Image

സ്‌നേഹം ധൂര്‍ത്തടിക്കുന്ന പ്രത്യാശയുടെ ജനനത്തിരുനാള്‍ (എ.എസ് ശ്രീകുമാര്‍)

Published on 24 December, 2016
സ്‌നേഹം ധൂര്‍ത്തടിക്കുന്ന പ്രത്യാശയുടെ ജനനത്തിരുനാള്‍ (എ.എസ് ശ്രീകുമാര്‍)
''നമുക്ക് പരിചിതമായ എല്ലാ മതങ്ങളിലും ദൈവം മനുഷ്യനായി അവതരിച്ചിട്ടുണ്ട്. മനുഷ്യന്റെ സാധ്യതകളും ചുമതലകളും ദൈവം മനുഷ്യനായി ജീവിച്ച്, ദൈവസമാനമായ അനുഗ്രഹങ്ങളിലൂടെ നമുക്ക് വെളിവാക്കുന്നു. ക്രിസ്തീയ സഭയില്‍ ദൈവം മനുഷ്യനായി അവതരിച്ചതാണ് ക്രിസ്മസ്. മനുഷ്യന് ചെയ്യാന്‍ അസാധ്യമായത് ദൈവം ചെയ്തു എന്ന് ക്രിസ്മസ് പ്രഖ്യാപിക്കുന്നു. മനുഷ്യന്റെ സാധ്യത എത്ര വിപുലവും ഉന്നതവുമാണെന്ന് ക്രിസ്തു മനുഷ്യ ജീവിതം കൊണ്ട് പ്രഖ്യാപിച്ചു. സര്‍വ ജനത്തിനും സന്തോഷം എന്നതാണ് ക്രിസ്മസ് ദൂതിന്റെ സത്ത...'' നമ്മുടെ പൂമുഖപ്പടിയില്‍ സന്തോഷാരവം മുഴക്കി ക്രിസ്മസ് വന്നെത്തി നില്‍ക്കെ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്തയുടെ വാക്കുകളാണിത്. ഒരു പുതിയ ആകാശവും പുതിയ ഭൂമിയും 2017ല്‍ കാണുന്നതിന് ക്രിസ്മസ് നമ്മെ സഹായിക്കട്ടെയെന്ന് അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

കലുഷിതമായ സമകാലിക ലോകത്ത് ഏവരും സ്‌നേഹം പങ്കുവച്ച് ജീവിക്കുന്നുണ്ടെങ്കിലും നമ്മുടെയൊക്കെ ഹൃദയഭിത്തികളിലേക്ക്, സത്യമായ മനസ്സിന്റെ അകത്തളങ്ങളിലേക്ക് സമഭാവനയുടേയും സഹിഷ്ണുതയുടേയും നക്ഷത്രവെളിച്ചം പകര്‍ന്ന് നല്‍കുന്ന ഉത്സവകാലമാണ് ക്രിസ്മസ്. ഒരുമയുടെ സന്ദേശ പ്രവാഹമായി തിരുപ്പിറവിയുടെ പൊന്‍വെളിച്ചം ഉള്ളിലേക്കെത്തുമ്പോള്‍ കാലികമായ മനുഷ്യജീവിതം വിഷാദത്തിന്റെ വേലിക്കെട്ടുകള്‍ കടന്നുപോകുന്നു. മനുഷ്യന്‍ മനുഷ്യനെത്തന്നെ കൊന്ന് ഏതോ ഉള്‍പ്പിരാന്തിന്റെ വൈരാഗ്യം തീര്‍ക്കുന്ന തീവ്രവാദസമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താനാവുന്നില്ലെന്നത് നിരപരാധികളുടെ സമാധാനം കെടുത്തുകയാണ്. ഇത്തരം ദുര മൂത്ത കാപാലികരുടെ ചേതോവികാരത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയുക വയ്യ. 

ഉത്സവങ്ങള്‍, പെരുന്നാളുകള്‍, ആഘോഷങ്ങള്‍....ജാതിമതഭേതമെന്യേ, സങ്കുചിത്വങ്ങള്‍ മറന്ന് ഓരോ മലയാളിയും നെഞ്ചേറ്റി കൊണ്ടാടുന്നതാണ്. ഓണവും ഈസ്റ്ററും വിഷുവും നബിദിനവും എന്നു വേണ്ട എല്ലാത്തരം പുണ്യദിനങ്ങളും നാം പരമ്പരാഗതമായ ആഘോഷത്തിമിര്‍പ്പോടെ ആചരിക്കുന്നു. ഇവിടെ നമ്മള്‍ മതപരമായ വേലിക്കെട്ടുകള്‍ പൊളിച്ച് പുറത്ത് കടക്കുകയാണ്, അഥവാ രക്ഷപ്പെടുകയാണ്. ഇന്ത്യ എന്ന വിശാല ദേശത്തിന്റെ ഉത്തമ സന്തതികളാണ് മനസ്സില്‍ കളങ്കവും കലാപചിന്തയുമില്ലാത്തവര്‍. കാലദേശാതിര്‍ത്തികള്‍ ഇല്ലാതെ തന്നെ മനുഷ്യരെ മനുഷ്യരായി കണ്ട് അവരുടെ പരാതികളും പ്രതീക്ഷകളും പുത്തന്‍ പുലരിയുടെ വെട്ടത്തിലേക്ക് പരിഹരിച്ചുകൊടുക്കുവാന്‍ ഉത്തരവാദപ്പെട്ട ജനസമൂഹത്തിന്റെ പിന്‍മുറക്കാരാണ് ഓരോ ഇന്ത്യക്കാരും, ഓരോ കേരളീയരും. മലയാളത്തിന്റെ പച്ചപ്പിലേക്ക് കാലെടുത്തു വയ്ക്കുന്ന ഓരോ വിദേശിയും നമ്മുടെ നാടിന്റെ തുടിപ്പുകള്‍ അറിഞ്ഞ് ആവേശത്തോടെ മടങ്ങുന്നത് വീണ്ടും ഇന്നാട്ടിലേക്ക് തിരിച്ചു വരും എന്നുള്ള ദൃഢപ്രതിജ്ഞയോടെയാണ്. കേരകേദാര ഭൂമി എത്രമേല്‍ അവരെയൊക്കെ സ്വാധീനിച്ചു എന്നറിയാന്‍ അവരുടെ മൊഴിമുത്തുകള്‍ മാത്രം പരതിയാല്‍ മതി. 

മാവേലി വാണ നാടാണിത്. ഇവിടെ കള്ളവും ചതിയുമില്ലായിരുന്നു. രാഷ്ട്രീയമായി ആളുകളെ വിവിധ വര്‍ണങ്ങളിലുള്ള കൊടിക്കൂറയുടെ കീഴില്‍ അണിനിരത്തുമായിരുന്നുമില്ല. വിഭാഗീയതയുടെ അദ്ധ്യായമെഴുതിക്കൊണ്ട് കാലാകാലങ്ങളില്‍ ചരിത്രവും ഭൂമിശാസ്ത്രവും മാറിമറിഞ്ഞു. ജനാധിപത്യ രാജ്യത്ത് വിവിധ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നത് സ്വാഭാവികം. അതിന്റെ തലപ്പത്ത് വരുന്നവര്‍ ഏകാധിപതികളായിരിക്കാം. ചുവന്ന രക്തം സിരകളില്‍ ഓടുന്ന സഹജീവിയെ നിഷ്‌ക്കരുണം കൊന്ന് കൊലവിളിക്കുന്ന നവഹിറ്റ്‌ലര്‍മാരെ അല്ലെങ്കില്‍ ഈദി അമീന്‍മാരെ ഓര്‍മിപ്പിക്കുന്ന ഏകാധിപത്യത്തിന്റെ രാഷ്ട്രീയ തടവുകാരായി സമ്മതിദാനാവകാശം വിനിയോഗിക്കുന്ന കേരളീയരെ മാറ്റിയെടുക്കുവാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. ഇവിടുത്തെ ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും മുസ്ലീമിനെയും തമ്മില്‍ തല്ലിച്ച് വോട്ടുബാങ്കിലെ അക്കൗണ്ട് നില വര്‍ദ്ധിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന പൈശാചിക ശക്തികളെ തിരിച്ചറിയുവാനും നമ്മില്‍ തന്നെ ഒളിഞ്ഞിരിക്കുന്ന വേതാളവേഷങ്ങളെ തിരസ്‌കരിക്കാനും ഉതകുന്ന ഉത്സവവേളയായാണ് ദൈവപുത്രനായ യേശുവിന്റെ ഈ ജനന തിരുനാളിനെ നാം സര്‍വാത്മനാ കാണേണ്ടത്. 

വിശക്കുന്നവരെ വയറുനിറച്ച് തൃപ്തരാക്കിയും കൗതുക പ്രേമികളെ അത്ഭുതം കൊണ്ട് വിസ്മയിപ്പിച്ചും അന്ധകാരത്തിന്റെ  ജനതതിയെ അടവുനയം കൊണ്ട് സ്വാധീനിച്ച് രാജാവാകാനായിരുന്നല്ലോ സാത്താന്റെ പ്രലോഭനങ്ങള്‍. അവയെ സുധീരമായും യുക്തിപൂര്‍വകമായും നേരിടാന്‍ ജന്മമെടുത്തതാണ് യേശു. പാപപരിഹാരത്തിനായുള്ള യാഗമൃഗമായിത്തീരാന്‍ യേശു തീരുമാനിച്ചിരുന്നു. ഈ അഗ്നിപരീക്ഷണത്തില്‍ വിജയം വരിച്ച ദൈവത്തിന്റെ കുഞ്ഞാടിന്റെ പക്കല്‍ മാലാഖമാര്‍ വന്ന് ശുശ്രൂഷ ചെയ്തത് മറക്കാനാവില്ല. ഭൂമിയിലെ മനുഷ്യരുടെ പാപങ്ങള്‍ തുടച്ചൊഴുക്കിക്കളയാന്‍ അവതരിച്ച യേശു സഹനം വഴി ആ മഹത്വത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്ത വേളയില്‍ ഈശോ തന്റെ ശരീരമാകുന്ന വസ്ത്രം ഉരിഞ്ഞു കളഞ്ഞില്ല. എല്ലാ മനുഷ്യര്‍ക്കും ഭാവിമഹത്വത്തിനു മാതൃകയാകേണ്ടത് അവിടുന്നു ധരിച്ച മനുഷ്യസ്വഭാവത്തിന്റെ ആധാരമായ ശരീരമാണത്. മനുഷ്യജീവിതപങ്കാളിത്തത്തിലൂടെ അവിടുന്നു ഈ മനുഷ്യസ്വഭാവം തന്നിലേയ്ക്ക് സാംശീകരിച്ചു. ഈശോയുടെ മനുഷ്യാവതാരവും സ്വര്‍ഗാരോഹണവും തമ്മില്‍ അഭേദ്യവും അതിഗഹനവുമായ ബന്ധമാണുള്ളത്. മനുഷ്യവതാരത്തില്‍ അവിടുന്നു മനുഷ്യസ്വഭാവം സ്വീകരിച്ചു. അത് പീഡാനുഭവത്തിനും മാനവകുലരക്ഷയ്ക്കും ഉപകരണമായി. മരണത്തോളം മിശിഹായെ എളിമപ്പെടുത്തിയ അതേ മനുഷ്യ സ്വഭാവം സ്വര്‍ഗാരോഹണത്തിലൂടെ മഹത്വത്തിലേയ്ക്ക് മിശിഹായെ പ്രവേശിപ്പിച്ചു.

ക്രിസ്തുമസ് ദൈവത്തിന്റെ മനുഷ്യാവതാര ദിനമാണ്. ഇത് ഒരു വര്‍ഗ്ഗത്തിനുവേണ്ടിയുള്ളതല്ല. ലോകത്തിനാകമാനമുള്ള ബലിയാണ്. ക്രിസ്തുമസ് സന്ദേശം ഉള്‍ക്കൊള്ളുന്നുവെങ്കില്‍ ക്രൈസ്തവര്‍ ചുറ്റുപാടുമുള്ള നാനാജാതി മതസ്ഥര്‍ക്കുവേണ്ടിയും യാഗമായി തീരേണ്ടതാണ്. ഓരോരുത്തരും മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുന്ന ഒരു അവസ്ഥാവിശേഷം വരുമ്പോഴാണ് മാലാഖമാരുടെ, 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സമാധാനം' എന്ന പാട്ടിന് പ്രസക്തിയേറുന്നത്. ക്രിസ്തുമസ് ദിനത്തില്‍ ദൈവം മനുഷ്യാവതാരം ചെയ്ത് ലോകത്തിന് പ്രത്യക്ഷപ്പെട്ടു. ഇതിന്റെ അര്‍ത്ഥം ശരിയായി അറിയേണ്ടതുണ്ട്. ദൈവം മനുഷ്യനായി സാധര്‍മ്മ്യപ്പെട്ടു എന്നല്ല, പിന്നെയോ സായൂജ്യപ്പെട്ടു എന്നത്രെ. ദൈവവും മനുഷ്യനുമായി ഒന്നായി, മനുഷ്യത്വത്തില്‍കൂടി ദൈവം പ്രത്യക്ഷപ്പെടുന്നു. മനുഷ്യന്‍ ഈശ്വരയികമായി, അവന്‍ ദൈവീകരിക്കപ്പെട്ടു. ക്രിസ്തുമസ്സ് സന്ദേശമുള്‍ക്കൊള്ളുന്നവര്‍ ഈ ദൈവീകരിക്കപ്പെടുന്ന പ്രക്രിയയ്ക്ക് വിധേയരായിത്തീരുന്നു. ദൈവം മനുഷ്യനോടു യോജിച്ചു. സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള അകലം ഇല്ലാതാക്കി. അവര്‍ സംയോജിക്കപ്പെട്ടു. മാലാഖമാരും മനുഷ്യരും തമ്മില്‍ വേര്‍പാടില്ല. വേര്‍പാടിന്റെ നടുച്ചുമര് തകര്‍ന്നുപോയി. അവര്‍ സംയോജിക്കപ്പെട്ടു. വിണ്ണും മണ്ണും തമ്മില്‍ അകലമില്ല. വിണ്ണും മണ്ണും വിണ്മയരും മണ്മയരും ഒന്നായി തീരുകയുണ്ടായി. ഭൂലോകത്തില്‍ സ്വര്‍ഗ്ഗം സ്ഥാപിക്കപ്പെട്ടു. മനുഷ്യര്‍ തമ്മില്‍ അകലമില്ലാതാകണം. പാവപ്പെട്ടവരും പണക്കാരനും തമ്മില്‍, ബുദ്ധിഹീനനും ബുദ്ധിമാനും തമ്മില്‍ ഉദ്യോഗസ്ഥരും അല്ലാത്തവരും തമ്മില്‍ ഒന്നായിത്തീരണം. എല്ലാവരും പരസ്പരം സ്‌നേഹിക്കുവാനും ബഹുമാനിക്കുവാനും തയ്യാറാവണം.

മനുഷ്യന്‍ ഭൂമിയില്‍നിന്നും ഉള്ളവനാണ്. അവന്‍ മണ്ണില്‍നിന്നുള്ളവനാണ്. മനുഷ്യന്‍ ദൈവീകരിക്കുന്നതോടൊപ്പം ഈ പ്രപഞ്ചത്തിനും വ്യത്യാസം ഉണ്ടായി. അതിനാല്‍ നമ്മുടെ ആത്മീയത ഈ വസ്തുവില്‍ പ്രത്യക്ഷപ്പെടുന്നത് ഈ പ്രപഞ്ചത്തില്‍ കൂടിയാണ്. യേശുക്രിസ്തു മനുഷ്യാവതാരം ചെയ്തത് ദൈവരൂപത്തിലും സാദൃശ്യത്തിലും നിര്‍മ്മിക്കപ്പെട്ട മാനവജാതിയെ രക്ഷിക്കാന്‍ മാത്രമല്ല. എന്നാലോ, ഈ പ്രപഞ്ചം തന്നെ, ദൈവീകരിക്കപ്പെട്ടു. ദൈവശക്തി ഉള്‍ക്കൊണ്ടുകൊണ്ട്, ആ ദൈവീക പ്രകാശം ജ്വലിപ്പിക്കുവാനാണ്. പ്രപഞ്ചത്തോടുള്ള വീക്ഷണത്തിനും വ്യത്യാസം ഉണ്ടായി. പ്രപഞ്ചത്തെ തന്നെ കാണുമ്പോള്‍ പരിതസ്ഥിതി മാറും. കാലാവസ്ഥ മാറും. പ്രപഞ്ചത്തില്‍ ഇന്നുയരുന്ന ജീവഹാനികരമായ എല്ലാ പ്രകടനങ്ങളും പ്രതിബന്ധങ്ങളൂം സൂര്യോദയത്തില്‍ മൂടല്‍മഞ്ഞുപോലെ ഒഴിഞ്ഞുമാറും. എല്ലാ ധൂമപടലങ്ങളും അസ്തമിച്ച് ഇല്ലായ്മയിലേക്ക് മാറും. ദൈവീകദ്യുതി ദ്യോതിപ്പിക്കുന്ന പ്രപഞ്ചമായി രൂപാന്തരപ്പെടും. 

ദൈവീകമല്ലാത്ത ഒന്നും ലോകത്തില്‍ ഉണ്ടാകരുത്, ഉണ്ടാകുകയില്ല. എല്ലാ തിന്മയും മാറി ശാശ്വതമായ സമാധാനം ലോകത്തിനുണ്ടാകും. അവിഹിതമായ മദ്യപാനത്തില്‍നിന്നും ആഹൂതി നിര്‍മ്മിക്കുന്ന ദുഷ്പ്രണതകളില്‍ നിന്നും പരിചയങ്ങളില്‍ നിന്നും ലോകം ശുദ്ധീകരിക്കപ്പെട്ടു. മാനവജാതിയുടെ സംഹാരത്തിനുവേണ്ടി ഒരുക്കുന്ന കടുംകെടുതികള്‍ നിശ്ശേഷം മാറ്റി അവയെല്ലാം ജനസഞ്ചയത്തിന്റെ സഹായത്തിനും വളര്‍ച്ചക്കും ഉയര്‍ച്ചയ്ക്കും വേണ്ടി സംഭരിക്കപ്പെടണം. എവിടെയും ശാന്തി സമാധാനം. അത് ഉള്‍ക്കൊള്ളുവാനുള്ള ഭാഗ്യം ജാതിമതഭേദമെന്യെ എല്ലാവര്‍ക്കും ലഭിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. പ്രപഞ്ചത്തിനും ആ ദിവ്യാനുഭൂതി സംജാതമാകട്ടെ...പ്രത്യാശയും സമാധാനവും പുലരട്ടെ... 

''ഹാപ്പി ക്രിസ്മസ്...''

സ്‌നേഹം ധൂര്‍ത്തടിക്കുന്ന പ്രത്യാശയുടെ ജനനത്തിരുനാള്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക