Image

പുതുവത്സരത്തിന് സ്വാഗതം(ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 29 December, 2016
 പുതുവത്സരത്തിന് സ്വാഗതം(ജി. പുത്തന്‍കുരിശ്)
      കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ, കമനീയകലാദേവത കണിവെച്ചതുപോലെ' ഒരു പുതുവത്സരം കൂടി നമ്മളുടെ മുന്നില്‍ പൊട്ടി വിരിഞ്ഞിരിക്കുന്നു.  പ്രതീക്ഷകളും പ്രത്യാശകളും, പൂവണിയാന്‍ പോകുന്ന സ്വപ്നങ്ങളും ഹൃദയാന്തരങ്ങളില്‍ തുടികൊട്ടുമ്പോള്‍, ലോകം എമ്പാടും പുതുവത്‌സര നിറവില്‍ കരിമരുന്നു പ്രയോഗത്തിന്റെ വര്‍ണ്ണ പൊലിമ, പൂത്തിരിയില്‍ നിന്നും ചിതറുന്ന സ്ഫുലിംഗങ്ങളെ നോക്കി തുള്ളി ചാടുന്ന കൊച്ചുകുട്ട'ികള്‍, സ്ഫടിക സമാനമായ ഗ്ലാസുകളില്‍  നുരയുന്ന ഷാംബയിന്‍ മുത്തിക്കുടിച്ച്, സുന്ദരം, സുന്ദരം, സ്വര്‍ഗ്ഗസമൃദ്ധിതന്‍, മന്ദിരം തന്നെയീ ലോകം.' എന്ന് പാടി ആര്‍ക്കുന്നവര്‍.  എങ്ങും പുതുവത്സരത്തിന്റെ ആഘോഷ തിമിര്‍പ്പുകള്‍.

    ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പുതുവത്സരം ആഘോഷിക്കുന്നവരാണ് ലോകം എമ്പാടും ഉള്ളവര്‍.  പലവിധത്തിലുള്ള കലണ്ടറുകളുടെ അടിസ്ഥാനത്തില്‍ പുതുവത്സരം ലോകത്തിന്റെ പലഭാഗത്തും ആഘോഷിക്കുന്നുണ്ടെങ്കിലും, ഏറ്റവും പ്രചുരപ്രചരമാര്‍ന്ന ആഘോഷം, ഗ്രിഗോറിയന്‍ കലണ്ടറിന്റെ അടിസ്ഥാനത്തിലുള്ള ജനുവരി ഒന്നാണ്.  പോപ്പ് ഗ്രിഗറി പതിമൂന്നാമന്റെ നാമത്തിലുള്ള ഈ കലണ്ടറിനെ ക്രിസ്ത്യന്‍ കലണ്ടെറെന്നും വിളിക്കാറുണ്ട്.  ലൂക്കിന്റെ സുവിശേഷം രണ്ടാം അദ്ധ്യായം ഇരുപത്തി ഒന്നാം വാക്യം അനുസരിച്ചും ക്രൈസ്തവ പാരമ്പര്യം അനുസരിച്ചും ജനുവരി ഒന്നിനാണ് യേശു പരിച്ഛേദനം ഏറ്റത്. 

    ഗ്രിഗോറിയന്‍ കലണ്ടറു പ്രകാരം ചൈനക്കാരുടെ പുതുവത്സരം എന്നു പറയുന്നത് ജനുവരി ഇരുപത്തി ഒന്നിനും ഫെബ്രുവരി ഇരുപതിനും ഇടയ്ക്കാണ്. സൂഷ്മമായി പറഞ്ഞാല്‍ ചൈനാക്കാരുടെ വസന്തകാലമായ ഫെബ്രുവരി നാലിനോട്  അടുത്ത്.  ചൈനയിലെ ഐതിഹ്യം അനുസരിച്ച്, നിയാന്‍ എന്ന ഇതിഹാസ മൃഗവുമായുള്ള ഏറ്റുമുട്ടലോടെയാണ് അവരുടെ പുതുവത്സരം ആരംഭിക്കുന്നത്.  വര്‍ഷത്തിന്റെ ആദ്യ ദിവസം നിയാന്‍ ഗ്രാമങ്ങളില്‍ വരികയും അവിടെയുള്ള കന്നുകാലികളേയും മനുഷ്യരേയും, പ്രത്യേകിച്ച് കുഞ്ഞുങ്ങളേയും പിടിച്ചു ഭക്ഷിക്കുന്നു.  സഹികെട്ട ഗ്രാമീണര്‍ വര്‍ഷത്തിന്റെ ആദ്യ ദിവസം ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്തു വാതിലിന്റെ മുമ്പില്‍ വയ്ക്കുകയും അത് ഭക്ഷിച്ച് നിയാന്‍ ഗ്രാമീണരെ ഉപദ്രവിക്കാതെ മടങ്ങി പോകുകയും ചെയ്തുകൊണ്ടിരുന്നു.  ഒരിക്കല്‍ ചുവന്ന വസ്ത്രം ധരിച്ച ഒരു കുഞ്ഞിനെ കണ്ട് ഭയപ്പെട്ട് നിയാന്‍ ഓടി മറയുകയും ചെയ്തു. അതില്‍ പിന്നെ ഗ്രാമീണര്‍ പുതുവത്സര ദിവസം ചുവന്ന വസ്ത്രം ധരിക്കുകയും നിയാനെ ഭയപ്പെടുത്തി ഓടിക്കുകയും ചെയ്തു.

    പിന്നിട്ട് പോയ ജീവിതത്തെ വിലയിരുത്തി, ജീവിതത്തെ ഒന്നുകൂടി അഭിവൃദ്ധിപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ ഉറച്ച തീരുമാനങ്ങള്‍ പുതുവത്സരത്തോട് അനബന്ധിച്ച് പല വ്യക്തികളും എടുക്കാറുണ്ട്.  പുതിയ പദ്ധതികള്‍, സ്വഭാവത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ദാനം ചെയ്യല്‍, ചുറ്റുപാടുകളുടെ വികസനത്തിനായി കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറുക, എടുത്ത തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാനുള്ള തീരുമാനങ്ങള്‍ ഇങ്ങനെ പോകുന്നു അതിന്റെ പട്ടിക.  ലോകത്തില്‍ കണ്ടുവരുന്ന പുതുവത്സര തീരുമാനങ്ങള്‍ക്ക്  സമാന്തരമായി മതപരമായ പല അനുഷ്ഠാനങ്ങളുമുണ്ട്.  യഹൂദരുടെ പുതുവത്സരമായ റോഷ് ഹഷായും പിന്നീടുള്ള യോം കപൂറും അന്നുവരെ ചെയ്തിട്ടുള്ള തെറ്റുകളെ ക്കുറിച്ചു വിലയിരുത്താനും അതിനോടൊപ്പം മാപ്പിരക്കലിന്റേയും ഒരു സമയമായി കരുതിപോരുന്നു. ക്രിസ്ത്യാനികളുടെ ഇടയിലുള്ള നൊയമ്പ് കാലവും ഇത്തരത്തിലുള്ള പുതുവത്സര തീരുമാനങ്ങളുമായി തോളുരുമി നില്ക്കുന്നു.

    പുതുവത്സരത്തില്‍ കൂടുതലായി കണ്ടുവരുന്ന തീരുമാനങ്ങളില്‍ പ്രചാരമാര്‍ന്നത്, ആരോഗ്യം മെച്ചപ്പെടുത്തുക, ശരീരത്തിന്റെ തൂക്കം കുറയ്ക്കുക, മുടങ്ങാതെ വ്യായാമം ചെയ്യുക, ആരോഗ്യപരമായരീതിയില്‍ ഭക്ഷണം കഴിക്കുക, മദ്ധ്യപാനം പുകവലി തുടങ്ങിയവയെ ഉപേക്ഷിക്കാനുള്ള തീരുമാനങ്ങള്‍ ഇവയൊക്കെയാണ്.  ഇതു കൂടാതെ സാമ്പത്തികം മെച്ചപ്പെടുത്തുക, ഋണബാദ്ധ്യതകള്‍ ഇല്ലാത്ത ജീവിതം, വിദ്യാഭ്യാസത്തില്‍ ഉറച്ചു നില്ക്കല്‍, നല്ല ഗ്രേഡ് ഉണ്ടാക്കുക, സമയത്തെ കാര്യക്ഷമതയോടെ ഉപയോഗിക്കുക, മറ്റുള്ളവരെ സഹായിക്കാന്‍ സമയം കണ്ടെത്തുക തുടങ്ങിയവയും പുതുവത്സര തീരുമാന പ'ട്ടികയില്‍ പെട്ടവയാണ്.  അടുത്തിടയ്ക്ക് നടത്തിയ പഠനങ്ങളില്‍ അന്‍പത്തി രണ്ടു ശതമാനം വ്യക്തികള്‍ എടുത്ത തുരമാനത്തില്‍ പന്ത്രണ്ട് ശതമാനം വ്യക്തികള്‍ക്ക് മാത്രമെ അവരുടെ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ കഴിഞ്ഞുള്ളു.

'എനിക്ക് ആരുടേയും മിഴികളെ കണ്ണീരിനാല്‍ നനയിക്കാന്‍ ഇടവരാത്ത ഒരു വര്‍ഷം ലഭിക്കട്ടെ.  ഞാന്‍ കഷ്ടപ്പെടുകയും, ജീവിക്കുകയും, സ്‌നേഹിക്കുകയും, സൗഹൃദങ്ങളെ സൂക്ഷിക്കുകയും ചെയ്തു എന്ന് മറ്റുള്ളവര്‍ പറയത്തക്ക വിധത്തില്‍ ഈ പുതുവത്സരം അവസാനിക്കുകയും ചെയ്യട്ടെ   (എഡ്ഗര്‍ ഗസ്റ്റ്)

ഇ്രൗമലയാളി പത്രത്തിന്റ വായനക്കാര്‍ക്ക് ഏവര്‍ക്കും എല്ലാവിധ നവവത്സരാംശസകളും നേരുന്നു!
                                                              ജി. പുത്തന്‍കുരിശ്

 പുതുവത്സരത്തിന് സ്വാഗതം(ജി. പുത്തന്‍കുരിശ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക