Image

ഒരിക്കല്‍ കൂടി (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 21 December, 2016
ഒരിക്കല്‍ കൂടി (മീട്ടു റഹ്മത്ത് കലാം)
ബാങ്കില്‍ പതിവിലും തിരക്കായിരുന്നു. പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനം കഴിഞ്ഞുള്ള രണ്ടാം ദിവസമായിരുന്നു അന്ന്. ഏത് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ചാണെങ്കിലും ഡെയ്‌സിയെ എനിക്ക് തെറ്റില്ല. കണ്ടത് അവളെ തന്നെയാണെന്ന് ഉറപ്പിന് ഇരുപത് വര്‍ഷം മുമ്പ് ഞങ്ങള്‍ സൂക്ഷിച്ച സൗഹൃദത്തിന്റെ അത്ര ആഴമുണ്ട്. സ്‌ക്കൂള്‍ കാലത്ത് കണ്ടുമറഞ്ഞ വെറും മുഖമല്ല എനിക്കവള്‍. തോന്നിയതാകാമെന്ന് ഗോപേട്ടന്‍ പറഞ്ഞെങ്കിലും വിട്ടുകൊടുക്കാന്‍ മനസ്സ് ഒരുക്കമായില്ല. എന്റെ ശാഠ്യങ്ങള്‍ക്കു മുമ്പില്‍ കീഴടങ്ങുന്ന പതിവ് അദ്ദേഹം തെറ്റിച്ചില്ല.

വെറും പതിനഞ്ച് ദിവസത്തെ ലീവിന് ജോലിയുടെ ആകുലതകളെല്ലാം മറന്ന് സ്വസ്ഥമാകാനുള്ള ആഗ്രഹത്തോടെ വന്നതാണെന്ന ബോധ്യം ഉണ്ടായിരുന്നിട്ടും അവളെ തേടിപ്പിടിക്കാന്‍ വണ്ടിയെടുക്കെന്ന് അദ്ദേഹത്തോട് നിഷ്‌കരുണം പറഞ്ഞതിന് എനിക്കെന്റേതായ ന്യായീകരണമുണ്ട്. അവളെ വീണ്ടും കാണാന്‍ ഞാന്‍ അത്രമേല്‍ കൊതിച്ചിട്ടുണ്ട്. സ്വന്തം നാട് അപരിചിതമായി തീര്‍ന്ന ഒരു പ്രവാസിയെ അതിന് സഹായിക്കാന്‍ സ്വന്തം ഭര്‍ത്താവല്ലാതെ ആരാണ് ഒപ്പം നില്‍ക്കുക?
'ഡെയ്‌സി മറിയ മാത്യു' അതായിരുന്നു അവളുടെ മുഴുവന്‍ പേര്. ഞങ്ങളെ കണക്ക് പഠിപ്പിച്ചിരുന്ന മാത്യു സാറിന്റെ ഒരേയൊരു മകള്‍. അവളുടെ കൂടെ പഠിച്ച ആര്‍ക്കും ഒന്നാം സ്ഥാനം വിദൂരം സ്വപ്‌നത്തില്‍പ്പോലും ഉണ്ടായിരുന്നില്ല. രണ്ടാം സ്ഥാനത്തിനുവേണ്ടി ആയിരുന്നു മത്സരങ്ങള്‍. കാരണം, ഒന്നാം സ്ഥാനം എന്നത് എല്ലാത്തിനും മുന്‍കൂട്ടി വിധിയെഴുതാവുന്ന തരത്തില്‍ മിടുക്കിയായിരുന്നു എന്റെ കൂട്ടുകാരി.

സംശയനിവാരണം എന്ന ലേബലോടെ ഡെയ്‌സിയുടെ വീട്ടിലേയ്ക്ക് ഞങ്ങള്‍ നാലഞ്ച് പേര്‍ സ്ഥിരമായി പോകുമായിരുന്നു. 'കംബയ്ന്‍ഡ് സ്റ്റഡി' എന്നൊന്നും അന്ന് ആരും പറയാറില്ല. പഠനത്തോടൊപ്പം ഞങ്ങള്‍ക്ക് ചില ഗൂഢ ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. ബഷീറിന്റെ കഥയിലെ അണ്ണാന്‍കുഞ്ഞുങ്ങളെപ്പോലെ ഭൂമിയുടെ അവകാശികളായ ഞങ്ങള്‍ അവളുടെ പറമ്പിലെ പേരയ്ക്കയും ചാമ്പങ്ങയും ജാതിയ്ക്കയുമെല്ലാം 'സ്വന്തമായി കണ്ട്' പഠന ഇടവേളകള്‍ ആനന്ദഭരിതമാക്കി.

ഒരിക്കല്‍ ഞങ്ങള്‍ മച്ചിന്റെ മുകളിലിരുന്ന് 'പൈതഗോറസ് തിയറം' പഠിക്കുമ്പോള്‍, ഉപ്പ് പുരട്ടി ഉണക്കാന്‍ വച്ച വാളന്‍പുളി ഇരിക്കുന്ന ഭരണി കണ്ണില്‍പ്പെട്ടു. കുട്ടികളുടെ അനക്കം കേള്‍ക്കാനില്ലല്ലോ എന്ന ചിന്തയില്‍ മാത്യു സാര്‍ അവിടേയ്ക്ക് അപ്രത്യക്ഷമായി കടന്നുവന്നു. അദ്ദേഹം ചോദിച്ചതെന്താണെന്ന് ഓര്‍മ്മയില്ലെങ്കിലും ആര്‍ത്തിയോടെ വായില്‍ കുത്തിത്തിരുകിയ വാളന്‍പുളി കാരണം മറുപടി പറയാന്‍ കഴിയാതെ നിന്ന ഞങ്ങളുടെ ചമ്മല്‍ കലര്‍ന്ന മുഖഭാവവും സാറിന്റെ പൊട്ടിച്ചിരിയും ഒരിക്കലും മറക്കില്ല. ജീവിതമാകുന്ന ആല്‍ബത്തില്‍ സൂക്ഷിക്കാന്‍ അത്തരം അമൂല്യമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ അധികമില്ലെങ്കിലും ഉള്ള ഫ്രെയിമിലെല്ലാം ഡെയ്‌സിയുടെ സാന്നിദ്ധ്യമുണ്ട്.

പത്താം ക്ലാസ് വാര്‍ഷിക പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പാണ് ഡെയ്‌സിയെ ഞാന്‍ അവസാനമായി കാണുന്നത്. പ്രണയിക്കുന്നത് കൊലപാകത്തെക്കാള്‍ കുറ്റകരമായി കണ്ടിരുന്ന കാലത്ത് നഗരത്തില്‍ നിന്ന് ഞങ്ങളുടെ വീടിനടുത്ത് മെന്‍സ് ഹോസ്റ്റലില്‍ താമസത്തിനെത്തിയ ചേട്ടന്‍ തന്ന കത്ത് പ്രേമലേഖനമാണെനന് പോലും മനസ്സിലാകാതെ അമ്മയെ കാണിച്ചതിനുള്ള ശിക്ഷയായിട്ടാണ് എന്റെ സൗഹൃദങ്ങള്‍പോലും വീട്ടുകാര്‍ മതില്‍കെട്ടി അടച്ചുകളഞ്ഞത്. വല്ല്യമ്മയുടെ വീട്ടില്‍ നിര്‍ത്തിയായിരുന്നു എന്റെ ഡിഗ്രി വരെയുള്ള പഠനം. പഴയ കൂട്ടുകാരെക്കുറിച്ചൊന്നും അറിയാനുള്ള സാഹചര്യം ഇതിനിടയിലെങ്ങും ഉണ്ടായില്ല.

മാത്യു സാറിന്റെ മകള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് മാര്‍ക്ക് കുറവായിരുന്നെന്നും പരീക്ഷയ്ക്കിടയില്‍ എന്തോ അസുഖം വന്നതാണെന്നും ഡെയ്‌സിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കോളജില്‍ ജൂനിയറായി എത്തിയ എന്റെ നാട്ടുകാരി ഫാത്തിമയില്‍ നിന്നറിഞ്ഞു. എന്നെ എന്റെ നാട്ടില്‍ നിന്നും കൂട്ടുകാരില്‍ നിന്നും അകറ്റിയ ആ കത്തിനെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് ഞാനോര്‍ത്തു. രണ്ടോ മൂന്നോ തവണ മാത്രം കണ്ട ആ മുഖം എന്നെ പിന്‍തുടര്‍ന്നു. ഗള്‍ഫില്‍ ഉയര്‍ന്ന ഉദ്യോഗം നേടി തിരിച്ചെത്തിയ ആ ചേട്ടന്‍ എന്റെ ഭര്‍ത്താവാകാന്‍ വിധിക്കപ്പെട്ട ആളാണെന്ന് മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍ ഈ പാടൊന്നും വരില്ലായിരുന്നു.

ഗോപേട്ടനൊപ്പം കടല്‍ കടന്ന് കുടുംബജീവിതത്തിന്റെ തിരക്കുകളില്‍പ്പെട്ടപ്പോള്‍ ഡെയ്‌സിയെ ഞാന്‍ ഓര്‍ക്കാതെയായി. എങ്കിലും മക്കളോട് പഴയ കഥകള്‍ പറയുമ്പോള്‍ അവളെന്ന കഥാപാത്രം എന്നും നിറഞ്ഞുനിന്നു. അവളെക്കൂടാതെ എനിക്ക് പറയാന്‍ ഒന്നും തന്നെ ഇല്ലായിരുന്നു എന്നതാണ് സത്യം.
ബാങ്കില്‍ അന്വേഷിച്ചപ്പോള്‍, കണ്ടത് ഡെയ്‌സിയെ തന്നെ ആണെന്നത് ഏട്ടനും വിശ്വാസമായി. എന്റെ ചിരിയെ മനഃപൂര്‍വ്വം അവഗണിച്ച് നടന്നകന്നത് ഒരു പക്ഷേ എന്റെ തോന്നലാകാം. പഴയ ഈര്‍ക്കിലി കോലത്തില്‍ നിന്ന് സങ്കല്പിച്ചെടുക്കാന്‍ കഴിയാത്തത്ര രൂപാന്തരം സംഭവിച്ചതുകൊണ്ട് എന്നെ മനസ്സിലാകാതിരുന്നതുമാകാം.

മാത്യു സാറിന്റെ പെന്‍ഷനും കൃഷിയിലെ ആദായവും ഡെപ്പോസിറ്റ് ചെയ്യാന്‍ എല്ലാ മാസവും അവളവിടെ വരാറുണ്ടെന്നും ആരോടും ഒന്നും സംസാരിക്കാത്ത പ്രകൃതമാണെന്നും കേട്ടതാണ് എന്നെ ഞെട്ടിച്ചത്. കലപില സംസാരിക്കുന്ന കിലുക്കാംപെട്ടിയാണ് എന്റെ ഓര്‍മ്മകളില്‍ അവള്‍.
ഗോപേട്ടന്‍ ഞാന്‍ പറഞ്ഞ വഴിയൊക്കെ കാറോടിച്ചു. മുഖമാകെ മാറിയ ഞങ്ങളുടെ ഗ്രാമത്തിലൂടെ മങ്ങിയ ഓര്‍മ്മച്ചിന്തുകള്‍ വച്ച് ഇങ്ങനൊരു പോക്ക് മണ്ടത്തരമല്ലേ എന്ന് അദ്ദേഹം ഒരിക്കല്‍പ്പോലും പറഞ്ഞില്ല. പലരോടും പരിചയം പുതുക്കി ഞങ്ങള്‍ ആ യാത്ര തുടര്‍ന്നു. വിലാസം ഉണ്ടെങ്കിലും നേരിട്ടങ്ങ് ചെല്ലുന്നതിലും നല്ലത് ഇന്നത്തെ ഡെയ്‌സിയെക്കുറിച്ച് ഒരു ധാരണ ആയ ശേഷമായിരിക്കും എന്ന് തോന്നിയതുകൊണ്ടാണ് അങ്ങനൊരു യാത്ര നടത്തിയത്.

കൂടെ പഠിച്ചവരില്‍ ജ്യോതി മാത്രമേ ഇപ്പോഴും അവിടെ താമസമുള്ളൂ. പത്തിലെ പരീക്ഷയ്ക്കിടയില്‍ ഡെയ്‌സിയുടെ ഹൃദയ വാല്‍വിന് തകരാര്‍ സംഭവിച്ചെന്നും അവിവാഹിതയാണെന്നും തുടങ്ങി പ്രതീക്ഷിക്കാത്ത കുറേ വിവരങ്ങള്‍ അവളില്‍ നിന്നറിഞ്ഞു. മാത്യു സാറിന്റെയും ഭാര്യയുടെയും മരണത്തിന് ശേഷം ഒറ്റപ്പെട്ടുപോയ അവളുടെ മാനസിക നില തന്നെ തെറ്റിയെന്നും പരിചയമുള്ളവരെപ്പോലും കാണാന്‍ കൂട്ടാക്കാറില്ലെന്നും ജ്യോതി പറഞ്ഞു.
വിഷമങ്ങളൊക്കെ കരഞ്ഞുതീര്‍ത്ത് നാളെ പ്രസന്നമായ മുഖത്തോടെ വേണം പഴയ സുഹൃത്തിനെ വീണ്ടും കാണാനെന്ന് ഏട്ടന്‍ എന്നെ ഓര്‍മ്മപ്പെടുത്തി. സഹതാപം കലര്‍ന്ന ഒരു നോട്ടം പോലും അവളെ വേദനിപ്പിക്കുമെന്നും പണ്ടത്തെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ പങ്കുവച്ച്, മറുന്നുപോയ ആ ചിരി വീണ്ടെടുക്കാന്‍ അവളെ പ്രേരിപ്പിക്കുന്ന തരത്തില്‍ പറയേണ്ടതും ചെയ്യേണ്ടതുമൊക്കെ ഞാന്‍ ആലോചിച്ചുറപ്പിച്ചു.

ഡെയ്സ്സിയുടെ വീടിന്റെ മുറ്റം എത്തും വരെയേ തനിക്ക് റോള്‍ ഉള്ളെന്നും കൂട്ടുകാരിയെ കിട്ടിയാല്‍ താന്‍ ഔട്ടാകുമെന്നറിഞ്ഞു കൊണ്ടാണ് കൂടെ വരുന്നതെന്നും ഗോപേട്ടന്‍ കളി പറഞ്ഞു. പ്രതീക്ഷിക്കാത്തൊരു ആള്‍ക്കൂട്ടമാണ് ഞങ്ങളെ വരവേറ്റത്. അരുതാത്ത തോന്നലുകള്‍ മനസ്സില്‍ പൊന്തി വന്നു. ഒന്നും സംഭവിക്കരുതേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഒരിക്കല്‍കൂടി കാണാനും കുറേ അധികം സംസാരിക്കാനും കൊതിച്ചാണ് വന്നിരിക്കുന്നതെന്ന് സകലദൈവങ്ങളെയും മുന്‍നിര്‍ത്തി പറഞ്ഞു. ആരോ അവ്യക്തമായി പറയുന്നതില്‍ നിന്ന ഞാന്‍ മനസ്സിലാക്കിയത് കൊല്ലങ്ങളായി തകരാറിലായിരുന്ന അവളുടെ ഹൃദയത്തിന്റെ വാല്‍വ് എന്നെന്നേയ്ക്കുമായി പണിമുടക്കിയെന്നാണ്.

വര്‍ഷങ്ങള്‍ക്കുശേഷം ഡെയ്‌സിയെ ഒരുനോക്ക് കാണാന്‍ മോഹിച്ചെത്തിയ എന്നോട് ഇത്രക്രൂരമായി പെരുമാറാന്‍ വിധിയ്ക്ക് എങ്ങനെ കഴിഞ്ഞെന്ന് ഞാന് പരിതപിച്ചു. വിറങ്ങലിച്ച മനസ്സുമായി മിന്നായംപോലെ കടന്നുപോയ അവളുടെ മുഖം പോലും എന്നെ വേട്ടയാടുമ്പോള്‍ നിശ്ചലമായ ആ ശരീരം കൂടി മനസ്സിലേയ്ക്ക് ഒപ്പിയെടുക്കാന്‍ എനിക്ക് കരുത്തില്ല. ഗോപേട്ടന്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ചത് മാത്രമേ ഓര്‍മ്മയുള്ളൂ. അതൊരു പിന്‍വിളിയായിരുന്നു. ഇനി എനിക്കവിടെ നില്‍ക്കേണ്ടതില്ല. അവളുടെ അവസാനരംഗത്തിന്റെ സാക്ഷ്യത്തിന് മാത്രമായിരുന്നിരിക്കാം എന്റെ നിയോഗം. മനസ്സുകൊണ്ട് എന്റെ ഉള്ളിലെ സ്‌നേഹം മുഴവന്‍ അവള്‍ക്ക് നല്‍കി യാത്രപറഞ്ഞ് ഞാന്‍ മടങ്ങി.

ഒരിക്കല്‍ കൂടി (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
MOHAN MAVUNKAL 2016-12-21 12:06:43
As usual great!!!!!!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക