Image

കരച്ചില്‍ (കവിത: സി.ജി. പണിക്കര്‍ കുണ്ടറ)

Published on 29 December, 2016
കരച്ചില്‍ (കവിത: സി.ജി. പണിക്കര്‍ കുണ്ടറ)
കരയാനായി ജന്മം നല്‍കി ഒരു കണ്ണീര്‍ത്തടാകമെനിക്കു നല്കി
കണ്ണുനീരൊപ്പുവാന്‍ കൈയിലെനിക്കൊരു കൊച്ചുറുമാലു നല്‍കി
കൊച്ചരിപ്രാവ് കുറുകുന്നപോലെന്റെ കൊച്ചുഹൃദയം നുറുങ്ങീടുന്നു
കൊച്ചുകൊച്ചോര്‍മകളീ കൊച്ചുകുടിലിന്റെ ഉമ്മറത്തെത്തി കടന്നുപോയി.

കരുണാമയാ നീ കളിമണ്‍ കുഴച്ച് സൃഷ്ടി നടത്തിയ നേരം
എന്തിനു കണ്ണിലൊളിപ്പിച്ചു വച്ചു ഈ വറ്റാത്ത നീരുറവ
കണ്ണില്‍ കറയോ പൊടിയോ വീഴുകില്‍ കഴുകിക്കളയുവാനോ?
കരളിന്‍ വേദന നെഞ്ചിലമരുമ്പോള്‍ ആശ്വാസഗംഗ ഒഴുക്കിടാനോ?

ഇന്നീ കണ്ണീര്‍ത്തടാകത്തിനപ്പുറം മനസ്സിന്‍ മലമേലെ മാനം ഇരുണ്ടു
കാറ്റാഞ്ഞുവീശി, ഇടിമിന്നല്‍ തുടങ്ങി കൂറ്റന്‍ മഴയുടെ ലക്ഷണമായി
ഇനി കുത്തിയൊലിച്ച് ആ മലവെള്ളമീ കണ്ണീര്‍ത്തടാകത്തിലെത്തും
കലങ്ങി മറിഞ്ഞു കവിഞ്ഞൊഴുകുമീ ചുവന്ന കണ്ണീര്‍ ചാലുകള്‍

കാലം നിറക്കൂട്ട് ചാര്‍ത്തി ഞാനറിയാതെ ലോകമണിഞ്ഞൊരുങ്ങി
കണ്ണുതുറന്നിരുന്നിട്ടുമെന്തേ കാണാതെ പോയീ ചമയങ്ങള്‍
അമ്മതന്‍ തണലില്‍ വളര്‍ന്ന മക്കള്‍ അമ്മിഞ്ഞപ്പാലിന്‍ രുചി മറന്നു
ഓര്‍മ്മകളെ ഓലക്കുട നിവര്‍ത്തി ഇനി കൂട്ടിനു പോരുമോ എന്‍ തണലായ്.

കരച്ചില്‍ (കവിത: സി.ജി. പണിക്കര്‍ കുണ്ടറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക