Image

പിണറായി യുഗത്തിലെ പോലീസ് രാജിനെതിരെ പ്രതിഷേധപ്പട (എ.എസ് ശ്രീകുമാര്‍)

Published on 21 December, 2016
പിണറായി യുഗത്തിലെ പോലീസ് രാജിനെതിരെ പ്രതിഷേധപ്പട (എ.എസ് ശ്രീകുമാര്‍)
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും നിയമം നടപ്പാക്കാനും സാമൂഹിക ദ്രോഹികളെ അമര്‍ച്ച ചെയ്യാനും നിയോഗിക്കപ്പെട്ട കേരളാ പോലീസ് ഇപ്പോള്‍ അമിതാവേശത്തിലാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാന പോലീസിന്റെ ഭാഗത്തു നിന്നുള്ള മനഷ്യാവകാശ ലംഘനങ്ങളും നിരപരാധികള്‍ക്കു മേലുള്ള കുതിരകയറ്റവുമെല്ലാം കടുത്ത പ്രതിഷേധങ്ങള്‍ക്കും ഗുരുതരമായ ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടിരിക്കുകയാണ്. തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ അടിച്ചൊതുക്കാനുള്ള ബൂര്‍ഷ്വാ ഭരണകൂടങ്ങളുടെ ആയുധം എക്കാലത്തും പോലീസ് ആണെന്നിരിക്കെ ആഭ്യന്തര വകുപ്പും കൈയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസും ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണെന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. രാജ്യദ്രോഹികള്‍ എന്ന് ചാപ്പ കുത്തി മനുഷ്യാവകാശ പ്രവര്‍ത്തകരും കല-സാംസ്‌കാരിക-സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരും പോലീസിന്റെ പീഡനങ്ങള്‍ക്ക് ഇരയാകുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. 

പ്രമുഖ എഴുത്തുകാരനും നാടക-സാമൂഹിക പ്രവര്‍ത്തകനുമായ കമല്‍സി ചവറയെ രാജ്യദ്രോഹകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും നട്ടെല്ല് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. തന്റെ നോവലില്‍ ദേശീയഗാനത്തെ അവഹേളിച്ചു എന്നതിന്റെ പേരിലാണ് അറസ്റ്റ്. ഇപ്പോള്‍ ദേശീയത തലയ്ക്കു പിടിച്ച ബി.ജെ.പിയുടെയും അവരുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെയും പരാതിയെ തുടര്‍ന്നാണ് കമലിനെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ കമല്‍സിയെ കാണാനെത്തിയ എഴുത്തുകാരനും നടനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നദി ഗുല്‍മോഹര്‍ എന്ന നദീറിനെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുക്കുകയും അദ്ദേഹത്തിനെതിരെ യു.എ.പി.എ (Unlawful Activities Prevention Act) ചുമത്തുകയും ചെയ്തു. നന്‍മണ്ട സ്വദേശിയും 26കാരനുമായ നദീര്‍ കോഴിക്കോട് ആറളം വിയറ്റ്‌നാം കോളനിയിലെ ആദിവാസികളില്‍ നിന്ന് അരി വാങ്ങിയെന്നും 'കാട്ടുതീ' എന്ന ലഘുലേഖ പ്രചരപ്പിച്ചുവെന്നുമാണ് ആരോപണം. ഒന്‍പത് മാസം മുമ്പ് നടന്ന സംഭവത്തിന്റെ പേരിലാണ് നദീറിന്റെ അറസ്റ്റ് എന്നത് സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ വി.എസ് അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പാര്‍ട്ടി അഖിലേന്ത്യാ മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ പോലീസ് നടപടിയെ അതിശക്തമായി അപലപിച്ചിരുന്നു. പോലീസ്, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദനോപാധിയല്ലെന്നും സ്റ്റേഷനിലെ ഉരുട്ടിക്കൊലയുടെ കാലം കഴിഞ്ഞുവെന്നും ദളിതരും ആദിവാസികളും എഴുത്തുകാരും കലാപ്രവര്‍ത്തകരും സ്വതന്ത്രമായും നിര്‍ഭയമായും കഴിയുന്ന കേരളത്തില്‍ കല്‍ബുര്‍ഗിയുടെയും പന്‍സാരയുടെയും ഗതി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വി.എസ് തുറന്നടിച്ചു.

ഭീകരപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തുന്ന യു.എ.പി.എ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മറ്റുമെതിരെ ഉപയോഗിക്കാന്‍ പാടില്ല. സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പോലീസ് ഓഫീസര്‍മാരുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് നടപടിയെ എതിര്‍ത്ത് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. യുഎ.പി.എ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്താന്‍ പാടില്ലെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടപ്പോള്‍ എന്തിനും ഏതിനും രാജ്യദ്രോഹകുറ്റം ചുമത്തുന്ന പോലീസിനെ ബോധവത്ക്കരിക്കണമെന്നാണ് പ്രകാശ് കാരാട്ട് നിര്‍ദേശിച്ചത്. ഇത്തരത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പോലീസ് നടപടിയെ സ്വന്തം പാര്‍ട്ടിയിലെയും മുന്നണിയിലെയും നേതാക്കള്‍ ചോദ്യം ചെയ്തതോടെ നിവൃത്തിയില്ലാതെ പിണറായി വിജയന്‍ മൗനം വെടിയുകയും കമല്‍ സി ചവറയ്ക്കും നദീറിനും എതിരെ രാജ്യദ്രോഹകുറ്റം ചുമത്തരുതെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരെയും ജാമ്യത്തില്‍ വിട്ടു. നദീറിനെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ലെന്നും കമല്‍ സി ചാവറയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അല്ല, നില്‍ക്കക്കള്ളിയില്ലാതെ പറയിപ്പിക്കാന്‍ പിണറായി നിര്‍ബന്ധിതനായി എന്നു വേണം മനസ്സിലാക്കാന്‍.

കണ്ണൂര്‍ ഇരിട്ടി ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് നദീറിന് ജാമ്യം നല്‍കിയിരിക്കുന്നത്. ഖത്തറില്‍ ജോലി ചെയ്യുന്ന നദീറിന് ജനുവരി ആറാം തീയതി മടങ്ങിപ്പോകേണ്ടതുണ്ട്. അതേ സമയം നദീറിന്റെ പിന്നാലെ തന്നെയാണ് പോലീസ്. വിട്ടയച്ച ശേഷം നദീറിന്റെ  ബാലുശേരിയിലുള്ള വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കേസിലെ ചില സംശയങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു റെയ്‌ഡെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല. വാറണ്ട് പോലുമില്ലാതെയായിരുന്നു റെയ്‌ഡെന്നും ഖുറാന്‍ അടക്കം പോലീസ് തുറന്നു പരിശോധിച്ചുവെന്നും ആ സമയത്ത് വീട്ടിലുണ്ടായിരുന്ന നദീറിന്റെ അമ്മയെയും സഹോദരിയും സുഹൃത്തുക്കളും ആരോപിക്കുന്നു.

പോലീസ് കഥ മെനയുകയായിരുന്നുവെന്ന് ആക്ഷേപിക്കുന്ന നദീര്‍ തനിക്കുണ്ടായ അനുഭവം വിവരിച്ചു. ''ആശുപത്രിയിലായിരുന്ന സുഹൃത്ത് കമലിന് ആഹാരം വാങ്ങാന്‍ പോയപ്പോഴായിരുന്നു 19-ാം തീയതി തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളജ് പൊലീസിന്റെ കസ്റ്റഡി നാടകം. ആദ്യവസാനം കേസിനെക്കുറിച്ച് ഒന്നും വെളിപ്പെടുത്താതെ ലോക്കപ്പില്‍ കയറ്റി ഫോട്ടോ എടുക്കാനായി ശ്രമം. കേസിനെക്കുറിച്ചും അറസ്റ്റ് സംബന്ധിച്ചും അറിയാതെ ഫോട്ടോ എടുക്കാന്‍ അനുവദിക്കില്ലെന്ന് ഞാന്‍ ഉറച്ചു നിന്നു. എസ്.ഐ വന്ന് അറസ്റ്റ് ചെയ്‌തെന്ന് പറഞ്ഞ് ഫോട്ടോ എടുത്തു. ആദ്യം ഞാന്‍ മാവോവാദിയാണെന്നും പിന്നീട് തെളിവൊന്നും കണ്ടത്തൊനായില്ലെന്നും പറയുകയായിരുന്നു. ജീവിതത്തില്‍ ഇതുവരെ ആറളം എന്ന സ്ഥലം കാണാത്ത ഞാനും കൂട്ടാളികളും അവിടെയത്തെി തോക്ക് ചൂണ്ടി ആദിവാസികളില്‍നിന്ന് അരി വാങ്ങിയെന്നാണ് പറയുന്നത്. ഇരിട്ടി ഡി.വൈ.എസ്.പി ഓഫിസില്‍ പുലര്‍ച്ച വരെ പലരും മാറിമാറി ചോദ്യം ചെയ്തു. അതില്‍ കേരള പൊലീസ്, ഐ.ബി, രഹസ്യാന്വേഷണ വിഭാഗം എല്ലാവരുമുണ്ടായിരുന്നു. മാര്‍ച്ച് മൂന്നിന് നടന്ന സംഭവത്തില്‍ 15ന് യു.എ.പി.എയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി അറിയാന്‍ കഴിഞ്ഞു. എന്നാല്‍, അതിനുശേഷം മൂന്നു തവണ ഞാന്‍  ഖത്തറില്‍ പോയി വന്നു. എമിഗ്രേഷന്‍ ക്‌ളിയറന്‍സിനൊന്നും ഒരു തടസ്സവും ഉണ്ടായില്ല. പശ്ചിമഘട്ട വനമേഖലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അവര്‍ പലരുടെയും ഫോട്ടോ ഫയല്‍ സൂക്ഷിക്കുകയും അതനുസരിച്ച് ആവശ്യാനുസരണം കേസ് ചുമത്തുകയുമാണ് പലപ്പോഴും...'' തനിക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന കേസ് എഴുതിത്തള്ളിയിട്ടില്ലെന്നും ഇക്കാര്യം ഇരട്ടി ഡി.വൈ.എസ്.പി തന്നോട് പറഞ്ഞതായും നദീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പോലീസിന്റെ അത്യാവേശത്തിന്റെയും അമിത ആക്ടിവിസത്തിന്റെയും നെറികേടിന് വടക്കാഞ്ചേരി സാക്ഷ്യം വഹിച്ചു. 19-ാം തീയതിയാണ് സംഭവം. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി നടത്തുന്ന 'ഗദ്ദിക' നാടന്‍ കലാമേളയുടെ ഉദ്ഘാടനത്തിനായി പിണറായി വിജയന്‍ പരിവാര സമേതം എത്തുന്നു. ഒളകര കോളനിയിലെ പി.കെ രതീഷ്, മുതലമടയിലെ വി.രാജു, കൊല്ലങ്കോട്ടെ പി മണികണ്ഠന്‍ തുടങ്ങിയ ആദിവാസികള്‍ കോളനിയിലെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കാന്‍ വേദിയുടെ അരികിലെത്തി. പെട്ടെന്നു തന്നെ പോലീസ് പാഞ്ഞെത്തി തങ്ങളെ ബലമായി പിടിച്ചു കൊണ്ടു പോവുകയും ഉടുമുണ്ട് അഴിച്ച് പരിശോധിക്കുകയും ചെയ്തുവെന്ന് രതീഷ് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് കരുതിയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസിന്റെ ന്യായവാദം.

വയനാടന്‍ കാടുകളിലും മറ്റും മാവോയിസ്റ്റുകള്‍ വ്യാപകമായി താവളമടിച്ചിരിക്കുന്നു, അവര്‍ക്ക് കാടിനു പുറത്തുള്ളവര്‍ സഹായം ചെയ്യുന്നു എന്നൊക്കെയുള്ള വിദഗ്ധമായ കണ്ടുപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് നിരപരാധികളെയും വഴിയേ പോകുന്നവരെയുമെല്ലാം പോലീസ് പീഡനത്തിനിരയാക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ക്രമസമാധാന പാലനം, കുറ്റകൃത്യങ്ങള്‍ തടയല്‍, കുറ്റവാളികളെ കണ്ടുപിടിക്കല്‍ തുടങ്ങിയവയാണ് പോലീസിന്റെ സുപ്രധാന ചുമതലകള്‍. എന്നാല്‍ ഇന്ന് ക്രമസമാധാന സേനയായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സേവനവും പോലീസിന്റെ ദൗത്യമാണ്. പോലീസിന്റെ ഉത്തരവാദിത്തങ്ങള്‍ വളരെ വലുതാണ്. ഇത് ജനമൈത്രി പോലീസിങ്ങിന്റെ കാലമാണെങ്കിലും സാഡിസ്റ്റുകളായ പോലീസുകാര്‍ സേനയ്ക്കാകമാനം ദുഷ്‌പേരുണ്ടാക്കുന്നു. അതേസമയം, കവിതയെഴുതി പോസ്റ്ററൊട്ടിച്ചതിന് എറണാകുളം മഹാരാജാസ് കോളേജിലെ ആറ് വിദ്യാര്‍ഥികളും അറസ്റ്റിലായി. കുരീപ്പുഴ ശ്രീകുമാറിന്റെ കവിത എഴുതി പോസ്റ്ററൊട്ടിച്ചതിനാണ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായത് എന്നാണ് ആരോപണം. മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പോസ്റ്ററൊട്ടിച്ചതിനാണ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതി പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതത്രേ. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇപ്പോഴും ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്. അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് പറയപ്പെടുന്നു. 

എന്നാല്‍ ചുവരെഴുത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ തുറുങ്കിലടക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്ന് സി.പി.എം, എം.എല്‍.എ എം സ്വരാജ് വ്യക്തമാക്കി. സര്‍ഗാത്മകതയുടെ ഇടങ്ങളായ കലാലയത്തില്‍ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെടുന്നത് സ്വഭാവികമാണ്. ആവിഷ്‌കാര സ്വാതന്ത്രത്തിന് വിലങ്ങിടുന്ന തരത്തില്‍ പോലീസ് നടപടിയെടുക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. തീവ്ര ഇടതുപക്ഷ ബന്ധം ആരോപിച്ച് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകനെതിരെ യു.എ.പി.എ ചുമത്തിയതതായും റിപ്പോര്‍ട്ടുണ്ട്. നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ബന്ധുക്കളെ സഹായിച്ചെന്ന കുറ്റത്തിന് സസ്പെന്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രജീഷ് കൊല്ലക്കണ്ടിക്കെതിരെയാണ് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്. പോരാട്ടം നേതാവ് എം.എന്‍ രാവുണ്ണിയെ ഒളിവില്‍ പാര്‍പ്പിച്ചെന്ന കുറ്റം ആരോപിച്ചാണ് വയനാട്ടിലെ തലപ്പുഴ, വെള്ളമുണ്ട പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ രജീഷിനെതിരെ യു.എ.പി.എ ചുമത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തു വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ പതിച്ചെന്നു ആരോപിച്ചു രജിസ്റ്റര്‍ ചെയ്തതാണ് കേസുകള്‍. പോലീസിന്റെ നടപടികളിലും ബസ് ചാര്‍ജ് വര്‍ധനയിലും മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ കരുണാകരന്റെ കാലത്ത് പോലും കേള്‍ക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്നും, ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ മാത്രമല്ല സി.പി.എം കേന്ദ്ര നേതാക്കള്‍ വരെ വിമര്‍ശിക്കുന്ന സ്ഥിതിയാണെന്നും ഉമ്മന്‍ ചാണ്ടിയുടെ ഭരണമായിരുന്നു ഇതിലും ഭേദമെന്ന് ജനങ്ങള്‍ പറയാന്‍ തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.

'മൃദുഭാവെ, ദൃഢകൃത്യേ...' എന്നാണ് സംസ്‌കൃതത്തില്‍ കേരള പോലീസിന്റെ മുദ്രാവാക്യം അഥവാ ആദര്‍ശ വാക്യം. അതായത് 'ആര്‍ദ്രതയുള്ള മാനസികാവസ്ഥ, അചഞ്ചലമായ നടപടി...' എന്നാണിതിന്റെ അര്‍ത്ഥം. ഈ സ്വഭാവഗുണമുള്ള എത്ര പോലീസുകാര്‍ കേരളാ പോലീസ് സേനയിലുണ്ട് എന്ന ചോദ്യത്തിന് ന്യൂയോര്‍ക്ക് കേന്ദ്രമാക്കിയുള്ള 'ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്' എന്ന സംഘടന പുറത്തുവിട്ട സ്ഥിതിവിവര കണക്കുകള്‍ തന്നെ മതിയായ ഉത്തരം നല്‍കുന്നു. കേരള പോലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല തന്നെ നിയമസഭയില്‍ സമ്മതിച്ച കാര്യമാണ്. അന്ന് പോലീസ് അതിക്രമങ്ങള്‍ക്കെതിരെ തൊണ്ട കീറിയ ഇടതുപക്ഷമാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നോര്‍ക്കണം.

പോലീസ് ക്രൂരതയുടെ കാര്യത്തില്‍ കേരളം മാത്രമല്ല ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ തന്നെ കുപ്രസിദ്ധമാണെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 മുതല്‍ 2016 വരെ 600ലേറെ കസ്റ്റഡി മരണങ്ങള്‍ ഇന്ത്യയിലുണ്ടായി. പക്ഷേ, ഒരു പോലീസുകാരന്‍ പോലും ശിക്ഷിക്കപ്പെട്ടതായി അറിവില്ല. അസുഖം, ആത്മഹത്യ, ജയില്‍ ചാടാന്‍ ശ്രമിച്ചപ്പോഴുണ്ടായ അപകടം എന്നൊക്കെ പറഞ്ഞ് കസ്റ്റഡി മരണ കേസുകള്‍ തേച്ചുമാച്ചു കളയുന്നതാണ് പതിവ് രീതി. കേരള പോലീസില്‍ വട്ടിപ്പലിശക്കാര്‍ മുതല്‍ ക്വട്ടേഷന്‍ ടീമുകളും ഊക്കന്‍ ഗുണ്ടകള്‍ വരെയുമുണ്ട്. നിലവില്‍ 1200ലധികം പോലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്നുണ്ട്. ഇതില്‍ 716 പേര്‍ക്കെതിരെ നിലനില്‍ക്കുന്നത് കൊലപാതകമുള്‍പ്പെടെയുള്ള ഗുരുതരമായ കേസുകളാണ്. താഴെ തട്ടിലുള്ള 1300 ഓളം സിവില്‍ പോലീസ് ഓഫീസര്‍മാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ 12ഓളം ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമേ നടപടിയുണ്ടായുള്ളു. അതായത് ഹൈ റാങ്കിലുള്ള പോലീസ് ഏമാന്മാര്‍ എന്തു ചെയ്താലും അവരെ തൊടാനാവില്ലെന്നാണിത് വ്യക്തമാക്കുന്നത്.

പോലീസ് എന്ന വാക്കിന്റെ ആദ്യ രൂപം സംസ്‌കൃതത്തിലെ 'പാല്' എന്ന ക്രിയാ രൂപത്തില്‍ കാണാം. 'പാലായതി' എന്ന സംസ്‌കൃത വാക്കിന് രക്ഷിക്കുന്നവന്‍ എന്നാണര്‍ത്ഥം. 'പാലകന്‍', 'പാലന്‍' എന്നീ വാക്കുകള്‍ക്ക് രക്ഷകന്‍ എന്ന അര്‍ത്ഥമുണ്ട്. പക്ഷേ ഇവിടെ രക്ഷകന്‍ സംഹാരത്തിന്റെ ആള്‍രൂപമാകുകയാണോ...? അടിയന്തിരാവസ്ഥ കാലത്ത് ക്രിമിനല്‍ സ്വഭാവമുള്ള പോലീസിന്റെ കൊടിയ മര്‍ദനങ്ങള്‍ക്ക് ഇരയായിട്ടുള്ള വ്യക്തിയാണ് പിണറായി വിജയന്‍. അദ്ദേഹമാണിപ്പോള്‍ കേരളം ഭരിക്കുന്നത്. ഈ കാലഘട്ടത്തില്‍ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പിന്നെ ഏതു കാലത്തുണ്ടാവുമെന്നാണ് പൊതുജനം മുഖത്തോടു മുഖം നോക്കി ചോദിക്കുന്ന ചോദ്യം. സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിനെ വെല്ലുന്നതാണ് കേരളാ പോലീസ്. മൂന്നാം മുറയുടെ കാര്യവും പ്രത്യേകം പറയേണ്ടതില്ലല്ലോ. കുറ്റം തെളിയിക്കാന്‍ മൂന്നാം മുറ വേണ്ടതുതന്നെ. പക്ഷേ അത് ഒരുവന്റെ ജീവനെടുക്കുന്ന തരത്തില്‍ ക്രൂരമാവരുത്. പോലീസ് രാജ് ഇങ്ങനെ വിവാദ വിസ്‌ഫോടനം സൃഷ്ടിക്കുമ്പോള്‍ വിവാദവിദ്വാന്‍മാരായ പൊലീസുകാരെ വരുതിയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പൊതുജനങ്ങളോട് മോശമായി പെരുമാറിയാല്‍ ഇനി വിവരമറിയുമത്രേ. ഇത്തരം പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് ഡി.ജി.പിയുടെ തീരുമാനം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കര്‍ശന നടപടിയെടുക്കന്‍ പോകുന്നത്.

ഒരു പദസഞ്ചയത്തിലെ ഓരോ വാക്കിന്റെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു വാക്കാണ്് POLICE.  നാം അറിഞ്ഞിട്ടുള്ള ഓരോ അക്ഷരത്തിന്റെയും അര്‍ത്ഥം വീണ്ടും കുറിക്കുന്നു... P-Politeness (മര്യാദ), O- Obedience (അനുസരണ), L- Loyalty (വിശ്വസ്തത), I-Intelligence (യുക്തിവിചാരത്തിനുള്ള ഇന്ദ്രിയാവബോധം), C-Courage (ധൈര്യം), E-Efficiency (സാമര്‍ത്ഥ്യം). പോലീസ് സേനയ്ക്കുള്ള ആറു ഗുണങ്ങളില്‍ നിന്നാണ് ഈ വാക്കുണ്ടായത്. പക്ഷേ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 'രൗദ്രം' എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച പോലീസ് ഓഫീസറുടെ ഡയലോഗ് ഇവിടെ പ്രസക്തമാകുന്നു... ''ഐ പിറ്റി, നോട്ട് യു ബട്ട് ദി അറ്റയര്‍, ദിസ് യൂണിഫോം. പൊതു ഖജനാവില്‍ നിന്ന് പണം മുടക്കി സര്‍ക്കാര്‍ ഇതിങ്ങനെ ഇസ്തിരിയിട്ട് സ്തംഭം കുത്തിത്തരുന്നത് ദാ, ഇവരെ പോലുള്ള പട്ടിണിപ്പാവങ്ങളെ നടുറോഡിലിട്ട് ചവിട്ടിപ്പിഴിഞ്ഞ് കുത്തിക്കവര്‍ച്ച നടത്താനല്ല...സംരക്ഷിക്കാന്‍...ജനങ്ങളുടെ സ്വത്തും ജീവനും സൈ്വരജീവിതവും സംരക്ഷിച്ചു പിടിക്കാന്‍...അതാണ് പോലീസ്...അതാവണമെടാ പോലീസ്...''

പിണറായി യുഗത്തിലെ പോലീസ് രാജിനെതിരെ പ്രതിഷേധപ്പട (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക