്പൊക്കുകയാണ് ഇന്നത്തെ മനുഷ്യര്‍.എല്ലാവര്‍ക്കും സമാധാനം വേണമെന്നാഗ്രഹമുണ്ട്. എന്നാല്‍ ലോകത്തിന്റെ പ്രലോഭനങ്ങളില്‍ വശംവദരായി അവര്‍ അവരുടെ ശാന്തി നഷ്ടപ്പെടുത്തുന്നു. മനുഷ്യന്‍ ഒരു സമൂഹജീവിയാണ്. അതുകൊണ്ട്ഒരാള്‍ ചെയ്യുന്ന തെറ്റുകള്‍മുഴുവന്‍ സമൂഹത്തെബാധിക്കുന്നു. തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്ത് നന്മയുടെ വഴിയിലേക്ക് നീങ്ങുന്നതിനുള്ള ഉദാഹരണങ്ങളും യേശുദേവന്‍ നമുക്ക് കാണിക്ല്തന്നിട്ടുണ്ട്. എന്നാല്‍ ചപല വികാരങ്ങള്‍ക്കടിമകളായി നല്ല ദിവസങ്ങളെ നഷ്ടപ്പെടുത്തുകയാണു മനുഷ്യര്‍.

ക്രിസ്തുമസ് മരവും, അതില്‍തൂക്കിയിടുന്ന അലങ്കാരങ്ങളും, ഭക്തിയോടെ ചൊല്ലുന്ന സ്തുതി ഗീതങ്ങളും വാണിജ്യപരമായ നേട്ടങ്ങള്‍ക്കും വെറും വിനോദത്തിനുമാകുമ്പോഴാണു ക്രിസ്തുമസ്സിന്റെ വിശുദ്ധിനഷ്ടപ്പെടുന്നത്. വീടും പരിസരങ്ങളും അതിനപ്പുറത്തുള്ള ലോകവും അണിഞ്ഞൊരുങ്ങുന്നു. അതു ഉപരിപ്ലവമായ ഒരു പ്രകടനമാകരുത് ഹ്രുദയത്തിലും അതേപോലെ അണിഞ്ഞൊരുങ്ങേണ്ടതുണ്ട്. ''ഞാന്‍ നിത്യജീവന്നു അവകാശി ആയിത്തീരുവാന്‍ എന്തുചെയ്യേണം എന്നുചോദിച്ച ഒരു ന്യായശാസ്ര്തിയോട് (ലുക്കോസ് 10:25-27) കര്‍ത്താവ് ചോദിച്ചു "ന്യായപ്രമാണത്തില്‍ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെവായിക്കുന്നു''. അതിനുമറുടിയായി അവന്‍:"നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹ്രുദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്‌നേഹിക്കണം, നിന്റെ കൂട്ടുകാരനെനിന്നെപോലെ സ്‌നേഹിക്കണം" കര്‍ത്താവ്: "നീപറഞ്ഞ ഉത്തരം ശരി, അങ്ങനെ ചെയ്ക, എന്നാല്‍ നീ ജീവിക്കും''.

എല്ലാവരും ദൈവവചനങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതുവേണ്ടപോലെ ഉള്‍ക്കൊള്ളുന്നില്ല. ശാന്തിയും സമാധാനവുമില്ലെന്ന് മുറവിളി കൂട്ടിനടക്കുന്നവരും ഒരു നിമിഷം ചിന്തിക്കാന്‍വേണ്ടി ഉപയോഗിച്ചാല്‍ അവര്‍ക്ക് ഉത്തരം കണ്ടെത്താം. പത്തുകല്‍പ്പനകളോരോന്നും വായിക്കുമ്പോള്‍ നമ്മള്‍ തന്നെ നമ്മേ ഒരു ആത്മപരിശോധനനടത്തുക. ഏതെങ്കിലും ഒന്നു ലംഘിക്കുമ്പോള്‍ നമ്മുടെ സമാധാനം നഷ്ടപ്പെടുന്നു.ക്രിസ്തുമസ് കാലം എല്ലാം ഒന്നു പുന:പരിശോധിക്കാന്‍ അവസരം നല്‍കുന്നു. കട കമ്പോളങ്ങള്‍ ആഘോഷ സാമഗ്രികളും, നല്ല ഭക്ഷണവും ഒരുക്കുമ്പോള്‍ ഒപ്പം ഒരു "വചന വിരുന്ന്''നമ്മള്‍ ഒരുക്കണം. അതിന്റെ ചേരുവകള്‍ വളരെ ലളിതമാണു. വിശുദ്ധവേദപുസ്തകത്തിലെ തിരുവചനങ്ങള്‍ മനസ്സിലാക്കി അതുപോലെ ജീവിതം നയിക്കുക എന്നതാണു ആ വിരുന്നിന്റെ പാചക വിധി. കര്‍ത്താവിന്റെ തിരുവചനങ്ങള്‍ എല്ലാ നാളിലും പ്രത്യേകിച്ച് അവന്റെ തിരുന്നാളില്‍ വായിക്കുകയും, ഓര്‍മ്മിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുമ്പോള്‍ ഈ ക്രിസ്തുമസ് കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി.

കാല്‍നട യാത്രയില്‍ ഒരു മരത്തണല്‍ എത്രയോ ആശ്വാസം തരുന്നു.പൂക്കളും, പഴങ്ങളും നല്‍കി അത്പഥികരെ സന്തോഷിപ്പിക്കുന്നു. ഈ ലോകത്തിലെ നമ്മുടെ ഇത്തിരിനേരം യേശുവാകുന്നമരത്തിന്റെ തണലില്‍സുരക്ഷിതരാകുക. ്രകിസ്തുമസ് മരത്തണലില്‍, യേശുവിന്റെ മരത്തണലില്‍ ആശ്വാസം കണ്ടെത്തുക. അവനായി ഹ്രുദയമൊരുക്കുക. ഈ ക്രിസ്തുമസ് എല്ലാവായനകാര്‍ക്കും ശാന്തിയും, സന്തോഷവും പ്രദാനം ചെയ്യട്ടെ.

*******************
Join WhatsApp News
mathew v zacharia 2016-12-20 13:23:40
Well written.
Pioneer of Keralites, Mathew V. Zacharia
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക