Image

ശീതകാല സമ്മേളനത്തിന്റെ മരവിപ്പും രാഹുലിന്റെ ഭൂമികുലുക്കവും (ദല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 20 December, 2016
 ശീതകാല സമ്മേളനത്തിന്റെ മരവിപ്പും രാഹുലിന്റെ ഭൂമികുലുക്കവും (ദല്‍ഹി കത്ത് : പി.വി.തോമസ്)
അങ്ങനെ ഒരു പാര്‍ലിമെന്റ് സമ്മേളനവും കൂടെ ഇല്ലാതായി. നാണയ നിര്‍വീര്യകരണം പ്രധാനപ്രശ്‌നം ആയിരുന്നു ഈ ശീതകാല സമ്മേളനത്തിന്റെ നടത്തിപ്പിന്. മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി സഭയില്‍ ഇതിനെക്കുറിച്ച് പ്രസ്താവന നടത്തുവാന്‍ തയ്യാറാകാതിരുന്നത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മോഡിക്കെതിരായിട്ടുള്ള വെല്ലുവിളിയും പാര്‍ലിമെന്റിനെ സ്തംബ്ദമാക്കി.

ഇതില്‍ പ്രധാനമായും മൂന്ന് പ്രശ്‌നങ്ങളാണ് വിശകലനം ചെയ്യേണ്ടത്. ഒന്ന് പാര്‍ലിമെന്റിന്റെ നിര്‍വീര്യകരണം. രണ്ട് ഇത്ര വലിയ ഒരു സാമ്പത്തീക പരിഷ്‌ക്കരണം നടപ്പിലാക്കിയിട്ട് പാര്‍ലിമെന്റിനെ അഭിമുഖീകരിക്കുവാന്‍ ധിക്കരിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട്. മൂന്ന് രാഹുല്‍ ഗാന്ധി മോഡിക്കെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണം, അതിന്റെ നിജാവസ്ഥ.
പാര്‍ലിമെന്റ് ഒരു കാരണവശാലും ഇതുപോലെ സ്തംഭിക്കപ്പെടരുതായിരുന്നു. ഇതല്ല ജനം ജനപ്രതിനിധികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, ആവശ്യപ്പെടുന്നത്. ജനങ്ങളാണ് പ്രതിനിധികള്‍ക്ക് ശമ്പളം നല്‍കുന്നത്, അവരെ തെരഞ്ഞെടുത്ത് വിടുന്നത്. അവരുടെ നികുതിയിലൂടെയാണ് പാര്‍ലിമെന്റ് ലക്ഷക്കണക്കിന് രൂപ പ്രതി മിനിറ്റ് ചിലവില്‍ നടക്കുന്നത്. ഓര്‍മ്മയുണ്ടായിരിക്കണം. എത്ര ജനക്ഷേമകരമായ ബില്ലുകളാണ് ഭരണകക്ഷി-പ്രതിപക്ഷ കോലാഹലത്തില്‍ മുടങ്ങിയത്.
രാജ്യസഭ വെറും 18 ശതമാനം സമയം മാത്രമാണ് ജോലി ചെയ്തത്. ലോകസഭ 15 ശതമാനവും. കണക്ക് അനുസരിച്ച് രണ്ടര ലക്ഷം രൂപയാണ് പാര്‍ലിമെന്റിന്റെ ഒരു മിനിറ്റ് നേരത്തെ പ്രവര്‍ത്തനത്തിനായി നികുതി ദായകന്‍ ചിലവഴിക്കുന്നത്. അതായത് രണ്ട് കോടി രൂപ പ്രതിദിനം. ഒരു പാര്‍ലിമെന്റ് അംഗത്തിന് പ്രതിദിനം രണ്ടായിരം രൂപ ഹാജര്‍ പ്രതിഫലം നല്‍കുന്നുമുണ്ട്. അതു കൂടാതെ ലക്ഷങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും. പണം പോകട്ടെ. എന്നിട്ട് ഇവര്‍ എന്താണ് ചെയ്യുന്നത്? സ്തംഭിപ്പിക്കല്‍? അതിനാണോ ജനം ഈ പണം ഇവര്‍ക്കായി മുടക്കുന്നത്? ഇതിന് പ്രതിപക്ഷം മാത്രം അല്ല ഗവണ്‍മെന്റും ഉത്തരവാദിയാണ്. മാറി മറിഞ്ഞു വരും എന്ന് മാത്രം. ഇപ്പോഴത്തെ പ്രതിപക്ഷം ഗവണ്‍മെന്റ് ആയിരുന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷവും ഇത് തന്നെ ചെയ്തു. ഞാന്‍ രണ്ട് പതിറ്റാണ്ടുകള്‍ ഏറെ ഇത് കണ്ടതാണ്, റിപ്പോര്‍ട്ട് ചെയ്തത് ആണ്.
ഈ പ്രാവശ്യത്തെ സഭാസ്തംഭനം കഴിഞ്ഞ 25 വര്‍ഷത്തില്‍ ആദ്യം ആണെന്ന് കണക്കുകള്‍ അവകാശപ്പെടുന്നു. അതായത് ഫലപ്രാപ്തി വെറും നാല് ശതമാനം മാത്രം! ഇതിന്റെ ഒരേ ഒരു കാരണം നാണയ നിര്‍വീര്യകരണവും!!

ചോദ്യോത്തരം ഒറ്റശതമാനം മാത്രം ആണ് നടന്നത്. ഇതിനായി ചിലവഴിക്കുന്ന തുക ലക്ഷങ്ങളാണ്. അത് കൂടാതെ എത്ര പേരുടെ അദ്ധ്വാനം, അന്വേഷണം. പക്ഷേ, ചോദ്യം ചോദിക്കുവാനും ആളില്ല സഭയില്‍ ഉത്തരം പറയുവാനും മന്ത്രിയില്ല!

അഞ്ച് ശതമാനം മാത്രം ലെജിസ്ലേറ്റീവ് ബിസിനസ് ആണ് ഇപ്രാവശ്യം നടന്നത്. പാസാക്കിയ രണ്ടോ മൂന്നോ ബില്ലുകള്‍ യാതൊരു ചര്‍ച്ചയും ഇല്ലാതെയാണ് സഭ അംഗീകരിച്ചത്!

ഇങ്ങനെ എത്രകാലം നമ്മുടെ ജനാധിപത്യ പാര്‍ലിമെന്റ് വ്യവസ്ഥ മുമ്പോട്ട് പോകും? ആരാണ് ഇതിന് ഉത്തരവാദികള്‍? ഇതിന്റെ സാമ്പത്തിക വ്യയത്തെക്കാള്‍ വലുത് നിയമനിര്‍മ്മാണ പ്രക്രികയുടെ സ്തംഭനം ആണ് വലുത്.

ഇപ്രാവശ്യത്തെ പാര്‍ലിമെന്റ് സ്തംഭനത്തിന്റെ ഒരേ ഒരു കാരണം നാണയനിര്‍വീര്യകരണവും പ്രധാനമന്ത്രി നരേന്ദ്രമോഡി അത് സഭയെ ബോദ്ധ്യപ്പെടുത്താത്തതും ആണ്. എന്ത് കൊണ്ട് മോഡി പാര്‍ലിമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്തില്ല. ധിക്കാരം അല്ലേ അത്? സംശയം ഇല്ല. ഏകാധിപതികളുടെ മുഖലക്ഷണം ആണ് ഇത്. ഇത് തികച്ചും ശരിയല്ല. അദ്ദേഹം പല വേദികളിലും, പല സംസ്ഥാനങ്ങളിലും നാണയ നിര്‍വീര്യകരണത്തെകുറിച്ച് സംസാരിച്ചു. സംസാരിച്ച് കൊണ്ടേയിരിക്കുന്നു. പക്ഷേ, പാര്‍ലിമെന്റിലെ സഭകളില്‍ മാത്രം ഒന്നും പറയുന്നില്ല. എന്തൊരു അഹങ്കാരം ആണ് ഇത്? ഒരു സ്വേച്ഛാധിപതിക്ക് മാത്രമെ ഇത് പറ്റുകയുള്ളൂ.
ഡിസംബര്‍ പത്താം തീയതി അദ്ദേഹം ഗുജറാത്തിലെ ദീസയില്‍ ഒരു പൊതുജനറാലിയില്‍ പറഞ്ഞു അദ്ദേഹത്തെ ലോകസഭയില്‍ പ്രസംഗിക്കുവാന്‍ അനുവദിക്കുന്നില്ല എന്ന്. എന്ത് വമ്പന്‍ നുണയാണ് ഇത് മോഡിജി? ഇന്‍ഡ്യയുടെ പ്രധാനമന്ത്രിക്ക് പാര്‍ലിമെന്റില്‍ പ്രസംഗിക്കുവാന്‍ സാധിക്കുന്നില്ലെന്നോ? ശുദ്ധ നുണ. ലോകസഭയിലോ രാജ്യസഭയിലോ അദ്ദേഹം സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് നിന്നാല്‍ സഭ സാദരം പ്രധാനമന്ത്രിയുടെ വാക്കിനായി കാത്തിരിക്കും. അതാണ് ചട്ടം. കീഴ് വഴക്കം. ഞാന്‍ അത് കണ്ടിട്ടുള്ളതാണ്. കേട്ടിട്ടുള്ളതാണ്. കാരണം ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയാണ് സംസാരിക്കുന്നത്. ആര്‍ക്കും അദ്ദേഹത്തെ തടയുവാന്‍ ആവുകയില്ല. പക്ഷേ മോഡി നാണയ നിര്‍വീര്യകരണത്തെകുറിച്ച് ഒറ്റയക്ഷരം പാര്‍ലിമെന്റിനുള്ളില്‍ പറഞ്ഞില്ല. എന്തുകൊണ്ട്? മറുപടി പറയണം. അതുകൊണ്ടല്ലേ സഭ ഇങ്ങനെ സ്തംഭിച്ചത്? അതെ. അപ്പോള്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ സ്തംഭത്തിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം മോഡിക്ക് ആണ്. ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ ധിക്കാരവും നിഷേധാത്മകവും ആയ മൗനത്തിന് ആണ്.

ഇനി രാഹുല്‍ ഗാന്ധി. ഈ വിദ്വാന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ ആണ്. ഏത് നിമിഷവും അദ്ധ്യക്ഷനും ആയേക്കാം. ഇദ്ദേഹം ഒരു വെടിപൊട്ടിച്ചു ഡിസംബര്‍ ഒമ്പതിനും പിന്നീട് പതിനാലിനും. ഇദ്ദേഹത്തിന്റെ കയ്യില്‍ ഒരു ബോംബ് ഉണ്ട്. മോഡിയുടെ വ്യക്തിപരമായ അഴിമതിയാണ് വിഷയം. ഇത് ഇദ്ദേഹം വെളിയില്‍ വിട്ടാല്‍ ഭൂകമ്പം ഉണ്ടാകും. മോഡി പേടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ കയ്യിലുള്ള തെളിവുകള്‍ ബുളറ്റ് പ്രൂഫ് ആണ്. പക്ഷേ, ലോകസഭയില്‍ വായ്‌പൊളിക്കുവാന്‍ അദ്ദേഹത്തെ മോഡി അനുവദിക്കുന്നില്ല. 'എന്റെ ചുണ്ടുകളെ വായിക്കുക' എന്നും രാഹുല്‍ പറഞ്ഞു. എന്താണ് ഈ ഭൂകമ്പം? അദ്ദേഹത്തിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സഖ്യകക്ഷി നേതാക്കന്മാര്‍ക്കും അറിയില്ല. ഈ വിദ്വാന്‍ ഈ വിഷയം ഉന്നയിക്കുവാന്‍ പാര്‍ലിമെന്റിന്റെ ചട്ടപ്രകാരം നോട്ടീസ് നല്‍കിയോ? ഇല്ല. പിന്നെ? അപ്പോള്‍ ഇത് വെറും ഒരു രാഷ്ട്രീയ ഭീഷണി മാത്രം ആണോ?

വേണ്ട പാര്‍ലിമെന്റിനുള്ളില്‍ പറയുവാന്‍ അനുവാദം ലഭിച്ചില്ലെങ്കില്‍ എന്തുകൊണ്ട് പുറത്ത് പറയുന്നില്ല? അന്ന് അദ്ദേഹം മന്‍മോഹന്‍ സിങ്ങിനെ അധിക്ഷേപിച്ച് ആക്രമിച്ച് പ്രസ്‌ക്ലബ് ഓഫ് ഇന്‍ഡ്യയില്‍ അജയ്മാക്കന്റെ പ്രസ് കോണ്‍ഫ്രന്‍സില്‍ ഇടിച്ചു കയറി പറഞ്ഞതിന് ഞാന്‍ ദൃക്‌സാക്ഷിയാണ്. അങ്ങനെ ഒരു മാധ്യമ സമ്മേളനത്തിലൂടെ ഇതും വെളിപ്പെടുത്തി കൂടെ? താമസിക്കും തോറും രാഹുലിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയാണ്. പറയൂ രാഹുല്‍ എന്ത് തെളിവാണ് മോഡിയുടെ വ്യക്തിപരമായ അഴിമതിസംബന്ധിച്ച് താങ്കളുടെ കൈവശം ഉള്ളത്? എന്തുകൊണ്ട് അതിന് പാര്‍ലിമെന്റിന്റെ സംരക്ഷണം താങ്കള്‍ തേടുന്നു. ആ പ്രിവിലജ് ഇല്ലെങ്കിലും സത്യം സത്യമായി തെളിവ് തെളിവായി താങ്കള്‍ക്ക് വെളിപ്പെടുത്താന്‍ ആവുകയില്ലെ? മോഡിക്കെതിരായ അഴിമതി രഹസ്യം തെളിവ് സഹിതം പുറത്ത് വിട്ടാല്‍ മോഡി രാജി വയ്‌ക്കേണ്ടിവരും എന്നാണ് രാഹുലിന്റെ ഭീഷണി. ഇത് വളരെ ഗൗരവതരം ആണ്. അത് രാഷ്ട്രത്തോട് വെളിപ്പെടുത്തുവാന്‍ രാഹുല്‍ കടപ്പെട്ടവന്‍ ആണ്. അത് ചെയ്തില്ലെങ്കില്‍ ജനം അദ്ദേഹത്തെ നിരാകരിക്കും.

ഈ മൗനത്തിന് കാരണമായി രാഷ്ട്രീയ-മാധ്യമവൃത്തങ്ങള്‍ ദല്‍ഹിയില്‍ പറയുന്നത് മോഡിയും രാഹുലുമായിട്ടുള്ള ഒരു സന്ധിയെ കുറിച്ചാണ്. രാഹുലും കോണ്‍ഗ്രസ് നേതാക്കളും മോഡിയെ പാര്‍ലിമെന്റ് ശീതകാല സമ്മേളനത്തിനിടക്ക് ഡിസംബര്‍ 14ന് പാര്‍ലിമെന്റില്‍ വച്ച് കണ്ടതും, കര്‍ഷകരുടെ പ്രശ്‌നം എന്ന പേരില്‍, മറ്റ് പ്രതിപക്ഷകക്ഷികള്‍ അതില്‍ നിന്ന് വിട്ട് നിന്നതും ശ്രദ്ധിക്കുക. ഇതേ അവസരത്തില്‍ ആണ് അഗസ്തവെസ്റ്റ് ലാന്റ് ഹെലികോപ്ടര്‍ അഴിമതി ആരോപണം വീണ്ടും ഉയര്‍ന്നു വന്നത്. ഇന്‍ഡ്യയിലെ ഒരു രാഷ്ട്രീയ കുടുംബത്തിന് 160 കോടി രൂപ കൈകൂലി കൊടുത്തതായി ഈ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷന്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ ചോര്‍ന്നിരുന്നു.(അദ്ദേഹം പിന്നീട്-ഡിസംബര്‍ 18-അത് നിഷേധിക്കുകയും ചെയ്തു). ഇത് മാത്രം അല്ല രാഹുലിന്റെ സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വന്ധരക്ക് എതിരായുള്ള ഭൂമി ഇടപാട് കേസുകളും രാഹുലിനെ മോഡിയുമായി ഒരു സന്ധിക്ക് പ്രലോഭിപ്പിച്ചുവെന്നും സംസാരം ഉണ്ടായി. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജറിവാളും ഇതേ കാരണങ്ങളാല്‍ രാഹുലിനെ വെല്ലുവിളിക്കുകയുണ്ടായി. എന്തുകൊണ്ട് രാഹുല്‍ ഈ സ്‌ഫോടനാത്മകമായ സത്യം പുറത്ത് വിടുന്നില്ല? അദ്ദേഹത്തിന്റെ മൗനം മോഡിയുടെ പാര്‍ലിമെന്റിനുള്ളിലെ ധിക്കാരപരമായ മൗനം പോലെ കുറ്റകരം ആണ്. ജനത്തിന് അതിന്റെ സത്യം അറിയണം.


 ശീതകാല സമ്മേളനത്തിന്റെ മരവിപ്പും രാഹുലിന്റെ ഭൂമികുലുക്കവും (ദല്‍ഹി കത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക