Image

പുതുവര്‍ഷ ആകുലത വെടിയുക പുതു ചിന്തകളുമായി മുന്നേറുക(ജയന്‍ കൊടുങ്ങല്ലൂര്‍)

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 29 December, 2016
പുതുവര്‍ഷ ആകുലത വെടിയുക പുതു ചിന്തകളുമായി മുന്നേറുക(ജയന്‍ കൊടുങ്ങല്ലൂര്‍)
പുതിയ പ്രതീക്ഷകളമായി പുതുവര്‍ഷം പിറവിക്കൊള്ളുന്നു. വര്‍ഷങ്ങള്‍ മിന്നിമറയുന്നത് പതിവു ജീവിതത്തില്‍ അത്ര വലിയ സംഭവമല്ലാതായിരിക്കുന്നു. ആഴ്ചകളും മാസങ്ങളും പിന്നിടുമ്പോള്‍ വര്‍ഷങ്ങളും വന്നെത്തും. അതിലെന്തിരിക്കുന്നു എന്നതാണ് നമ്മുടെ ഭാവം.

വഴിപിരിയുന്ന ഈ വര്‍ഷം താനെന്തെടുക്കുകയായിരുന്നെന്ന ഗൗരവമായ ആലോചന വരും കാല ജീവിതത്തെ അര്‍ത്ഥമാക്കാതിരിക്കില്ല. കഴിഞ്ഞ കാലത്തെ കുറിച്ചോര്‍ത്ത് വിലപിക്കലല്ല വിചാരണ. നഷ്ടങ്ങളും വീഴ്ചകളും വരും കാലങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ളതാവണം അത്. രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പ് വിരിപ്പിലിരുന്ന് പകല്‍ ജീവിതത്തിലൂടെ മനസ്സാഞ്ചാരം നടത്തേണ്ടതാണ്. പുതുവര്‍ഷത്തലേന്ന് വാര്‍ഷിക ജീവിതത്തിന്റെ കണക്കെടുപ്പും നടത്തണം.

ഒഴിവു സമയവും ആരോഗ്യവുമാണ് ജനം അലസമായി ചെലവഴിക്കുന്ന രണ്ടു കാര്യങ്ങള്‍. സമയത്തെ അലസമായി ചെലവഴിച്ചവനെയാണ് ഭൂതകാലം വേട്ടയാടുക. ജീവിതത്തിന്റെ കണക്കെടുപ്പിലും അന്ത്യ നിമിഷങ്ങളിലും മുഖം കുത്തി വീഴുന്നതും അവരായിരിക്കും.ഓരോ ദിനവും പിറന്നു വീഴുമ്പോഴും സത്കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കുക. സമയം മൂര്‍ച്ചയേറിയ വാളുപോലെയാണ്.

നാലുനാള്‍ നീളമുള്ള ജീവിതം, രണ്ടു ദിനം ആഗ്രഹിച്ചതും ബാക്കി ദിനങ്ങള്‍ കാത്തിരുന്നും പാഴാക്കിയവര്‍ക്കെങ്ങനെ ജീവിതത്തിന്റെ വിലയും നീളവുമറിയും. പിന്നിടുന്ന കാലവും സമയവും സംതൃപ്തമല്ലെന്ന് തോന്നുമ്പോള്‍ നാം ഭൂതത്തെ പഴിക്കുന്നു. സമയത്തെ അസംതൃപ്തമാക്കുന്നതും സംതൃപ്തമാക്കുന്നതും നമ്മുടെ കര്‍മ്മങ്ങളാണ്. ഓര്‍മകളില്‍ സൂക്ഷിക്കപ്പെട്ട ഭൂതകലമാണ് ഒരു വ്യക്തിയെ അയാളാക്കി നിര്‍ത്തുന്നത്. ഓരോ വ്യക്തിക്കും അവന്റെ ഓര്‍മയിലെ ശേഷിപ്പുകള്‍ക്ക് കാരണമായിത്തീരുന്നത് പലതാവാം. ജീവിതത്തില്‍ ഏറെ സ്വാധീനിച്ച ദു:ഖസാന്ദ്രമോ സന്തോഷദായകമോ ആയ നിമിഷങ്ങളാണ് നമ്മുടെ ഓര്‍മകളില്‍ മറ്റെന്തിനേക്കാളും കൂടുതലായി തങ്ങി നില്‍ക്കുന്നത്. ഓര്‍മച്ചെപ്പിലെ സന്തോഷത്തിന്റെയും ന്താപത്തിന്റെയും തോതിലുള്ള മാറ്റങ്ങള്‍ക്കനുസരിച്ചാണ് ചിലര്‍ ഏറെ സന്തോഷവാന്മാരും ചിലര്‍ വിഷാദത്തിനടിമപ്പെടുന്നവരുമാകുന്നത്.

ഓര്‍മകളുടെ നിശ്ചിതമായ ഇരിപ്പിടത്തില്‍ കയറിക്കൂടാന്‍ ബാല്യത്തിലെയും കൗമാരയൗവനത്തിലെയുമൊക്കെ ഓര്‍മകള്‍ പരസ്പരം മത്സരിക്കുമ്പോള്‍ ഏത് ഓര്‍മയാണോ ബലഹീനമായത് , നമ്മെ അധികം സ്വാധനിക്കാതെ പോയത് അവയ്ക്ക് ഇരിപ്പുറപ്പിക്കാന്‍ കഴിയാതെ പുറത്തേക്ക് പോകുന്നു. ഇതാണ് ' മറവി
സത്യത്തില്‍ മറവി ദൈവം കനഞ്ഞേകിയ ഒരനുഗ്രഹമാണ്. വേദനിപ്പിക്കുന്ന ഓര്‍മകള്‍ ഇടക്കിടെ നമ്മെ അലോസരപ്പെടുത്തുമ്പോള്‍ അവയൊന്ന് മറക്കാന്‍ കഴിഞ്ഞെങ്കിലെന്ന് നാം കൊതിക്കുന്നു. പക്ഷെ, എല്ലാം വിസ്മൃതിയിലായിപ്പോവുന്ന, ഓര്‍മയുടെ ഇടങ്ങളിള്‍ ശൂന്യമായിപ്പോവുന്ന അവസ്ഥ.... എത്ര ഭയാനകം !

വേദനകള്‍ നിറഞ്ഞ ഭൂതകാല ഓര്‍മകളില്‍ മുഴുകി മനസ്സിനെ അസ്വസ്ഥമാക്കുന്നതിനു പകരം തന്റെ ജീവിതത്തില്‍ ദൈവം നല്‍കിയ സന്തോഷ നിമിഷങ്ങളെയോര്‍ത്ത് സ്തുതി പറയുന്ന മനസ്സ് നിര്‍മ്മിക്കുക. കാലം എത്ര വേഗം കടന്നുപേയി എന്നോര്‍ത്ത് കണ്ണീര്‍ പൊഴിച്ചിട്ടു കാര്യമില്ല. ശോഭനമായ നല്ല നാളുകള്‍ സൃഷ്ടിച്ചെടുക്കുക. ഓര്‍മകള്‍ സ്വയം വിചാരണയ്ക്ക് പ്രേരണ നല്‍കുന്നതാവണം. പോരായ്മകള്‍ നികത്തി, മധുരമായ കര്‍മ്മങ്ങളാല്‍ ജീവിതം ആനന്ദകരമാക്കിത്തീര്‍ക്കുക.

സുന്ദരമായ ഓര്‍മകള്‍ നമ്മില്‍ അവശേഷിക്കാന്‍, ജീവിതത്തില്‍ സുന്ദരമായ ചെയ്തികള്‍ അധികരിപ്പിക്കുക. വേദനകള്‍ നിറഞ്ഞ, ദുഖകരമായ ഓര്‍മകളെ ബലഹീനമാക്കിമാറ്റി പകരം നമ്മെ ആനന്ദിപ്പിച്ച നിമിഷങ്ങള്‍ ബലമുള്ളതാക്കി മാറ്റുക. മറ്റ് ഓര്‍മകളുടെ പ്രഹരത്താല്‍ ക്ഷതമേല്‍ക്കാതെ അവയെ സൂക്ഷിച്ചു നിര്‍ത്തുക. അപ്പോള്‍ നമ്മുടെ ഓര്‍മയുടെ ഇരിപ്പിടം സന്തോഷാനുഭവങ്ങള്‍ക്ക് മാത്രമുള്ളതായിത്തീര്‍ക്കും. ജീവിതം ആനന്ദപൂര്‍ണ്ണമാവും. അതുകൊണ്ട് നിങ്ങള്‍ കാലത്തെ പഴിക്കരുത്. വര്‍ത്തമാനത്തെ ധന്യമാക്കുന്നവര്‍ക്ക് ഭൂതത്തെ പഴിക്കേണ്ടി വരില്ല. ഭാവിയെ ആവേശത്തോടെ വരവേല്‍ക്കാനുമാവും.

പുതിയ വര്‍ഷം പുതിയ തുടക്കമാവട്ടെ! പുതിയ പിറവി ജീവിതത്തിന് വെളിച്ചമാവട്ടെ !

ഏവര്‍ക്കും പുതുവത്സരാശംസകള്‍ 


പുതുവര്‍ഷ ആകുലത വെടിയുക പുതു ചിന്തകളുമായി മുന്നേറുക(ജയന്‍ കൊടുങ്ങല്ലൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക