Image

ക്രിസ്തുമസ്സ് സന്ദേശം(രാജു ജോയ്, ന്യൂജേഴ്‌സി)

രാജു ജോയ്, ന്യൂജേഴ്‌സി Published on 23 December, 2016
ക്രിസ്തുമസ്സ് സന്ദേശം(രാജു ജോയ്, ന്യൂജേഴ്‌സി)
ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ബേത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്ന രക്ഷകനായ ക്രിസ്തുദേവന്റെ ജന്മദിനം ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികള്‍ ആവേശപൂര്‍വ്വം ആഘോഷിക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദൈവം പ്രവാചകന്മാരിലൂടെ അരുളി ചെയ്ത വാഗ്ദത്തമായിരുന്നു ക്രിസ്തുവെന്ന വിമോചകന്‍. പാപത്തിന്റെ അടിമത്വത്തില്‍ കിടന്ന മനുഷ്യരാശിയെ വീണ്ടും ദൈവത്തിങ്കലേക്ക് തിരിച്ചുകൊണ്ടു വരിക എന്ന ദൈവീക പദ്ധതിയുടെ ഭാഗമായിരുന്നു ദൈവപുത്രന്റെ മനുഷ്യാവതാരം.

മനുഷ്യകുലത്തിന്റെ മുഴവന്‍ രക്ഷയ്ക്കും വേണ്ടി പിറക്കുവാനിരിക്കുന്ന മശിഹാ' ഒരു കന്യകയില്‍ വന്ന് ജന്മം ധരിക്കുമെന്നുള്ള പ്രവചനം മിശ്രായേല്‍ ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കി. പ്രഭു കുടുംബങ്ങളിലുള്ള കന്യകമാര്‍ 'രക്ഷകന്‍' തങ്ങളിലായിരിക്കും ഉരുവാകുന്നതെന്ന്  കരുതി കാത്തിരുന്നു. എന്നാല്‍ അവരുടെയൊക്കെ പ്രതീക്ഷകള്‍ക്ക് ഭംഗം വരുത്തികൊണ്ട് 'രക്ഷകന്‍' അവതാരം ചെയ്തത് കേവലം സാധാരണയായ ഒരു കന്യകയില്‍ രാജാധിരാജാവായ ക്രിസ്തു പിറക്കുവാനായി തെരഞ്ഞെടുത്ത സ്ഥലമോ വളരെ ഹീനമായ ഒരു കാലിത്തൊഴുത്തും. അന്ന് സ്വര്‍ഗ്ഗീയ മാലാഖമാര്‍ പാടി 'അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം'.

എളിമയുടെയും താഴ്മയുടെയും പാഠങ്ങള്‍ ആയിരുന്നു ക്രിസ്തുവിന്റെ ജീവിതത്തില്‍ ഏറ്റവും നിഴലിച്ചു നിന്നത് നിര്‍ധനരും, നിരാലംബരും, സമൂഹത്തില്‍ ത്യജിക്കപ്പെട്ടവരുടെയും ഉറ്റ കൂട്ടുകാരനായി അവരോടൊപ്പം സഹവസിക്കുവാന്‍ അവന്‍ അനുഗ്രഹിച്ചു. എന്നാല്‍ സമൂഹത്തില്‍ കാണുന്ന അനീതിക്കും അധര്‍മ്മങ്ങള്‍ക്കും എതിരെ പോരാടുന്ന ഒരു വിപ്ലവകാരിയായി മാറുവാനും അദ്ദേഹം മടികാട്ടിയില്ല. രണ്ടു പുതപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കുവാന്‍ ആഹ്വാനം ചെയ്ത ക്രിസ്തുവിനെ ഒരു സോഷ്യലിസ്റ്റ് വിപ്ലവകാരിയായും പലരും ചിത്രീകരിക്കാറുണ്ട്.

ക്രിസ്തു ഒരു മതത്തിന്റേയും നേതാവായിരുന്നില്ല. ഒരു മതവും അദ്ദേഹം സ്ഥാപിച്ചിട്ടുമില്ല. 'സ്‌നേഹം' എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം 'അയല്‍ക്കാരനെ നിന്നപ്പോലെ സ്‌നേഹിക്കുക' എന്നീ പ്രമാണങ്ങള്‍ സ്‌നേഹത്തെപ്പറ്റിയുള്ള ക്രിസ്തുവിന്റെ ദര്‍ശനങ്ങള്‍ ആയിരുന്നു. കൂട്ടുകാരനുവേണ്ടി ജീവന്‍ കൊടുക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല എന്ന് പഠിപ്പിച്ച ക്രിസ്തു ക്രൂശിലെ മരണത്തിലൂടെ അത് ലോകത്തിന് കാട്ടികൊടുക്കുകയായിരുന്നു. ക്രിസ്തുവിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ക്രിസ്തു പഠിപ്പിച്ച പ്രമാണങ്ങള്‍ അനുകരിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നത് നല്ലതായിരിക്കും. സ്‌നേഹത്തിന്റെ ഉത്സവമാണ് ക്രിസ്തുമസ്സ്. സ്‌നേഹത്തിന് ജാതിയോ മതമോ ഇല്ല എന്നതുകൊണ്ട് തന്നെ ക്രിസ്തുമസ്സ് നാനാ ജാതിമതസ്ഥരുടേയും ഉത്സവമായി മാറുകയാണ്. എന്നാല്‍ ആര്‍ഭാടഭരിതമായ ആഘോഷങ്ങള്‍ ക്രിസ്തുമസ്സിന്റെ പവിത്രതയെ തകര്‍ക്കും വിധം മാറിപ്പോകുന്നുവോ എന്ന് വിചിന്തനം ചെയ്യുന്നത് നന്നായിരിക്കും. വീടും വീഥികളും, നഗരങ്ങളും നിറബള്‍ബുകളാലും തോരണങ്ങളാലും നാം അലങ്കരിക്കുന്നു, തീന്‍ മേശകള്‍ വിലകൂടിയ മദ്യചഷകങ്ങളില്‍ ആവൃതമാകുന്നു. എന്നാല്‍ ലാളിത്യത്തിന്റെ പര്യായമായ ക്രിസ്തു പിറക്കുവാനാഗ്രഹിക്കുന്ന മനുഷ്യമനസ്സിന്റെ ആഗാധങ്ങള്‍ ഇന്നും അസൂയയുടേയും, അഹങ്കാരത്തിന്റേയും, വിദ്വേഷത്തിന്റെയും മാറാലാകള്‍ പിടിച്ച് വൃത്തിഹീനമായി കിടക്കുകയാണ്. അവിടം വൃത്തിയാക്കി, സ്‌നേഹത്തിന്റേയും, സാഹോദര്യത്തിന്റേയും, സാന്ത്വനത്തിന്റേയും നിറബള്‍ബുകള്‍ തെളിയിക്കുന്നില്ലെങ്കില്‍ ക്രിസ്തുവില്ലാത്ത ക്രിസ്തുവിന്റെ ജന്മദിനങ്ങളായിരിക്കും ഓരോ വര്‍ഷവും നാം ആഘോഷിക്കുന്നത്. മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുവാന്‍ പ്രതിജ്ഞ എടുക്കുന്ന അവസരമായി ഈ ക്രിസ്തുമസ്സ് മാറട്ടെ എന്ന് ആശംസിക്കുന്നു എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഒരു ക്രിസ്തുമസ്സും ഐശ്വര്യം നിറഞ്ഞ ഒരു പുതുവത്സരവും ആശംസിക്കുന്നു.

ക്രിസ്തുമസ്സ് സന്ദേശം(രാജു ജോയ്, ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക