Image

ജോണ്‍ കുന്നത്തിന്റെ സ്വര്‍ഗ്ഗരാജ്യവീക്ഷണം (ഡി.ബാബുപോള്‍)

ഡി.ബാബുപോള്‍ Published on 27 December, 2016
ജോണ്‍ കുന്നത്തിന്റെ സ്വര്‍ഗ്ഗരാജ്യവീക്ഷണം (ഡി.ബാബുപോള്‍)
ശ്രീയേശു വിശ്വാസികള്‍ക്ക് അഭിഷിക്തനും ദൈവവും ദൈവപുത്രനും വിമോചകനും രക്ഷകനും എല്ലാം ആണ്. അവിശ്വാസികള്‍ക്ക് പലതാണ് പരിപ്രേക്ഷ്യതങ്ങള്‍. സദ്ഗുരു, പ്രവാചകന്‍, വിപഌവകാരി, സമുദായത്തിലെ പ്രതിപക്ഷനേതാക്കളിലൊരാള്‍, മാജിക്കുകാരന്‍, ഫ്‌റോഡ്, ആരുടെയൊക്കെയോ കല്പനയില്‍ തെളിഞ്ഞ ഒരു കഥാപാത്രം ഇത്യാദി. എന്റെ അഭിപ്രായത്തില്‍ ഇപ്പറഞ്ഞ രണ്ട് ധ്രുവങ്ങളെക്കാള്‍ പ്രധാനം യേശു എനിക്ക് ആരാണ് എന്നതാണ്. പൊതുവായ ഒരു പ്രസ്താവനയിലൂടെ ഒഴിഞ്ഞുമാറാനല്ല, പി.എ.പൗലോസ് കോറെപ്പിസ്‌ക്കോപ്പയുടെയും മേരി പോളിന്റെയും മകന്‍ ഡി.ബാബുപോളിന് യേശു ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടാനാണ് ഞാന്‍ ശ്രമിക്കേണ്ടത്.

അപ്പോള്‍ ആദിപാപവും ആദാമ്യപാപവും ഒരുപോലെ അപ്രസക്തമാവും. ജാനാമിധര്‍മ്മം നയമേ പ്രവൃത്തി, ജാനാമ്യധര്‍മ്മം തപമേ നവൃത്തി എന്ന് യക്ഷസംവാദത്തില്‍ പറയുന്നതും പൗലോസ് റോമാലേഖനത്തില്‍(7:15) പറയുന്നതും വിശദീകരിക്കാനുള്ള പരിശ്രമമായി അത് കാണേണ്ടിവന്നു എന്നും വരാം. അങ്ങനെ വരുമ്പോള്‍ വിമോചക രക്ഷകഭാവങ്ങള്‍ അപ്രസക്തമാവും.

വായനയുടെയും മനനത്തിന്റെയും ധ്യാനത്തിന്റെയും അര്‍ദ്ധശതകത്തിന്റെ അന്ത്യത്തില്‍ ശ്രീയേശു എനിക്ക് സുഹൃത്താണ്. മനുഷ്യാവതാരം ചെയ്ത ദൈവം എന്ന സങ്കല്പത്തോട് എനിക്ക് ഒത്തുപോകാം. എന്നാല്‍ അത് ഒരു ഗതകാലയാഥാര്‍ത്ഥ്യമാണ്. അവതാരലക്ഷ്യം പൂര്‍ത്തിയാക്കി പൂര്‍വ്വസ്ഥിതിയിലേയ്ക്ക് മടങ്ങിയ ദൈവം പുത്രപദവി ഉപേക്ഷിച്ചിരിക്കുന്നു. ക്രിസ്തുവചനപ്രകാരം തന്നെ നമ്മെ നയിക്കുന്നത് പരിശുദ്ധാത്മാവ് എന്ന ഭാവമാണ്. അത് ദൈവത്തിന്റെ മനുഷ്യചക്ഷസ്സിന് ലക്ഷീഭവിക്കുന്ന ഭാവം എന്നല്ലാതെ മറ്റൊരു ദൈവമല്ല. അതുകൊണ്ടാണ് ത്രിയേകദൈവം എന്ന സാമാന്യബുദ്ധിക്ക് വിശദീകരിക്കാനാവാത്ത സങ്കല്പം സഭ പ്രഖ്യാപിക്കുന്നത്.

പൗലോസും പിറകെ വന്നവരും പഠിപ്പിച്ചുറപ്പിച്ചിട്ടുള്ളതുപോലെ സ്വജീവന്‍ നല്‍കി നമ്മെ രക്ഷിക്കുവാനാണ് ശ്രീയേശു വന്നത് എന്ന് അംഗീകരിച്ചാലും ഇപ്പോഴും ആ പരുവത്തില്‍ തുടരുകയാണ്; പിതാവിന്റെ വലതുഭാഗത്ത് മറ്റൊരു കസേര വലിച്ചിട്ട് ഇരിക്കുകയാണ് എന്നൊക്കെ പറഞ്ഞാല്‍ ത്രിത്വം അങ്ങനെ തുടരേണ്ടി വരും. അപ്പോള്‍ ഏകത്വം അന്യമാവുകയും ചെയ്യും.
അതിരിക്കട്ടെ. എം.എം.തോമസിനെക്കുറിച്ച് ഒരു പുസ്തകം എഴുതാന്‍ മോഹം ഉണ്ട് എനിക്ക്. അത് സാധ്യമായാല്‍ എന്റെ ദൈവദര്‍ശനം അവിടെ ചര്‍ച്ചചെയ്തുകൊള്ളാം. ഇവിടെ പറയാന്‍ വന്നത് ഇത്തരം മുടിനാരേഴായ് കീറീട്ട് അതിലൊരു നാരൊരു പാലമാക്കി അതിലൂടെ നടക്കാനൊന്നും ശ്രമിക്കാതെ തന്നെ ശ്രീയേശുവിനെയും അവിടുത്തെ ഉപദേശസാരാംശത്തെയും സമീപിക്കുവാന്‍ കഴിയും എന്ന് തെളിയിക്കുന്ന ഒരു കൃതിയാണ്. ശ്രീ.ജോണ്‍ കുന്നത്ത് രചിച്ചിട്ടുള്ളത് എന്ന് പറയാനാണ്.

ശ്രീയേശു പഠിപ്പിക്കാന്‍ ശ്രമിച്ച നവലോകസങ്കല്പം ആണ് സ്വര്‍ഗ്ഗരാജ്യം എന്ന ആശയം, ഇത് സ്ഥലകാലബദ്ധമാണ് എന്ന് പറയുന്നത് ശ്രീയേശു ദൈവപുത്രനല്ല എന്ന് പറയുമ്പോലെയാവും. യേശു ഭാരതീയനായിരുന്നുവെങ്കില്‍, അബ്രഹാമിനും അയ്യായിരം വര്‍ഷം മുന്‍പ് ജനിച്ച ചിഞ്ചോറാശോത്രജനായിരുന്നുവെങ്കില്‍, സോക്രട്ടീസിന്റെ ഗുരു ആയിരുന്നുവെങ്കില്‍, കണ്‍ഫ്യൂഷ്യസിന്റെ സഹപ്രവര്‍ത്തകന്‍ ആയിരുന്നുവെങ്കില്‍ എന്നൊക്കെ സങ്കല്പനം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഭാഷയും ശൈലിയും അവതരണവും അല്ലാതെ ആശയം അവിടെയൊന്നും ഭേദപ്പെടുമായിരുന്നില്ല. അല്ലെങ്കില്‍ യേശു ദൈവമല്ല എന്ന് സമ്മതിക്കേണ്ടി വരും.
അതായത് ശ്രീയേശുവിന്റെ മൗലികാശയങ്ങള്‍ സ്ഥലകാലപരിമിതികളെ ഉല്ലംഘിക്കുന്നവയാണ്. കാലാതീതമാണ് അവിടുന്ന് പറഞ്ഞ സത്യം. അതിനെ കാലാനുസൃതമായി പ്രകാശിപ്പിക്കുകയാണ് സഭയുടെ ദൗത്യം.

ഈ ചുമതല അംഗീകരിച്ചുകൊണ്ടാണ് ഈ പുസ്തകം രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. നാഗരികത എന്ന അടിസ്ഥാനാശയത്തിന്റെ അതിരുകള്‍ക്കുള്ളിലാണ് ഗ്രന്ഥകര്‍ത്താവ് ശ്രീയേശുവിന്റെ ദിവ്യബോധനത്തെ അയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്. പൗലോസ് ഗ്രിഗോറിയോസും എം.എം.തോമസും ഉദ്ദേശിച്ചത് വ്യക്തമാകാന്‍ സംസ്‌കൃതി എന്ന പദമാവും ഇന്നത്തെ മലയാളത്തില്‍ നാഗരികത എന്നതിനെക്കാള്‍ അനുയോജ്യം എന്നതിരിക്കട്ടെ. കാലാതീതസത്യത്തിന്റെ കാലാനുസൃതപ്രസാരണത്തിന് അങ്ങനെ ഒരു അടിത്തറ കൂടാതെ വയ്യല്ലോ.

ഈ പശ്ചാത്തലത്തില്‍ സ്വര്‍ഗ്ഗരാജ്യം എന്ന ആശയം പരിശോധിക്കുകയാണ് ഗ്രന്ഥകാരന്‍. കര്‍ത്താവ് പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ എന്താണ് സ്വര്‍ഗ്ഗരാജ്യം എന്ന് നിര്‍വ്വചിച്ചിട്ടുണ്ട്. ദൈവത്തിന്റെ ഹിതം സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും ആകുമ്പോഴാണ് സ്വര്‍ഗ്ഗരാജ്യം സംസൃഷ്ടമാവുന്നത്. ക്രിസ്തീയം എന്ന് വിവരിക്കപ്പെടുന്ന ഒരു രാജ്യത്തിലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നില്ല എന്നതിന് കഴിഞ്ഞ രണ്ടായിരം വര്‍ഷത്തെ ലോകചരിത്രം ആണ് തെളിവ്. കോണ്‍സ്റ്റന്റെന്‍ ക്രിസ്ത്യാനി ആയതുകൊണ്ട് കുരിശിന് മാന്യത കിട്ടി, ഡിസംബര്‍ 25 എന്നൊരു തീയതി ക്രിസ്തുമസിനെ തറയ്ക്കാനുള്ള ആണിയായി, മെത്രാന്മാരുടെ കശപിശകളുടെ ഭാവം സാര്‍വ്വത്രികമാണ് എന്ന് നാട്ടുകാരൊക്കെ അറിഞ്ഞ എന്നല്ലാതെ റോമാസാമ്രാജ്യം സ്വര്‍ഗ്ഗരാജ്യം ആയില്ല. ഭാരതത്തിലെ 'വിഗ്രഹാരാധകരെ' സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്ക് നയിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന സായിപ്പിന്റെ അമേരിക്കന്‍ ഐക്യനാടുകള്‍ ശ്രീയേശുവിന്റെ സ്വര്‍ഗ്ഗരാജ്യം ആണ് എന്ന് ആരും പറയുകയില്ല. എന്തിന്, ലോകത്തിലെ ഏറ്റവും ചെറിയ 'ക്രിസ്തീയരാഷ്ട്രം' ആയ വത്തിക്കാനില്‍ സ്വര്‍ഗ്ഗരാജ്യമാണ് നടപ്പ് എന്ന് പറഞ്ഞാല്‍ ചുരുങ്ങിയത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എങ്കിലും അത് നിഷേധിക്കാതിരിക്കയില്ല.

അതായത് സ്വര്‍ഗ്ഗരാജ്യം ഇന്നും ആകാശകുസുമം തന്നെ ആണ്. മാത്രവുമല്ല, മാര്‍പ്പാപ്പ ഭരിക്കുന്ന നൂറേക്കറില്‍ പോലും അത് നടപ്പിലാവുന്ന ലക്ഷണവുമില്ല. ക്രിസ്ത്യാനികളായ നാം വിനയപൂര്‍വ്വം അംഗീകരിക്കേണ്ട ഒരു സത്യത്തിലേയ്ക്കാണ് ഈ വസ്തുത വിരല്‍ ചൂണ്ടുന്നത്. സ്വര്‍ഗ്ഗരാജ്യം ക്രിസ്ത്യാനികളുടെ സ്വന്തമല്ല. അതിന്റെ താങ്ങാല്‍ നമ്മുടെ കൈയ്യില്‍ മാത്രം അല്ല താനും.
ദൈവത്തിന് മതമില്ല എന്ന് ഞാന്‍ ആവര്‍ത്തിക്കാറുണ്ട്. ദൈവം ക്രിസ്ത്യാനിയല്ല എന്ന് ആര്‍ച്ച്ബിഷപ്പ് ടുട്ടു എഴുതിയിട്ടുണ്ട്. മനുഷ്യനെക്കാല്‍ പ്രായം കുറവാണ് മതങ്ങള്‍ക്ക്. പി.ഏ.പൗലോസ് കോറെപ്പിസ്‌ക്കോപ്പാ പറയുമായിരുന്നു, തന്റെ പല മക്കള്‍ക്കായി ജനിച്ച പേരക്കുട്ടികള്‍ ഓരോരുത്തരും അവനവന്റെ കളിപ്പാട്ടത്തില്‍ മാത്രം ശ്രദ്ധിച്ചും അത് മാത്രമാണ് യഥാര്‍ത്ഥമായ കളിപ്പാട്ടം എന്ന് ഭാവിച്ചും സമയം പോകുമ്പോള്‍ വാത്സല്യം നിറഞ്ഞ മന്ദഹാസത്തോടെ അവരെ നോക്കിയിരിക്കുന്ന മുത്തച്ഛനാണ് ദൈവം എന്ന്. സത്യത്തിന്റെ കുത്തുക അവകാശപ്പെടാതെ സ്വര്‍ഗ്ഗരാജ്യത്തിന്റെ സദ്ഗുണങ്ങള്‍ പ്രയോഗപഥത്തില്‍ എത്തിക്കാന്‍ കഴിയുമ്പോഴാണ് ഒരു ക്രിസ്ത്യാനി യഥാര്‍ത്ഥ ക്രിസ്ത്യനുയായിയും ക്രിസ്തുവാഹകനായ ക്രിസ്റ്റഫറും ആകുന്നത് എന്നതാണ് ഈ കൃതിയുടെ സന്ദേശം എന്ന ബോധ്യത്തോടെ ഇത് സഹൃദയസമക്ഷം അവതരിപ്പിക്കുന്നു.

ജോണ്‍ കുന്നത്തിന്റെ സ്വര്‍ഗ്ഗരാജ്യവീക്ഷണം (ഡി.ബാബുപോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക