Image

വൈദികന്റെ കത്ത്; ബെന്യാമിന്റെ കുത്ത്; ആകെ നാറ്റക്കേസ്‌

Published on 20 December, 2016
വൈദികന്റെ കത്ത്; ബെന്യാമിന്റെ കുത്ത്; ആകെ നാറ്റക്കേസ്‌
3
വൈദികന് ബെന്യാമിന്റെ മറുപടി (see below)
------------------------
ബഹുമാനപ്പെട്ട ഫാ. ജോസഫ് ഇലഞ്ഞി മറ്റം,
അങ്ങ് എഴുതിയ ഒരു കത്ത് സോഷ്യല്‍ മീഡിയ വഴി എനിക്ക് ലഭിക്കുകയുണ്ടായി. അങ്ങ് വായനയെയും അതുവഴി എന്നെയും അതിയായി സ്‌നേഹിക്കുന്ന ഒരാളാണെന്നറിയുന്നതില്‍ ഏറെ സന്തോഷം.
ടോം വട്ടക്കുഴിയുടെ മാതാഹരി ചിത്രവുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തിയ പ്രതിഷേധ ആഭാസവുമായി ബന്ധപ്പെട്ട എന്റെ ഫേസ് ബുക്ക് പോസ്റ്റാണല്ലോ അങ്ങയുടെ കത്തിനു ആധാരം. 

അതില്‍ അങ്ങ് ആരോപിക്കുന്നതുപോലെ കത്തോലിക്ക സഭയ്‌ക്കോ പുരോഹിതന്മര്‍ക്കോ വിശ്വാസികള്‍ക്കോ ക്രിസ്തുവിനോ എതിരായി ഒന്നും ഇല്ല എന്ന് താങ്കള്‍ ആ പോസ്റ്റ് ഒരിക്കല്‍ കൂടി ശാന്തതയോടെ വായിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ.

 ബസില്‍ കയറിയവരെക്കുറിച്ച് പറയുമ്പോള്‍ വഴിയില്‍ നില്ക്കുന്നവരും ഉള്‍പ്പെടും എന്ന് പറയരുത്. എന്നാല്‍ താങ്കള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ അതിനു കാരണം താങ്കള്‍ മഞ്ഞക്കണ്ണട വച്ച അവരിലൊരാള്‍ ആയിപ്പോയതിന്റെ ആത്മനിന്ദയാണെന്നു ഞാന്‍ കരുതുന്നു. കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന ക്രിസ്തുമത വിശ്വാസികളിലും ആയിരക്കണക്കിനു പുരോഹിത ശ്രേഷ്ഠര്‍ക്കും ഇടയില്‍ നിന്ന് പത്തുപേര്‍ നടത്തിയ കോക്കാംപീച്ചിയെ മുഴുവന്‍ സഭയുടെയും വിശ്വാസികളുടെയും തലയില്‍ ചാര്‍ത്തി വച്ച് കേരളത്തിലെ സത്യക്രിസ്ത്യാനികള്‍ക്ക് അപമാനം ഉണ്ടാക്കി വയ്ക്കാനുള്ള ശ്രമം ആരും അത്ര നിഷ്‌കളങ്കമെന്നു കരുതുമെന്ന് അങ്ങ് വെറുതെ വിശ്വസിച്ചു കളയരുത്. ഞങ്ങള്‍ അത്ര വിഡ്ഢികളല്ല. 

ക്രിസ്തുവിനെ ആര്‍ക്കും തീറെഴുതി തന്നിട്ടുമില്ല.
ക്രൈസ്തവ വിരുദ്ധതയാണ് കേരളത്തിലെ സാംസ്‌കാരിക നായകന്റെ മുഖമുദ്ര എന്നും എന്റെ വളര്‍ച്ചയ്ക്ക് അത് ആവശ്യമായി എന്നു തോന്നിയോ എന്നും ആ കത്തില്‍ താങ്കള്‍ ആക്ഷേപിക്കുന്നുണ്ടല്ലോ. കേരളത്തിലെ ഏതൊക്കെ സാംസ്‌കാരിക നായകര്‍ (അങ്ങനെ ഒന്നുണ്ടോ എന്നു നമുക്ക് പിന്നെ ചര്‍ച്ച ചെയ്യാം ) ഏതൊക്കെ വിധത്തില്‍ ക്രൈസ്തവ വിരുദ്ധരാണ് എന്ന് ഉദാഹരണം നിരത്തി പറയാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. പൊതു സമൂഹത്തിന്റെ മുന്നില്‍ അപഹാസിതനായി എന്നു കണ്ടപ്പോള്‍ എന്തെങ്കിലും ആക്ഷേപം ഉന്നയിച്ച് രക്ഷപെടാന്‍ തങ്കളെപ്പോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിനിരിക്കുന്ന ഒരാള്‍ ശ്രമിക്കരുത്. 

സഭയിലെ ചിലര്‍ ചെയ്യുന്ന എന്തെങ്കിലും ചിലതിനെ വിമര്‍ശിച്ചാല്‍ ഉടന്‍ അത് ക്രൈസ്തവ വിരുദ്ധമാക്കുന്നത് ഉഗ്രന്‍ തന്ത്രമാണല്ലോ അച്ചാ.
എന്തിനെക്കുറിച്ചും അഭിപ്രായം പറയാന്‍ അച്ചനുള്ള അതേ അവകാശം ഇന്ത്യയിലെ ഓരോ പൌരനും ഉണ്ടെന്ന് താങ്കള്‍ തത്ക്കാലം മനസിലാക്കുക. അതേ അവകാശം മാത്രം ഉപയോഗിച്ചാണ് എന്റെ ഫേസ്ബുക്കില്‍ ഞാന്‍ അഭിപ്രായം പറഞ്ഞത്. അതിനു പ്രത്യേകിച്ച് സാംസ്‌കാരിക നായകസ്ഥാനം ഒന്നും വേണ്ട. പഴയ മദ്ധ്യകാല യൂറോപ്പല്ല അച്ചോ ഇത്. പുരോഹിതന്മാര്‍ എന്തെങ്കിലും പറഞ്ഞാല്‍ മുട്ടു വിറച്ചു നില്ക്കുന്ന വിശ്വാസികളുടെ കാലം ഒക്കെ പണ്ടേ കഴിഞ്ഞു പോയി. അങ്ങനെ ഒരു മൂഡ സ്വര്‍ഗ്ഗത്തിലാണ് അങ്ങ് ജീവിക്കുന്നതെങ്കില്‍ പുറത്തിറങ്ങി നിന്ന് ഇത്തിരി കാറ്റുകൊള്ളാന്‍ സമയമായി എന്ന് സ്‌നേഹത്തോടെ പറഞ്ഞുകൊള്ളട്ടെ. 

മനോരമയും അച്ചനും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് നിങ്ങള്‍ പറഞ്ഞു തീര്‍ക്കുക. എന്റെ പ്രതികരണം ഏതെങ്കിലും മാധ്യമസ്ഥാപനത്തിനു വേണ്ടിയുള്ളതല്ല. അത് ക്രിസ്തുവിന്റെ പേരു പറഞ്ഞ് തെരുവില്‍ ഇറങ്ങിയതിനെതിരെ ആയിരുന്നു. പിന്നെ അച്ചന്‍ വലിയ വായനക്കാരന്‍ ആണെന്നാണല്ലോ കത്തില്‍ പറഞ്ഞിരിക്കുന്നത്. എങ്കില്‍ നിശ്ചയമായും എന്റെ 'അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ ' എന്ന നോവല്‍ വായിച്ചിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു. 

ഇല്ലെങ്കില്‍ സമയം പോലെ അതൊന്ന് വായിക്കുക. അങ്ങനെ ഒരു നോവല്‍ എഴുതാന്‍ പോയിട്ട് സ്വപനം കാണാന്‍ പോലും ഉള്ള ആര്‍ജ്ജവം കടുക്ക വെള്ളം കുടിച്ചാലും ഇല്ലെങ്കിലും അച്ചനു കാണില്ല എന്ന് എനിക്കുറപ്പ്. അങ്ങനെയുള്ള എന്നെ മനോരമയോട് ചേര്‍ത്തു കെട്ടാനുള്ള അച്ചന്റെ ശ്രമം, മനുഷ്യന്റെ അഭിപ്രായങ്ങളെ അവന്റെ ജാതിപ്പേരിനോട് ചേര്‍ത്തുവായിക്കുന്ന സമകാലിക വിഷക്കണ്ണിന്റെ തുടര്‍ച്ച ആയി മാത്രമേ ഞാന്‍ കാണുന്നുള്ളൂ. അച്ചന്റെ കൂടെ തെരുവില്‍ ഇറങ്ങിയവരെ അത് സമാധാനിപ്പിക്കുമായിരിക്കും എന്നാല്‍ എന്നെ അറിയാവുന്ന വായനക്കാര്‍ അത് പുച്ഛിച്ചു തള്ളും എന്ന് എനിക്കുറപ്പുണ്ട്. 

പിന്നെ അച്ചന്‍ എന്റെ തലയ്ക്കിടാവുന്ന വിലയെക്കുറിച്ച് ഒരു സൂചന നല്‍കിയല്ലോ. അങ്ങേക്ക് അത് നിഷ്പ്രയാസം സാധ്യമാകാവുന്നതേയുള്ളൂ. ആ പാരമ്പര്യം മദ്ധ്യകാലം തൊട്ടേ ഉള്ളതിനാല്‍ നിശ്ചയമായും. എന്നാല്‍ അങ്ങനെ പേടിക്കുന്നവനല്ലോ അച്ചോ എഴുത്തുകാര്‍. വീടിന്റെ മുന്നിലൂടെ നടക്കുമ്പോള്‍ തേങ്ങ തലയില്‍ വീണ് ചാവുന്നതിനേക്കള്‍ എന്തുകൊണ്ടും അഭിമാനം സ്വന്തം അഭിപ്രായം ധീരതയോടെ തുറന്നു പറഞ്ഞതിന്റെ പേരില്‍ കൊല്ലപ്പെടുന്നതു തന്നെയാണ്. നൂറു വയസു വരെ ജീവിച്ചിരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടല്ല ജീവിക്കാനും എഴുതാനും തുടങ്ങിയത്. പേടിപ്പിക്കരുത് അച്ചോ. എന്റെ പേര് ബെന്യാമിന്‍ എന്നാണ്. അതിന്റെ അര്‍ത്ഥം ദൈവത്തിന്റെ വലം കൈ എന്നാണ്.!! 

പിന്നെ മറ്റേക്കാര്യം ഉണ്ടല്ലോ അച്ചോ. നമ്മുടെ പൊട്ടിയൊലിക്കുന്ന കാര്യം. അത് അച്ചനതു നല്ല പോലെ കൊണ്ടു അല്ലേ..? അപ്പോഴും അച്ചന്‍ സമൂഹത്തിലെ എല്ലാ പുരോഹിതന്മാരെയും തന്റെ കൂടെ നിറുത്തി രക്ഷപെടാന്‍ ഒരു ശ്രമം നടത്തി നോക്കുന്നുണ്ട്. മിടുക്കന്‍. പക്ഷേ ഞാന്‍ എല്ലാ പുരോഹിതന്മാരെയും ഒന്നും പറഞ്ഞില്ലല്ലോ. എത്രയോ നല്ലവരായ നീതിമാന്മാരായ സത്യസന്ധരായ ആത്മാര്‍ത്ഥതയുള്ള ദൈവ സ്‌നേഹമുള്ള ക്രിസ്തുവില്‍ ജീവിക്കുന്ന പുരോഹിതന്മാരെ എനിക്കറിയാം. അവരാരും തെരുവില്‍ ഇല്ലായിരുന്നു അച്ചോ. അവര്‍ അടഞ്ഞ മുറികളിലിരുന്ന് ധ്യാനപ്രാര്‍ത്ഥനകള്‍ നടത്തുകയായിരുന്നു. ഒരു ചിത്രത്തിന്റെ പേരില്‍ തീരുന്ന ആത്മീയതയല്ല അവരുടേത്. തെരുവില്‍ ഇറങ്ങിയവര്‍ രണ്ടോ മൂന്നോ. അവര്‍ക്കെതിര മാത്രമാണ് ഞാന്‍ സംസാരിച്ചത്. എല്ലാവരെയും അവരുടെ നുകത്തില്‍ വച്ചു കെട്ടാന്‍ അച്ചന്‍ ശ്രമിക്കരുത്.. 

പിന്നെ എന്റെ ഒലിക്കുന്ന കാര്യം. അത് അച്ചന്‍ പേടിക്കേണ്ട. ഞാന്‍ പരസ്ത്രീഗമനം നടത്തിയോ വേശ്യാലയം സന്ദര്‍ശിച്ചോ ഹസ്തമൈഥുനം നടത്തിയോ വല്ല ചെക്കന്മാരെയും കണ്ടു പിടിച്ചോ ഞാന്‍ പരിഹരിച്ചോളാം അച്ചോ. എന്നിട്ടും നില്ക്കുന്നില്ലെങ്കില്‍ അച്ചന്റെ കടുക്ക വെള്ളത്തില്‍ ഇത്തിരി കുടിക്കുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ. അങ്ങനെ ഒന്നും ചെയ്യില്ലെന്ന് ആര്‍ക്കും ഞാന്‍ വാക്കൊന്നും തന്നിട്ടില്ലല്ലോ. അതുകൊണ്ട് അതോര്‍ത്ത് അച്ചന്‍ വെള്ളം ഇറക്കേണ്ട. എന്നാല്‍ അങ്ങനെയല്ലല്ലോ ഒരു പുരോഹിതന്‍. 

 ജീവിതകാലം മുഴുവന്‍ സ്വയം ഷണ്ഡത്വത്തില്‍ ജീവിച്ചുകൊള്ളാം എന്ന് ദൈവത്തിന്റെയും തിരുസഭയുടെയും പൊതുജനത്തിന്റെയും മുന്നില്‍ സത്യം ചെയ്തിട്ട് പിന്നെം മറ്റേപ്പണിക്ക് പോകുന്നവരെക്കുറിച്ച് മാത്രമാണ് അച്ചോ എന്റെ ആക്ഷേപം. വാക്കുകളും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം ക്രിസ്തീയതയുടെ പേരില്‍ ജീവിക്കുന്നവര്‍ക്ക് അത്രയുണ്ടാവാന്‍ പാടുണ്ടോ..? 

അഭയ എന്നൊരു പേര് അച്ചന്‍ മറന്നു പോകാന്‍ ഇടയില്ല. കടുക്ക വെള്ളം കുടിച്ചിട്ടും കാമഭ്രാന്ത് തീരാതെ കുതിര കയറിക്കൊന്ന പിന്നെയും എത്രയെത്ര അഭയമാര്‍. കുടുംബിനികള്‍. പെണ്‍കുട്ടികള്‍. ആണ്‍കുട്ടികള്‍. നിഷ്‌കളങ്കരായ വിശ്വാസികള്‍ ആയിപ്പോയതിന്റെ പേരില്‍ നീറി നീറി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. ആത്മാവില്‍ തൊട്ട് സ്വയം ചോദിക്കൂ പുരോഹിതാ അവരില്‍ എത്ര പേര്‍ക്കു വേണ്ടി അങ്ങയുടെ നാവു പൊന്തി എന്ന്..? എത്ര പേരുടെ നീതിക്കു വേണ്ടി താങ്കള്‍ തെരുവില്‍ ഇറങ്ങി എന്ന്. എത്ര പേര്‍ക്കു വേണ്ടി നീതി പീഠത്തെ സമീപിച്ചു എന്ന് എത്ര പേര്‍ക്കുവേണ്ടി എഡിറ്റോറിയല്‍ എഴുതി എന്ന്. എനിക്ക് കത്തെഴുതി സോഷ്യല്‍ മീഡയയില്‍ ആഘോഷിക്കാന്‍ കണ്ടെത്തിയ സമയത്തില്‍ ഒരംശമെങ്കിലും താങ്കള്‍ അതിനുവേണ്ടി ചിലവഴിച്ചിരുന്നുവെങ്കില്‍ അവര്‍ നിങ്ങളെ അവരുടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുകയെങ്കിലും ചെയ്യുമായിരുന്നു. 

നമുക്ക് വിഷയത്തിലേക്ക് വരാം. പതിനാറാം നൂറ്റാണ്ടിലെ ഒരു ചിത്രത്തിന്റെ സാമ്യത്തില്‍ മാതാഹരിയുടെ ചിത്രം വരച്ചതാണല്ലോ പ്രശ്‌നം. താങ്കള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഒരാളെന്ന് ഞാന്‍ വിശ്വസിക്കട്ടെ. എങ്കില്‍ ഒന്ന് സേര്‍ച്ച് ചെയ്തു നോക്കൂ. കിട്ടും താങ്കള്‍ക്ക് അത്തരം നൂറു കണക്കിനു ചിത്രങ്ങള്‍. ഏറ്റവും കുറഞ്ഞത് റിനി കോക്‌സിന്റെ Yo mamas Last Supper എങ്കിലും ഒന്നു കാണണം. എന്തേ അന്നൊന്നും തെരുവില്‍ ഇറങ്ങിയില്ല.? ഡാവിഞ്ചി കോഡ് എന്നൊരു പുസ്തകം ഇറങ്ങിയല്ലോ. ക്രിസ്തു വ്യഭിചരിച്ച് അതില്‍ കുട്ടികള്‍ ഉണ്ടാക്കി എന്നാണ് അതില്‍ പറയുന്നത്. ഇപ്പോഴും അത് കടകളില്‍ ലഭ്യമാണ് എന്തേ അങ്ങും സംഘവും തെരുവില്‍ ഇറങ്ങിയില്ല. ഇനിയും തരാം പുസ്തകത്തിന്റെ ലിസ്റ്റുകള്‍: Jesus the Man, Holy Blood and Holy grail, Un Authorized version of Bible, The Messianic Legacy, Blood line of Holy grail, The Passover Plot, Juses of the Apocalypse.. അങ്ങനെ നൂറു കണക്കിനു ഉണ്ട്. എല്ലാം ക്രിസ്തുവിനു മേല്‍ കരി വാരി തേക്കുന്നവ. അങ്ങ് വായിച്ചിട്ടുണ്ടോ ഇവ..? ഉണ്ടെങ്കില്‍ താങ്കള്‍ക്ക് തെരുവില്‍ നിന്ന് കയറാന്‍ നേരമുണ്ടായിരിക്കില്ല. ഞാന്‍ വായിച്ചിട്ടുണ്ട് ഇവയൊക്കെ. ഒന്നിനും എന്റെ ക്രിസ്തു വിശ്വസത്തിന്റെ രോമത്തില്‍ തൊടാന്‍ കഴിഞ്ഞിട്ടില്ല. 

കാരണം ഏതെങ്കിലും ചിത്രത്തിന്റെ പേരില്‍ അല്ല ഞാന്‍ ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നത്. അവന്റെ വാക്കുകളുടെയും പ്രവര്‍ത്തികളുടെയും ബലത്തിലാണ്. ബൈബിള്‍ നല്കുന്ന പ്രത്യാശയുടെ ബലത്തില്‍ ആണ് . എന്നാല്‍ ആരോ ഒരു ചിത്രം വരച്ചപ്പോഴേക്കും ഒഴുകി പോകുന്നത്ര ദുര്‍ബലമാണല്ലോ പുരോഹിതാ അങ്ങയുടെ വിശ്വാസം. ആ മഹാന്റെ ജീവിതസന്ദേശം സമൂഹത്തിനു പകര്‍ന്നു കൊടുക്കാന്‍ താങ്കളെപ്പോലെയുള്ളവരാണല്ലോ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്നോര്‍ത്ത് സങ്കടംവരുന്നു. സഹതാപവും.
അടുത്ത തവണ ബലിപീഠത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ അങ്ങ് സ്വയം ആത്മാവില്‍ തൊട്ട് ചോദിക്കണം. 

1. അങ്ങും സംഘവും ഉണ്ടാക്കിയ ബഹളങ്ങള്‍ പൊതു സമൂഹത്തില്‍ ക്രിസ്തുവിനും ക്രിസ്തീയതയ്ക്കും മാനമാണോ ഉണ്ടാക്കിയത് അപമാനമാണോ ഉണ്ടാക്കിയത്..? 2. ആരോരും അറിയാതെ ഏതോ ഒരു മാസികയുടെ മൂലയ്ക്ക് കിടന്ന ഒരു ചിത്രത്തെ പൊതുസമൂഹത്തിന്റെ മുന്നില്‍ എത്തിക്കുന്നതില്‍ അങ്ങും സംഘവും വഹിച്ച പങ്ക് തള്ളിക്കളയാനാവുമോ..? ആത്മാവിലും പ്രവര്‍ത്തിയിലും ശുദ്ധിയുള്ളവനെങ്കില്‍ ആ അള്‍ത്തരയില്‍ വച്ച് ആരോരും കാണാതെ ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിച്ച് താങ്കള്‍ ഇതിനു പ്രായശ്ചിത്തം ചെയ്യും എനിക്ക് ഉറപ്പുണ്ട്.
ക്രിസ്തുവിന്റെ സ്‌നേഹം അങ്ങയോടൊപ്പം ഇരിക്കട്ടെ.
ക്രിസ്തുമസ് ആശംസകള്‍.
സ്‌നേഹത്തോടെ
ബെന്യാമിന്‍.

2
അച്ഛന്റെ മറുപടി 

ബന്യാമിന് ഒരു വൈദികന്‍ അയയ്ക്കുന്ന തുറന്ന കത്ത്

സ്‌നേഹം നിറഞ്ഞ ബന്യാമിന്‍,
നോവലുകളിലൂടെയും കഥകളിലൂടെയും അറിഞ്ഞ ബന്യാമിനെ സ്‌നേഹിക്കുന്ന ഒരു മലയാളിയാണു ഞാന്‍. അന്ത്യത്താഴ ചിത്ര വിവാദത്തോടനുബന്ധിച്ചുള്ള താങ്കളുടെ പ്രസ്താവന എനിക്ക് അനല്പമായ ദുഖഃമുളവാക്കി എന്ന് തുറന്നു പറയട്ടെ.
കേരളത്തില്‍ സാംസ്‌കാരിക നായകന്റെ മുഖമുദ്രകളിലൊന്ന് ക്രൈസ്തവവിരുദ്ധത ആണെന്നറിയാം. ക്രൈസ്തവപശ്ചാത്തലത്തെ തള്ളിപ്പറയേണ്ടത് താങ്കളിലെ എഴുത്തുകാരന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് തോന്നിത്തുടങ്ങിയോ ? എഴുത്തുകാരനെന്ന നിലയില്‍ പേരെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി ആകാശത്തിന്‍ കീഴിലുള്ള സകലതിനെയും കുറിച്ച് ചുമ്മാ കയറിയങ്ങ് അഭിപ്രായം പറയാന്‍ ലൈസന്‍സുള്ള സാംസ്‌കാരിക നായകനാകാനുള്ള ബന്യാമിന്റെ ഇപ്പോഴത്തെ ഈ വ്യഗ്രത കാണുമ്പോ ഓര്‍മ്മ വരുന്നത് mc റോഡില്‍ മിക്കവാറും വണ്ടിക്ക് വട്ടം ചാടുന്നവരോട് പറയുന്ന ഡയലോഗാണ്ഃ ''എന്റെ വണ്ടിയേ കിട്ടിയുള്ളോ ?''

മനോരമയ്ക്ക് ക്രിസ്ത്യാനിയുടെ നേര്‍ക്കുള്ള ആവിഷ്‌കാരസ്വാതന്ത്ര്യ പ്രതിബദ്ധത മറ്റു മതസ്ഥരോടു കൂടി ഉണ്ടായിരുന്നെങ്കില്‍ മീനച്ചിലാറ്റിലെ മുഴുവന്‍ വെള്ളവും ചീറ്റിച്ചാലും കേരളാ ഫയര്‍ ഫോഴ്‌സിനു തീയണയ്ക്കാന്‍ പറ്റില്ല എന്നവര്‍ക്കറിയാവുന്നതുകൊണ്ട് ക്രൈസ്തവരോടു മാത്രമേ അവര്‍ ഇങ്ങനെ ചെയ്യൂ. ചെയ്ത തെറ്റിനെപ്പറ്റി അവരെ ബോധ്യപ്പെടുത്താനും മേലില്‍ ഇങ്ങനെ സംഭവിക്കാതിരിക്കേണ്ടതിനുമാണ് ക്രൈസ്തവര്‍ ഈ സംഭവത്തോട് പ്രതികരിച്ചത്. സല്‍മാന്‍ റുഷിദിയെപ്പോലെ ആവിഷ്‌കാരസ്വാതന്ത്ര്യം ഒന്നാഞ്ഞു പിടിച്ചാല്‍ മനോരമയുടെ മൂടു താങ്ങി വില നഷ്ടപ്പെടുത്തിയ ബെന്യാമിന്റെ തലയ്ക്കും കോടികള്‍ വിലയൊപ്പിക്കാം.

കത്തോലിക്കാ പുരോഹിതരുടെ ഏതാണ്ടെല്ലാം പൊട്ടിയതും ഒലിച്ചതും തടയാന്‍ കടുക്കാവെള്ളം ബെസ്റ്റാണെന്നു താങ്കള്‍ പറയുന്നത് കേട്ടു. വിവാഹത്തിനു മുമ്പും കുടുംബം കൂടെയില്ലാതിരുന്ന ഗള്‍ഫ് ജോലിക്കാലത്തും ഭാര്യ ഗര്‍ഭിണിയായിരുന്ന കാലത്തും പൊട്ടി ഒലിക്കാതിരിക്കാന്‍ താങ്കള്‍ ഉപയോഗിച്ചിരുന്നത് കടുക്കാ വെള്ളം ആയിരുന്നോ ? ആത്മാര്‍ത്ഥമായ ഒരു ഉപദേശം കേട്ടപ്പോള്‍ അതിലധികം ആത്മാര്‍ത്ഥമായൊരു സംശയം തോന്നിയതു കൊണ്ടു ചോദിച്ചു പോയതാണു. കുടുംബത്തിന് അത്താണിയാവാന്‍ ആടുജീവിതക്കാരന്‍ പ്രവാസിക്ക് വര്‍ഷത്തില്‍ 11 മാസം ഗള്‍ഫില്‍ ബ്രഹ്മചാരിയായിരിക്കാമെങ്കില്‍ ദൈവത്തിനും ദൈവത്തിന്റെ ജനത്തിനും വേണ്ടി 12 മാസവും ബ്രഹ്മചാരിയായിരിക്കാന്‍ ഒരു കത്തോലിക്കാ പുരോഹിതന് താങ്കളുടെ ഒറ്റമൂലിയുപദേശം ആവശ്യമില്ല.

ലൈംഗികചൂഷണം നടത്തുന്നവര്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും ശിക്ഷിക്കുകയും ചെയ്യണമെന്നു തന്നെയാണ് സഭയുടെ നിലപാട്.
നൂറുകണക്കിനു പീഡനങ്ങള്‍ ദിവസവും റജിസ്റ്റര്‍ ചെയ്യുന്ന കേരളത്തില്‍ വര്‍ഷത്തിലൊരു വൈദികന്‍ പിടിക്കപ്പെട്ടതിന്റെ പേരില്‍ ഹോള്‍സെയിലും റീട്ടേലുമായി പീഡനഭാരം മുഴുവന്‍ കത്തോലിക്കാ പുരോഹിതന്റെ തലയിലേയ്ക്ക് ആരും കെട്ടിവയ്‌ക്കേണ്ട. പേരുകൊണ്ടെങ്കിലും താങ്കള്‍ ഒരു ക്രൈസ്തവവിശ്വാസിയായതു കൊണ്ട് ഈശോയെയും 12 ശിഷ്യന്‍മാരെയും പറ്റി കേട്ടിരിക്കുമല്ലോ. നന്നായി പ്രാര്‍ഥിച്ച് ദൈവപുത്രനായ ക്രിസ്തു നേരിട്ട് തിരഞ്ഞെടുത്തവരില്‍ തന്നെ ഒരു ശിഷ്യന്‍ വഞ്ചകനായിപ്പോയി. എന്നാല്‍ ആ വഞ്ചകന്റെ കെയറോഫിലാണോ ക്രൈസ്തവരെല്ലാം ഇന്ന് അറിയപ്പെടുന്നത് ? അതുകൊണ്ട് പീഢകരുടെ ലേബല്‍ താങ്കള്‍ വൈദികരുടെമേല്‍ ഫെവിസ്റ്റിക്കുകൊണ്ട് ഒട്ടിച്ചാലും അതവിടെ ഇരിക്കില്ലെന്നു മാത്രമല്ല വിശ്വാസികള്‍ അത് പുച്ഛിച്ചു തള്ളുകയേ ഉള്ളൂ.

ദിനപത്രങ്ങളില്‍ നമ്മള്‍ വായിച്ചറിഞ്ഞ 80000 രൂപയ്ക്ക് സ്വന്തം ഭാര്യയെ ഹോട്ടലുകളില്‍ കൊണ്ടുപോയി കാഴ്ചവച്ച ഭര്‍ത്താവിനോടും സ്വന്തം മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അച്ഛനോടും മന്ദബുദ്ധിയായ യുവതിയെ പീഢിപ്പിച്ച രണ്ടു കുട്ടികളുടെ പിതാവായ മധ്യവയസ്‌കനോടുമൊക്കെ സമയം കിട്ടുമ്പോള്‍ സ്വയമൊന്നു തുലനം ചെയ്തു നോക്കൂ. എത്ര ബാലിശമാണല്ലേ ? അല്ലെങ്കില്‍ താങ്കള്‍ അത്തരക്കാരനാണെന്നു ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ ! നിങ്ങളവരെ പുച്ഛിക്കും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചില പുരോഹിത പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ വൈദികരെല്ലാം പീഡനവീരന്‍മാരാണെന്ന് പറയുന്നതില്‍ ഇതേ ബാലിശതയാണെന്നു മനസിലാക്കാന്‍ കേരള സാഹിത്യ അവാര്‍ഡ് നേടിയിട്ടുള്ള ഒരാള്‍ക്ക് അധികം ആലോചനയുടെ ആവശ്യമുണ്ടോ ?

ലൈംഗികപീഡനം ഈ സമൂഹത്തിന്റെ പുഴുക്കുത്താണ്. ദൈവം വരമായിത്തന്ന ഭാഷയും കഥാകഥനശേഷിയുമൊക്കെ ഉപയോഗിച്ച് മികച്ച കൃതികളിലൂടെ ഇത്തരം പുഴുക്കുത്തുകളില്‍ നിന്നും സമൂഹത്തെ വിമലീകരിക്കുകയല്ലേ ഒരു എഴുത്തുകാരന്‍ ചെയ്യേണ്ടത്. ഞങ്ങള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്. അല്ലാതെ തക്കം നോക്കിയിരുന്ന് മതപുരോഹിതരുടെ ചോര കുടിച്ച് സാംസ്‌കാരിക നായകന്‍ ചമയുകയല്ല വേണ്ടത്. ഒപ്പം ക്രൈസ്തവന്‍ എന്ന അസ്തിത്വത്തെ തള്ളിപ്പറയാനുള്ള വ്യഗ്രത മാറ്റണമെന്നൊരു അപേക്ഷയും. അങ്ങയുടെ പുസ്തകങ്ങള്‍ ഇനിയും ഞാന്‍ വായിക്കും. കാരണം താങ്കള്‍ സമകാലിക മലയാളസാഹിത്യത്തിലെ അതുല്യപ്രതിഭയാണെന്നതു തന്നെ.

സ്‌നേഹപൂര്‍വ്വം,
ഫാ. ജോസഫ് ഇലഞ്ഞിമറ്റം
ചീഫ് എഡിറ്റര്‍, കുടുംബജ്യോതി മാസിക 

1
വിവാദത്തിനു തുടക്കമിട്ട  ബെന്ന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

.''മാതാഹരി എന്ന നര്‍ത്തകി അവരുടെ അന്ത്യകാലത്ത് ഒരു കന്യാസ്ത്രീ മഠത്തിലെത്തി നൃത്തം ചെയ്തതായി ഒരു കഥയുണ്ട്. അതിനെ ആസ്പദമാക്കിയാണ് ടോം വട്ടക്കുഴി ഒരു ചിത്രം വരച്ചത്. 
അതില്‍ ഒരു സ്ത്രീയുടെ മാറിടം കണ്ടപ്പോഴേയ്ക്കും  വികാരം പൊട്ടിയൊലിച്ച് തെരുവിലിറങ്ങിയ അച്ചന്മാര്‍ക്കും വിശ്വാസികള്‍ക്കും അരമനയില്‍ നിന്നും കൊടുക്കുന്ന കടുക്ക വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഭയോട് അഭ്യര്‍ത്ഥിക്കുന്നു. 
ഇതേ പുരോഹിതന്മാര്‍ പീഡിപ്പിക്കുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി എത്ര വിശ്വാസികള്‍ എത്ര വട്ടം തെരുവിലിറങ്ങി എന്ന് ആരായുമ്പോഴാണ് ഇവന്റെയൊക്കെ കാപട്യം പുറത്തു വരിക. വിശ്വാസകളാണത്രേ. കഷ്ടം...''
Join WhatsApp News
Vayankkaran. 2016-12-21 06:30:03
Achanu kondu!!! Kunjadukal onnum mindikkuda??? Aa kalam okke poyi acho! Ellam kanikkam, onnum vilichu parayaruthe alle??
Veroru Vayanakkaran 2016-12-21 21:46:46

Achan vadi koduthu adi medichu.  I feel ashamed to call you a Achan.  Shame on you for your cheap writing and responding to the FB post!  You lost your class as a priest.  I can’t believe you’re a chief editor of a family magazine.

 

Well done Benyamin!  You’re more Christian than him.  Congrats and best wishes!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക