Image

കലയ്ക്കു വര്‍ഗീയതയുടെ അതിര്‍വരമ്പ് വേണ്ട: രമേശ് ചെന്നിത്തല

Published on 19 December, 2016
കലയ്ക്കു വര്‍ഗീയതയുടെ അതിര്‍വരമ്പ് വേണ്ട:  രമേശ് ചെന്നിത്തല
കലയും സംസ്‌കാരവും വര്‍ഗീയ, വിഭാഗീയ ചിന്തകളില്‍ നിന്നു വേറിട്ടു നില്‍ക്കുകയും  അതുവഴി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആസ്വാദനം
പ്രാപ്യമാവുകയും ചെയ്ത ഇടമാണു കേരളം. മനുഷ്യനെ തമ്മില്‍ ചേര്‍ത്തു നിര്‍ത്താനും സൗഹൃദത്തിന്റെയും മാനവികതയുടെയും വാതായനങ്ങള്‍
തുറന്നിടാനുമാണു  കലയും സംസ്‌കാരവും എന്നും മലയാളിയെ പ്രേരിപ്പിച്ചിട്ടുള്ളത്.

എന്നാല്‍, കുറച്ചുകാലമായി കലയും സംസ്‌കാരവും മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ചയും വിദ്വേഷ ചിന്തകളും വളര്‍ത്താനുള്ള ഉപകരണമാകുന്നുവെന്നത്
അതീവ ദുഖകരമാണ്. കലാകാരന്മാരും സാംസ്‌കാരിക നായകന്മാരും ജനിച്ച ജാതിയുടെയോ
മതത്തിന്റെയോ പേരില്‍ വിലയിരുത്തപ്പെടുന്നതും പരിഗണിക്കപ്പെടുന്നതും നമ്മളെ വേദനിപ്പിക്കുകയും ആശങ്കാകുലരാക്കുകയും ചെയ്യണം.

കേരളത്തിന്റെ ചരിത്രത്തില്‍ നൂറ്റാണ്ടുകളായി നമ്മുടെ കലാരൂപങ്ങള്‍ക്കും സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ക്കും ജാതി, മത, പ്രദേശ വ്യത്യാസമില്ലാതെ  ആസ്വാദകരുണ്ടായിരുന്നു. ഒരു കലാരൂപവും ഏതെങ്കിലും മതത്തിന്റെയോ
ജാതിയുടേതോ മാത്രമായിരുന്നില്ല. കലാകാരന്മാരും സാംസ്‌കാരിക നായകരും പല ജാതിയിലും മതത്തിലും ജനിച്ചവരായിരിക്കാം. അവര്‍ ആചരിക്കുന്നതും
വിശ്വസിക്കുന്നതും തങ്ങള്‍ ജനിച്ച സമുദായത്തിലെ ആചാരങ്ങളും വിശ്വാസങ്ങളുമായിരിക്കാം.

എങ്കിലും, ആ മതത്തിലോ ജാതിയിലോ ഉള്‍പ്പെടുന്നവര്‍ക്കു വേണ്ടി മാത്രമല്ല
അവര്‍ എഴുതുന്നതും പാടുന്നതും സാസ്‌കാരിക പ്രവര്‍ത്തനം നടത്തുന്നതും. എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ്. അതുകൊണ്ടാണ് അവരെ 
സാംസ്‌കാരിക നായകന്മാര്‍ എന്നു പറയുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന മികച്ച  സംസ്‌കാരം ജനങ്ങളിലെത്തിക്കുന്നവരാണ് അവര്‍.

എന്നാല്‍, അടുത്ത കാലത്തായി കലാകാരന്മാരെയും സാംസ്‌കാരിക നായകന്മാരെയും
ജാതി, മതങ്ങളുടെ അതിരുകളില്‍ പെടുത്തി വേര്‍തിരിക്കാനുള്ള ശ്രമം നടന്നു വരികയാണ്. കവികളും എഴുത്തുകാരും ചലച്ചിത്ര സംവിധായകരും
പാട്ടുകാരുമൊക്കെ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയുമായി പരിഗണിക്കപ്പെടുകയും പലപ്പോഴും അപമാനിക്കപ്പെടുകയും ചെയ്യുമ്പോള്‍
മലയാളിയുടെ പ്രബുദ്ധതയ്ക്ക് എന്തുപറ്റിയെന്നു ഞാന്‍ അത്ഭുതപ്പെടുകയാണ്.

വയലാറും പി ഭാസ്‌കരനും ശ്രീകുമാരന്‍ തമ്പിയുമൊക്കെ മികച്ച
മാപ്പിളപ്പാട്ടുകള്‍ എഴുതി നമുക്കു മികച്ച ആസ്വാദനാനുഭവം സമ്മാനിച്ചവരാണ്. യൂസഫലി കേച്ചേരിയാകട്ടെ മികച്ച ഹൈന്ദവ
ഭക്തിഗാനങ്ങളെഴുതി. സംസ്‌കൃതത്തില്‍ ഗാനരചന നിര്‍വഹിച്ചു പ്രസിഡന്റിന്റെ അവാര്‍ഡും  നേടി.  യേശുദാസിന്റെ ശബ്ദത്തിലാണ് ശബരിമല ക്ഷേത്രത്തിലെ ഹരിവരാസനം. സത്യനും പ്രേംനസീറും മമ്മൂട്ടിയും മോഹന്‍ലാലും
വെള്ളിത്തരയില്‍ നമ്മെ വിസ്മയിപ്പിച്ചത് അവരുടെ അപാരമായ അഭിനയ പാടവം കൊണ്ടായിരുന്നു.

കലാമണ്ഡലം ഹൈദരാലിയുടെ മധുരശബ്ദം എത്രയോ ദശാബ്ദങ്ങളോളം നമ്മുട കഥകളി അരങ്ങുകളെ സമ്പന്നമാക്കി. ഇവരുടെയൊന്നും ജാതിയും, മതവും, ജാതകവും നോക്കാതെയാണു മലയാളി ഇഷ്ടപ്പെട്ടതും ബഹുമാനിച്ചതും. അത് അങ്ങനെ വേണമെന്നു
നമുക്ക് ആരും പറഞ്ഞുതന്നതല്ല. മറിച്ച്, മലയാളിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സംസ്‌കാരമാണത്. ഇന്ത്യക്കും ലോകത്തിനും മുന്നില്‍ മലയാളി
തലയുയര്‍ത്തി നിന്നത് ഈ സ്വഭാവവിശേഷംകൊണ്ടു തന്നെയായിരുന്നു.

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ കുറച്ചു നാളുകളായി മലയാളി മനസ് പതിയെ സങ്കുചിതമാകാന്‍ തുടങ്ങിയിരിക്കുന്നു. നമ്മള്‍ ഏറ്റവും ഭയന്നിരുന്ന,
എതിര്‍ത്തിരുന്ന വര്‍ഗീയ നിലപാടുകള്‍ സാംസ്‌കാരിക രംഗത്തേയ്ക്കു കടന്നുവരുന്നുവെന്ന സൂചനകള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഏതെങ്കിലും ഒരു
പ്രത്യേക സംഭവത്തെ മുന്‍ നിര്‍ത്തിയല്ല ഇതു പറയുന്നത്. പൊതുവെ കേരളീയ സമൂഹം
അവനവനിലേയ്ക്കു ചുരുങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

ഒരു എഴുത്തുകാരന്റെ കവിതയോ, നോവലോ ആസ്വദിക്കുമ്പോള്‍,  ചിത്രകാരന്റെ
ചിത്രം ആസ്വദിക്കുമ്പോള്‍, ഒരു സംവിധായകന്റെ സിനിമ കാണുമ്പോള്‍ അതിന്റെ കലാപരവും സാംസ്‌കാരികവുമായ മൂല്യങ്ങളല്ലാതെ അതിനു പിന്നിലുള്ള വ്യക്തിയുടെ ജാതിയോ മതമോ ഒരിക്കലും മലയാളിയുടെ മനസിലേയ്ക്കു കടന്നു വന്നിരുന്നില്ല.
ദു:ഖകരമെന്നു പറയട്ടെ, മലയാളി അത്തരത്തിലും ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആരംഭത്തിലേ വെട്ടിനീക്കപ്പെടേണ്ട അര്‍ബുദമാണ് ഈ മനോഭാവം.

നമുക്ക് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും എന്നു മുദ്രയടിക്കപ്പെട്ട കലാകാരന്മാരും എഴുത്തുകാരും അഭിനേതാക്കളും സംവിധായകരും വേണ്ട. അതൊക്കെ
നമ്മുടെയും അവരുടെയും വ്യക്തിജീവിതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കട്ടെ.
അവരുടെ സൃഷ്ടികളും അവര്‍ നല്‍കുന്ന സംഭാവനകളും മാത്രമായിരിക്കണം നമ്മുടെ
മുന്നിലുള്ള മാനദണ്ഡം. ആ മനോഭാവം നൂറ്റാണ്ടുകളോളം പിന്തുടര്‍ന്നതു കൊണ്ടു
മാത്രമാണു കേരളം ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ സമൂഹമായിത്തീര്‍ന്നത്.
ഒരു പോറല്‍പോലുമേല്‍ക്കാതെ ആ പ്രബുദ്ധത നിലനില്‍ക്കണം.
Join WhatsApp News
വിദ്യാധരൻ 2016-12-23 21:51:57
നെറ്റിക്ക് ഇരുവശത്തും ചെവിക്കു മുകളിലായുള്ള ഭാഗമാണ് ചെന്നി.  ബുദ്ധിയുടെ പ്രഭവ സ്ഥാനം അവടെ അല്ലെന്നു നമ്മൾക്കറിയാം. അപ്പോൾ പിന്നെ ചെന്നിത്തലയിൽ നിന്ന് എന്തു പ്രതീക്ഷിക്കാം? വിവരക്കേട്.  
"കുറച്ചു കാലമായി കലയും സംസ്കാരവും മനുഷ്യർക്കിടയിൽ അകൽച്ചയും വിദ്വേഷവും വളർത്താനുള്ള ഉപകരണമാകുന്നു"  ഫാദർ. ഇലഞ്ഞിമറ്റത്തിനു ബന്യാമിനെക്കുറിച്ചുള്ള അഭിപ്രായവും ഏതാണ്ട് ഇത് തന്നെ. ഫേസ്ബുക്ക് മനുഷ്യരെ തമ്മിൽ അടുപ്പിക്കാനാണ് ഭിന്നിപ്പാക്കാനല്ല എന്ന് പറയുന്നതുപോലെയുണ്ട് . എന്നാൽ നമ്മൾക്കറിയാം അറബ്വസന്തം പൊട്ടി വിടരാനുള്ള ഒരു കാരണം ഫേസ്ബുക്കാണെന്നു. അപ്പോൾ ആർട്ടിനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? കല മനുഷ്യ മനസിന്റെ ഉല്ലാസത്തിനു വേണ്ടി സൃഷ്ട്ടിച്ചു എങ്കിലും സാമൂഹ്യ പരിഷകരണത്തിൽ അത് വഹിച്ച പങ്ക് അറിയണം എങ്കിൽ ചരിത്രത്തിന്റെ ഏടുകൾ മറിച്ചു നോക്കിയാൽ മതി.  പക്ഷെ ചെന്നിത്തലയിൽനിന്നോ ഇലഞ്ഞി മൂട്ടിൽ നിന്നോ വിവരക്കേടല്ലാതെ വേറെ എന്തെങ്കിലും പ്രതീക്ഷിക്കാമോ 

ചലനം, ചലനമാണെകിലുമതിൽക്കൂടി 
സഫലീകരിച്ചുവോ നാടിന്റെ പ്രതീക്ഷകൾ 
മർത്ത്യതയുടെ നെഞ്ചി മുടിത്തുള്ളിയ ശപ്ത 
മർദ്ദനമുറകളെയാട്ടിയോടിച്ചോ ദൂരെ 
ചോരയിൽ ചരിത്രത്തിൻമുക്കി ചുറ്റും 
ചീറിയ തോക്കിൻ മുൻപിൽ ജ്വലിച്ച ദിവസങ്ങൾ 
ഇപ്പോഴും ദഹിക്കുകയാണിരുളിന്റെ 
കൽത്തുറുങ്കരകളിൽ ചെന്നു വീഴുവാൻ മാത്രം (ചലനം ചലനം -വയലാർ )

അടികൊണ്ടു തലപൊട്ടിച്ചോര പൊടിഞ്ഞിട്ടും 
ചെടികളിൽ മറഞ്ഞില്ല മന്ദഹാസം 
നവമൊരു ജീവിതം കതിർചൂടും നാടിന്റെ 
കവിതകൾ പൂക്കുമാ കണ്ണുകളിൽ 
ചതയുന്ന സാമൂഹ്യസത്യങ്ങൾതൻ നേർക്ക് 
കുതികൊള്ളും ചലനങ്ങൾ തങ്ങിനിന്നു 
തെറിപാടും സർക്കാരിൻ പട്ടാളക്കാരുടെ 
നെറികേടിലദ്ദേഹം വേദനിച്ചു  (പേനയും പടവാളും -വയലാർ )

വയലാർ വിപ്ലവത്തിൽ വയലാർ കവിതകളുടെ സ്വാധീനം എത്രയെന്ന് ചരിത്രം പഠിച്ചവർക്കറിയാം. ചെന്നിത്തലയിൽ അത് കേറാൻ സാധ്യത ഇല്ല.  കലയും സാഹിത്യവും സമൂഹത്തെ ഭിന്നിപ്പിയ്ക്കയല്ല ചെയ്‍തത് നേരെ മറിച്ച് ചതയുന്ന സാമൂഹ്യസത്യങ്ങളെ വെളിച്ചത്ത് കൊണ്ടുവന്നു സമൂഹത്തെ ഒന്നിപ്പിച്ച് ഒരു ശക്തയാക്കി ചെന്നിത്തലയെപ്പോലെയും ഫാദർ ഇലഞ്ഞിക്കലിനെപോലുള്ളവരെയും ഓടിക്കുകയായിരുന്നു . ഇന്ന് മതവും രാഷ്ട്രീയവും കൂട്ടായ് സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുകായാണ്.  ബന്യാമിനെപോലുള്ളവരെ ഇവർ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു, ലോകത്തിലെ സാംബ്രാജ്യ ശക്തികളെ ഇളക്കുവാൻ കലയിലെ വിവിധ രൂപങ്ങൾ ഉപയോഗിച്ച് കലാകാരന്മാർക്കും എഴുത്തുകാർക്കും കഴിഞ്ഞിട്ടുണ്ടെന്നുള്ള  സത്യം അറിയാവുന്നവരാണിവർ. അതുകൊണ്ടാണ് ഇക്കൂട്ടർ കലാകാരന്മാർക്ക് നേരെ തിരിയുന്നത്. കപടതയുടെ മറ്റൊരു മുഖം .

പുലരുന്നു തലമുറകൾ വീഴുകയില്ലിവർ കെട്ടും 
വലകിളിൽ ഞാണിന്മേൽക്കളി നടത്താൻ 
പുലരുന്നു നാടുണരാൻ തിരിവെട്ടം കാണിക്കും 
പുതിയൊരു ജീവിത തത്വശാസ്ത്രം 

മുന്നേറുക നാമിനി,-യാഴിമതികളറുത്തെറിയാൻ,
മുന്നേറുക പടവാളും പേനയുമായി  (വയലാർ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക