Image

ഓര്‍മ്മകളിലെ ക്രിസ്മസും പുതുവത്സരവും (ജയന്‍ കൊടുങ്ങല്ലൂര്‍)

Published on 20 December, 2016
ഓര്‍മ്മകളിലെ ക്രിസ്മസും പുതുവത്സരവും (ജയന്‍ കൊടുങ്ങല്ലൂര്‍)
ക്രിസ്മസിന്റെ വരവ് വിളിച്ചറിയിച്ച് മുറ്റത്തെ കണികൊന്ന ഇലപൊഴിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ക്രിസ്മസ് പരീക്ഷ അടുത്തുവല്ലോ എന്ന ഒരു മാനസിക സംഘര്‍ഷവും ഒപ്പം പരീക്ഷ കഴിഞ്ഞാല്‍ കിട്ടുന്ന പത്തു ദിവസത്തെ അവധിയെ കുറിച്ചോര്‍ത്തുള്ള സന്തോഷവും ആണ്. എന്നും എന്റെ വഴികാട്ടിയും എല്ലാംമായ അമ്മയോട് പലപ്പോഴും ഈര്‍ഷ്യതോന്നുന്ന അവസരവും ക്രിസ്മസ് കാലം തന്നെ. അതിനു മതിയായ കാരണവുമുണ്ട്. ക്രിസ്മസ് കാലമടുക്കുമ്പോഴേക്കും കുറച്ച് അടുത്തുള്ള ക്യസ്ത്യന്‍ വീടുകളിലെല്ലാം അവര്‍ വര്‍ണ്ണപേപ്പറുകള്‍കൊണ്ടുള്ള നക്ഷത്രകാലുകള്‍ ഉണ്ടാക്കി തൂക്കുകയും മനോഹരമായ പുല്‍കൂടുകള്‍ തീര്‍ത്ത് വര്‍ണ്ണകടലാസും, ഉണ്ണിയേശുവിന്റെയും, കന്യാമറിയത്തിന്റെയും മറ്റും രൂപങ്ങള്‍കൊണ്ട് അലങ്കരിക്കയും ചെയ്യും. ഏതാണ്ട് ഡിസംബര്‍ ആദ്യം വാരം തന്നെ അവര്‍ അവയൊക്കെ ഒരുക്കി തൂക്കിയിട്ടുണ്ടാകും. അതുകാണുമ്പോള്‍ ഞാനും അതുപോലെ ഒരു നക്ഷത്രം ഞങ്ങളുടെ മുറ്റത്തും തൂക്കാനുള്ള ആഗ്രഹം പറയുകയും ചെയ്യുകയും ചെയ്തിരുന്നു

വൈദ്യുതബള്‍ബ് തൂക്കാവുന്ന തരത്തിലുള്ള, മാര്‍ക്കറ്റില്‍ നിന്നും റെഡിമേഡായ് വാങ്ങുന്ന ഒരു നക്ഷത്രം വാങ്ങാന്‍ അന്ന് പത്തൊ ഇരുപതോ രൂപയങ്കിലും കൊടുക്കണം. അന്നൊന്നും അത് അത്ര സാധാരണമല്ലാത്തതിനാലും അതിനുള്ള കാശ് കയ്യില്‍ ഉണ്ടാകാറില്ലാത്തതിനാലും ഈറയുടെ പൊളി ചണചരടുകൊണ്ട് വച്ചുകെട്ടി രണ്ടുപാളികളുള്ള അഞ്ചു മൂലകളോടുകൂടിയ ഒരു നക്ഷത്രത്തിന്റെ ചട്ടകൂട് ഉണ്ടാക്കും. എന്നിട്ട് രണ്ടു പാളികളുടേയുംകൂടി ഇടയില്‍ ഏതാണ്ട് 20 സെന്റീമീറ്റര്‍ നീളമുള്ള ഈറപൊളി തിരുകി വെച്ച് നക്ഷത്രത്തിന്റെ ചട്ടകൂട് തീര്‍ക്കും. അതില്‍ മനോഹരമായ വര്‍ണ്ണകടലാസുകള്‍ ഒട്ടിച്ചുകഴിഞ്ഞാല്‍ നക്ഷത്രകാല്‍ പൂര്‍ണ്ണമായി. നക്ഷത്രത്തിനുവേണ്ട എല്ലാ സാമഗ്രികളും വീട്ടില്‍ നിന്നുതന്നെ ശേഖരിക്കാമന്നതിനാല്‍ രണ്ടുരൂപമാത്രം ചിലവാക്കി വര്‍ണ്ണകടലാസ് വാങ്ങിയാല്‍ മനോഹരമായ ഒരു നക്ഷത്രകാല്‍ ഞങ്ങളുടെ മുറ്റത്തും തൂക്കാമായിരുന്നു.

ഒരു വര്‍ണ്ണകടലാസിന് അന്‍പതു പൈസയാണ് അന്നു വില. രണ്ടുരൂപക്ക് നാലു നിറത്തിലുള്ള കടലാസുമാത്രമേ വാങ്ങാന്‍ കഴിയൂ എന്നത് എന്നും ഞങ്ങള്‍ക്ക് ഒരു വിഷമം ആയിരുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മോഷണവും കള്ളത്തരങ്ങളും കാണിക്കുന്ന അവസരങ്ങളാണ് ക്രിസ്മസും ഓണവും.വിഷുവും അതിനുള്ള കാരണങ്ങള്‍, ക്രിസ്മസിന് വര്‍ണ്ണകടലാസ് വാങ്ങാനും, ഓണത്തിന് സിനിമ കാണാനും വിഷുവിന് പടക്കം വാങ്ങാനും കാശ് ഒപ്പിക്കുക എന്നതാണ്. അതിനുള്ള വഴികള്‍ ഞാന്‍ കണ്ടുവച്ചിരുന്നു. ദൈവ്വത്തിന്റെ അനുഗ്രഹം ഈ രണ്ട് അവസരങ്ങളിലും പരീക്ഷപേപ്പറിന്റെ രൂപത്തില്‍ എനിക്ക് മുന്നിലെത്തുമായിരുന്നു. ഏതാണ്ട് ഡിസംബര്‍ പത്താം തീയതിയോട് ക്രിസ്മസ് പരീക്ഷതുടങ്ങും. പരീക്ഷക്കുള്ള പേപ്പര്‍ സ്കൂളില്‍ നിന്ന് തന്നെ വാങ്ങണം. രണ്ടുതരം പേപ്പറുകളാണ് സ്കൂളില്‍ നിന്നും തരിക. ഫെയിസിം ഷീറ്റും അഡീഷണല്‍ ഷീറ്റും. എത്ര സബ്ജക്ടുകള്‍ ഉണ്ടോ അത്രയും ഫെയിസിങ് ഷീറ്റ് നിര്‍ബന്ധമായും വാങ്ങണം. അഡീഷണല്‍ ഷീറ്റ് ആവശ്യമനുസരിച്ച് വാങ്ങിയാല്‍ മതി. പേപ്പര്‍ വാങ്ങുന്നതിന് അമ്മ തന്നു വിടുന്ന രണ്ടുരൂപയില്‍ നിന്നും ഇരുപത്തഞ്ച് പൈസ വീതം ഞാന്‍ ലാഭിക്കും.

ഇനിയും വേണം പൈസ. അതിന് വേറെ ഒരു വഴി ഞാന്‍ കണ്ടുവച്ചിരുന്നു. അന്ന് കടയില്‍പോയി സാധനങ്ങള്‍ വാങ്ങിക്കുക എന്നത് എന്റെ ജോലിയായിരുന്നു. ക്രിസ്മസിന് നക്ഷത്രകാല്‍ ഉണ്ടാക്കാനുള്ള ആലോചന തുടങ്ങിയാല്‍ പിന്നെ കടയില്‍ പോയ് വരുമ്പോള്‍ പത്തുപൈസ മുതല്‍ ഇരുപത്തഞ്ച് പൈസവരെ അമ്മയുടെ കണ്ണുവെട്ടിച്ച് കൈവശപ്പെടുത്തുമായിരുന്നു ഞാന്‍. സാധനങ്ങള്‍ വാങ്ങിയാല്‍ അതിന്റെ ലിസ്റ്റും ബാക്കി പൈസയും തിരിച്ച് അമ്മയെ ഏല്‍പിക്കണം എന്നത് നിര്‍ബന്ധമായിരുന്നു. അതിനാല്‍ അമ്മയുടെ കണ്ണുവെട്ടിച്ച് ഇരുപത്തഞ്ച് പൈസ മോഷ്ടിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടുള്ള പണിയായിരുന്നു അക്കാലത്ത്. അതിനും ഒരു സൂത്രപ്പണി ഉണ്ടായിരുന്നു എന്റെ കൈയ്യില്‍. കടയില്‍ പോയാല്‍ അമ്മപറഞ്ഞുവിടുന്നതില്‍വച്ച് ഏറ്റവും വിലകൂടുതലുള്ള ഒന്നോ രണ്ടോ സാധനം ഒഴികെ എല്ലാം വാങ്ങി കടക്കാരനെകൊണ്ട് വില എഴുതികൂട്ടിച്ച് കാശു കൊടുക്കും. അതിനു ശേഷം മനപ്പൂര്‍വ്വം വാങ്ങാതെ വിട്ടുപോയ സാധനങ്ങള്‍ കൂടി വാങ്ങും. അതിന്റെ വില കടക്കാരന്‍ എഴുതി തരില്ല. അതില്‍ നിന്നാവും മിക്കപ്പോഴും പത്തുപൈസ മുതല്‍ ഇരുപത്തഞ്ച് പൈസ വരെ മോഷ്ടിക്കുന്നത്. അതു പറ്റാത്ത ചിലദിവസങ്ങളില്‍ ലിസ്റ്റ് അമ്മയെ ഏല്പിക്കതെ മോഷ്ടിച്ചതിന്റെ ബാക്കി പൈസ മാത്രമേ കൊടുക്കൂ. അങ്ങനെ എല്ലാം കൂടി ഏതാണ്ട് ഡിസംബര്‍ പതിനഞ്ചാം തീയതി ആകുമ്പോഴേക്കും വര്‍ണ്ണകടലാസ് വാങ്ങാന്‍ ഒരു മൂന്നു രൂപയോളം ഒപ്പിച്ചെടുക്കും. പക്ഷേ അപ്പോഴേക്കും ക്രിസ്മസ് പരീക്ഷ തുടങ്ങിയിട്ടുണ്ടാവും. പരീക്ഷ തുടങ്ങിയാല്‍ പിന്നെ പരീക്ഷ കഴിയും വരെ മറ്റൊന്നും ചെയ്യാന്‍ അമ്മ അനുവദിക്കില്ല. പരീക്ഷ മിക്കപ്പോഴും ഇരുപതാം തീയതിയോടയാവും കഴിയുക. പരീക്ഷ കഴിയുന്ന അന്ന്, മുന്‍പേ ഉണ്ടാക്കി വച്ചിരിക്കുന്ന നക്ഷത്രകാലിന്റെ ചട്ടകൂടില്‍ വര്‍ണ്ണപേപ്പര്‍ ഒട്ടിച്ച് പിറ്റേദിവസം വൈകുന്നേരത്തോടുകൂടി മുറ്റത്തുനില്‍ക്കുന്ന കൊന്നയുടെ താണകൊമ്പില്‍ കെട്ടിതൂക്കുക അതാണ് മനസ്സില്‍. നക്ഷത്രകാലില്‍ പേപ്പര്‍ ഒട്ടിക്കുമ്പോള്‍ ഞാന്‍ എപ്പോഴും രാജാവും മറ്റുള്ളവര്‍ പ്രജകളുമായിരുന്നു. പേപ്പര്‍ ഒട്ടിക്കാന്‍ തുടങ്ങുന്നതുമുതല്‍ ഞാന്‍ പശ എടുക്ക്, പേപ്പര്‍ എടുക്ക്, ബ്ലയിഡ് എടുക്ക് എന്നിങ്ങനെ ഓരോന്ന് മറ്റുള്ളവരോട് ആക്ഞാപിക്കും.. സന്ധ്യക്ക് വീട്ടില്‍ നിലവിളക്കു വെയ്ക്കുമ്പോള്‍ എണ്ണ ഒഴിച്ച ഒരു വിളക്ക് കത്തിച്ച് നക്ഷത്രകാലിനുള്ളിലും വയ്ക്കും. നക്ഷത്രകാലിനുള്ളില്‍ മുനിഞ്ഞുകത്തുന്ന ആ ചിരാത് കാണുമ്പോള്‍ "എന്നെ കബളിപ്പിച്ചുവന്ന് കരുതണ്ട എന്ന്" അമ്മ മനസ്സില്‍ പറയുന്നുണ്ടായിരുന്നുവന്ന് പിന്നിട് മനസിലായിട്ടുണ്ട് അമ്മ മനസിനല്ലേ മക്കളെ തിരിച്ചറിയാന്‍ കൂടുതല്‍ സാധിക്കുന്നത്

ഇന്ന് കരോളുകാരുടെ കാലം എല്ലാം റെഡിമൈഡ് ഇന്നിപ്പോള്‍ കരോളുകാരുടെ എണ്ണം കൂടി എന്നു മാത്രമല്ല മെഴുകുതിരികള്‍ കത്തിച്ചുവച്ച, നാനാ വര്‍ണ്ണത്തിലുള്ള നക്ഷത്രക്കാലുകളും കുരിശുരൂപങ്ങളും ചുമന്നുകൊണ്ട് കാല്‍നടയായി ഇടവഴികളെ പുളകംകൊള്ളിച്ചുകൊണ്ട് കരോള്‍ഗാനം പാടിവരുന്ന കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നുള്ള സംഘങ്ങളുടെ സ്ഥാനം വൈദ്യുത ദീപങ്ങളും, വണ്ടികളില്‍ അലങ്കരിച്ച പുല്‍കൂടുകളും ഒക്കെ കൈവശപ്പെടുത്തുകയും, ഡ്രം സെറ്റിന്റെ ഉച്ച നീചങ്ങളുടെ അകമ്പടിയാല്‍ വായ്താരിയായ് പാടിയിരുന്ന കരോള്‍ ഗാനങ്ങള്‍ പാരഡിഗാനങ്ങള്‍ കൈയ്യടക്കുകയും ചെയ്തു. അന്നുവരെ ജാതിമത വ്യത്യാസമില്ലാതെ എല്ലാവീടുകളിലും കരോള്‍ഗാനം ആലപിച്ചിരുന്ന പള്ളിയിലെ കരോള്‍ സംഘങ്ങള്‍ ഇടവകയിലെ വീടുകളില്‍ മാത്രം കയറി ഇറങ്ങി കരോള്‍ ഗാനം ആലപിക്കാന്‍ തുടങ്ങിയതോടെ നമ്മുടെ ഇടയിലും അറിയാതെ ചേരിതിരുവുകള്‍ ഉണ്ടായോ എന്ന്ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റാത്ത തരത്തില്‍ നമ്മുടെ നാട് മാറിയിരിക്കുന്നു, മനോഹരമായ ഒരു നക്ഷത്രം മാര്‍ക്കറ്റില്‍ നിന്നും വാങ്ങി ഡിസംബര്‍ ഒന്നാം തീയതി മുതല്‍ വൈദ്യുത ബള്‍ബും ഇട്ട് രാവെളുക്കോളം കത്തിച്ചിടും. ക്രിസ്മസ് ഒക്കെ കഴിഞ്ഞു എന്നു പറഞ്ഞ് ഞങ്ങള്‍ ആരങ്കിലും അത് അഴിച്ചുമാറ്റുന്നതുവരെ.നമ്മുടെ മുറ്റത്ത് കിടക്കുന്ന ആ നക്ഷത്രം ഒരു സ്‌നേഹ സന്ദേശമായി എല്ലാവരുടെയും മനസ്സില്‍ ജ്വലിക്കട്ടെ.

പോയഒരു വര്‍ഷം നഷ്ട്ടങ്ങളുടെയും ലാഭങ്ങളുടെയും കണക്കെടുക്കുന്ന തിരക്കിലാണ് നാം ഇല കൊഴിയുന്നു....പോയ വര്‍ഷം....അകാലത്തില്‍ വിട്ടുപിരിഞ്ഞുപോയവരുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ഒരുതുള്ളി കണ്ണുനീര്‍ വാര്‍ക്കാം.....സ്‌നേഹിച്ചവര്‍ക്കും, സ്‌നേഹിച്ച് വഞ്ചിച്ചവര്‍ക്കും സ്‌നേഹം നടിക്കുന്നവര്‍ക്കും ഹ്യദയത്തിന്റെ സത്യം കൊണ്ട് നന്ദിയും പറയാം
എന്തായിരുന്നു പോയ വര്‍ഷം....കണക്കുകള്‍ കൂട്ടികുറക്കുമ്പോള്‍ ലഭമോ നഷ്ടമോ?.....കണ്ടുമുട്ടിയ പരിചിതവും അപരിചിതവുമായ മുഖങ്ങള്‍.....വിരല്‍തുമ്പില്‍ നഷ്ടമായ സ്വപ്‌നങ്ങള്‍......നിനച്ചിരിക്കതെ വന്ന സൗഭാഗ്യങ്ങള്‍....നാംപോലുമറിയാതെ നമ്മുടെ ജീവന്റെ ഭാഗമായ്തീര്‍ന്ന സൗഹ്യദങ്ങള്‍......ഒരുയാത്രാമൊഴിപോലും പറയാതെ കടന്നുപോയ ആത്മമിത്രങ്ങള്‍.....

പുതിയ ഒരില തളിരിടുന്നു....പുതിയവര്‍ഷം....തീരം തേടിയുള്ള യാത്ര അവസാനിക്കുന്നില്ല ചന്ദനം തൊട്ട സായന്തനങ്ങളുടെ കണ്ണിമയില്‍ മഴവില്ലുകൊണ്ട് കണ്മഷിയെഴുതുന്ന സത്യങ്ങള്‍ക്കായ് കാത്തിരിക്കാം ഇന്നലയുടെ മധുരിമയെ നെഞ്ചിലേറ്റി താലോലിക്കാം...മാനംകാണാതെ പുസ്തകതാളിനുള്ളില്‍ ഒരു മയില്‍പീലി കൂടി ഒളിപ്പിച്ചു വയക്കാം...ഓര്‍മ്മയുടെ മഞ്ചാടികുരുക്കളും വളപൊട്ടുകളും സ്വരുകൂട്ടി വയ്ക്കാം...ഒരു നല്ല നാളക്കുവേണ്ടി സ്വപ്‌നം കാണാം....കണ്ടതും കാണുന്നതുമായ സത്യങ്ങള്‍ വിളിച്ചുപയാന്‍ നമുക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കാം....ഇതെല്ലാംകേട്ട്പഴകിയ വാക്കുകളായിരിക്കാം എന്നാലും ചിലവാക്കുകള്‍ സൗഹൃദങ്ങള്‍ ബന്ധങ്ങള്‍ ഇത്തരം ഭാഷയില്‍ അവതരിപ്പികുമ്പോള്‍ നാം ചിലപ്പോള്‍ അറിഞ്ഞോ അറിയാതെയോ മറന്നുപോയ മൂല്യങ്ങള്‍ അതൊന്ന് ഒര്മാപെടുതലാണ്ചിലദിനങ്ങള്‍

എല്ലാ സ്വപ്‌നങ്ങളും, പ്രതീക്ഷകളും പൂവണിയട്ടെ എന്ന പ്രതീക്ഷയില്‍! ചന്ദനമരങ്ങള്‍ പൂക്കുന്ന താഴ്വാരത്തില്‍ വീണ്ടും ഒരു ശിശിരത്തിനായ് കാത്തിരിക്കാം...സപ്താശ്വങ്ങളെ പൂട്ടിയ സ്വര്‍ണ്ണതേരില്‍ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവരുന്ന പ്രതീക്ഷകളുടെ, സ്വപനങ്ങളുടെ നല്ലനാളകളെ നമുക്കൊരുമിച്ച് വരവേല്‍ക്കാം....

എല്ലാവര്‍ക്കുംസ്‌നേഹത്തിന്റെ സന്തോഷത്തിന്റെ "ക്രിസ്മസ് പുതുവത്സരാശംസകള്‍'.....നേരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക